14 Dec 2011

ഹോറബിലെ അഗ്നി


സണ്ണി തായങ്കരി
മതവിമര്‍ശനം ദൈവനിന്ദയോ എന്നതായിരുന്നു ഞങ്ങളുടെ അന്നത്തെ സുഹൃദ്സംഗമത്തിലെ ചൂടേ റിയ ചര്‍ച്ചാവിഷയം. വര്‍ത്തമാനകാലവിഹ്വലതകള്‍ യുവത്വത്തിണ്റ്റെ ചിന്താമണ്ഡലത്തെ തീപിടിപ്പിക്കുക സ്വാഭാവികം. സമകാലിക വ്യവസ്ഥിതിയുടെ വ്യത്യസ്ത ആശയങ്ങള്‍ രാവേറെച്ചെല്ലുന്ന ഇത്തരം സംഗമങ്ങളില്‍ വാളും പരിചയുംകൊണ്ട്‌ നിഷ്ക്കരുണം ആക്രമിക്കുകയും തടുക്കുകയും ചെയ്യാറുണ്ട്‌. ഒരു കാര്യത്തില്‍ ഞങ്ങളെന്നും ഏകാഭിപ്രായക്കാരായിരുന്നു. 
ഒരിക്കല്‍ അമിതാവേശത്തോടെ ആശ്ളേഷിച്ചതിനെയെല്ലാം പിന്നൊരിക്കല്‍ നിര്‍ലജ്ജം തള്ളിപ്പറഞ്ഞ്‌ സമൂഹത്തില്‍ സ്ഥാനമാനങ്ങള്‍ കൈക്കലാക്കി ജീവിതം സുരക്ഷിതമാക്കി സായൂജ്യമടയുന്ന കപടവിപ്ളവത്തിണ്റ്റെ സടകൊഴിഞ്ഞ വൃദ്ധക്കോമരങ്ങള്‍ ഞങ്ങള്‍ക്കുമുമ്പില്‍ അപനിര്‍മിക്കപ്പെട്ട ദുരന്തസ്മാരകങ്ങളായിരുന്നു. വിപ്ളവത്തോടൊപ്പം മുഖം നഷ്ടപ്പെട്ടവര്‍ ഒരിക്കല്‍ എവിടെയോ വലിച്ചെറിഞ്ഞ മാരകായുധങ്ങള്‍ ആധുനികതയുടെ ആയിരം മടങ്ങ്‌ ശക്തിയോടെ ഉയര്‍ത്തെഴുന്നേറ്റ്‌ വരണ്ട കാലത്തിനുമേല്‍ ഘോരാവേശത്തോടെ വന്യമായി പെയ്തിറങ്ങുന്നു. അവര്‍ ഒരിക്കല്‍ സ്വപ്നംകണ്ട മാനവിക നന്‍മകള്‍ക്ക്‌ പകരംവയ്ക്കുന്നതോ തിന്‍മയുടെ സര്‍വസംഹാരിയായ മതസ്പര്‍ധ! പ്രാഗ്‌ വസന്തത്തെ സ്വപ്നംകണ്ടവര്‍ അതിനെ തള്ളിപ്പറയുന്നവരുടെ ഉപാസകരാകുന്നു!! 
ജനതയുടെ വിഹ്വലതയായി മാറുകയാണ്‌ ദുരന്തക്കാഴ്ചകള്‍. വിശ്വാസത്തെ ഭീകരതയുടെ ഭണ്ഡാരത്തില്‍ ഒളിപ്പിച്ചുവയ്ക്കുന്ന മതതീവ്രവാദത്തിണ്റ്റെ ആസുരതാണ്ഡവം. രാവേറെച്ചെന്ന വാശിയേറിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ക്ഷീണം ആസുരതയോടെ എന്നെ കീഴ്പ്പെടുത്തി. ബോധാവബോധങ്ങളുടെ നേര്‍ത്ത അതിര്‍രേഖ കടക്കവേ, തളര്‍ന്നുവീണ എന്റെ  ഇടനെഞ്ചില്‍ ആരോ അപായമണിയുടെ ചരടുവലിച്ചു. തികച്ചും അപരിചിതവും വിഭ്രമജനകവുമായ ഭ്രമണത്തിന്റെ  ചുഴിയില്‍ ഞാന്‍ ഉന്‍മീലിതനായി... ഹോറബ്‌ ചെങ്കുത്തായ ഒരു ഭീമന്‍ പര്‍വതമാണ്‌. ഏതിനോടും ഇഴുകിച്ചേരുന്ന ഹരിതവര്‍ണമോ ഒന്നി നോടും ചേരാന്‍ മടിക്കുന്ന തവിട്ടുനിറമോ ഏതാണ്‌ ഇപ്പോള്‍ അതിനെന്ന്‌ നിശ്ചയമില്ല. എന്നാല്‍ ഹോറബിണ്റ്റെ താഴ്‌വാരങ്ങള്‍ നേര്‍ത്ത ഇരുട്ടിണ്റ്റെ സ്വാഭാവികതയില്‍ വിള്ളല്‍ വീഴ്ത്തിയില്ല. അടിവാരത്തില്‍നിന്ന്‌ നോക്കിയാല്‍ കൊടുമുടി കാണാനാവില്ല. ആകാശത്തില്‍ ഒരു ബിന്ദുവായി അതെപ്പോഴെങ്കിലും മാറിയിട്ടുണ്ടാവും. അല്ലെങ്കില്‍ ആകാശം താഴ്ന്നിറങ്ങി വന്നിരിക്കണം.
