തൃപ്പൂണിത്തുറയിൽ നിന്നു പുതിയ പകർച്ചവ്യാധി ഭീഷണി


പ്രഫുല്ലൻ തൃപ്പൂണിത്തുറ

കുറച്ചുവർഷങ്ങൾക്കു മുമ്പ്‌ ആലപ്പുഴയിൽ 'ചിക്കൻഗുനിയ' പടർന്നുപിടിച്ചു.
പണ്ട്‌ കിഴക്കിന്റെ വേണീസ്‌' എന്ന പേരുണ്ടായിരുന്ന ആലപ്പുഴ അങ്ങിനെ
ലോകാരോഗ്യഭൂപടത്തിൽവരെ പുതിയ രൂപത്തിൽ ജനശ്രദ്ധയാകർഷിച്ചു.
കുറച്ചുവർഷത്തിനകം തൃപ്പൂണിത്തുറയും പേരെടുക്കാൻ തയ്യാറാകുന്നു.
ചിക്കൻഗുനിയായ്ക്കുപകരം 'മട്ടൻഗുനിയാ' എന്നോ മറ്റൊരു പേരിലോ ഒക്കെയാകാം
അത്‌. അത്താഘോഷവും, ഇരുപതിലേറെ കലകൾ അഭ്യസിപ്പിയ്ക്കുന്ന രാധാലക്ഷ്മി
കലാലയവും, രാജ്യത്തെ ഏറ്റവും ബൃഹത്തായ ആയുർവ്വേദ കോളേജുമൊക്കെ
രാജനഗരിയ്ക്കു വേണ്ടത്ര പ്രസിദ്ധിയുണ്ടാക്കിയിട്ടുണ്ട്‌

അന്ധകാരത്തോട്‌
. ഇനിയിതാ പുതിയ പകർച്ചവ്യാധിയുടെ പേരിൽ ഈ ദേശം മറ്റൊരു നിലയിലും പേരുണ്ടാക്കാൻ പോകുന്നു!
       തൃപ്പൂണിത്തുറയെ രണ്ടായി മുറിയ്ക്കുന്ന ജലാശയമാണ്‌ "അന്ധകാരത്തോട്‌"
ഇതിന്റെ വടക്കേഭാഗം 'നടമ' വില്ലേജും തെക്കേഭാഗം 'തെക്കും ഭാഗം'
വില്ലേജുമാണ്‌. കിഴക്കും തൃപ്പൂണിത്തുറയുടെ അതിരായ കരിങ്ങാച്ചിറപ്പുഴയിൽ
നിന്നും ആരംഭിച്ച്‌ പടിഞ്ഞാറെ അതിർത്തിയായ പേട്ടപ്പുഴയിൽ
ഇതുചെന്നവസാനിയ്ക്കുന്നു. തൃപ്പൂണിത്തുറയ്ക്കകത്തുള്ള ഏറ്റവും
നീളംകൂടിയതോട്‌. പിറവം എറണാകുളം  നിയോജകമണ്ഡലങ്ങളെ തമ്മിൽ
ഇതുബന്ധിപ്പിയ്ക്കുന്നു. കാലവർഷത്തിൽ കിഴക്കുള്ള പാടശേഖരങ്ങളിൽ മലവെള്ളം
പൊങ്ങുമ്പോൾ അന്ധകാരത്തോട്ടിലൂടെയാണ്‌ അതുപടിഞ്ഞാറെകായലിലേക്ക്‌
ഒഴുകിപ്പോയിരുന്നത്‌. പടിഞ്ഞാറെ കായലിലെ വെള്ളത്തിനു ഓരു
(ഉപ്പുരസം)ഉള്ളതിനാൽ ഇതുകിഴക്കേഭാഗത്തുള്ള വയലുകളിലേയ്ക്കു ചെന്നാൽ കൃഷി
നശിച്ചുപോകും. അതുതടയാനായി വേനലിന്റെ മൂർദ്ധന്യത്തിൽ ഇടവപ്പാതിവരെ മാത്രം
ഇതു ജലസേചനവകുപ്പിന്റെ ചീപ്പുമൂലം അടച്ചിടും. ആ ദിവസങ്ങളിലൊഴികെ ഈ
തോട്ടിൽ പണ്ടു എപ്പോഴും ഒഴുക്കുണ്ടായിരുന്നു.

