തുമ്പമണ്‍ തോമസ്
ആയിരത്തിതൊള്ളായിരത്തി അറുപത്താറ് കെ.എസ്.യു.വിന്‍റെ ഒന്‍പതാം
സംസ്ഥാനസമ്മേളനം . എറണാംകുളത്തെ ചാക്കോപ്പിള്ള ,പൈലിപ്പിള്ള,
ബില്‍ഡിംഗ്‌സില്‍ വെച്ച് . മൂന്നു ദിവസം നീണ്ടുനില്‍ക്കുന്നത്.
തിരുവനന്തപുരത്തെ രക്തസാക്ഷിമണ്ഡപത്തില്‍ നിന്നാണ് ദീപശിഖ
കൊണ്ടുപോകുന്നത്. മലബാറില്‍ നിന്ന് നീലപ്പതാകയും. ദീപശിഖയും
നീലപ്പതാകയും എറണാകുളത്തെത്തുമ്പോള്‍ സംസ്ഥാന സമ്മേളനത്തിന് തുടക്കം
കുറിക്കുന്നു. അന്നത്തെ പകലും രാവും കൊച്ചിയിലെ കളിക്കളങ്ങളില്‍ കായിക
മത്സരങ്ങള്‍ നടക്കുന്നു. കലാമത്സരങ്ങളും.
രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ദീപശിഖ കൊളുത്തി പി.സി. ചാക്കോ, എം.എം.
ഹസ്സന്‍ , തുമ്പമണ്‍ തോമസ് എന്നിവരെ മുന്‍മന്ത്രി ആര്‍ ശങ്കര്‍
ഏല്‍പ്പിക്കുന്നു.
തിരുവനതപുരം ഡി.സി.സി.യുടെ ജീപ്പാണ് ദീപശിഖാവാഹനം. വാഹകരായ ഞങ്ങള്‍
മൂവരും ജീപ്പിന്‍റെ മുന്‍സീറ്റില്‍ ഡ്രൈവറോടൊപ്പം
ഞെങ്ങിഞ്ഞെരുങ്ങിയിരിക്കുന്നു. ജീപ്പ്, ഞങ്ങളുടെ ഞെരുക്കം കണ്ട്
അല്‍പ്പാല്‍പ്പം കനിവും കാട്ടും. പിറകില്‍ കത്തുന്ന ദീപശിഖയുടെ തീയുടേയും
പുകയുടേയും ഇടയില്‍ നിന്നും മുന്‍പിലത്തെ ഞങ്ങളുടെ ഇരിപ്പിന്‍റെ
തിക്കുമുട്ടലില്‍ നിന്നും അല്‍പ്പം ആശ്വാസം കിട്ടിക്കൊള്ളട്ടെയെന്നു
കരുതി ജീപ്പ് ഇടക്കിടക്ക് കിതച്ചു കിതച്ചു നില്‍ക്കും. ആശ്വാസത്തോടെ
ഞങ്ങള്‍ പുറത്തിറങ്ങും.
ആളു കൂടി നില്‍ക്കുന്നിടമാണെങ്കില്‍ ' വീണിടം വിഷ്‌ണുലോകം' എന്ന
നിലയില്‍ കേരള വിദ്യാര്‍ത്ഥി യൂണിയനെപറ്റി , നീലപ്പതാകയെപറ്റി,
ദുഷിച്ചുനാറിയ വര്‍ത്തമാന കാല വിദ്യാഭ്യാസത്തെപറ്റിയുള്ള ആവേശോജ്ജ്വലമായ
പ്രസംഗം. ഏ.കെ.ആന്‍റ്‍ണി പോലും തൊണ്ട പൊട്ടി മാലപ്പടക്കം പൊട്ടുന്നതുപോലെ
പ്രസംഗിക്കുന്ന കാലം
. പക്ഷേ, വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന മൈക്ക് ഉപയോഗിക്കാന്‍
പോലീസ് അനുമതിയില്ല. അതൊട്ടറിയുകയുമില്ല. ഏതാണ്ട് നാലു നാലര
പതിറ്റാണ്ടിനു മുമ്പുള്ള കാലം. തോന്നക്കല്‍ ആശാന്‍ സ്മാരകത്തിനു
തൊട്ടുമുമ്പുള്ള വളവില്‍വെച്ച് ദീപശിഖാ വാഹനത്തെ പോലീസ് തടയുന്നു.