അവിടെ പരന്നൊഴുകുന്ന കാര്‍മേഘത്തുണ്ടുകള്‍ അല്‍പംകൂടിതാഴേയ്ക്കുചാഞ്ഞ്‌,രഹസ്യമായി കണ്ടുമുട്ടുന്ന കാമുകിയെപ്പോലെ ചടുലമായ ഒരു ചലനത്തിലൂടെ കൊടുമുടിയുടെ മൂര്‍ധാവില്‍ ഉമ്മവച്ച്‌ ഓടിപ്പോകുന്ന കാഴ്ച ആരുടെയുംമനംമയക്കും.അപ്പോഴൊക്കെ വൈകാരികമായ ഉള്‍പ്പുളകം ഒരു വൈബ്രേഷനിലൂടെ ഹോറബ്‌ പര്‍വതം ഭൂമിയുടെ പ്രതലത്തില്‍ കുറിച്ചിട്ടു. ഹോറബിന്റെ നെറുകയില്‍ ഇന്നുവരെ ആരും എത്തിപ്പെട്ടതായി മനുഷ്യചരിത്രം പ്രഖ്യാപിക്കുന്നില്ല. അഥവാ എത്തിപ്പെട്ടിട്ടുണ്ടെങ്കില്‍തന്നെ അവരോഹണംചെയ്ത വ്യക്തിയുടെ ചരിത്രം രേഖപ്പെടുത്താന്‍ കാലം മറന്നുപോയിട്ടുണ്ടാവും. എന്നാല്‍ ഇതൊക്കെ ഓരോരുത്തരുടെയും കാലം സാക്ഷ്യപ്പെടുത്താത്ത നിഗമനങ്ങള്‍ മാത്രം! 
ഏതായാലും മറ്റൊരു വിശ്വമഹാത്ഭുതംപോലെ എന്റെ  മുമ്പിന്‍ പ്രപഞ്ചംനിറഞ്ഞ്‌ ഹോറബ്‌ തലയുയര്‍ത്തി നില്‍ക്കുകയാണ്‌. ഇവിടെ ഞാന്‍ എങ്ങനെ എത്തിപ്പെട്ടെന്നോ എന്റെ  നിയോഗമെന്തന്നോ അറിയാതെ ആരോവലിക്കുന്ന ചരടിന്‍ തുമ്പത്ത്‌ ചാടിക്കളിക്കുന്ന ഒരു പാവയെപ്പോലെ നില്‍ക്കാനോ ഇരിക്കാനോ മനസ്സ്‌ നിര്‍ദേശം നല്‍കാത്തതിനാല്‍ ഞാന്‍ കുഴങ്ങി. ഹോറബിണ്റ്റെ മുന്‍പിന്‍ വശങ്ങളിലെന്നപോലെ എണ്റ്റെ ഇടതും വലതും കാഴ്ചകള്‍ സീമനിശ്ചയിക്കുന്നിടത്ത്‌ മഹാനഗരങ്ങളെ അടയാളപ്പെടുത്തുന്ന രേഖാചിത്രങ്ങള്‍ കാഴ്ചയില്‍ തെളിഞ്ഞു. ഹോറബിണ്റ്റെ പരിസരങ്ങളില്‍ വിളവെടുപ്പിനുശേഷം ശൂന്യമായിക്കിടന്ന ചോളവയലുകളെ ആശ്ളേഷിച്ചെത്തിയ തീക്കാറ്റ്‌ മനസ്സിനെയും ആത്മാവിനെയും വഹിക്കാത്ത എന്റെ  ശരീരത്തിലെ ദുര്‍ഗന്ധം വമിപ്പിക്കുന്ന വിയര്‍പ്പിനെ തീവ്രമാക്കി അഗ്നിനാളംപോലെ കടന്നുപോയി. 
