ളികൾ?
കലാകാരൻ എന്നത് ഒരു ബഹുമതിയോ അവമതിയോ എന്ന് സംശയമുണ്ടായിപ്പോകുന്ന
ഒരു സമൂഹസാഹചര്യത്തിലാണ് എന്റെ ജീവിതം. കവിതയെഴുതുമ്പോഴും സിനിമ
യെടുക്കാൻ ശ്രമിക്കുമ്പോഴും കലാകാരനായി അറിയപ്പെടണമെന്ന് ആഗ്രഹിക്കുമ്പോഴും
ഞാൻ എന്റെ ചുറ്റുപാടുകളിൽ നിന്നും സ്വയം പറിച്ചു മാറ്റാനും സമാനരായ ഒരു കൂട്ടം
പേരുടെയൊപ്പം ജീവിക്കാനും ശ്രമിച്ചിട്ടില്ല. എനിക്ക് അനുയോജ്യമെന്ന് എന്റെ നാട്ടുകാരും
സുഹൃത്തുക്കളുംബന്ധുക്കളും നിർദ്ദേശിച്ചതെല്ലാം നിരസിച്ചും ജോലികൾ കളഞ്ഞും അനിശ്ചിതമായ
കാത്തിരുപ്പുകൾ നടത്തിയും സാമ്പത്തിക നേട്ടമില്ലാത്ത, അവർക്ക് മനസിലാകാത്ത
എന്തൊക്കെയോ ചെയ്തും അവർക്കിടയിൽ തന്നെ ജീവിക്കുകയാണ്. അവരുടെയൊ
ക്കെജീവിതതത്വം സാമ്പത്തികത്തിലുറച്ചതാണ്..എനിക്കും സാമ്പത്തികത്തിന്റെ
പ്രശ്നങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ട് പക്ഷേ ഞാൻ സാമ്പത്തികസ്ഥിരത നൽകുന്ന
ഒന്നിലും ഉറച്ചുനിൽക്കുന്നില്ല എന്നൊരു പരാതി അവർക്കുണ്ട്.. എന്റെ ആഗ്രഹങ്ങൾ
അതിമോഹങ്ങളായാണ് അവർ വ്യാഖ്യാനിക്കുന്നത്.. അതിനുവേണ്ടിയുള്ള എന്റെ
ശ്രമങ്ങൾ ഓരോ തവണ പരാജയപ്പെടുമ്പോഴും അവരുടെ നോട്ടത്തിൽ പുശ്ചം വ
ളരുന്നു...എന്തുകൊണ്ട് ഡൽഹിയിലെജോലി കളഞ്ഞു.. എന്തുകൊണ്ട് ഗൾഫിലെ
ജോലി കളഞ്ഞു..എന്തുകൊണ്ട് സീരിയലിൽ ജോലിചെയ്യാൻ തയാറാകുന്നില്ല...
എന്തുകൊണ്ട് പിഎസി ടെസ്റ്റ് എഴുതിയില്ല...ഇങ്ങനെപോയാൽ എങ്ങനെ കുട്ടികളെ
വളർത്തും... ചോദ്യങ്ങൾ... ചോദ്യങ്ങൾ..അവരുടെ ചോദ്യങ്ങൾക്ക് അവർക്ക്
മനസിലാകുന്ന ഉത്തരം എനിക്കില്ല..എന്നാൽ അവർക്കിടയിൽ ജീവിക്കുക എന്നതല്ലാതെഎനിക്ക്
പോംവഴിയുമില്ല.. എന്റെ സ്വന്തം ഞാനൊരന്യഗ്രഹജീവിയാണ്... ഞാൻ
പണമുണ്ടാക്കിത്തുടങ്ങുന്നതുവരെ ഈ അവസ്ഥ തുടരും..ഇന്നത്തെ അവസ്ഥയിൽ ഞാൻ
തുരുമ്പിച്ചുതുടങ്ങിയ ഒരു മണിമെഷീനാണ്.
12]ഗൾഫനുഭവങ്ങൾ എത്രയൊക്കെ താങ്കളെ മാറ്റിമറിച്ചു?
