ദിനേശൻ കപ്രശ്ശേരി
വലതുപക്ഷക്കാരായാണ് നാമെല്ലാവരും ജന്മമെടുക്കുന്നത്. ലിംഗമുറിച്ചും, വെള്ളത്തില്‍ മുക്കിയും,ചരട് ചാര്‍ത്തിയും, ശൈശവത്തില്‍ തന്നെ മറ്റുചില മറ്റു ചില പക്ഷങ്ങളുടെ വിത്ത് പാകുന്നു. അമ്മയാണ് അവനിലെ സ്വാര്‍ത്ഥതയുടെ പക്ഷത്തിന്‍റെ ആദ്യരൂപം. ഒരു കുട്ടിയില്‍ നന്മയുടെ വെളിച...്ചം പകരുന്നതില്‍ അമ്മയോളം പങ്ക് മറ്റാര്‍ക്കുമില്ല. ഖേദകരമായ അവസ്ഥയാണ് ചിന്ത എന്നത് തൊട്ടുതീണ്ടാത്ത നമ്മുടെ അമ്മമാരുടെ അവസ്ഥ.
അമ്മയുടെ സ്നേഹത്തിനും വാക്കിനും അത്രയേറെ ശക്തിയുണ്ട്. അസ്തമയത്തില്‍ കൂമ്പിയ താമരയിതളില്‍പെട്ട വണ്ട് ഇതള്‍ തുളച്ച് പുറത്ത് കടക്കാറില്ലത്രെ. താമരഇതളിന്‍റെ തലേടലില്‍ അത്രയേറെ സൗഖ്യം അനുഭവിക്കുന്ന വണ്ട് പുലരുവോളം അതേറ്റുകിടക്കും. ഇങ്ങനെ ഒരോ അമ്മമാരും താമരഇതള്‍പോലെ തലോടി സ്നേഹവും നേരുമാണ് കുഞ്ഞിലേ പകര്‍ന്നു നല്കേണ്ടത്. പകരം വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ എന്‍റെ എന്‍റെ എന്ന് ചൊല്ലിപ്പടിപ്പിക്കുന്നു. ഒരോ വസ്തുവിലും തുല്യമായ പ്രകാശം പരത്തുന്ന സൂര്യന്‍റെ നീതി നാം കാണുന്നേയില്ല. അവന്‍ പളളിക്കാരന്‍ ഞാനമ്പലക്കാരന്‍ എന്ന് കുട്ടികള്‍ പുറത്തിറങ്ങുമ്പോ തിരിച്ചറിയുന്നു. നമുക്കത് തിരുത്താനുമാകുന്നില്ല. അങ്ങനെ ചെറുതിലെ പക്ഷപാതപരമായ അവന്‍റെ സ്വത്വം അവന്‍ തിരിച്ചറിയുന്നു. വലതുപക്ഷത്തിന്‍റെ മുഖമുദ്രയായ സ്വാര്‍ത്ഥത അവനില്‍ വേരുറപ്പിക്കുന്നു. യഥാര്‍ത്ഥ വിദ്യാഭ്യാസത്തിലൂടെയും സാമൂഹ്യ ഇടപെടലുകളിലൂടെയും മാത്രമേ എന്‍റെ എന്നതില്‍ നിന്നും നമുക്കും, നിനക്കും എന്ന ഇടതുപക്ഷ ചിന്തയിലേക്ക് എത്തിപ്പെടാന്‍ കഴിയുകയുള്ളു. അതിന് മാനസികമായ ഒട്ടേറെ വൈഷമ്യങ്ങള്‍ നേരിടേണ്ടതായും വരും.