ദൌത്യം തിരിച്ചറിയാനാവാത്ത ജന്‍മംപോലെ, കര്‍മങ്ങളുടെ കാണാച്ചരട്‌ നഷ്ടപ്പെട്ട പട്ടംപോലെ, ഊഷരമായ മരുഭൂമിക്കുമുകളില്‍ ഞാന്‍ ഉഴറിനിന്നു. എങ്ങോ എപ്പോഴോ മറന്നുവച്ച, അതല്ലെങ്കില്‍ ആരെങ്കിലും എപ്പോഴോ എന്നില്‍നിന്ന്‌ കവര്‍ന്നെടുത്ത ആത്മാവും മനസ്സും തിരികെകൊണ്ടുവരുന്ന ഒരു പ്രവാചകകരം എനിക്കുമുന്‍പില്‍ നീളുന്ന നിമിഷത്തെ ഞാന്‍ പ്രതീക്ഷിച്ചിരുന്നോ? അറിയില്ല. ഒന്നും അറിയില്ല. പെട്ടെന്ന്‌, നയനങ്ങള്‍ക്ക്‌ അപ്രാപ്യമായ ഹോറബിണ്റ്റെ കൊടുമുടി എണ്റ്റെ മനോമുകുരത്തില്‍ വ്യക്തമായി തെളിഞ്ഞു. താഴ്ന്നിറങ്ങിയ ആകാശവിതാനത്തെ ഒരു കൈകൊണ്ട്‌ ഉയര്‍ത്തിനിര്‍ത്തി, കൊടുമുടിയെ ആശ്ളേഷിക്കാന്‍ താഴ്ന്നിറങ്ങിയ കാര്‍മേഘത്തുണ്ടിനെ മറുകൈകൊണ്ട്‌ തട്ടിത്തെറുപ്പിച്ച്‌ ഒരു പ്രകാശരൂപം മുന്നില്‍ പ്രത്യക്ഷപ്പെട്ടു.ഇരുട്ടിണ്റ്റെ ചേലചുറ്റിയ ഹോറബിന്റെ താഴ്‌വാരത്തിലേക്ക്‌ പ്രകാശരൂപത്തിണ്റ്റെ ബലിഷ്ഠകരങ്ങള്‍ നീണ്ടുവന്നു. അതില്‍ പാപക്കറപോക്കിയ എണ്റ്റെ ആത്മാവും മനസ്സും! അത്‌ എന്നിലേയ്ക്ക്‌ വികിരണം ചെയ്യുമ്പോള്‍ അനിവാര്യമായ വിഹ്വലത എണ്റ്റെ പഞ്ചേന്ദ്രിയങ്ങളിലും തിമിര്‍ത്താടി. 
"അങ്ങ്‌ ആരാണ്‌?" ഞാന്‍ ചോദിച്ചു.
"ആരെന്നത്‌ അപ്രസക്തമല്ലേ? ദൌത്യമല്ലേ പ്രധാനം?" 
"എണ്റ്റെ ദൌത്യമെന്താണ്‌... ?" 
"നീ ലോകം മുഴുവന്‍ ചുറ്റി സഞ്ചരിക്കണം. " 
"എന്താണ്‌ എണ്റ്റെ കര്‍മം... ?"
"മനുഷ്യണ്റ്റെ ധര്‍മാധര്‍മങ്ങളുടെ നാള്‍വഴികള്‍ നീ തുറക്കണം. 
നിണ്റ്റെ കണ്ണുകള്‍ക്ക്‌ ഗോചരമാകുന്നതൊക്കെയും രേഖപ്പെടുത്തുക. 
ഉണ്‍മയായത്‌ നിണ്റ്റെ ഭാണ്ഡത്തില്‍ ശേഖരിക്കണം. " 
"കേവലമനുഷ്യനായ എനിക്ക്‌ പ്രചണ്ഡമായ ആ നാള്‍വഴികള്‍ തുറക്കാനാവുമോ... ?"
