13 Sept 2011

മഴ




എം.എൻ.പ്രസന്നകുമാർ

കടലാസ്സു വഞ്ചിയില്‍ കലിതുള്ളി വീണോ -
രിടവക്കുളിര്‍പ്പെരുംപറയാണെന്റെ മഴ
കടലിരമ്പം പോലുയരേന്നുതിരുമ്പോള്‍
കുട നിവര്‍താനുള്ളാജ്ഞമേല്‍ കൊഞ്ഞനം കുത്തി ഞാന്‍

പുരപ്പുറചായ്‌വില്‍ നിരന്നുതിരും മഴനൂല്‍ചുവട്ടില്‍
ചിരിയുതിര്‍ത്തമ്മാനമിട്ടെന്നിളം കൈത്തലങ്ങള്‍
ചിതറിത്തെറിക്കും കൊച്ചു വെള്ളിത്തിളക്കങ്ങള്‍
ചുംബനം കൊള്ളും കവിള്‍തടത്തിലമ്മക്കൈച്ചൂടിന്നിളവേല്പും


ഇറ്റിറ്റു നില്‍ക്കും മഴത്തുള്ളിയെന്‍ കൊച്ചു മുറ്റത്തു
മൊട്ടിട്ട നീര്‍പോളയീ കണ്ണുമെന്‍ കാതും കടമെടുത്തു
ഒട്ടകലേക്കു മാറിയറ്റോരാശ്രയത്തുമ്പി -
ലൊട്ടുമാത്രയിലാത്മാവു വിട ചൊല്ലിയകലുന്നു


ഒഴിയാതെ നില്‍ക്കും മരപ്പെയ്ത്തിലീണം കൊരു-
ത്തുഴിയാനൊഴുകിയടുക്കുന്നിളം കാറ്റിനോടും
ചിതറിച്ചിലംപിച്ചികയാനിറങ്ങുമിലപ്പുള്ളിനോടും
പറയാതകന്നൊരെന്‍ മഴയോടു പരിഭവം ചൊല്ലാന്‍ പറഞ്ഞു ഞാന്‍ 


പുഴ പോലെയെന്റെ മുറ്റത്തു കളി പറഞ്ഞകലുംപോള്‍
മഴക്കുഴിശ്ശേഷിപ്പു ചിതറിയിട്ടൊളിവില്‍ നില്‍ക്കുന്നുവോ
കണ്‍വെട്ടമെന്റെ മേല്‍ കൊരുക്കുന്ന നോവില്‍
ചിന്നിച്ചിണുങ്ങി ഞാന്‍ നിന്നോട് ചേരാന്‍ കൊതിച്ചു




ഉഷ്ണ യൌവ്വനത്തിന്റെ നെറുകയില്‍ ദീര്‍ഘമായ്
തൊട്ടുഴിഞ്ഞിരുകൈ മുറുക്കും കുളിര്‍പ്പെണ്ണു നീ
മൂര്‍ദ്ധാവിലൊരു ചാലു തീര്‍ത്തെന്നാപാദ സിരകളില്‍
തീഷ്ണനുരയുതിര്‍ത്തെല്ലാം മറക്കാന്‍ പറഞ്ഞവള്‍


മുത്തു പോലെയാക്കവിള്‍ച്ചായ് വിലെ ബാഷ്പക്കുളിരില്‍
മുത്തമിടീച്ചെന്നെയെന്നില്‍ നിന്നും പറിച്ചെടുക്കുമ്പോള്‍
ഉത്തരം നല്‍കാനാവാതെയകലെയെങ്ങോ ഞാ -
നൊത്തിരി ചോദ്യശരത്തുമ്പിലാലില വിറയലായ്

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...