വൈവിദ്ധ്യമാര്‍ന്ന പക്ഷപാതികളെക്കൊണ്ട് സമ്പന്നമാണ്(?) കേരളം. ഇതുപോലെ പക്ഷം കൊണ്ട് ഭിന്നമായിട്ടും കലാപം കൂടാതെ കഴിയുന്ന ജനസഞ്ചയം ഭൂലോകത്ത് വേറെയുണ്ടാവില്ല എന്നു തോന്നുന്നു.വലതുപക്ഷം, ഇടതുപക്ഷം, നിഷ്പക്ഷം, ന്യൂനപക്ഷം, തീവ്ര ഇടതു വലതു മത പക്ഷം, ഇങ്ങനെ നീളുന്നു പക്ഷങ്ങള്‍... പക്ഷങ്ങളുടെ ഉത്ഭവവും ചരിത്രവും മനശ്ശാസ്ത്രവും
തേടിപ്പോയാല്‍ അതു മനുഷ്യന്‍റെ വികാസത്തിന്‍റെ ചരിത്രത്തോളം ചെന്നെത്തും.സ്വാര്‍ത്ഥതയുടെ പക്ഷംമനസ്സാണ് മനുഷ്യരാശിയെ ഇത്രത്തോളം അസമത്വത്തിലേക്കെത്തിച്ചത്. സ്വാര്‍ത്ഥത ജന്മം കൊണ്ട് എല്ലാവരിലും രൂഢമൂലമായ ഒന്നാണ് താനും. തിരിച്ചറിവോടെ കുരുന്നിലേ തിരുത്തിയാല്‍ മോത്രമേ അത് ഇല്ലാതാക്കാനാകൂ. എന്‍റെ അമ്പ് എന്‍റെ ഇര എന്‍റെ പോത്ത് എന്‍റെ വിള ഇങ്ങനെ കൈവശപ്പടുത്തിയതില്‍ ലഭ്യതയുടെ ഏറ്റക്കുറിച്ചിലുകള്‍ കൊണ്ട് ആദ്യ മനുഷ്യരില്‍ ഭിന്നതയുടെ മനസ്സ് രൂപപ്പെട്ടിട്ടുണ്ട് എന്നത് തീര്‍ച്ചയാണ്.
അമ്പെയ്ത്തില്‍ വൈദഗ്ദ്ധ്യം നേടിയവന് ഇര കൂടുതല്‍ കിട്ടുമെന്നതും നിസ്തര്‍ക്കമാണ്. ഇത്തരം വൈദഗ്ദ്ധ്യവും കയ്യൂക്കും ആദ്യകാലംതെട്ട് തന്നെ മനുഷ്യരില്‍ വ്യക്തി നിഷ്ഠതക്ക് കാരണഭൂതമായിട്ടുണ്ട്. മനുഷ്യന്‍ എന്‍റെ രാജ്യം എന്‍റെ പ്രജ എന്‍റെ അടിമ എന്‍റെ കൊട്ടാരം എന്ന തരത്തില്‍ വളര്‍ന്നു കൊണ്ടിരുന്നു. സ്വാര്‍ത്ഥതയുടെ നിഴലില്‍ വളര്‍ന്ന സമൂഹം പൈശാചികതയുടെ കൊടുമുടി താണ്ടിയപ്പോഴാണ്. നീ നിന്നപ്പോലെ നിന്‍റെ അയല്‍ക്കാരനെ സ്നേഹിക്കുക, ഉള്ളവന്‍ ഇല്ലാത്തവന് കൊടുക്കുക, ദാനം പുണ്യകര്‍മ്മം, ആശയാണ് നിരാശക്ക് കാരണം എന്ന പ്രവചനങ്ങളുമായി പ്രവാചകര്‍ ഉദയം ചെയ്തത്. വലതുപക്ഷ ചിന്തകൊണ്ട് അരാചകമായ സമൂഹത്തിലേക്ക് കുളിര്‍മഴ പോലെ പെയ്തിറങ്ങിയ ആദ്യ ഇടതുപക്ഷ ചിന്തകളായിരുന്നു അവയെല്ലാം.