മൈക്ക് ഉപയോഗിക്കുന്നതിനുള്ള അനുമതി പത്രം അവരാവശ്യപ്പെട്ടു. അപ്പോഴാണ്
സഞ്ചരിക്കുന്ന വാഹനത്തില്‍ മൈക്ക് ഉപയോഗിക്കുന്നതിന് പോലീസിന്‍റെ
അനുമതി വേണമെന്നറിയുന്നതു തന്നെ. ഞങ്ങള്‍ ഒരു നിമിഷം പരുങ്ങി. പെട്ടെന്ന്
ധൈര്യം വീണ്ടെടുത്ത് , സി.ഐ.റാങ്കിലുള്ള പോലീസ് ഓഫീസറെ കണ്ടു. വിവരം
പറഞ്ഞു. അദ്ദേഹത്തിന്‍റെ മുഖം തെളിയുന്നതു കണ്ടു. എന്നിട്ടു
പറഞ്ഞു'ശങ്കര്‍ സാര്‍ കൊളുത്തിത്തന്ന ദീപശിഖയല്ലേ . കെടാതെ
സൂക്ഷിച്ചുകൊണ്ടു പൊയ്‌ക്കൊള്ളു. ' തോളത്തു തട്ടി ഞങ്ങളെ യാത്രയയച്ചു.
ഇടക്കിടക്കു സ്വീകരണങ്ങള്‍ പ്രസംഗങ്ങള്‍ കൊല്ലത്തെത്തി.
കെ.എസ്.യു.വിന്‍റെ സ്ഥാപകനേതാക്കളിലൊരാളായിരുന്ന , കര്‍മ്മശേഷിയുടെ
കതിരാക്കമായിരുന്ന, അകാലത്തില്‍ വിധി ഞങ്ങളില്‍ നിന്നു തട്ടിയെടുത്ത
സി.കെ. തങ്കപ്പന്‍റെ അന്ത്യ വിശ്രമസ്ഥാനത്തേക്ക്. ഒപ്പം, ഇന്നു
നമ്മോടൊപ്പമില്ലാത്ത കൊട്ടറ ഗോപാലകൃഷ്‌ണനും കൂട്ടരും ഞങ്ങളോടൊപ്പം
ചേര്‍ന്നു. പുഷ്‌പാര്‍ച്ചനക്കു ശേഷം ടി.കെ.എം. ഫാത്തിമാ മാതാ എസ്.എന്‍
കോളേജുകളിലെ സ്വീകരണങ്ങളേറ്റു വാങ്ങി മുന്നോട്ടു നീങ്ങി.
പകലറുതിക്കു ഇനി ഒത്തിരി സമയമില്ല. വാഹനം മുന്നോട്ട്. വിശപ്പും ദാഹവും
. ഭക്ഷണം രാവിലെപോലും കഴിച്ചിട്ടില്ല. കൊല്ലം ഞങ്ങളെ കയ്യൊഴിഞ്ഞിരുന്നു.
ഇനി ആലപ്പുഴിയിലാണ് പ്രതീക്ഷ. അവിടെ ചെന്നിട്ടറിയാം വല്ലതും കഴിക്കാന്‍
കിട്ടുമോയെന്ന്. അന്നത്തെ വിദ്യാര്‍ത്ഥിരാഷ്‌ട്രീയത്തിന്‍
ഇങ്ങനെ വിശപ്പുമൂലം വയറെരിയുന്ന മൂന്നു നേതാക്കളും ,ഡ്റൈവറും മൈക്ക്
ഓപ്പറേറ്ററും
ഹൈവേയിലെ കാറ്റു മുറിച്ചുനീങ്ങുന്നു.
