ഒടുവിലയാൾ തന്റെ കാമുകിയിലേക്കു തിരിയുന്നു../നെരൂദ


 പരിഭാഷ:
 വി രവികുമാർ
 മാറ്റിൽഡേ ഉറൂഷ്യാ, നിനക്കു ഞാനിവിടെ വിട്ടുപോകുന്നു,
എനിക്കുണ്ടായിരുന്നതൊക്കെയും,
എനിക്കില്ലാതിരുന്നതൊക്കെയും,
ഞാനായതൊക്കെയും, ഞാനല്ലാത്തതൊക്കെയും.
കരച്ചിൽ മാറാത്ത കുഞ്ഞാണെന്റെ പ്രണയം,
അവനു മടി നിന്റെ കൈകൾ വിട്ടുപോകാൻ,
അവനെ ഞാൻ നിന്നെയേല്പ്പിക്കുന്നു-
ഞാൻ വരിച്ചവൾ നീ.

നെരൂദ
ഞാൻ വരിച്ചവൾ നീ,
തെക്കൻനാട്ടിലെ മെലിഞ്ഞ മരങ്ങളെക്കാൾ
തെന്നലുകൾ മയപ്പെടുത്തിയവൾ,
ആഗസ്റ്റുമാസത്തിലെ ഹെയ്സൽമരം;
ഒരു കൂറ്റൻപലഹാരക്കടയെക്കാൾ രുചികരം,
എനിക്കു നീ.
നിന്റേതു മണ്ണിന്റെ ഹൃദയം,
സ്വർഗ്ഗീയം പക്ഷേ, നിന്റെ കൈകൾ.

ചുവന്നവൾ, എരിക്കുന്നവൾ നീ,
വെളുത്തവൾ,
ഉള്ളിയച്ചാറിട്ടപോലുപ്പു ചുവയ്ക്കുന്നവളെനിയ്ക്കു നീ.
ഓരോ മനുഷ്യസ്വരവുമൊത്തു
ചിരിയ്ക്കുന്ന പിയാനോ നീ;
സംഗീതമെന്റെ മേലൊഴുകുന്നു,
നിന്റെ കണ്ണിമകളിൽ നിന്ന്,
നിന്റെ മുടിയിഴകളിൽ നിന്നും.
നിന്റെ പൊൻനിഴലിലസം ഞാൻ കിടക്കുന്നു,
നിന്റെ കാതുകളെന്നെ മായത്തിൽപ്പിടിയ്ക്കുന്നു,
കടലിനടിയിലൊരു പവിഴപ്പുറ്റിൽക്കണ്ടേൻ
പണ്ടേ ഞാനവയെയെന്നപോലെ.
നിന്റെ നഖങ്ങൾക്കു വേണ്ടിയല്ലോ,
കടലിൽ കിടിലൻമീനുകളെ ഞാൻ നേർത്തതും.

തെക്കുതെക്കു പരക്കുന്നു നിന്റെ കണ്ണുകൾ,
കിഴക്കുപടിഞ്ഞാറു നീളുന്നു നിന്റെ മന്ദഹാസം;
കണ്ണിൽപ്പെടുന്നതേയില്ല നിന്റെ കാലടികൾ,
നിന്റെ മുടിയിലുദയമാകാൻ സൂര്യനും ഹിതം.
എന്നെപ്പോലെ നിന്റെയുടലിനും മുഖത്തിനുമുത്ഭവം
പരുക്കൻ നാടുകളിൽ,
തോരാമഴയുടെ ചടങ്ങുകളിൽ,
പ്രാക്തനദേശങ്ങളിൽ, രക്തസാക്ഷികളിൽ.
ചോരക്കറ മാറാത്ത നിന്റെ കളിമണ്ണിൽ
ഇന്നും പാടുന്നു ബയോ-ബയോ,
കാട്ടിൽ നിന്നു നീ കൊണ്ടുപോന്നു
അതിന്റെ നിഗൂഢഗന്ധമോരോന്നും,
നിന്റെ മുഖം തിളങ്ങുന്നു
കാണാതായൊരമ്പു പോലെ,
പഴയൊരു പതക്കം പോലെ.
പ്രണയം കൊണ്ടുമുറവുകൾ കൊണ്ടും
എന്നെ നീ മൂടുന്നു,
നിന്റെ വദനമെന്നെയോർമ്മിപ്പിയ്ക്കുന്നു,
പ്രാചീനമായ ഉല്പത്തികളെ,
മറ്റേതോ കാലത്തെ കാട്ടിൻനടുവിലെ സമാഗമങ്ങളെ,
പരമ്പരകളുടെ ഇരുണ്ട ചെണ്ടകളെ.
പൊടുന്നനേ ഞാൻ കേട്ടു,
ആരോയെന്നെ പേരെടുത്തു വിളിയ്ക്കുന്നു,
അതകലെയായിരുന്നു, അതവ്യക്തമായിരുന്നു.
ഒരു പ്രാക്തനവനത്തിലേക്കു ഞാനടുത്തുചെന്നു,
നിന്റെ വായിലെന്റെ ചോര ഞാൻ തൊട്ടു,
എന്റെ പ്രിയേ, എന്റെ അറൗക്കാനാ.

