പ്രണയം


സുധാകരൻ ചന്തവിള
പ്രണയമെന്ന സവിശേഷത

       പ്രണയാഭിമുഖ്യം പ്രകടിപ്പിക്കത്തവരാരുണ്ട്‌ ജീവിതത്തിൽ. ഏതൊരു മനുഷ്യനും
ഓമനിക്കാൻ ഒരു കുഞ്ഞുപ്രണയമെങ്കിലും കണ്ടേക്കാം. കൗമാരത്തിൽ,
യൗവ്വനത്തിൽ, ചിലപ്പോൾ യൗവ്വനാനന്തരത്തിലെല്ലാം പ്രണയാനുഭവങ്ങളുണ്ടാകാം.
ജീവിതത്തിന്റെ ആകെത്തുകതന്നെ സെക്സാണെന്ന ഫ്രോയിഡിയൻ സങ്കൽപത്തെ
എല്ലാവരും അറിയുന്നില്ലെങ്കിലും സെക്സിനെക്കുറിച്ച്‌ ചിന്തിക്കാതെ
ചിന്തിച്ചുപോകുന്നവരാണ്‌ നമ്മിൽ പലരും.

       മതിവരാത്ത പ്രണയം എന്നത്‌ പ്രണയത്തെ സംബന്ധിച്ച്‌ എപ്പോഴും പറയാവുന്ന ഒന്നാണ്‌.
  'വിശപ്പിനു വിഭവങ്ങൾ വെറുപ്പോളമശിച്ചാലും
 വിശിഷ്ട ഭോജ്യങ്ങൾ കാൺകിൽ കൊതിയമാർക്കും' എന്നതുപോലെയാണത്‌.
സൗന്ദര്യത്തിന്റെ പരമാവധി എന്നത്‌ എന്താണെന്ന്‌ ഏറ്റവും വലിയ
സൗന്ദര്യവാദികൾക്കുപോലും പറയാനാകില്ല. എങ്കിലും ഓരോ സ്ത്രിയും പുരുഷനും
വിചാരിക്കുന്നത്‌ താനാണ്‌ ഏറ്റവും വലിയ സുന്ദരൻ/സുന്ദരി എന്നാണ്‌.
       സൗന്ദര്യം എന്നത്‌ ലോകത്തെ മാറ്റിത്തീർക്കുന്ന പ്രധാനപ്പെട്ട ഒരു
ഘടകമാണ്‌. സൗന്ദര്യബോധമുള്ള മനുഷ്യനു മാത്രമേ സ്വപ്നങ്ങളുണ്ടാകൂ. സ്വപ്നം
എന്നത്‌ ഭാവിയിലേയ്ക്കുള്ള വഴികൂടിയാണല്ലോ. ലോകത്തിന്റെയും
കാലത്തിന്റെയും തന്റേതന്നെയും സൗന്ദര്യം മനസ്സിലാക്കാൻ കഴിയുമ്പോഴാണ്‌
ഓരാൾ ജീവിതത്തെ തൊട്ടറിയുന്നത്‌. അഥവാ ലോകമനസ്സാക്ഷിയുടെ ഭാഗമാകുന്നത്‌.
       'മർത്ത്യസൗന്ദര്യബോധങ്ങൾ പെറ്റ
       മക്കളല്ലീ പുരോഗമനങ്ങൾ'-എന്ന്‌ വൈലോപ്പിള്ളി എഴുതിയത്‌ അതുകൊണ്ടാണ്‌.
എന്നാൽ ഇത്തരമൊരു സൗന്ദര്യബോധവും സ്ത്രീപുരുഷപ്രണയത്തിന്റെ സൗന്ദര്യവും
ഒന്നല്ലെന്നതാണ്‌ സത്യം.
       മുമ്പ്‌ സൂചിപ്പിച്ചതുപോലെ വിശിഷ്ട വസ്തുവിനെ കണ്ടാൽ ആരാണ്‌
നോക്കാത്തത്‌? വിശിഷ്ട ആഹാരം കണ്ടാൽ ആർക്കാണ്‌ ഭക്ഷിക്കാൻ തോന്നാത്തത്‌?
വിശിഷ്ടത അല്ലെങ്കിൽ സവിശേഷത സമാകർഷകമാവുന്നു. അങ്ങനെയുള്ള സവിശേഷമായ
കാഴ്ചയും വേഴ്ചയും ആഗ്രഹവുമാണ്‌ ജീവിതത്തെ ധന്യമാക്കുന്നതെങ്കിൽ
അതുതന്നെയാണ്‌ പലപ്പോഴും ജീവിതത്തെ നീചമാക്കുന്നതെന്നും കണാൻ കഴിയും.