വളരെ ചുരുങ്ങിയ കാലമേ ഞാൻ ഗൾഫിലുണ്ടായിരുന്നുള്ളു.. ഒരുതരത്തിലും
ആഗ്രഹിക്കുകയോ ശ്രമിക്കുകയോ ചെയ്യാതെ സംഭവിച്ചതാണ് ഗൾഫ് യാത്ര. എന്റെ
പ്രണയവിവാഹത്തെത്തുടർന്നുണ്ടായ അലച്ചിലുകളുടെ പര്യവസാനമായിരുന്നു അതെന്ന്
വേണമെങ്കിൽ പറയാം. ആകെ പ്രശ്നകലുഷമായ ജീവിതമായിരുന്നു.. രണ്ടുപേരുടേയും
വീട്ടുകാരുടെ സഹകരണമില്ല...ഞാനും അവളും പ്രാക്ടീസ് ചെയ്യുന്നുണ്ടായിരുന്നു...
അതിൽ നിന്നു ള്ളചെറിയവരുമാനമായിരുന്നു ആകെ പിന്തുണ..ഭാര്യ ഗർഭിണിയായതോടെ
അവളുടെ പ്രാക്ടീസ് മുടങ്ങി... എന്റെ വരുമാനം കൊണ്ടുമാത്രം ജീവിച്ചുപോകാൻ പറ്റില്ല എന്ന
അവസ്ഥവന്നു.. അതിനിടയിൽ എന്റെ ആദ്യത്തെ മകനെ പ്രസവിച്ച് അധികം താ
മസിയാതെ അവൾ വീണ്ടും ഗർഭിണിയായി... നിഹായത വല്ലാതെ വട്ടംചുറ്റിപ്പിടിച്ചു...
അബോർഷൻ ചെയ്യാൻ തീരുമാനിച്ചു... മൂന്നുമാസത്തിനിടെ വീണ്ടും അതുതന്നെ
സംഭ
വിച്ചു... വീണ്ടുമൊരബോർഷൻ വയ്യ എന്നതുകൊണ്ട് വീട്ടുകാരുടെ സഹായം തേടി..
കിട്ടിയില്ല.. എങ്ങനെയും ഈ കുട്ടിയെ വളർത്തണമെന്നും അത് നാട്ടിൽ നിന്നാവണ്ട
എന്നും ഉറപ്പിച്ചു. അങ്ങനെയാണ് നാട്ടിൽ നിൽക്കണ്ട എന്ന് .. ഡൽഹിയിലുള്ള ഒരു
മാമൻ സഹായഹസ്തം നീട്ടി.. രണ്ടായിരത്തിയാറ് ജൂണിലാണെന്ന് തോന്നുന്നു ഞാ
ൻ ഡൽഹിയിലെത്തി..എനിക്കവിടെ ഒരു ചെറിയ ജോലികിട്ടി...സെപ്റ്റംബറിൽ
മടങ്ങിവന്ന് എട്ടുമാസം ഗർഭിണിയായ ഭാര്യയേയും മകനേയും കൂട്ടി ഡൽഹിയിലേക്ക്
ട്രയിൻ കയറി.. ജീവിതം വളരെ ദുരിതമായിത്തോന്നിയ ഒരു കാലഘട്ടമായിരുന്നു
അത്..പക്ഷേഡൽഹിയിലെ തണുപ്പും ഉൽസവാന്തരീക്ഷമുള്ള തെരുവുകളും ജീവിതം
അനായാസമാക്കി... നവംബറിൽ, സദർ ബസാറിലെ ഒരു സർക്കാരാശുപത്രിയിലെ
വയറ്റാട്ടി എന്റെ രണ്ടാമത്തെ മകനെ വലിച്ചു പുറത്തിട്ടു... രണ്ടുമാസത്തിനിടെ
എന്റെ പിടിവാശികാരണം ജോലിപോയി... മറ്റൊരു ജോലിക്കായുള്ള അന്വേ
ഷണത്തിനിടെ യാദൃശ്ചികമായി
വന്നതാണ് ഗൾഫ്.. സൗദി അറേബ്യയിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ
അഡ്‌മിനിസ്ട്രേറ്റർ ജോലി...ഇത്രയും പറഞ്ഞത് ഗൾഫിലെത്തുമ്പോൾ എന്റെ
മാനസികാവസ്ഥ എന്തായിരുന്നു എന്ന് അറിയിക്കാനാണ്. ഭാര്യയേയും കുട്ടികളേയും
നാട്ടിലെത്തിച്ച് ഗൾഫിലേക്ക് പോകുമ്പോൾ സാധാരണഗതിയിൽ ഗൾഫിലേക്ക്
പോകുന്ന ഒരാളുടെ മനസായിരുന്നില്ല എന്റേത്.എത്രയും വേഗം അവരെക്കൂടി
കൊണ്ടുപോവുകഎന്നത് ആഗ്രഹമായിരുന്നില്ല ആവശ്യമായിരുന്നു..
