ശ്രീകൃഷ്ണദാസ് മാത്തൂർ
എന്റെ വീടിന്റെ പിന്നാമ്പുറത്താണു
ഒരുകോടി ജീവൻ
ഇലകളിൽ പിടയ്ക്കുന്ന
പുളിമരം.
മരിച്ചുപോയ ആർക്കൊക്കെയോ
എന്തൊക്കെയോ
പുളിച്ചുതികട്ടിയത്
പൊതിഞ്ഞുതൂക്കി പുളി നിൽക്കുന്നു.
എന്റെ ഉമിനീർപ്പൊതികളെ വെറുതെ
പിഴിഞ്ഞുപിഴിഞ്ഞെടുക്കാൻ...
ഒടുവിൽ
വറ്റിപ്പോയ നാക്കിനടിയിൽ
വാക്കുകളില്ലാതെ എരിയാൻ..
ഭൂപാളം പാടാനൊരുങ്ങിയ
കിളിയിൽ നിന്ന് ശബ്ദം അലിയിച്ച്
കൊതിവെള്ളം ഇറ്റിക്കുന്നതിന`.
പാട്ടുമുടക്കുന്നതിന`...
പഴമയുടെ നറും പുളിയിൽ
ഇങ്ങനെ വായിനോക്കി
സ്വയം മുടങ്ങി
കൊതിയൂറിത്തീർന്നോ-
പുളിമരത്തിനു ചിലപ്പോൾ
കലി.
പുളിയിലയിലെഴുതിയ
ശംഖുവരയന്റെ ഇഴവകഞ്ഞ്,
പുലിയായിരുന്നവരുടെ സ്വരസ്തരം
പുറത്തേക്കിട്ട് ഒരു കാലം
ഗർജ്ജിക്കുന്നു, ഉളുപ്പില്ലേ, നിനക്ക്?
എലിമീശ പിരിയ്ക്കാൻ?
കൊതിച്ചുകൊതിച്ച് അവസാനപങ്കും
കടിച്ചെടുത്ത് കാലം വിടാൻ?
വേരുകൾ ചോരയൂറുന്ന
ഒരുകുത്തു മണ്ണിന്റെ വേദന
വിറ്റു തിന്നാൻ?
പിന്നിലൊരു നല്ലകാലത്തിന്റെ
പുളിപ്പുളിയും
മുന്നിലൊരു 'കെട്ട കാലത്തിന്റെ'
പുളിക്കൊതിയും-
എല്ലാം വെറുമൊരു കൊതിയരങ്ങെന്ന്
കളംവിടുന്ന കിളികൾ
കാറിക്കാഷ്ടിക്കുമ്പോൾ..
പിന്നോട്ടു പിളർന്നിരിക്കുന്ന വായിൽ
കപ്പലോടിച്ചു പുളിമരം
മുടിയഴിച്ചിട്ടു പൊട്ടിച്ചിരിക്കുന്നു
ഈ കപ്പൽ നിന്നെയൊരു
കരയെത്തിക്കട്ടെ..!
മുമ്പിൽ തകരാറുപറ്റിക്കിടക്കുന്ന
മുറ്റത്ത്
മറ്റൊരു പുളി നടാൻ തോന്നട്ടെ..
കപ്പൽ മുന്നോട്ടല്ലേ പോകേണ്ടത്..