"ആവും. മനുഷ്യവര്‍ഗത്തിണ്റ്റെ പ്രതിനിധിയായി, നന്‍മതിന്‍മകളുടെ നേര്‍സാക്ഷിയായി നീ മാറണം. എനിക്കും മനുഷ്യവര്‍ഗത്തിനും മദ്ധ്യേ അവരുടെ അപനിര്‍മിതിയുടെ അടയാളമായി നിന്നെ നാംനിര്‍ത്തും. "
"പിന്നെ...?" 
ഭീതി എണ്റ്റെ ശബ്ദത്തെ തൊണ്ടയില്‍വച്ചുതന്നെ കുരുക്കിയതായി ഞാനറിഞ്ഞു. പര്‍വതത്തോളം വളര്‍ന്ന നിശബ്ദതക്കൊടുവില്‍ പ്രകാശരൂപം തുടര്‍ന്നു
. "ചൂളയിലെന്നപോലെ ഭൂമി കത്തുന്ന ദിനം പിന്നീട്‌ ആസന്നമാകും. അന്ന്‌ ഹോറബിണ്റ്റെ ഈ താഴ്‌വാരം മാത്രം അഗ്നിനാവുകളില്‍നിന്ന്‌ മുക്തമായിരിക്കും. അപ്പോള്‍ ഹോറബ്‌ മനുഷ്യപാദങ്ങള്‍ക്ക്‌ അപ്രാപ്യമായ വന്‍മതില്‍ തീര്‍ക്കും. " 
"അങ്ങ്‌ വീണ്ടും അവര്‍ക്കായി ഒരു പേടകമൊരുക്കുമോ?" "തീര്‍ച്ചയായും.
"നിശ്ചയദാര്‍ഢ്യമുള്ള ആസ്വരം ഹോറബിന്റെ  ഇരുട്ടുപടര്‍ന്ന മലമടക്കുകളില്‍പ്രതിധ്വനിച്ചു.
"മനുഷ്യന്‍ തീര്‍ത്ത എല്ലാ പേടകങ്ങളും നിഷ്ഫലമാകുമ്പോള്‍ അവനുവേണ്ടി നാം മറ്റൊരു പേടകംകൂടി നിര്‍മിക്കും. അത്‌ നിന്റെ  മടക്കത്തിനായി കാത്തിരിക്കും. നീ ഭാണ്ഡത്തില്‍ നിറയ്ക്കുന്നതിനെ കടത്തിവിടാന്‍ പേടകത്തിന്റെ  കിളിവാതില്‍ ഒരിക്കല്‍മാത്രം തുറക്കും. 
" "ഭാണ്ഡം ശൂന്യമാണെങ്കിലോ... ?"
"മനുഷ്യന്റെ  നാസാരന്ധ്രങ്ങള്‍ പിന്‍തള്ളിയ കൃതഘനതയുടെ ഉച്ഛ്വാസവായുവുമായി പേടകം ഉയരും. അതിനുശേഷം ഹോറബിന്റെ താഴ്‌വാരത്തില്‍ നീ ഒരു സ്മാരകം പണിയും. മനുഷ്യവര്‍ഗത്തിന്റെ  പാപഗോപുരമെന്ന്‌ അത്‌ വിളിക്കപ്പെടും. ഈ പ്രപഞ്ചത്തിലെ എല്ലാ ഗോപുരങ്ങള്‍ക്കും മേലെയായിരിക്കും അതിണ്റ്റെ ഉയരം. ബാബേല്‍ ഗോപുരംപോലെ. എന്നാല്‍ അതൊരിക്കലും തകര്‍ക്കപ്പെടുകയില്ല. എനിക്കും മനുഷ്യവര്‍ഗ്ഗത്തിനും നടുവില്‍ വാഗ്ദാനലംഘനത്തിന്റെ  സ്മാരകമായി അത്‌ ഉയര്‍ന്നുനില്‍ക്കും.
