സജി സുരേന്ദ്രൻ
രാത്രിമഴയുടെ കുളിരിനൊപ്പമാണ്….കനത്ത കാലടികള്‍ അടുത്തേയ്ക്ക് വന്നത്,
കുത്തുവിളക്കിന്റെ നേര്‍ത്ത വെളിച്ചത്തിലാണ്…..
തറ്റുടുത്തിരിക്കുന്ന ഭീമശരീരം കണ്ടത്…..
പതുക്കെയെന്നെയെഴുന്നേല്‍പ്പിച്ചു-
കൊണ്ടാണടുത്തിരുന്നത്,
പരിചയപ്പെടല്‍ പോലുമില്ലാതെയാണ്
പറഞ്ഞുതുടങ്ങിയത്,
കഥകള്‍……..
കുന്തി, അരക്കില്ലം, കര്‍ണ്ണന്‍,
ഹിഡുംബി, ഒടുവില്‍ പാഞ്ചാലപുത്രി…..
പിന്നെയെപ്പോഴോ കഥനിലച്ചപ്പോഴാണ്
രണ്ടാമൂഴക്കാരനെന്ന ആത്മനിന്ദയുതിര്‍ന്നത്
കേട്ടിരിക്കവയ്യാതെയാണ്
ധീരമായൊരു പരിരംഭണത്തിന് മുതിര്‍ന്ന്
ശ്മശ്രുക്കള്‍ വളരാത്ത താടിയില്‍ത്തടവി
ചേര്‍ന്നിരുന്നത് …….
കാട്ടുപൂക്കള്‍ വീണ നദിക്കരയിലാണ്
ഒടുക്കം ഞാന്‍ തളര്‍ന്നുറങ്ങിയത്…….
ഫോണിന്റെ കിണുക്കം,
വല്ലാത്തൊരപശ്രുതിപോലെ
മധുരമായ തളര്‍ച്ചയിലേയ്ക്കുവന്നെന്നെ
ഉലച്ചുണര്‍ത്തി….
അങ്ങേത്തലയ്ക്കല്‍ നിന്റെ ശബ്ദം!
അകമേ വിറച്ചുകിടുങ്ങി-
യൊരു കാറ്റുവീശിയകന്നു….
വിശ്വാസവഞ്ചനയുടെ കുറ്റബോധം!
നീ സംശയിച്ചില്ലേ?
പതിവില്ലാത്ത എന്റെ സ്നേഹത്തെ!
നിന്റെ സല്ലാപത്തിനിടെയാണ്
തലയിണമാറി അത് പുറത്തുവന്നത്
ചുവന്ന പുറംചട്ടയില്‍ പാണ്ഡവരില്‍
രണ്ടാമന്റെ ഭൂതവടിവ് വരച്ച പസ്തകം!
നിരാശയോടെയാണ് ഞാനതറിഞ്ഞത്
എല്ലാം ഒരു സ്വപ്നമായിരുന്നു……
വെറുമൊരു സ്വപ്നവേഴ്ച……!