       എറണാകുളം മാർക്കറ്റിൽ നിന്നും പലവ്യഞ്ജനങ്ങൾ തൃപ്പൂണിത്തുറ
മാർക്കറ്റിലേയ്ക്കും അവിടെനിന്നും പച്ചക്കറികളും പലവ്യജ്ഞനങ്ങളും
എറണാകുളം, ചേപ്പനം, പനങ്ങാട്‌ ഭാഗങ്ങളിലേയ്ക്കും കൊണ്ടുപോയിരുന്നത്‌
അന്ധകാരത്തോട്ടിലൂടെ വള്ളങ്ങളിലായിരുന്നു. അതുപോലെ തന്നെ പടിഞ്ഞാറെ
പൊക്കാളി കരിനിലങ്ങളിലേയ്ക്ക്‌ വിത്തും വളവും പണിയായുധങ്ങളും
കൊണ്ടുപോയിരുന്നതും അവിടെ നിന്നും കൊയ്തെടുക്കുന്ന കറ്റകൾ
തൃപ്പൂണിത്തുറയിലെ കർഷക ഭവനങ്ങളിലെത്തിച്ചിരുന്നതും ഈ തോട്ടിലൂടെ തന്നെ
ഏതാണ്ട്‌ ഒരു മൂന്നു ദശാബ്ദക്കാലം വരെ ഈ തോട്ടിലെ ഒഴുക്കുള്ള തെളിനീരിൽ
പൊതുജനങ്ങൾ സ്നാനം ചെയ്തിരുന്നു. തോടിന്റെ അടിത്തട്ട്‌ മുകളിൽനിന്നും
നോക്കിയാൽ പൂർണ്ണമായും തെളിഞ്ഞു കാണാമായിരുന്നു. അമ്പതുകളിൽ ഗാനഗന്ധർവ്വൻ
പത്മശ്രീ.ഡോ.യേശുദാസ്‌ തൃപ്പൂണിത്തുറയിൽ സംഗീതം പഠിയ്ക്കാൻ
താമസിച്ചിരുന്ന കാലത്ത്‌ ഇവിടെ കുളിയ്ക്കുന്നത്‌ ഈ ലേഖകൻ കണ്ടിട്ടുണ്ട്‌.
കൂട്ടത്തിൽ ഓർമ്മിയ്ക്കട്ടെ അന്ധകാരത്തോട്ടിലും അതുപുഴയിൽ
ചെന്നുചേരുന്നിടത്തുമായി ഓണക്കാലത്ത്‌ ഒരു ചെറിയ വള്ളം കളിയും
പതിവുണ്ടായിരുന്നു.

       കൃഷിയും, ജലഗതാഗതവും ഭൂമിശാസ്ത്രവുമായി അഭേദ്യമായി ബന്ധപ്പെട്ട്‌
ഒഴുകിയിരുന്ന ഈ 'സ്റ്റാറ്റ്യൂട്ടറി ജലപാത"യുടെ ഇന്നത്തെ പരിതാപകരമായ
നിലയാണു ഇവിടെ വിഷയം. നഗരഹൃദയത്തിലെ താമസക്കാർക്ക്‌ ദുർഗന്ധവും
കൊതുകുശല്യവും സമ്മാനിച്ചുകൊണ്ട്‌ നഗരജീവിതത്തെയാകെ
ദുരിതത്തിലാക്കിക്കൊണ്ട്‌ അന്ധകാരത്തിലാഴ്ത്തുന്നു. തോട്ടിൽ അഴുക്കും
ചെളിയും മാലിന്യങ്ങളും നിറഞ്ഞ്‌ ഇടയ്ക്കിടെ മണ്ണുനിറഞ്ഞ്‌ കുറ്റിക്കാടുകൾ
വളർന്ന്‌ ഒഴുക്കില്ലാതെ നിശ്ചലമായി കിടക്കുന്നു.