" ഹോറബില്‍ കൂരിരുട്ട്‌ പടര്‍ന്നിരുന്നു. ശൂന്യതനിറഞ്ഞ ചോളവയലുകളിലെ കനത്ത ഇരുട്ടില്‍ ചുടുകാറ്റ്‌ വഴിയറിയാതെ പകച്ചുനിന്നു. അകലങ്ങളില്‍കണ്ട നഗരങ്ങളില്‍ അന്ധകാരം പ്രകാശമായും പ്രകാശം അന്ധകാരമായും പരിണമിച്ച്‌ ആഘോഷനൃത്തം ചവിട്ടിത്തുടങ്ങി. പ്രകാശരൂപം ഹോറബിന്റെ  മടക്കുകളില്‍ അപ്രത്യക്ഷനായി. ദൌത്യവാഹകണ്റ്റെ മേലങ്കിയണിഞ്ഞ്‌ നഗരങ്ങള്‍താണ്ടി, രാജ്യസീമകള്‍ പിന്നിട്ട്‌ ഞാന്‍ സഞ്ചരിച്ചു. മനുഷ്യണ്റ്റെ നാള്‍വഴികളില്‍ എന്റെ  കാഴ്ച ചലനമറ്റു. ഭാണ്ഡക്കെട്ടിണ്റ്റെ കുടുക്കില്‍ ഒരിക്കല്‍പോലും എണ്റ്റെ വിരല്‍ സ്പര്‍ശിച്ചതേയില്ല.
ഭീകരക്കാഴ്ചകള്‍ രേഖപ്പെടുത്തലിനായി വീണ്ടും ബാക്കിയായിരുന്നു. ഹോറബിലേക്കുള്ള മടക്കയാത്രയില്‍ എണ്റ്റെ പാദങ്ങള്‍ ചലനമറ്റു. എനിക്കു മുമ്പില്‍ വന്നുവീണ വലിച്ചെറിയപ്പെട്ട ചോരയൊലിക്കുന്ന ഒരു കൈപ്പത്തി! വെട്ടിമാറ്റപ്പെട്ട ആ കൈപ്പത്തി കിടന്നുപിടച്ചു. ദുര്‍ഗ്രാഹ്യമായ ഒരു ഞെട്ടലില്‍നിന്ന്‌ മുക്തമാകുംമുമ്പ്‌ ഒരു വിറയാര്‍ന്ന സ്വരം കേട്ടു. "ദൈവത്തിന്റെ  സംരക്ഷകന്‍ മനുഷ്യനോ... ?
" മുന്നില്‍ കിടന്നുപിടയുന്ന കൈപ്പത്തിയിലെ തള്ളവിരലാണ്‌ ആ ചോദ്യമെറിഞ്ഞത്‌. പിന്നീട്‌ മറ്റു വിരലുകള്‍ അതേ ചോദ്യം ആവര്‍ത്തിച്ചു. അതൊരു വിലാപത്തിന്റെ ഇരമ്പലായി ദിഗംബരങ്ങളില്‍ പ്രതിധ്വനിച്ചു.. മനുഷ്യശരീരങ്ങളില്‍നിന്ന്‌ മുറിച്ചുമാറ്റപ്പെട്ട അനേകം കൈപ്പത്തികളും കാല്‍പ്പാദങ്ങളും ശിരസ്സുകളും ഒരു മണല്‍ക്കൂനപോലെ എന്നെ പൊതിഞ്ഞു. ഹോറബിന്റെ  അകലങ്ങളിലെ നഗരങ്ങളിലും അവയെ ഗര്‍ഭത്തിലാക്കിയ രാജ്യങ്ങളിലും അഗ്നിനാവുകള്‍ അപ്പോള്‍ പടര്‍ന്നിറങ്ങിയിരുന്നു.മനുഷ്യദുരയുടെ പ്രതീകങ്ങള്‍ കബന്ധങ്ങളായി, കത്തുന്ന നഗരവീഥികളില്‍ കിടന്നുരുകി. മനുഷ്യന്റെ സ്വാര്‍ഥവിഗ്രഹങ്ങള്‍ ഉരുകിയൊലിച്ച്‌ കബന്ധങ്ങളെമൂടി. ഹോറബിലേക്ക്‌ ഞാന്‍ അവസാനവട്ടം മിഴികള്‍ പായിച്ചു.
രണ്ടാം പേടകം ശൂന്യമായി, ഗഗനതയിലേക്ക്‌ ഉയരുന്ന മങ്ങിയ ചിത്രം കാഴ്ചയുടെ അവസാനഫ്രെയിമില്‍ രേഖപ്പെടുത്തിക്കഴിഞ്ഞിരുന്നു. ഹോറബിണ്റ്റെ കൊടുമുടിയെ വെല്ലുവിളിച്ചുകൊണ്ട്‌ ഉയര്‍ന്ന വാഗ്ദാനലംഘനത്തിണ്റ്റെ ഉത്തുംഗതയില്‍ എണ്റ്റെ ശിരസ്‌ ലോകത്തിന്റെ  പാപമാപിനിയായി.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...