എം.ആർ.വിപിൻ
പത്തക്കമുള്ള
ഒരു മൊബൈല്‍ നമ്പറേയല്ല .
അത്
ഒരു താക്കോലിന്റെ
അരികുകളിലെ ആവൃത്തികള്‍ .
പച്ച ബട്ടനില്‍
വിരലമര്‍ത്തുന്നതേയല്ല.
ആ താക്കോല്‍
പഴുതിലിട്ട്
ഒരു വാതില്‍ തുറക്കുന്നതാണ്.
അങ്ങേ തലയ്ക്കല്‍
ഹലോ എന്ന് പറയുന്നതല്ല.
വാതില്‍ തുറന്ന്
ഒരു സ്വര്‍ഗം കണ്ട്
ഞെട്ടിപ്പോകുന്നതാണ് .
പരസ്പരമുള്ള മവ്നങ്ങളല്ല .
ഒരു ചെറിയ മുറിയില്‍
പെണ്ണ്,
ചിരിച്ചു മറിയുന്ന അവളുടെ കുഞ്ഞ്,
അത് കണ്ടാനന്ദിക്കുന്ന
പെണ്ണിന്റെ കെട്ടിയോന്‍ .
ഇപ്പോള്‍ വിളിക്കേണ്ടിയിരുന്നില്ല
എന്ന തോന്നലല്ല .
സ്വര്‍ഗത്തിലെ കട്ടുറുംബാണ്
അല്പം സാഹിത്യം കലര്‍ത്തിയാല്‍
പറു ദീസയിലെ പാമ്പാണ്.
കുറച്ചു കൂടി പൊലിപ്പിച്ചാല്‍
സ്വര്‍ഗത്തില്‍ വഴിതെറ്റിയെത്തിയ
പുഴുത്ത ശവമാണ്.
ചുവന്ന ബട്ടനില്‍
വിരലമര്‍ത്താനുള്ള വെമ്പലല്ല.
വഴി തെറ്റി വന്നതിന്
ഒരു മാപ്പാണ്.
ദൈവമൊ മാലാഖമാരോ
അറിയും മുന്‍പ്
തിരിച്ചു പൊയ്ക്കൊള്ളാം എന്ന
അപേക്ഷയാണ്.
ഫോണ്‍ കട്ട് ചെയ്യുന്നതല്ല.
ശബ്‌ദമുണ്ടാക്കാതെ
ആ സ്വര്‍ഗത്തിന്റെ വാതില്‍
തുറന്നത്പോലടച്ച്
നരകത്തിലേക്കുള്ള വഴി
അന്വേഷിക്കുന്നതാണ്.
--