പക്ഷേ അവിടുത്തെ ജീവിതം വല്ലാതെ നിരാശപ്പെടുത്തി.. എനിക്ക് ഭേദപ്പെട്ട
ജോലിയായിരുന്നു അവിടെ..പക്ഷേ ലേബർ ക്യാമ്പിനടുത്തായിരുന്നു എന്റെ
താമസം ... മനുഷ്യൻ രാപകലില്ലാതെ പണിയെടുക്കുന്ന യന്ത്രങ്ങൾ മാത്രമാണെന്ന്
ഞാൻ കണ്ടു..ജീവിതത്തിന്റെ വ്യാപ്തി ചുരുക്കിച്ചുരുക്കി സ്വന്തം ശരീരത്തോളം
ചെറുതാക്കി മാറ്റുന്നത് കണ്ട് സഹതാപം തോന്നി..ബത്തയിൽ കിട്ടുന്ന കള്ളച്ചാരായവും പോൺ
സിഡികളും കൊണ്ട്
സ്വന്തം തടവറയിൽ സംതൃപ്തരാകുന്നവർ..അതിൽ നിന്ന് പുറത്തുകടക്കുന്നതേക്കുറിച്ച്
ചിന്തിക്കാത്തവർ...അക്കാലത്താണ് ഞാൻ ബ്ലോഗിൽ സജീവമാകുന്നത്... പിന്നീട്
ബ്ലോഗിലൂടെ പരിചയപ്പെട്ട സുനിൽ എന്നൊരു സുഹൃത്തിന്റെ വീട് ഷെയർചെയ്ത്
ക്യാമ്പിൽ നിന്നും ബത്തയിലേക്ക് മാറി. അത് മറ്റൊരു ലോകമായിരുന്നു. അവിടെ
വെച്ച് ഗൾഫ് മലയാളികൾ എന്ന് വിളിക്കാവുന്ന ഒരുകൂട്ടരെ കണ്ടുമുട്ടി.. വെള്ളി
യാഴ്ചകളിൽ ഒത്തുചേരുന്നവർ..സാംസ്കാരിക ചർച്ചകൾ...മദ്യപാനസദസുകൾ... പത്തും
പതിനഞ്ചും വർഷമായി മുടങ്ങാതെ വർഷാവർഷം അനുഷ്ഠാനം പോലെ നാട്ടിൽപോയി മടങ്ങി
വരുന്നവർ നാടിനെക്കുറിച്ചെഴുതുന്ന ഗൃഹാതുരത നുരയുന്ന കവിതകൾ. ക്യാമ്പിലുള്ള മനുഷ്യരല്ല ഇവർ..
മിക്കവാറും പേർ കുടുംബത്തോടെയാണ്...എല്ലാവരും തിരികെപ്പോകുന്നതിനെക്കുറിച്ച്
സംസാരിക്കുന്നു..ആരും തിരികെപ്പോകുന്നില്ല...പണമുണ്ടാക്കുന്ന, ബുദ്ധിജീവികളും
അല്ലാത്തവരുമായ മനുഷ്യരുടെ ഒരു കൂമ്പാരം എന്നതിലുപരി ജീവിതമുള്ള ഒന്നായി എനിക്ക്
ഗൾഫിനെ കാണാൻ കഴിഞ്ഞില്ല. ഗൾഫിലേക്ക് ഭാര്യയേയും കുട്ടികളേയും കൊണ്ടുവരണമോയെന്ന്
ഞാൻ പുനരാലോചിക്കാൻ തുടങ്ങി...
ആയിടയ്ക്ക് മനുഷ്യനെന്ന നിലയിൽ ഞാൻ എത്ര നിസഹായനാണെന്ന് എന്നെ
ബോധ്യപ്പെടുത്തിയ ഒരു സംഭവമുണ്ടായി. താമസസ്ഥലത്താണെങ്കിൽ ഞാൻ
സാധാരണഗതിയിൽപുറത്തിറങ്ങുമ്പോൾ ഇൻഷർട്ട് ചെയ്യാറില്ല..മുടി ചീകാനും ശ്രദ്ധിക്കാറില്ല..
