14 Aug 2011

യാത്ര

മാത്യൂ നെല്ലിക്കുന്ന്



കനാൽത്തീരത്തുകൂടി പതിവുപോലെ അയാൾ അന്നും അന്തിവെയിലിനെതിരെ നടന്നു. കൈയിൽ മൂന്നു വയസ്സായ ലാബ്രഡോർ വർഗ്ഗത്തിൽപ്പെട്ട നായെ ലിഷാൽ പിടിച്ചിട്ടുണ്ട്‌. പകൽവെളിച്ചത്തിൽ തിളങ്ങി ഒഴുകുന്ന കനാലും അതിനെ തഴുകിയെത്തുന്ന തണുത്ത കാറ്റും അയാൾക്കേക്കാളവും ശാന്തി നൽകിയിരുന്നു.


ശക്തിയായി മഴപെയ്യുമ്പോൾ രണ്ടാം നിലയിലെ ചില്ലുജനാലയ്ക്കരുകിൽ അയാൾ കനാലിനെ നോക്കി നിൽക്കും. മഴ പെയ്യുമ്പോൾ കനാൽപെട്ടെന്നു നിറയുമെങ്കിലും അത്‌ കരകവിഞ്ഞൊഴുകുന്നത്‌ ഒരിക്കലും കണ്ടിട്ടില്ല. കുത്തൊഴുക്കിന്റെ ശക്തി പലപ്പോഴും കിടിലം കൊള്ളിക്കുമെങ്കിലും ഏതോ അജ്ഞാതമായൊരു ബന്ധം ആ കനാലിനോടു തോന്നിയിരുന്നു.
എന്നും രാവിലെ ഉണരുമ്പോൾ
ജനാലയുടെ കർട്ടൺ നീക്കി കനാലിനെ നോക്കിനിൽക്കും. രാത്രികാലങ്ങളിലും ഈ പതിവു തുടരും. അപ്പോൾ കനാലിനു കുറുകെ കടന്നുപോകുന്ന വഴിയിറമ്പിൽ തെളിഞ്ഞു നിൽക്കുന്ന നിയോൺ വിളക്കുകൾ അവ്യക്തമായി മാത്രം കനാലിനെ കാണിച്ചു കൊടുത്തിരുന്നു.


വീടിന്റെ പുറകുവശത്തെ പുൽമേട്‌ കഴിഞ്ഞാൽ കനാലിന്റെ തീരമായി. വൈകുന്നേരങ്ങളിൽ കുട്ടികൾ ചൂണ്ടയിട്ടിരിക്കുന്നത്‌ കൗതുകമുള്ള കാഴ്ചയായിരുന്നു. എങ്കിലും മത്സ്യങ്ങളെ കുരുക്കി കൂടകളിലേക്ക്‌ എറിയുന്നത്‌ കാണുവാൻ അയാൾ ഇഷ്ടപ്പെട്ടില്ല.
കനാലിന്റെ തീരം മെയിലുകൾ നീണ്ടു കിടന്നു. പുൽമേടുകൾ കൊണ്ട്‌ തീരം പുതഞ്ഞു കിടന്നിരുന്നു. എങ്കിലും പുല്ലുകൾക്കിടയിലും ഒരു വഴിച്ചാല്‌ തെളിഞ്ഞിരുന്നു.
അന്ന്‌ അയാളും നായും വളരെ ദൂരം നടന്നു. എത്ര ദൂരം കടന്നുപോയെന്ന്‌ നിശ്ചയമില്ലായിരുന്നു. നേരം ഇരുട്ടിത്തുടങ്ങിയപ്പോൾ കനാലിനെ മുറിച്ചു പോകുന്ന പാതവക്കത്തെ കലുങ്കിൽ വിവശനായി അയാൾ ഇരുന്നു. കാഴ്ചയിൽ എഴുപത്തഞ്ച്‌ തോന്നിക്കുമെങ്കിലും അറുപതുവയസ്സേ ഉണ്ടായിരുന്നൊള്ളു. നടന്നു നടന്ന്‌ കിതയ്ക്കുകയോ കഷണ്ടി കയറിയ തല വിയർക്കുകയോ ചെയ്യുമ്പോൾ അയാൾ എവിടെയെങ്കിലും ഇരുന്നു വിശ്രമിക്കും.