നേരം ഇരുട്ടി നന്നേ ഇരുട്ടി. അപ്പോഴതാ അവുന്നത്ര ഉച്ചത്തില്‍ എട്ടു
ദിക്കും പൊട്ടുമാറുച്ചത്തില്‍ മുദ്രാവാക്യം വിളികളുമായി ഒരു കൂട്ടം
കുട്ടികള്‍ ദീപശിഖക്കു മുന്നില്‍. ഞങ്ങളാകെ ഉണര്‍ന്നു. ഇത്ര
ഇരുട്ടിയിട്ടും ദീപശിഖ വരുന്നതുവരെ കാത്തുനില്‍ക്കാന്‍ പ്രതിബദ്ധതയുള്ള
ആവേശമുള്ള വിദ്യാര്‍ത്ഥികളോ? നങ്ങ്യാര്‍ക്കുളങ്ങര റ്റി.കെ. എം
കോളേജിലേക്ക് തിരിയുന്നിടത്താണ് അവര്‍ കൂട്ടം കൂടി
കാത്തുനിന്നിരുന്നത്. മുദ്രാവാക്യത്തിന്‍റെ ശബ്‌ദശക്തി കൂടുന്നു.
കെ.എസ്. യു. പ്രസ്ഥാനത്തോടു പ്രതിബദ്ധതയുള്ളവര്‍ കരുത്തുകാട്ടുന്ന
സ്വീകരണം.
അന്നതിന് നേതൃത്വം നല്‍കിയ സോളമനോട് പിന്നീട് അന്വേഷിച്ചു.
ഇന്നവരൊക്കെ എവിടെ? എന്തു ചെയ്യുന്നു?അപ്പോളാണറിയുന്നത് മിക്കവരും
മണലാരണ്യങ്ങളിലെ ബിസിനസ്സുകാര്‍ ചിലര്‍ ഉദ്യോഗസ്ഥര്‍ കുറച്ചു പേര്‍
നാട്ടില്‍. ഏതാണ്ട് ഒത്തിരി ഇരുട്ടിയപ്പോള്‍ ഞങ്ങള്‍ ആലപ്പുഴയില്‍
എത്തി. വഴിയോരങ്ങളിലെ സ്ക്കൂളുകള്‍ കോളേജുകള്‍ അവര്‍ നല്‍കിയ
സ്വീകരണങ്ങള്‍ അവരുടെ മുദ്രാവാക്യം വിളികള്‍/ഞങ്ങളുടെ പ്രസംഗങ്ങള്‍
ഇന്നത്തെ ഒന്നാംകിട രാഷ്‌ട്രീയക്കാരുടെ പ്രസംഗങ്ങളെ വെല്ലുന്ന
വിദ്യാര്‍ത്ഥികളുടെ അനൌണ്‍സ്‌മെന്‍റുകള്‍ പുഷ്‌പഹാരങ്ങള്‍ സ്വീകരണങ്ങള്‍
ഒക്കെക്കഴിഞ്ഞു ഞങ്ങള്‍ എറണാംകുളത്തെത്തി.
ദീപശിഖ അന്നത്തെ കെ.എസ്.യു പ്രസിഡണ്ട് ശ്രീ എ കെ. ആന്‍റ്‍ണി ഞങ്ങളില്‍
നിന്ന് ഏറ്റുവാങ്ങി. ഏ സി . ജോര്‍ജ്ജ് മിസ്‌റ്റര്‍ ആന്‍ഡ് മിസിസ് ഏ സി
ജോസ് വയലാര്‍ രവി തോപ്പില്‍ രവി ഉമ്മന്‍ചാണ്ടി ഇംബായി അങ്ങനെ
ഒത്തിരിപ്പേരുണ്ട്. ക്ഷീണം കൊണ്ട് രാത്രി ചാക്കോപ്പിള്ള -പൈലിപ്പിള്ള
ബില്‍ഡിംഗ്‌സിലെ ഹാളില്‍ വീണുറങ്ങി.