വിധിവൈപരീത്യം എന്നു പറയട്ടെ വലതുപക്ഷ ഭീകരന്മാര്‍ ഈ പ്രവാചകരെയും അവരുടെ ചിന്തകളെയും മൊത്തക്കച്ചവടം ചെയ്തെടുത്ത് നവചിന്തയുടെ വെള്ളി വെളിച്ചത്തില്‍ തൂങ്ങിയവരെ നാലു ചുവരുകളിലാക്കി വേദോപദേശങ്ങളുടെ അപ്പക്കഷണം നല്കി ആടുകളെപ്പോലെ വളര്‍ത്തിയെടുത്തു. യുക്തിയുടെ പെരുക്കംകൊണ്ട് മതിലിനത്ത് നിന്ന്കെണ്ട് വലതുപക്ഷ ചിന്തകള്‍ക്കെതിരെ തലപുണ്ണാക്കി തത്വം മെനയാന്‍ "കരിങ്കാലി" ചിന്തകര്‍ കുത്തിയിരുന്നു. സമൂഹത്തില്‍ പുരോഗമന ചിന്തകളുടെ നവലിഖിതങ്ങള്‍ കുറിക്കപ്പെട്ടു.
സാങ്കേതികത്വത്തിനൊപ്പം മാനവിക ചിന്തകളും ഉടലെടുത്തു. അപ്പോഴും വലതുപക്ഷ കഴുകന്മാര്‍ അതെല്ലാം തന്‍റെ വരുതിയിലാക്കാന്‍ തക്കം പാര്‍ത്തിരുന്നു. തങ്ങളെ ബാധിക്കുന്ന ചിന്തകളുടെ പ്രക്ഷേപങ്ങളെ തച്ചുതകര്‍ക്കാന്‍ അവര്‍ സര്‍വ്വ ആയുധങ്ങളും മെനഞ്ഞെടുത്തു. ഈ ഘട്ടങ്ങളിലാണ് സ്ഥിതിമത്വ ചിന്തകളും രൂപപ്പെടുന്നത്. പ്രഖ്യാപിത ഇടതുപക്ഷങ്ങളുടെ പിറവിയും ഇവിടെ നിന്നാണ്. അതിന്‍റെ വളര്‍ച്ചയിലും അതിന്‍റെ സാരഥിത്വം വലതുപക്ഷ തെമ്മാടികള്‍ കൈക്കലാക്കിയ ദയനീയ കാഴ്ചകളും നാം കണ്ടുകഴിഞ്ഞു.
ശരിയായ ഇടതുപക്ഷ മനസ്സ് രൂപപ്പെടുന്നത് ശരിയായ അറിവിലൂടെയാണ്,. പുരോഗമനപരമായ സംസ്കാരത്തിലൂടെയാണ്, വിവേകത്തിലൂടെയാണ്. സഹജീവികളോട് സഹാനുകമ്പയും സഹൃദയത്വവും കാണിക്കാനാകുന്നത് മനുഷ്യത്വം തിരിച്ചറിയുമ്പോഴാണ്. അസമത്വത്തില്‍ നിന്ന് സമത്വത്തിലേക്ക് എത്തിപ്പെടാന്‍ ജീവിതം ഉഴിഞ്ഞ് വച്ച് തത്വം മെനഞ്ഞ താടിക്കാരനും കലര്‍പില്ലാത്ത ആഗ്രഹം സ്ഥിതിമത്വപൂര്‍ണ്ണമായ ഒരു ലോകം തന്നെയായിരിക്കും. അതിലേക്ക് ഇത്രയേറെ ജനലക്ഷങ്ങളെ ആകര്‍ഷിച്ചതും സമത്വസുന്ദര നവലോകത്തിന്‍റെ മായാ സ്വപ്നമായിരിക്കും. തനിക്ക് കഴിയുന്നത്ര സമൂഹത്തിനുവേണ്ടി നല്കുകയും തനിക്ക് ആവശ്യമുള്ളതു മാത്രം സമൂഹത്തില്‍ നിന്ന് എടുക്കുകയും ചെയ്യുക എന്ന മനോനില ഓരോരുത്തര്‍ക്കും കൈവരുന്ന ജനസമൂഹത്തിലേ സ്ഥിതിസമത്വം പൂര്‍ണ്ണമാകൂ. വലതുപക്ഷ കെട്ടുപാടുകളില്‍ നിന്ന് ഇടതുപക്ഷ മനസ്സിലേക്ക് കയറിച്ചല്ലണമെങ്കില്‍ ആര്‍ജ്ജിതമായ അറിവിന്‍റെയും അന്വേഷണത്തിന്‍റെയും ത്വര വേണം. നേരായ വിദ്യാഭ്യാസവും കാഴ്ചപ്പാടും ഇല്ലാത്ത സമൂഹത്തില്‍ അത്തരത്തില്‍ സഹൃദയത്വം വാര്‍ത്തെടുക്കാന്‍ കഴിയുക എന്നത് ദുഷ്കരമാണ്.