അന്നു നന്നെ ഇരുട്ടിയപ്പോൾ മാത്രമാണ്‌ അയാൾ വീട്ടിലെത്തിയത്‌. നായെ സ്വതന്ത്രമായി ലീഷ്‌ അഴിച്ച്‌ ബാക്ക്‌ യാർഡിൽ വിട്ടു. അതിന്റെ പാത്രത്തിലേക്ക്‌ കുറച്ച്‌ പുരിന ഡോഗ്‌ ഫുഡ്‌ ഇട്ടുകൊടുത്തു. പ്ലാസ്റ്റിക്‌ പാത്രത്തിൽ കുറച്ചു ജലവും നിറച്ചു. അതായിരുന്നു ആ നായയുടെ അത്താഴം.
ബാക്ക്‌ യാർഡിൽ ഭാര്യയും കുട്ടികളും ചേർന്ന്‌ ഒരു പച്ചക്കറിത്തോട്ടം പിടിപ്പിച്ചിട്ടുണ്ട്‌. അതിൽ നനയ്ക്കുവാനല്ലാതെ മറ്റൊന്നിനും അയാൾക്കു കഴിയുമായിരുന്നില്ല. ഡയബറ്റിക്സും ഹായ്‌ ബ്ലഡ്പ്രഷറും തുടങ്ങിയിട്ട്‌ പത്തു വർഷം കഴിഞ്ഞു. മരുനന്നുകളുടെ ശക്തികൊണ്ട്‌ ഇപ്പോഴും ജീവിച്ചിരിക്കുന്നു. ഭാര്യയ്ക്ക്‌ അയാളിലും വളരെ പ്രായക്കുറവുണ്ടായിരുന്നു. ലേറ്റ്‌ മാരേജിൽ, അയാളുടെ ഉയർന്ന ഉദ്യോഗവും പണവും ചെറുപ്പക്കാരിയായ ഭാര്യയെ സമ്പാദിക്കാൻ സഹായിച്ചു.

ഈ അറുപതാമത്തെ യസ്സിൽ കുട്ടികൾ വളരെ പ്രായം കുറഞ്ഞവരായിരുന്നതുകൊണ്ട്‌ അവരെ ഒരു കാര്യവും ഏൽപ്പിക്കുവാൻ പറ്റുമായിരുന്നില്ല. 14 വയസ്സും 12 വയസ്സുമുള്ള രണ്ടു പെൺകുട്ടികൾ.
അയാൾ അമേരിക്കയിൽ എത്തിയപ്പോൾ ജോലി ചെയ്തിരുന്ന കമ്പനി രണ്ടു വർഷം മുമ്പ്‌ പൂട്ടിപ്പോയി. പലയിടത്തും ജോലി തേടിയെങ്കിലും ആരും ജോലി നൽകിയില്ല. പ്രായാധിക്യം തന്നെയാണ്‌ കാരണമെന്ന്‌ അയാൾക്കറിയാമായിരുന്നു.


സമയാസമയം മരുന്നുകൾ കഴിച്ചും കനാലിന്റെ ഒഴിക്കിലേക്ക്‌ നോക്കി സമയം കളഞ്ഞും തോട്ടം നനച്ചും അയാളുടെ ദിവസങ്ങൾ നീങ്ങിക്കൊണ്ടിരുന്നു.
ചെറുപ്പക്കാരിയായ ഭാര്യ എന്നും ഉച്ചതിരിയുമ്പോൾ ഹോസ്പിറ്റലിൽ ജോലിക്കുപോകും. രാവിലെ കുട്ടികളെ സ്കൂളിൽ ഡ്രോപ്പ്‌ ചെയ്യുന്നതും വൈകുന്നേരം പിക്ക്‌ ചെയ്യുന്നതും അയാളുടെ ജോലിയാണ്‌. പാതിരയോടെ നഴ്സിം
ഗ്‌ ജോലി തീരുന്ന ഭാര്യ താമസിച്ചു മാത്രമേ മിക്കവാറും വീട്ടിൽ വന്നിരുന്നുള്ളു. ഭാര്യയുടെ വരവും കാത്ത്‌ എന്നും അയാൾ ഉറങ്ങാതിരിക്കുമായിരുന്നു. പലപ്പോഴും ടി.വിയുടെ മുന്നിലിരുന്ന്‌ മടുത്ത്‌ ഉറങ്ങിപ്പോയിട്ടുണ്ട്‌.

കുറഞ്ഞൊരുനാളായി മരുന്നുകൾ കഴിച്ച്‌ അയാളും കുട്ടികൾക്കൊപ്പം ഉറങ്ങാൻ പോകും. ഭാര്യ ഒരിക്കലും ആവലാതി പറഞ്ഞിട്ടുമില്ല. അയാൾ താമസിച്ചുള്ള വരവിനേക്കുറിച്ച്‌ ചോദിക്കാറുമില്ല. വർഷത്തിലൊരിക്കൽ കുട്ടികളേയും കൂട്ടി ഭാര്യ വിനോദയാത്ര പോകുമ്പോൾ അയാൾ പൂർവ്വാധികം അനുസരണയുള്ള നായയായി വീടുനോക്കി കഴിയും.

