എത്രയടുക്കിപ്പിടിച്ചിട്ടും,
എത്ര മുറുക്കെപ്പിടിച്ചിട്ടും
ഓട്ടകൈക്കിടയിലൂടെ
ഒലിച്ചുപോകുന്നതിന്റെ ബാക്കി,
നെറുകയില്‍ കയറിക്കൂടി
വിങ്ങുന്ന പൊടിപോലെ
തുമ്മി അകറ്റാം.
പലര്കൂടി, പലനാളില്‍
പലപ്രാവശ്യം
അരിച്ചെടുത്ത മണല്‍,
വിരലുകള്‍ക്കിടയിലൂടെ
ഒലിച്ച് പോകാതിരിക്കുന്നതെങ്ങനെ?
എന്നോ മോഹിച്ചിഷ്ടത്തോടെ
നനഞ്ഞ പൊടിമഴ,
തളംകെട്ടി ജലദോഷമായി.
ആരോ തള്ളിയിട്ട
മാറാലക്കൂട്ടംനിറഞ്ഞ
പൊടിമുറി.
തടുത്ത് പിടിച്ച
ദുഷ്ടുകള്‍.
കയറിക്കൂടിയ
പൊടിയത്രയും
തുമ്മി അകറ്റുകയെ
തരമുള്ളൂ.
ആരോ തലയിലേറ്റി തന്ന
മലര്‍പ്പൊടി ചാക്ക്.
എനിക്കെന്തിനാണ്
മലര്‍പ്പൊടി?
ഏറ്റിക്കൊണ്ട് നടക്കുന്ന
ദൂരമത്രയും തുമ്മിതുമ്മി.
ഇഷ്ടമില്ലാതെ
തണുത്തുറഞ്ഞ
വെള്ളത്തില്‍ ആരാണെന്നെ
പല പ്രാവശ്യം
മുക്കി പൊക്കിയത്?
ഒടുവില്‍ പനിയുമായി.
തുടക്കം
ജലദോഷം ആയിരുന്നു.