രാവിലത്തെ പ്രഭാതകര്‍മ്മങ്ങള്‍. വെസ്‌റ്റേണ്‍ ക്ളോസറ്റുകള്‍ ആര്‍ക്കും
അത്ര തൃപ്‌തി തോന്നിയില്ല. പരിചയക്കുറവുകൊണ്ടാകാം.
പത്തു മണിക്കു ഹാളില്‍ യോഗം. പ്രസംഗം പ്രമേയം ചര്‍ച്ച. കോണ്‍ഗ്രസ്സിനൊരു
വിദ്യാര്‍ത്ഥിപ്രസ്ഥാനമുണ്ടാക്
ഉദയഭാനു ഉള്‍പ്പെടെയുള്ളവരോടാവശ്യപ്പെട്
ലോകത്തിലേക്കുള്ള വാതായനമായി നമ്മുടെ വിദ്യാഭ്യാസരംഗത്തെ
മാറ്റിയെടുക്കാന്‍ പൊരുതേണ്ട പ്രസ്ഥാനമായി കെ.എസ്.യു.വിനെ
മാറ്റിയെടുക്കണം. മത- സാമുദായിക സംഘടനകളുടെ
കൈപ്പിടിയിലൊതുങ്ങിയിരിക്കുന്ന വിദ്യാഭ്യാസരംഗത്തെ മോചിപ്പിക്കാനുള്ള
ചാവേറ്‍പ്പടയാകണം. നാളത്തെ പൌരന്‍മാരെ രാഷ്‌ട്രത്തോടും രാഷ്‌ട്രീയത്തോടും
പ്രതിബദ്ധതള്ളവരാകാനുള്ള പൊരിഞ്ഞ പോരാട്ടം നടത്തേണ്ടിയിരിക്കുന്നു.
മണ്ണിന്‍റെ മണമുള്ള പാഠ്യക്രമമുണ്ടാകണം. ബോധനാഭാഷയില്‍ മാറ്റം വരണം. പഠന
-പരീക്ഷാസമ്പ്രദായങ്ങള്‍ അഴിച്ചു പണിയണം. 'സിലക്ഷനും സീറ്റെന്‍ഷനും '
അവസാനിപ്പിക്കണം. യൂണി; ഭരണസമിതികളില്‍ വിദ്യാര്‍ത്ഥി പ്രാതിനിധ്യം
ഉറപ്പു വരുത്തണം. പ്രമേയം ദീര്‍ഘചര്‍ച്ചകള്‍ക്കുശേഷം പാസ്സ്സാക്കുന്നു.
കോണ്‍ഗ്രസ്സ് നേതാക്കളില്‍ പലരുടേയും നെറ്റിചുളിയുന്നു. പത്രങ്ങള്‍
വാര്‍ത്തകള്‍ തമസ്‌ക്കരിക്കുന്നു.
മൂനാം ദിവസം പ്രതിനിധി സമ്മേളനം. തെരഞ്ഞെടുപ്പ്. ഏ .കെ. ആന്‍റ്‍ണി
മാറുന്നു. ഉമ്മന്‍ ചാണ്ടി പ്രസിഡണ്ടാകുന്നു. വൈകുന്നേരം പ്രകടനം. മുന്തിയ
പ്രകടനം. ഇന്നുമോര്‍ക്കുന്നു. വി.എം. സുധീരന്‍റെ ഉല്‍സാഹത്തില്‍
തൃശൂരില്‍ നിന്ന് ബസ്സില്‍ വന്നിറങ്ങിയ പ്രവര്‍ത്തകരുടെ നിറസാന്നിദ്ധ്യം.
ധനുവച്ചപുരം എം. ജി. കോളേജു മുതല്‍ കാസര്‍ഗോട്ടെ ഗവ;
കോളേജുവരെയുള്ളിടത്തു നിന്നെത്തിയ വിദ്യാര്‍ത്ഥികളുടെ കരുത്തു തെളിയിച്ച
പ്രകടനം.!
