ശ്രീകൃഷ്ണദാസ് മാത്തൂർ
'ഞാനും മാമ്പൂക്കളും കിളികളും
ഇടിഞ്ഞു താഴട്ടെ ഭൂമിയിലേക്ക്.."
മാവു പറയുന്നു.
'ജീവൻ ചുരത്തി മടുത്തിനി
കീടനാശിനി കിനിയട്ടെ ഞാൻ.'
മുല മുറുമുറുക്കുന്നു.
ഒരിടത്തു 'ചെർണ്ണോബിൽ' നിന്ന
നിൽപതേപടി, അണുവികിരണം
മാത്രമത്തിന്റെ നെഞ്ചിടിപ്പുമനക്കവും.
ഒരിടത്തു കാട്ടുപന്തലിൽ മഴ
എൻഡോസൾഫാനൊപ്പം പെയ്യുന്നു.
മനുഷ്യൻ മൃഗമായി തിരിച്ചുപോയതിൻ
വടുക്കളിൽ അർബുദം പഴുക്കുന്നു.
വയറ്റുപ്പിഴപ്പിന്റെ നേരിൽ കൂഴച്ചക്ക
തുന്നിയ്ക്കും കിളിയേ,
മുമ്പിൽ കുലം മുടിയും നേരുകണ്ട്
പിടഞ്ഞുവീണാലും
മനുഷ്യരെയൊന്നോടെ പ്രാകല്ലേ,
മുഷ്ടിചുരുളുന്ന കൈകളിൽ നിന്ന്
ചിതറിത്തെറിക്കുന്നുണ്ടേനിപ്പൊ
കുറെ 'മാറ്റുവിൻ ചട്ടങ്ങളേ..'