അടുത്തകാലത്തായി ഭാര്യയുടെ ജോലിത്തിരക്ക്‌ കൂടി വന്നുകൊണ്ടിരുന്നു. നേരം പുലർന്നിട്ടു മാത്രമേ അവൾ വീടെത്താറുള്ളു.

ഒരു സായാഹ്നത്തിൽ പതിവില്ലാതെ കിടക്കമുറിയിലിരുന്ന്‌ അയാൾ കരയുകയുണ്ടായി. വിവാഹഫോട്ടോ
യിൽ നോക്കി ഏറെ നേരം അയാളിരുന്നു. എന്തിനോ വേണ്ടി കണ്ണുകൾ നിറഞ്ഞുവന്നു. അപ്പോൾ കുട്ടികൾ വെളിയിൽ പന്തു കളിക്കുകയായിരുന്നു. ഭിത്തിയിലേക്ക്‌ ഏറിയപ്പെടുന്ന പന്ത്‌ തന്റെ നേർക്കായുള്ള കല്ലായി അയാൾക്കു തോന്നി. അതിൽ നിന്ന്‌ രക്ഷനേടാൻ അയാൾ പതുങ്ങിയിരുന്നു. കൊച്ചുകുഞ്ഞിനെപ്പോലുള്ള ഈ ഒളിച്ചുകളി ഇനി ഒരിക്കലും സാധ്യമാവില്ലെന്ന്‌ അയാൾക്ക്‌ അറിയാമായിരുന്നു. കൊഴിഞ്ഞുപോയ കുട്ടികാലം ഓർത്ത്‌ മനസ്സു പിടഞ്ഞു. യൗവനത്തിലെ ചൂടുള്ള ദിവസങ്ങളെ അയാൾ സ്വപ്നം കണ്ടു. യൗവനത്തിന്റെ ഓജസും തന്റേടവും പൊയ്പ്പോയെന്ന്‌ അയാൾ വേദനയോടെ വീണ്ടും അറിഞ്ഞു. നെയ്‌ നിറഞ്ഞ ഞരമ്പുകൾ തൊലി പിളർന്ന്‌ തല നീട്ടുന്നതായും ചുറ്റിപ്പിണർന്ന്‌ കഴുത്തു ഞെരിക്കുന്നതായും തോന്നി. തുരുമ്പിച്ച നാഡികളും ഞൊറിവീണ തൊലിയും ചുളിഞ്ഞ്‌ വികൃതമാക്കപ്പെട്ട മുഖവും തന്റേതല്ലെന്ന്‌ അയാൾക്ക്‌ സംശയമുണ്ടായി. വർഷങ്ങളുടെ കുത്തൊഴുക്കിൽ മടവീണ ഒരു ചിറ.


ആ സായാഹ്നത്തിൽ പതിവുകളെ അയാൾ മറന്നു. ഭക്ഷണമോ മരുന്നോ സമയത്തിന്‌ കഴിച്ചില്ല.കറുത്ത മേഘങ്ങൾ ചൂടിയിരുന്ന ആകാശം മഴ പൊഴിച്ചു തുടങ്ങി. ആറു മണിയോടെ കനാലിന്റെ തീരങ്ങൾ കവിഞ്ഞ്‌ മഴവെള്ളം കുത്തിപ്പാഞ്ഞു. മഴയുടെ ആരവം അമർന്നപ്പോൾ നായയെ ലീഷിൽ പിടിച്ച്‌ അയാൾ കനാൽതീരത്തേക്ക്‌ നടന്നു. ഇരുൾ ഭൂമിയെ മൂടിക്കൊണ്ടിരുന്നു. അയാളുടെ നടത്തക്ക്‌ പതിവിനെതിരേ വേഗതയായിരുന്നു. മുഖത്തെ മാംസപേശികൾ മുറുകി വന്നു. കുത്തൊഴുക്ക്‌ നോക്കി ചിരിച്ചു. കട്ടികൂടിവരുന്ന ഇരുട്ടിലേക്ക്‌ അയാൾ ആഞ്ഞു നടന്നു. ഏതോ പകപ്പിൽ നായ ലീഷ്‌ തെന്നിച്ച്‌ അയാളെ വീട്ട്‌ ഓടിപ്പോയി. അയാൾ അത്‌ ശ്രദ്ധിച്ചതേയില്ല....

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...