ഡോ കെ.ജി. ബാലകൃഷ്ണന്‍
1
ഒരു പൊരി ചപ്പുചവറിനു
തീ പകരാന്‍;
കാട്ടുമുളയ്ക്ക് അരണി കടയാന്‍
ഒരു ഞൊടി;
ഉലയ്ക്ക് ഒരു വീര്‍പ്പ്
തൃക്കണ്തുറന്ന്
കാരിരുന്പിനെ
ചോപ്പണിയിക്കാന്‍
2
എനിക്കാടണം പിറന്നപടി-
നീ കൂക്കിവിളിക്കരുത്,
കരിങ്കല്‍ച്ചീള്
എന്റെ നേരെ പായിക്കരുത്-
എന്നെ, ഉരുട്ടരുത്;
എന്റെ കണ്ണില്‍ കാന്താരി എഴുതരുത്;
മൂത്രദ്വാരത്തില്‍ ഈര്‍ക്കിലി കയറ്റരുത്
3.
നിനക്ക്,
പഞ്ചനക്ഷത്രത്തില്‍
സുഖശയനം,
സുഖചികിത്സ-
ചൈനീസ് വന്മതില്‍കൊണ്ടു മറ.
4
എനിക്ക്, ഒന്ന് മിനുങ്ങണമെങ്കില്‍,
എവിടെയുണ്ടൊരു വാര്‍ക്കബഞ്ച്?
കുറ്റിക്കാട്, ഒരു വിരല്‍ മണല്‍ത്തറ?
5
നേര്‍ മുക്കിയ നുണ നിനക്ക് തുണ;
ഈ തെരുവുവിളക്ക് പോലും
എന്നെ ഒറ്റിക്കൊടുക്കും
ഏത് നിലാവിന്റെ നിറമില്ലായ്മ
എനിക്ക് ഉടുതുണി?
വേണ്ട
എനിക്ക് പൈക്കിടാവിനെപ്പോലെ,
ഭൂമിയുടെ ഈയറ്റത്ത്നിന്ന്
ചക്രവാളത്തിനപ്പുറത്തേയ്ക്ക്
ഓടി മറയണം.
ചിലങ്കയുടെ സ്വരം കേട്ട് മടുത്ത്,
എന്റെ ഉള്ള്
എനിക്ക് വെളിച്ചം തരുന്നത്
ഏത് ഇനി?
ഈ കാത്തിരുപ്പിന്ന്
എന്ന് അറുതി?
പത്തായം പെറുമെന്നും
ചക്കി കുത്തുമെന്നും
അമ്മ വയ്ക്കുമെന്നും
നീ, നീ തിന്നുമെന്നും
6.
എന്റെ മിഴിയിലെ
ഒരു തുള്ളി
ചാലായി, തോടായി, അരുവിയായി,
പുഴയായി,
ഏഴാംകടലായി,
ആര്‍ത്തലക്കും;
സുനാമിയെന്ന്
നിനക്കറിയാം.
പ്രളയമെന്ന്
ഋഷിയുടെ നാവ്:
എങ്കിലും,
സനഡുവില്‍ വിദ്യയഭ്യസിച്ച നീ
മുത്തുച്ചിപ്പിയെന്ന് പറഞ്ഞ്
എന്നെ കൊതിപ്പിക്കുന്നു.
സനഡു = മധ്യകാല മംഗോളിയന്‍ ചക്രവര്‍ത്തിമാരുടെ തലസ്ഥാനം.
മാന്ത്രികവിദ്യാപഠനകേന്ദ്രം. കാലഹരണപ്പെട്ട പ്രാചീന നഗരം