ഉച്ചതിരിഞ്ഞ സമയം വാങ്ക് വിളിക്കുന്നതിനാൽ അധികം ആരും പുറത്തില്ല..ഞാൻ ഒന്നും
ശ്രദ്ധിക്കാതെനടക്കുകയായിരുന്നു. ഒരു പഴഞ്ചൻ കാർ എന്നെ ഓവർടേക്ക്ചെയ്ത്
വന്നു നിന്നു. ഞാൻ മുന്നോട്ട് നടന്നപ്പോൾ ആ കാറിൽ നിന്നിറങ്ങിയ ഇരുപത്
വയസിനടുത്ത് പ്രായമുള്ള ഒരു പയ്യൻ എന്നെ പിന്നിൽ നിന്ന് വിളിച്ചു. മുഷിഞ്ഞ
വെളുത്ത കുപ്പായമായിരുന്നു അവന്റേത്.. ഞാൻ തിരിഞ്ഞു നിന്നു .. അവൻ എന്റെ
ഇക്കാമ (ഐഡന്റിറ്റി കാർഡ്) കൊടുക്കാൻ പറഞ്ഞു..വേഷം കണ്ടിട്ട് അവർ
കള്ളന്മാരാണെന്ന് എനിക്ക് തോന്നി.. ഞാൻ "മാഫി" (ഇല്ല) എന്ന് പറഞ്ഞു.
അവൻ എന്റെ കഴുത്തിനു കുത്തിപ്പിടിച്ചു.. ആദ്യമായി
ഒരാൾ എന്നെ ശാരീരികമായി അതിക്രമിക്കുകയാണ്..ഞാൻ
അവനെ തള്ളിമാറ്റി..
കടവരാന്തകളിൽ നിൽക്കുന്ന മലയാളികളും ഫിലിപ്പീനികളും ബംഗാളികളുമെല്ലാം
കാഴ്ചകണ്ട് നിൽക്കുകയായിരുന്നു.. എന്റെ പ്രതിരോധം കണ്ട് കാറിലുണ്ടായിരുന്ന
അപരനും ഇറങ്ങി വന്നു..അയാൾ എന്റെ നേരെ മുന്നിൽ വന്ന് ഒരു ചെറിയ കൈ
ത്തോക്കെടുത്ത് ചൂണ്ടി... കൈപ്പടത്തിനുള്ളിൽ ഒതുങ്ങുന്ന ഒരു ചെറിയ ആയുധത്തിനു
മുന്നിൽ ഞാൻ മരണഭയമുള്ള വെറുമൊരു ജീവിയായി മാറുന്നത് ഞാനറിഞ്ഞു.. ഞാൻ
നിലവിളിച്ചെന്നു തോന്നുന്നു.. കടവരാന്തകളിൽ നിന്നവർ പ്രതിമകളാണോ എന്ന്
സംശയം തോന്നിപ്പോയി..ആരും അനങ്ങുന്നില്ല..പയ്യന്മാർ എന്നെ കാറിനുള്ളിൽ
കയറ്റി.. എന്തിനാണ് എങ്ങോട്ടാണെന്നൊന്നും എനിക്കറിയില്ല.. എന്നെകൊല്ലാനാ
ണോകൊണ്ടുപോകുന്നതെന്ന് പേടിച്ചു..കാറിനുള്ളിൽ വെച്ച് അവർ എന്നെ നന്നായി
മർദ്ദിച്ചു..കാർ ഒരു പള്ളിയുടെ മുന്നിൽ ചെന്നു നിന്നു..അവിടെ ഒരു പോലീസ്
ജീപ്പുണ്ടായിരുന്നു.. പോലീസിനെ കണ്ടപ്പോൾ എനിക്ക് സമാധാനമായി... എന്നെ
അവർ പോലീസുകാർക്ക് കൈമാറി..എനിക്ക് ഇക്കാമയില്ല എന്നും ഹിന്ദി
ആണെന്നും അവർ പറയുന്നത് എനിക്ക് മനസിലായി.. ഞാൻ ഉടൻ വിളിച്ചുകൂവി..
എനിക്ക് ഇക്കാമയുണ്ട്..ഒരു തടിയൻ പോലീസുകാരൻ എന്റെ കവിളിൽ ആഞ്ഞടിച്ചു..