സമാപന സമ്മേളനം രാജേന്ദ്ര മൈതാനത്തു നടന്നു. പനമ്പള്ളി ഗോവിന്ദമേനോന്‍
വൈകി എത്തിയതോര്‍ക്കുന്നു. ദീപശിഖ കൊണ്ടുവന്ന ജീപ്പ്, ദൌത്യം
നിര്‍വ്വഹിച്ചു മടങ്ങിയിരിക്കുന്നു. പ്രവര്‍ത്തകരുടെ ജാഥാംഗങ്ങളും.
എല്ലാം. പിറ്റെ ദിവസം. സംസ്ഥാനകമ്മിറ്റിയിലേക്കു
തെരെഞ്ഞെടുക്കപ്പെട്ടവരുടെ ആദ്യ യോഗം കഴിഞ്ഞിട്ടാവാം മടങ്ങിപ്പോക്കെന്നു
പുതിയ പ്രസിഡണ്ടിന്‍റെ നിര്‍ദ്ദേശം. ദീപശിഖാ വാഹകരായ ഞങ്ങള്‍ക്കും
എറണാംകുളത്തു തങ്ങേണ്ടി വന്നു. ആദ്യം സ്റ്റേറ്റ് എക്സിക്യൂട്ടീവില്‍
പങ്കെടുക്കാന്‍.
തലേ ദിവസം വൈകുന്നേരം മുതല്‍ ഒന്നും കഴിച്ചിട്ടില്ല. .പിറ്റെ ദിവസം
രാവിലേയും. എങ്ങനേയും തിരുവനന്തപുരത്തു മടങ്ങിയെത്തണം. വണ്ടിക്കൂലി ഇല്ല.
പുകയിലും പൊതിയുന്ന മീറ്റര്‍ഗേജ് കരി എന്‍ജിന്‍ വലിച്ചുകൊണ്ടുപോകുന്ന
ട്രെയിനിന് അഞ്ചര രൂപ കൊടുക്കണം. മൂന്നു പേര്‍ക്കു പതിനാറര രൂപ വേണം.
മുകളില്‍ ആകാശം . താഴെ ഭൂമി. നടുക്കു ഞങ്ങള്‍. പല ആലോചനകള്‍ക്കുശേഷം. ,
പുതിയ പ്രസിഡണ്ടിനോട് ഒരു കടം ചോദിക്കാന്‍ പി. സി. ചാക്കോ മുന്നോട്ടു
വന്നു.. ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഉച്ചവരെ നില്‍ക്കണം. വീട്ടില്‍ നിന്ന്
മെസ് ഫീസ് അയച്ചിട്ടുണ്ട്. പോസ്‌റ്റുമാന്‍ വരുന്നതുവരെ നില്‍ക്കണം.
നമുക്കു ശരിയാക്കാം. ഉച്ച കഴിയട്ടെ. പക്ഷേ, തലേദിവസം മുതല്‍
വിശന്നുപൊരിയുന്ന വയറുമായി നില്‍ക്കുന്ന ഞങ്ങള്‍ക്കെങ്ങനെ ഉച്ചസമയം വരെ
നില്‍ക്കാനാവും? പോസ്‌റ്റുമാന്‍ വരാന്‍ വീണ്ടും വൈകിയെങ്കിലൊ?
എന്നിരുന്നാലും പുതിയ പ്രസിഡണ്ട് . ഞങ്ങളെ സഹായിക്കാനായി മാസ്
ഹോട്ടല്‍ ഉടമ ഇംബായിയോട് ഒരു കടം വാങ്ങാനുള്ള ശ്രമം നടത്തുന്നതു
ഞങ്ങളുടെ ശ്രദ്ധയില്‍പെട്ടു. ശ്രമം നീണ്ടതല്ലാതെ ഫലം കാണാനുള്ള സാധ്യത
മങ്ങുന്നതായി ഞങ്ങള്‍ക്കു തോന്നി. തൊട്ടടുത്ത് വി.എം. സുധീരനും ഇതേ
സ്ഥിതിയില്‍ ആണെന്നു തോന്നി. അവിടിരിക്കുന്നുണ്ട്. ഞങ്ങള്‍
വെറുതെയിരിക്കേണ്ടെന്നു കരുതി ലക്ഷ്യമില്ലാതെ നടന്നു..