ഭരണകൂടം പക്ഷം തിരിച്ച് ക്ഷേമം വലിച്ചെറിയുന്ന കാലത്തോളം നമ്മള്‍ മോചനമില്ലാതെ തുടരും. സ്വാര്‍ത്ഥതക്കും മേനിനടിക്കലിനും വേണ്ടിയും, അന്ധമായ വീക്ഷണംകാണ്ടും, നിരാശകൊണ്ടും സമൂഹം ഇത്രയേറെ ദുഷിച്ച കാലഘട്ടത്തിലും വയറുമുറുക്കി എല്ലുമുറിയെ പണിയെടുക്കുന്ന നിഷ്പക്ഷമതികളും നമ്മുടെ സമൂഹത്തില്‍ കുറവല്ല. ന്യൂനപക്ഷമെന്ന് പറഞ്ഞ് ആനുകൂല്യങ്ങള്‍ നേടിയെടുത്ത് കൊള്ളചെയ്യുന്നവരും കുറവല്ല. ന്യൂനപക്ഷത്തിന്‍റെ തിണ്ണനിരങ്ങേണ്ട ഗതിയാണ് മകന് ഒരു സീറ്റ് കിട്ടാന്‍ എന്ന് ഒരു ഭൂരിപക്ഷക്കാരന്‍ വിളിച്ചു കൂവുന്നത് ഈയടുത്ത് കേട്ടതാണ്. ജനമനസ്സുകളില്‍ അറിവിന്‍റെ വെട്ടം നല്കാതെ തീവ്ര പക്ഷം കൊണ്ട് സ്വര്‍ഗ്ഗം പണിയാനാകുമെന്ന് ധരിക്കുന്ന പക്ഷക്കാരും രക്തരൂക്ഷിതമായ സമൂഹത്തെ മാത്രമേ സൃഷ്ടിക്കയുള്ളു.
സംഘടിത ജനമാണ് ഏറ്റവും വലിയ ശക്തിയെന്ന് പ്രസ്താവിക്കുമ്പോഴും കോടികളായ മനുഷ്യജന്മങ്ങള്‍ നരഗയാതന അനുഭവിക്കുമ്പോഴും ജനസംഖ്യയുടെ തുലോം തുച്ഛമായ ഒരു സമ്പന്നവര്‍ഗ്ഗപക്ഷം ധൂര്‍ത്തിന്‍റെ പരമകോടിയില്‍ ജീവിക്കുന്നത് കാണാനാകാതെ, കണ്ടിട്ടും പറയാനാകാതെ, പ്രതിഷേധത്തന്‍റെ ചെറുവിരലനക്കാനാകാതെ തൂടരുന്നതിന്‍റെ മനശ്ശാസ്ത്രം എത്ര ചിന്തിച്ചിട്ടും പിടികിട്ടുന്നില്ല.
--