ഞാൻ നിശബ്ദനായിപ്പോയി.. ഞാൻ അന്യനാണെന്നും അന്യരാജ്യത്താണെന്നും
ഒറ്റയ്ക്കാണെന്നും നിസഹായനാണെന്നും നിശബ്ദനായിരുന്നില്ലെങ്കിൽ എന്റെ
ജീവനുഭീഷണിയാണെന്നും ഞാൻ തിരിച്ചറിഞ്ഞു.. എന്റെ ശരികൾക്ക് വിലയില്ല..
ഒരുകൂട്ടം ആളുകൾ..ആയുധവും അധികാരവും ധരിച്ചവർ... എന്നെ അവർ ഒരു
വലിയ വാനിലേക്ക് കയറ്റി.. അതിനത്ത് ഒരു പോലീസുദ്യോഗസ്ഥൻ ഫോണിൽ
സംസാരിച്ചിരിക്കുകയായിരുന്നു.. കുറേ നേരം കഴിഞ്ഞ് അയാൾ എന്നെ നോക്കി..
അടുത്ത അടി പ്രതീക്ഷിച്ചുകൊണ്ട് എനിക്കിക്കാമയുണ്ട് എന്ന് ഞാൻ പിറുപിറുക്കുന്ന
സ്വരത്തിൽ പറഞ്ഞു.."വെയ്ൻ ഇക്കാമ" (എവിടെ ഇക്കാമ) ഞാൻ അതു കൊടുത്തു.. അയാൾ
അത് വാങ്ങി നോക്കി പുറത്തു നിൽക്കുകയായിരുന്ന പയ്യനെ വിളിച്ചു.. എനിക്ക് ഇക്കാമയുണ്ടല്ലോ
എന്ന് പറഞ്ഞു.. അവൻ വീണ്ടും എന്റെ കവിളിൽ അടിച്ചു..ഇക്കാമയില്ലെന്ന് പറഞ്ഞതിനായിരുന്നു
ആ അടിയെന്ന് എനിക്ക് മനസിലായി.. വാനിനുള്ളിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥൻ അയാളെ
തടഞ്ഞുകൊണ്ട് എന്നോട് പൊയ്‌ക്കൊള്ളാൻ പറഞ്ഞു... എനിക്ക് സങ്കടമാണോ സന്തോഷമാണോ
എന്താണ് തോന്നിയതെന്ന് അറിയില്ല.. എന്തിനാണെന്നെ അടിച്ചതെന്ന് ഞാനവരോട് ചോദിച്ചൂ..
"റോ" (പൊയ്ക്കോ) എന്ന ആജ്ഞ മാത്രമായിരുന്നു മറുപടി...ഞാനെന്താണ് എന്ന എന്റെ
തിരിച്ചറിവുകളെ പാടേ കരിച്ചുകളഞ്ഞ സംഭവമായിരുന്നു അത്.. ഏറ്റവും വലിയ ഭീകരത
അധികാരം അനുവദിക്കപ്പെട്ട ആൾക്കൂട്ടത്തിന്റേതാണെന്ന് എനിക്ക് മനസിലായി..മനുഷ്യൻ
പുഴുവിനെക്കാൾ നിസഹായനാണെന്നും... ഗൾഫിലേക്ക് കുടുംബത്തെ കൊണ്ടുവരിക എന്ന
ചിന്ത മുഴുവനായും ഇല്ലാതായി...പക്ഷേ ഗൾഫിൽ നിന്നുള്ള മടക്കം പേടിച്ചുള്ള മടക്കമായിരുന്നില്ല...
ബ്ലോഗിലൂടെ പരിചയപ്പെട്ട മണികണ്ഠൻ എന്ന സുഹൃത്ത് ഞാൻ മുൻപ് ചെയ്ത ഒരു ഷോർട്ട്
ഫിലിം കണ്ട് തന്റെ തിരക്കഥ ടെലിഫിലിമാക്കാമോ എന്ന് ചോദിച്ചു.. വീണ്ടും
എന്റെ സിനിമാമോഹങ്ങൾ ഉയിർത്തെഴുനേറ്റു.. അങ്ങനെ "പരോൾ" എന്ന ടെലി
ഫിലിം ചെയ്യാനായി ഞാൻ നാട്ടിലേക്കെത്തി.. മടങ്ങിപ്പോയില്ല.. ഗൾഫ്
എങ്ങനെയാണ് എന്നെ മാറ്റിമറിച്ചതെന്ന് എനിക്കിപ്പോഴും അറിയാൻ കഴിഞ്ഞിട്ടില്ല..