കുറച്ചു നടന്നപ്പോള്‍ ഒരു പരിചയമുള്ള മുഖം. അത്ര അടുത്ത
പരിചയമില്ലെന്നേയുള്ളു. മനോരമയുടെ അഖില കേരള ബാലജനസഖ്യത്തിന്‍റെ സംസ്ഥാന
പ്രസിഡണ്ടായിരുന്ന സണ്ണി കുലത്താക്കലല്ലേ? അതേ സണ്ണി തന്നെ.
പിന്നീടൊരിക്കല്‍ മനോരമയുടെ എഡിറ്റോറിയല്‍ ഡസ്‌ക്കില്‍ വച്ചും
കണ്ടതാണല്ലൊ. എന്തായാലും രണ്ടും കല്‍പ്പിച്ചു ദീര്‍ഘകാലപരിചയക്കാരെപ്പൊലെ
ചിരിച്ചു. സണ്ണിയും പി.സി ചാക്കോയേയും എം.എം ഹസ്സനേയും പരിചയപ്പെടുത്തി.
അവരും പരിചയം പുതുക്കുന്നതുപോലെ പെരുമാറി. എന്നിട്ടു കൈകൊടുത്തു
പിരിഞ്ഞു.
അല്‍പ്പം കഴിഞ്ഞാണ് പി. സി. ചാക്കോ ഒരു നിര്‍ദ്ദേശം വച്ചത്. സണ്ണിയോട്
ഒരു സഹായം ചോദിച്ചാലോ? ഇരുപത്തഞ്ചു രൂപാ കടം. അന്നതൊരു വന്‍തുകയാണ്.
തിരുവനന്തപുരത്ത് ഒരു പോസ്‌റ്റുഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥിക്കു
ഹോസ്‌റ്റലില്‍ താമസിച്ചു പഠിക്കുന്നതിന് അറുപതോ എഴുപതോ രൂപ മതി. അന്ന്
സെക്രട്ടറിയേറ്റില്‍ ജോലിക്കു കയറുന്ന ഒരു ബിരുദധാരിക്കു കിട്ടുന്ന
ശമ്പളം നൂറു രൂപയാണ്. അക്കാലത്താണ് ഞങ്ങളുടെ പ്രായക്കാരനായ , അത്ര
കണ്ട് അടുപ്പമോ പരിചയമോ ഇല്ലാത്ത ഒരാളോട് ഇരുപത്തഞ്ചു രൂപ കടം
ചോദിക്കുന്നത്. അതും ഒരിക്കലും തിരിച്ചുകിട്ടുകില്ലെന്നു വിചാരിച്ചു
വേണം പണം തരാന്‍. രണ്ടായാലും ചോദിക്കുകതന്നെ. മൂവരും യോജിച്ചു. മറ്റു
ഗതിയില്ലല്ലൊ. പൂച്ചക്കാരു മണികെട്ടും? പരിചയക്കൂടുതല്‍ എനിക്കാണല്ലൊ.
ഉരിയാടുന്നവന്‍ പ്ളാവില എടുക്കുക എന്നൊരു ചൊല്ലുണ്ടല്ലൊ. ശരി, രണ്ടും
കല്‍പ്പിച്ചു സണ്ണിയുടെ പിറകെ ഓടി. കാര്യം പറഞ്ഞു. . പ്രതീക്ഷിച്ചത് ഒരു
ബിഗ് നോ ആയിരുന്നു. പക്ഷേ സണ്ണിയുടെ മുഖം തെളിയുന്നതായാണ് കണ്ടത്.