       ഈ സവിശേഷതയിൽ പൊലിഞ്ഞുപോകുന്ന എത്രയെത്ര ജീവിതങ്ങളുണ്ട്‌!  സൗന്ദര്യബോധം
ജീവിതത്തിന്‌ ആവശ്യമാണെങ്കിലും അത്‌ ചിലപ്പോഴെല്ലാം അപകടകരവുമാകുന്നതും
അതുകൊണ്ടാണ്‌. ഒരാൾക്ക്‌ മറ്റൊരാളിനോടുള്ള സവിശേഷമായ സ്നേഹത്താൽ
സംഭവിക്കുന്നതെന്തെന്ന്‌ പരസ്പരമറിയാത്തവരല്ല സ്ത്രീപുരുഷന്മാർ
എന്നിരിക്കെ, സഹകരിക്കുക-സാന്നിദ്ധ്യമാവുക, സമ്പർക്കത്തിലാവുക എന്നതൊക്കെ
മുറക്ക്‌ സംഭവിച്ചുകൊണ്ടേയിരിക്കുന്നു
.
       സവിശേഷ സ്നേഹമാണ്‌ പിന്നീട്‌ പ്രണയമായി
പരിണമിക്കുന്നതെന്ന്പറയപ്പെടുന്നു. എല്ലാപ്രണയങ്ങളും സാഹചര്യങ്ങളുടെ
സൃഷ്ടികളാണ്‌. വാക്കിലും നോക്കിലും ആംഗ്യങ്ങളിലുമെല്ലാം അത്‌
പ്രകടമാകുന്നു. ഇത്‌ പരസ്പരമറിയാൻ കുറച്ചുകാലമെടുക്കുമെങ്കിലും
കാഴ്ചക്കാരും കേൾവിക്കാരും അതിനുമുമ്പേ അറിഞ്ഞേക്കാം. അതിലും
ഒരുതരത്തിലുള്ള സവിശേഷത ഒളിഞ്ഞിരുക്കുന്നുവേന്നു കാണാം. പ്രണയത്തിന്റെ
കണ്ണ്‌ എപ്പോഴും പരസ്യമാക്കാറില്ലല്ലോ? പ്രണയിക്കുന്നവരുടെ കണ്ണിനെക്കാൾ
ആഴത്തിൽ, പ്രണയത്തെ പകർത്തുന്നവരുടെ കണ്ണ്‌ കടന്നുപോകുന്നതായി കാണാം.

        ആരെങ്കിലും പ്രണയിക്കുന്നുണ്ടോയെന്ന്‌ ഗവേഷണം
ചെയ്തുകൊണ്ടിരിക്കുന്നവരുണ്ട്‌ നമ്മുടെ സമൂഹത്തിൽ. അവർക്കും
എന്തെങ്കിലുമൊക്കെ ജോലിവേണ്ട? പ്രണയിക്കാൻ കഴിയാത്തവരോ,
പ്രണയിക്കപ്പെടാത്തവരോ പ്രണയവിരോധികളോ ആയിരിക്കാം ഇവരിൽ അധികം പേരും.
പിണങ്ങുന്നതിനെക്കാൾ, വിരോധിക്കുന്നതിനെക്കാൾ എത്രയോ നല്ലതാണ്‌
സ്നേഹിക്കുന്നത്‌? സ്നേഹംകൊണ്ട്‌ സ്നേഹത്തെയല്ലേ സൃഷ്ടിക്കാനും
നിലനിർത്താനും കഴിയുന്നത്‌.  വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും
ഒരുതരത്തിലും ഉപദ്രവമുണ്ടാക്കുന്നില്ലെങ്കിൽ ആരുടെ പ്രണയത്തെയും
തടയാതിരിക്കുന്നതല്ലേ നല്ലത്‌.

       പക്ഷേ ,ചില സ്ഥാപിതത്താൽപര്യക്കാരായ വ്യക്തികൾ, പ്രസ്ഥാനങ്ങൾ, സ്ഥാപനങ്ങൾ
എന്നിവരെല്ലാം സ്നേഹത്തെ/പ്രണയത്തെ വളരെ മോശമായിട്ടാണ്‌ കണ്ടുവരുന്നത്‌.
ജീവിതത്തിന്‌ ആർദ്രതയും ഉണർവ്വും ഉത്സാഹവും ഉണ്ടാക്കുന്ന ഉത്തമമായ
ഗുണമാണല്ലോ പ്രണയം. നന്മയുടെ വിളഭൂമിയായ പ്രണയത്തെ തിന്മയുടെ
മൂടുപടമിട്ടാണ്‌ കാലം കണുന്നത്‌.
       ഈ ലോകം പുരുഷനെ മാത്രം സൃഷ്ടിക്കാത്തതെന്ത്‌? സ്ത്രീയെക്കൂടി
സൃഷ്ടിച്ചില്ലായിരുന്നെങ്കിൽ എന്തായിരുന്നു ലോകത്തിന്റെ സൗന്ദര്യം?
യാത്രയിൽ, തൊഴിലിടങ്ങളിൽ, തിയ്യറ്ററിൽ, അരങ്ങിൽ, വേദിയിൽ, അസുഖത്തിൽ,
സുഖത്തിൽ, ആശുപത്രിയിൽ, അങ്ങാടിയിൽ, ആരാധനാലയത്തിൽ, ആഘോഷങ്ങളിൽ.. ഇങ്ങനെ
എവിടെയാണ്‌ പുരുഷൻ സ്ത്രീയെ തിരയാത്തത്‌? സ്ത്രീ പുരുഷനെയും
അന്വേഷിക്കാത്തത്‌. സാധാരണ പ്രവർത്തിയിലും ചിന്തയിലുമെല്ലാം
വ്യാപരിക്കുമ്പോഴും മനുഷ്യരിൽ ചിലപ്പോഴൊക്കെ ആത്മാവിഷ്കാരമായിത്തീരുന്ന
'സവിശേഷമായ പ്രണയ'ത്തെ മാനിക്കാതിരിക്കേണ്ടണ്ടതുണ്ടോ?

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