അത് എന്നിൽ പ്രവർത്തിച്ചുകൊണ്ടേയിരിക്കുകയാണെന്ന് തോന്നുന്നു.. അവിടത്തെ
അനുഭവങ്ങൾ, കണ്ടുമുട്ടിയ മനുഷ്യർ,അവരുടെ ജീവിതങ്ങൾ, കടന്നുപോയ
അനുഭവങ്ങൾ ഒക്കെ എന്നെ ഓരോ നിമിഷവും
സ്വാധീനിക്കുന്നുണ്ട്...പ്രവാസം ഒരു താൽക്കാലിക അവസ്ഥയല്ല..
13]ഒരു ബ്ലോഗർ എന്ന നിലയിൽ താങ്കൾ നേരിട്ട നൈതിക പ്രശ്നം, സാധ്യതകൾ,
പ്രലോഭനങ്ങൾ?
ബ്ലോഗർ എന്ന വിളിപ്പേര് സത്യത്തിൽ ഞാനിഷ്ടപ്പെടുന്നില്ല... പാറയിൽ
എഴുതിയിരുന്ന മനുഷ്യൻ കടലാസിന്റ ആവിർഭാവത്തോടെ അതിൽ എഴുതാൻ
തുടങ്ങിയവരെ നോക്കിയിരുന്നപോലെയാവാം ഇപ്പോൾ മുഖ്യധാരാ എഴുത്തുകാർ
ബ്ലോഗിൽ എഴുതുന്നവരെ നോക്കുന്നത്
... താമസിയാതെ അവരും ബ്ലോഗിലേക്കും നെറ്റിലേക്കും ചേക്കേറും (ഇപ്പോൾ
തന്നെ അത് സംഭവിച്ചു തുടങ്ങി) അപ്പോൾ സ്വാഭാവികമായും ബ്ലോഗർ എന്നപേരും
ബ്ലോഗെഴുത്ത് എന്ന വിശേഷ നാമവുമൊക്കെ പോകും.. ഇപ്പോൾ ബ്ലോഗിൽ
എഴുതുന്നവരെ അംഗീകരിക്കാനുള്ള മടിയും തരംതിരിവുമൊക്കെ അഞ്ചോ പത്തോ
വർഷങ്ങൾക്കപ്പുറം നിലനിൽക്കുന്ന ഒന്നല്ല..അതുകൊണ്ട് എനിക്ക് പ്രശ്നങ്ങളും
പ്രലോഭനങ്ങളും ഒന്നും തോന്നുന്നില്ല.. എഴുത്തുകാരന് ചങ്ങാത്തങ്ങൾ കൊണ്ടും
കൂട്ടായ്മകൾ കൊണ്ടും പരസ്യങ്ങൾ കൊണ്ടും ഒക്കെ നിലനിൽക്കാൻ കഴിയുമായിരിക്കും
പക്ഷേ കാമ്പുണ്ടെങ്കിൽ മാത്രമേ എഴുത്ത് നിലനിൽക്കൂ... എന്തായാലും ഒരു വാരിക
യ്ക്കും പുസ്തകത്തിനും നൽകാനാവാത്ത ഒന്ന് ബ്ലോഗ് നൽകുന്നുണ്ട്... എത്രകാലം
കഴിഞ്ഞാലും ഒറ്റ ക്ലിക്കുകൊണ്ട് ആർക്കും ഇടനിലക്കാരന്റെ സഹായമില്ലാതെ എന്റെ
പേജിലേക്ക് എത്താൻ കഴിയും... ഞാൻ എഴുതിയവയ്ക്ക് കരുത്തില്ലെങ്കിൽ നിലനി
ൽക്കണമെന്ന് എനിക്ക് ആഗ്രഹമില്ല... മറിച്ചാണെങ്കിൽ ഞാൻ ഒന്നും ചെയ്യാതെ
തന്നെ വായനക്കാർ അതിലേക്ക് വരും, എത്രകാലം കഴിഞ്ഞായാലും.
സനൽ ശശിധരന്റെ കവിതകൾ ഇവിടെ വായിക്കാം