13 Sept 2011

ഷഡാധാരം


സത്യജിത്ത്
 
 ഓങ്കാരസാഗരത്തിൽ സംഗീതമാലപിക്കാൻ ആഴ്‌ന്നിറങ്ങുകയാണ്‌ സൂര്യബിംബം. ആദിപ്രജാപതിയുടെ ചുടുനിശ്വാസക്കാറ്റ്‌ വീശുകയാണ്‌. തുളസിത്തറയിലെ മൺകുടം ഇളകിയാടി. അസ്ഥികൂടത്തിന്റെ വിളികേട്ട്‌ അവൾ ഞെട്ടിയുണർന്നു പാദസരം ചലിച്ചു.
 ഇറ്റിറ്റുവീഴുന്ന മഴത്തുള്ളി ജനൽകമ്പികൾക്കിടയിലൂടെ അവൾ നോക്കി നിന്നു. കാറ്റിൽ പറന്നെത്തിയ ഒരു മഴത്തുള്ളി അവളുടെ ചുണ്ടിൽ പതിച്ചു. വിവാഹരാത്രിയിൽ നുണച്ചിറക്കിയ നനുത്തവാക്കായി അവൾക്ക്‌ അനുഭവപ്പെട്ടു.
 വികാരത്തിന്റെ ശംഖുനാദം ക്ഷേത്രത്തിൽ നിന്നുയർന്നു. ആത്മാവും പരമാത്മാവും കെട്ടുപിണഞ്ഞുകിടന്നു. നാദം ശ്രവിച്ചവൾ മുന്നോട്ടുനടന്നു.
 മഴത്തുള്ളി അവളുടെ പാദത്തിൽ ഉരുണ്ടുവീണു. അവൾ നോക്കി. ഒന്നും കണ്ടില്ല. അവൾ യാത്ര തുടർന്നു. ഒരു ശബ്ദം.
'ആരാ?' അവൾ ചോദിച്ചു.
മഴത്തുള്ളി അവളുടെ പാദത്തിൽ ഉരുണ്ടുകളിച്ചു.
ആരാ? അവൾ ചോദ്യമാവർത്തിച്ചു.
പ്രപഞ്ചത്തെ ഒരു ഹിമബിന്ദുവിൽ പ്രതിഫലിപ്പിക്കുന്ന ആത്മാവായി മഴത്തുള്ളി പാദത്തിൽ പറ്റിപ്പിടിച്ചു.
പാദത്തിൽ അവൾ വീണ്ടും നോക്കി.
ആദിമദ്ധ്യാന്തമില്ലാത്ത അരുണരശ്മി പടർന്നുകൊണ്ടിരുന്നു.
ചന്ദ്രൻ ഇരുട്ടിൽ കടഞ്ഞ വെണ്ണയായി.
'മതി' അവൾ സാവകാശം പറഞ്ഞു. അവളുടെ ശിരസ്സ്‌ കുനിഞ്ഞു.
മണിമിഞ്ചിയിൽ മുത്തമർപ്പിച്ച്‌ മാറോടണച്ചപ്പോൾ പഞ്ചഭൂതമായി
'എവിടെ എന്റെ തേവർ?'
കാലം കുത്തൊഴുക്കിൽപ്പെട്ട്‌ കലങ്ങിമറിഞ്ഞ്‌ വൃക്ഷങ്ങളെ കടപുഴക്കിയെറിഞ്ഞു. ആൽമരത്തിന്റെ വേരുകൾ നെറ്റിയിൽ പാമ്പുകളായിഴഞ്ഞു.
കല്ലിലിഴഞ്ഞ ഒച്ച്‌ ബലിക്കാക്കയുടെ കൊക്കിലായി. ജഠരാഗ്നി അണഞ്ഞു. മനസ്സ്‌ എരിയുന്ന തീഗോളമായി.
മണിമഞ്ചലിൽ കിടന്ന ആദ്യരാത്രി ഗന്ധവർവൻ മീട്ടിയ ശ്രുതിയായിരുന്നു. തഴുകിവന്ന തേവരുടെ കൈ കടമ്പിൻ പൂക്കളായി. ചുണ്ടിൽ പകർന്ന പാൽ അരക്കെട്ടിൽ വീണു.
ഒരു നെടുവീർപ്പോടെ അവൾ നടന്നു. പോത്തിന്റെ വിളി പാറകളിൽ അടിച്ചുയർന്നു.
കാൽ തട്ടി മൺകട്ടയുടഞ്ഞു. ദർഭപ്പുല്ല്‌ ഒടിഞ്ഞു.
മഞ്ഞിന്റെ പടർപ്പിൽ മരക്കൊമ്പിൻ ഇണപ്പക്ഷിയുടെ തൂവൽ ചലിച്ചു. തണുത്ത കാറ്റു വീശി. സ്നേഹത്തെയും മരണത്തെയും കുറിച്ച്‌ അവൾ ചിന്തിച്ചു.
കഴുകന്റെ കൂർത്ത നഖത്തിൽ നിന്നും പിടിവിട്ട്‌ പ്രാവ്‌ കുളത്തിലേക്കു വീഴുന്നത്‌ അവൾ നോക്കി. കറുത്ത തോണി കണ്ണിലൂടെ തുഴഞ്ഞുപോയി.
വേഗമെത്തിയിരുന്നെങ്കിൽ അക്കരയ്ക്കെളുപ്പമെത്താമായിരുന്നു. ചെല്ലണം. വേഗം ചെല്ലണം.
അവൾ തലമുടിയിൽ തടവി. ചാരമേഘങ്ങൾ മേഞ്ഞുനടക്കുന്ന ആട്ടിൻപറ്റങ്ങളായി.
മഴത്തുള്ളി അവളുടെയടുത്തേയ്ക്കുരുണ്ടുവന്നു.
മേഘത്തോടിൽനിന്നും ഇടി പുറത്തേയ്ക്കുവന്നു. ആമ തലവലിച്ചു. പാമ്പ്‌ മാളത്തിനുള്ളിൽ പടംപൊഴിച്ചു.
പള്ളിയിൽ നിന്നും നിർത്താതെ മണി മുഴങ്ങി.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...