ചിലേടത്തുതോടിന്റെയകത്ത്‌ തെങ്ങും വാഴയും കുലച്ചുനിൽപ്പുണ്ട്‌. കുളിയും
ജലഗതാഗതവും പോയിട്ട്‌  ഒന്നു നോക്കാൻപോലും സാധിയ്ക്കാത്തവിധം
അറപ്പുളവാക്കുന്നു. ഇതൊരവസരമായി മുതലെടുത്തുകൊണ്ട്‌ വാഹനങ്ങളിൽ വന്നു
രാത്രിയുടെ മറവിൽ പ്ലാസ്റ്റിക്കു കൂടുകളിൽ തോട്ടിലേയ്ക്കു മാലിന്യങ്ങൾ
പലരും വലിച്ചെറിയുന്നു. അതിൽ കോഴികളുടെയും ആടുകളുടേയും ആസ്പത്രിയിലേയും
അവശിഷ്ടങ്ങളും ഉൾപ്പെടുന്നു. പൊതുജനങ്ങളും മാധ്യമങ്ങളും നിരന്തരം
ആവശ്യപ്പെട്ടതുകൊണ്ട്‌ രണ്ടു മൂന്നുവർഷം മുമ്പ്‌ ഒരു വേനൽക്കാലത്ത്‌ ഈ
തോട്ടിലെ അടിത്തട്ടിൽ നിന്നും കുറച്ചു മാലിന്യവും ചെളിയും തോടിന്റെ
കരയിലേയ്ക്ക്‌ കോരിയിട്ടു. കുറെ മരങ്ങളും ചെടികളും വെട്ടിത്തോട്ടിലിട്ടു.
അടുത്തമഴക്കാലത്തു ഇതുമുഴുവൻ തോട്ടിലേയ്ക്കു തന്നെ ചെന്നു ചേർന്നു.
സർക്കാരിന്റെ ലക്ഷക്കണക്കിനു രൂപ ചിലവായതും ചില കോൺട്രാക്ടർമാർക്കു
വൻലാഭമായതും മാത്രം ബാക്കി.

       ഇക്കഴിഞ്ഞ വേനലിലും അതേപോലെയല്ലെങ്കിലും കുറേകുറ്റിച്ചെടികൾ
വെട്ടിതോട്ടിലേയ്ക്കിട്ടു. പണച്ചിലവില്ലാതെ നഗരസഭാ
കണ്ടിജൻസിക്കാരെക്കൊണ്ടു ചെയ്യിച്ചതാണത്രെ! അതും ഇപ്പോൾ തോട്ടിൽ കിടന്നു
ചീയുന്നു. ദശകങ്ങളായി തോട്ടിൽ നിറയുന്ന ചെളിയും മാലിന്യങ്ങളും അഴുകി
ദുർഗന്ധം വമിയ്ക്കുന്നു.

       അഴുക്കും ചെളിയും കോരിക്കളഞ്ഞ്‌ തോടുവൃത്തിയാക്കിയാൽ വീണ്ടു ആയിരങ്ങൾ
അന്ധകാരത്തോട്ടിൽ സ്നാനം ചെയ്യും. അതൊന്നുമില്ലെങ്കിലും
തോടുവൃത്തിയാക്കിയില്ലെങ്കിൽ ഇനിയും മാലിന്യങ്ങൾ മുകളിലേയ്ക്കു ഉയരും.
മാലിന്യങ്ങളിൽ ഇനിയും മാലിന്യങ്ങൾ മുകളിലേയ്ക്കു ഉയരും. മാലിന്യങ്ങളിൽ
നിന്നുമുണ്ടാകുന്ന പുതിയ പകർച്ചവ്യാധികൾ നഗരവാസികളെ ഹനിയ്ക്കും. കൂടാതെ
ഇതേപോലെ ഒഴുക്കില്ലാതെ മലിനജലം കെട്ടിക്കിടക്കുന്ന 'പോളക്കുളവും'
വാലുമ്മൽ താഴത്തെ കോളേജിന്റെ കളിസ്ഥലത്തെ മാലിന്യശേഖരവും അന്ധകാരത്തോടിനു
വളരെ അകലെയല്ലാതെ സ്ഥിതിചെയ്യുന്നുണ്ട്‌.

       അന്ധകാരത്തോട്‌ എത്രയും വേഗത്തിൽ അഴുക്കും ചെളിയും പൂർണ്ണമായും
കോരിക്കളഞ്ഞ്‌ വൃത്തിയാക്കിയില്ലെങ്കിൽ വൻ ദുരന്തമാണ്‌ പുതിയ രോഗത്തിന്റെ
രൂപത്തിൽ വരാനിരിയ്ക്കുന്നത്‌. അപകടങ്ങൾ ഉണ്ടായിട്ട്‌ പരിഹാരത്തിനായി
നെട്ടോട്ടമോടുന്നതിനുമുമ്പ്‌ അതുവരാതെ പ്രതിരോധിയ്ക്കുകയാണല്ലോ നല്ലത്‌.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