എന്നിട്ടൊരു ക്ഷണവും. 'വല്ലതും കഴിച്ചോ നമുക്കു ക്യാന്‍റീനിലേക്ക്
പോവാം. കേട്ട പാതി, കേള്‍ക്കാത്ത പാതി ഞാന്‍ അവരെ കയ്യാട്ടി വിളിച്ചു.
ക്യാന്‍റീനില്‍ നിന്ന് ഭക്ഷണം കഴിച്ചു. വിശപ്പു മൂലം വയറെരിയുന്ന
നേതാക്കള്‍.(?) ഇത്ര രുചികരമായ ഭക്ഷണം പിന്നീടെന്നെങ്കിലും കഴിച്ചു
കാണുമോ, എന്തോ(?) ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴും മടക്കയാത്രക്കുള്ള
ട്രെയിന്‍ ചാര്‍ജ്ജിന്‍റെ കാര്യമാണ് മൂവരുടേയും മനസ്സില്‍. ഭക്ഷണം
കഴിഞ്ഞു. അല്‍പ്പനേരം വൈ.സി.ഏ.യുടെ മുന്നിലെ വിസിറ്റേഴ്‌സ്
റൂമിലിരുന്നു. എന്നിട്ട് 'ഞാന്‍ വരുന്നു' എന്നു പറഞ്ഞിട്ട് സണ്ണി
മുകളിലത്തെ നിലയിലേക്കു പോയി.
അപ്പോഴും ഞങ്ങള്‍ നെഞ്ചിടിപ്പിലാണ്. അല്‍പ്പ സമയം കഴിഞ്ഞു
മുഖപ്രസാദത്തോടു വരുന്ന സണ്ണിയെയാണ് കാണുന്നത്' കുറച്ചു രൂപ
കയ്യിലൊതുക്കി പിടിച്ചിട്ടുണ്ട്. ദൈവം മരുഭൂമിയിലെ മനുഷ്യനു മന്നാ
പൊഴിക്കുന്നതുപോലെയുള്ള ഒരനുഭവം.! തിന്നു കുടിച്ചു തൃപ്‌തരായി. ഞങ്ങള്‍
യാത്ര പറഞ്ഞു. സണ്ണി കുലത്താക്കല്‍ എന്നു പറയുമ്പോള്‍ , കേള്‍ക്കുമ്പോള്‍
കാണുമ്പോള്‍ ഇപ്പോഴും ഈ ചിത്രമാണ് ഓര്‍മ്മയില്‍ തെളിയുക. പഴയ
സുഹൃത്തുക്കള്‍ വീണ്ടും ഒരുമിച്ചു കണ്ടുമുട്ടുമ്പോള്‍ മിക്കപ്പോഴും
പറയുന്ന ഒരു കാര്യമുണ്ട്. "ആ ഇരുപത്തഞ്ചു രൂപ നമുക്കു കൊടുക്കണ്ടേ?"
ഒരാള്‍ വ്യവസായ മന്ത്രി എം.പി. . മറ്റൊരാള്‍ പ്രവാസി കാര്യമന്ത്രി എം
എല്‍ എ. വേറൊരാള്‍ യു.ജി.സി.പ്രൊഫസര്‍. എന്നിട്ടും ഋണങ്ങള്‍
ബാക്കിയിടുന്നു.
ഉപനിഷത്തു പറയുന്നു;
ഋണങ്ങള്‍ നാലാണ്. അതു തീര്‍ന്നു കഴിഞ്ഞിട്ടേ ജീവിതചക്രം പൂര്‍ണ്ണമാകൂ.
ദേവനോടുള്ള കടം
ഗുരുവിനോടുള്ള കടം
മാതാപിതാക്കളോടുള്ള കടം
സമൂഹത്തോടുള്ള കടം
ഈ ഋണങ്ങളില്‍ സണ്ണികുലത്താക്കലിനോടുള്ളത് ഏതിനത്തില്‍ പെടും?