എന്തു ഞാൻ നിനക്കു വിട്ടുപോകാൻ, മാറ്റിൽഡേ,
എരിയുന്ന ഇലകളുടെ പരിവേഷം
നിന്റെ സ്പർശത്തിലുള്ളപ്പോൾ,
സ്ട്രാബെറികളുടെ പരിമളം നിന്നിലുള്ളപ്പോൾ,
കൗക്കെനേയുടെ കടൽവെളിച്ചവും
ചിലിയുടെ വാകമണവും
നിന്റെ മാറിടങ്ങൾക്കിടയിലുള്ളപ്പോൾ?

കടലിലിതു ശരൽക്കാലത്തിന്റെ മൂർദ്ധന്യം,
മൂടൽമഞ്ഞും, മറഞ്ഞയിടങ്ങളുമായി;
കര നീണ്ടുനിവർന്നു കിടക്കുന്നു, നിശ്വാസമുതിർക്കുന്നു,
ഇലകൾ പൊഴിഞ്ഞുവീഴുന്നു.
നീയോ, എന്റെ വേലയ്ക്കു മേൽ കുനിഞ്ഞുനിൽക്കുന്നു നീ,
വികാരവായ്പ്പോടെ, ക്ഷമയോടെ;
നീ വായിച്ചെടുക്കുന്നു ഹരിതമുദ്രണങ്ങളെ,
വിധി കുറിച്ചിടുന്ന എന്റെ കൈയെഴുത്തിന്റെ കീടങ്ങളെ,
എട്ടുകാലിവലകളെ.
ചെറുപാദങ്ങൾ ചേർന്ന സിംഹികേ,
എന്തു ചെയ്യുമായിരുന്നു ഞാൻ,
നിന്റെ കൈകളുടെ വെടിപ്പൻരീതികളില്ലായിരുന്നുവെങ്കിൽ?
എവിടെയലഞ്ഞുനടക്കുമായിരുന്നു ഞാൻ,
ഹൃദയമില്ലാതെ, ലക്ഷ്യമില്ലാതെ?
ഏതന്യനാടുകളിലെ ബസുകളിൽ,
തീയോ, മഞ്ഞോ കൊണ്ടു മുഖം തുടുത്തും?

നിനക്കു ഞാൻ കടം,
വേരുകളീറനായ കടൽശരൽക്കാലം,
മുന്തിരിപ്പഴം പോലത്തെ മൂടൽമഞ്ഞും,
നാട്ടുമ്പുറത്തെ സുഭഗസൂര്യനും;
ശോകങ്ങളാഴ്ന്നുപോവുകയും
ആഹ്ളാദത്തിന്റെ ദീപ്തകിരീടമുയരുകയും ചെയ്യുന്ന
മൂകമായ താഴ്വരയ്ക്കും.
ഒക്കെയും നിനക്കു ഞാൻ കടം,
തുടലൂരിയ എന്റെ മാടപ്രാവേ,
ഉച്ചിയിൽ പൂവുള്ള തിത്തിരിപ്പക്ഷീ,
എന്റ മലങ്കുരുവീ,
എന്റെ ക്വൊയ്ഹെച്ചോക്കാരി കർഷകപ്പെണ്ണേ.

ഇനിയൊരുനാൾ നമ്മുടെ ജീവിതം നിലയ്ക്കുമ്പോൾ,
നമ്മുടെ വരവും പോക്കും നിൽക്കുമ്പോൾ,
പൊടിമണ്ണിന്റെ ഏഴു വിരിപ്പുക്കൾക്കടിയിൽ,
മരണത്തിന്റെ വരണ്ട കാലടികൾക്കടിയിൽ
വീണ്ടും നാമടുക്കും, പ്രിയേ,
ജിജ്ഞാസുക്കളായി, സംഭ്രാന്തചിത്തരായി.
നമ്മുടെ വിഭിന്നമായ തൂവലുകൾ,
നോട്ടം പിഴയ്ക്കുന്ന കണ്ണുകൾ,
ഒരുനാളും കണ്ടുമുട്ടാത്ത നമ്മുടെ കാലടികൾ,
മായാത്ത ചുംബനങ്ങൾ,
ഒക്കെയും വീണ്ടുമൊന്നുചേരും;
അതു നമുക്കെന്തു ഗുണം ചെയ്യാൻ പക്ഷേ,
ഒരു കുഴിമാടത്തിലൊരുമിക്കൽ?
ജീവിതം നമ്മെ വേർപിരിക്കാതിരിക്കട്ടെ,
മരണം പോയിത്തുലയട്ടെ.


(ശരൽക്കാലസത്യവാങ്മൂലത്തിൽ നിന്ന്)
മാറ്റിൽഡേ ഉറൂഷ്യ - നെരൂദയുടെ മൂന്നാമത്തെ ഭാര്യ; 1966 മുതൽ 73ൽ കവിയുടെ മരണം വരെ. ഇവർക്കു സമർപ്പിക്കപ്പെട്ടതാണ്‌, നൂറു പ്രണയഗീതകങ്ങൾ.
ബയോ-ബയോ - ചിലിയിലെ രണ്ടാമത്തെ വലിയ നദി.
അറൗക്കാനാ- മാറ്റിൽഡേയുടെ നാട്.
കൗക്കെനെസ് - നെരൂദയുടെ ജന്മനാടായ പരാലിനടുത്തുള്ള നഗരം.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?