14 Oct 2011

ജാതകം


രാജേഷ്‌ മോൻജി

സഹശയനത്തിനുള്ള
നേരവും കുറിച്ച്‌
നാഴികത്തെറ്റാതെ
പാതിചാരിയവാതിലറിയാതെ
അകത്തുകടന്നു.
ജ്യോതിഷിയുടെ കണക്കുകൂട്ടലുകളിലൊന്നു പിഴച്ചു:
രതിമൂർച്ഛ.
മുറതെറ്റിയ കാലത്തെ
വിളക്കുവെച്ചകത്തിരുത്തി;
നാമജപങ്ങളും പൂജാമന്ത്രങ്ങളും
പ്രാർത്ഥിക്കാൻ കാരണം കണ്ടെത്തിയ
ചന്ദനത്തിരിയുടെ ഭക്തിഗന്ധവും പേറി
(മരണഗന്ധമെന്ന്‌ ചിലർ)
കാലനക്കത്തിനനുസരിച്ച്‌ ഊതിവീർപ്പിച്ചും
ഇടത്തും വലത്തും തിരിയാതെ തിരിഞ്ഞും
മലർന്നും നിരന്നും ഞരങ്ങിയും
അരുതുകൾ വിരൽചൂണ്ടിയ
നാളുകളിലൂടെ പിച്ചവെച്ചും
പടവുകൾ ഒമ്പതും കഴിഞ്ഞു.
കവിടി നിരത്തി
കണക്കുകൾ കൂട്ടിക്കിഴിച്ചപ്പോൾ
ഇന്നു രോഹിണി
പത്തുനാൾശേഷം രാജയോഗം
നീട്ടിക്കിട്ടുമോ ഡോക്ടർ?
രോഹിണിക്കപ്പുറം വേണ്ട
കീറിമുറിക്കാമിന്നു തന്നെ
സമയം-നാല്‌ പത്ത്‌ ഇരുപത്തിനാല്‌
കുറിച്ചെടുത്തോ
ഇനിയാരും
ജാതകത്തെ ചോദ്യം ചെയ്യരുത്‌ !

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...