പി.കെ.ഗോപി
കരഞ്ഞു പിറക്കുന്ന
ജീവസല്ലാപങ്ങളിൽ
കവിഞ്ഞതല്ലാതൊന്നു-
മില്ലെന്റെ വാഗാർത്ഥത്തിൽ.
വൈദ്യം
അരഞ്ഞു തീർന്നാൽ
വീര്യമേറുന്ന മരുന്നുകൾ
അറിഞ്ഞ വൈദ്യന്മാർക്ക്
കാലത്തെ ചികിത്സിക്കാം
അദൃശ്യം
അദൃശ്യാകാശങ്ങളി-
ലാത്മസഞ്ചാരം ചെയ്ത
മനുഷ്യാ,
നിന്നെ ഞാനൊന്നറിഞ്ഞു
വണങ്ങട്ടെ.
ഉദകം
ഉദിച്ചു നിൽക്കുമ്പോൾ നീ
ഉജ്ജ്വലപ്രതാപിയായ്
ഉദകക്രിയയ്ക്കുള്ള
മൺകുടംസൂക്ഷിക്കുക.
ബ്യൂട്ടിപാർലർ
അണിഞ്ഞുനടന്നിട്ടു-
മാത്മസൗന്ദര്യംനീറി-
പ്പുകഞ്ഞുകരിയുന്ന-
തറിയുന്നില്ലല്ലൊനീ
വിശ്വസ്നേഹം
കലങ്ങിത്തെളിയുന്ന
കണ്ണുനീരുമ്മയ്ക്കുണ്ട്
കറങ്ങിത്തീരാത്തൊരീ
ഭൂമിതൻസ്നേഹസ്പർശം
പൂന്തോട്ടത്തിലെ പക്ഷി
അളിഞ്ഞതെല്ലാം
ദൂരെക്കളഞ്ഞു...
അതിൽ നിന്നു
മുളച്ചുപൊന്തീ
ഞാനും മക്കളും
പൂവും കായും.
വിരിഞ്ഞതെല്ലാം
താഴെക്കൊഴിഞ്ഞു...
അതിൽനിന്നു
കരഞ്ഞുപൊങ്ങീ
കാവ്യപ്പക്ഷിയും
പാട്ടുംകൂട്ടും!
നവം
വാക്കിന്റെ
വാക്കിൽ നിന്നു
പിറന്നു
നവാദ്വൈതം!