ലോകം ഒരു ഞരമ്പുരോഗിയെ നിര്‍മിക്കുന്നു


രാംമോഹൻ പാലിയത്ത്അയാളുടെയുള്ളിലെ കെട്ടുപോയ കവിതക്കനലിനെ വീണ്ടും ഊതി ഉണര്‍ത്തിയത് ബ്ലോഗാണ് എന്ന് വിഷ്ണുപ്രസാദ് എഴുതിയിരുന്നു. വായിക്കാനും മനസ്സിലാക്കാനും ആളെക്കിട്ടുന്നത് എഴുതുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ജീവന്മരണപ്രശ്നം തന്നെ. എന്റെ ഉള്ളീക്കെടന്ന് ചാവാന്‍ പോയ ഒരെഴുത്തുകാരനും ഓക്സിജന്‍ തന്നത് ബ്ലോഗാണ്. വിഷ്ണുമാഷിന്റെ കവിതകള്‍ വായിക്കാനാളുണ്ടായപ്പോള്‍ അങ്ങേര്‍ക്ക് എഴുതാനും ആവേശമായി. ഞാനെഴുതുന്നതും വായിപ്പിക്കാനാണ്. അങ്ങനെയൊരാക്രാന്തം പണ്ടേ ഉണ്ടായിരുന്ന കാരണം സ്ക്കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ സ്വന്തം രചനകളില്‍ ചിലത് അച്ചടിപ്രസിദ്ധീകരണങ്ങളില്‍ വെളിച്ചം കണ്ടു.

ആദ്യമായി വന്നത് കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ എഡിറ്ററായ അസാധുവില്‍. പിന്നെ മനോരമയിലെ ഫലിതബിന്ദുക്കളില്‍, ഹരികുമാര്‍ ചെയര്‍മാനായിരുന്നപ്പോള്‍ കേരള യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച കലാലയകവിതയില്‍, മാതൃഭൂമി ബാലപംക്തിയില്‍, കോളേജ് മാഗസിനുകളില്‍, ഭാഷാപോഷിണിയില്‍, സമകാലിക മലയാളത്തില്‍... പിന്നീട് ഒരു മാഗസിന്റെ എഡിറ്ററായപ്പോള്‍ പല പേരുകളിലും എഴുതി.

അങ്ങനെയിരിക്കെ, അതിന്റെ വരുംവരായ്കകളൊന്നുമറിയാതെ, ഒരു നാള്‍ ഗള്‍ഫുകാരനായി. ഗള്‍ഫ് ജീവിതമോ - അത് പലരെയും ചെയ്തപോലെ മെല്ലെ മെല്ലെ എന്നെയും കുളിപ്പിച്ച് കിടത്തി. ബ്ലാഗ്യവശാല്‍ ഒരുനാള്‍ ഞാനും ബ്ലോഗില്‍ വന്നുപെട്ടു. കുഴൂര്‍ വിത്സണ് നന്ദി.

ഇപ്പോള്‍ ബ്ലോഗും അച്ചടിമാധ്യമവും തമ്മില്‍ കൊമ്പ് കോര്‍ക്കുമ്പോള്‍ (ഹരികുമാര്‍ കലാമൌമുദിയിലൂടെ, കുറേ ബ്ലോഗന്മാര്‍ ബ്ലോഗുകളിലൂടെ) രണ്ട് മാധ്യമങ്ങളുടേയും രുചിയറിഞ്ഞ ഒരാളെന്ന നിലയില്‍ എനിക്കൊന്നും പറയാനില്ലെന്നതാണ് സത്യം, അഥവാ പറഞ്ഞുതുടങ്ങിയാല്‍ ചിലപ്പോള്‍ നീണ്ടുപോകുമെന്നും. (കുഴൂര്‍ വിത്സന്റെ ആദ്യകവിതാസമാഹാരത്തിന് അവതാരിക എഴുതിയ ഹരികുമാര്‍ തന്നെയാണ് ഇപ്പോള്‍ അങ്ങേരെ പുച്ഛിക്കുന്നത് എന്നൊരു തമാശ തല്‍ക്കാലം ഓര്‍മിപ്പിക്കാതെവയ്യ).

തുടര്‍ച്ചയായി ബ്ലോഗ് ചെയ്തപ്പോള്‍ തലച്ചോറ് വീണ്ടും ഉണര്‍ന്നു. മറന്നുകിടന്ന ഒരു പഴയ കുറ്റിപ്പെന്‍സില്‍ വീണ്ടും കൂര്‍പ്പിച്ചെടുത്ത പോലെ. അങ്ങനെ കുറേനാള്‍ മുമ്പെഴുതിയ പോസ്റ്റുകളിലൊന്നായിരുന്നു കേരളം ഒരു ബ്രാന്‍ഡാലയം. അത് ഒന്നുകൂടി വികസിപ്പിച്ച് അയച്ചത് രണ്ടു ലക്കം മുമ്പ് മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ മുഖലേഖനമായി വന്നു. വികസിപ്പിച്ചെങ്കിലും ആഴവും പരപ്പും പോരായിരുന്നു എന്ന് സ്വയം തോന്നിയിരുന്നത് കൊണ്ട് (നമ്മുടെ കഴിവുകളും കഴിവുകേടുകളും രാഷ്ട്രീയത്തിന്റെ പോരായ്മകളും നമ്മളേക്കാള്‍ മറ്റാര്‍ക്കറിയാം!) കിക്ക് ഒട്ടും അതിരുകവിഞ്ഞില്ല. നന്നായി വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ചിലരും അതേ അഭിപ്രായം പറഞ്ഞു.

ബ്ലോഗിംഗ് തന്ന അതിനേക്കാള്‍ വലിയ കിക്ക് മിനിങ്ങാന്നാണുണ്ടായത്. മിനിങ്ങാന്ന്, ജനുവരി 31-ന്, ലോകപ്രശസ്ത കോളമിസ്റ്റ്, 140-ലേറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള, രണ്ട് പുലിസ്റ്റര്‍ നേടിയിട്ടുള്ള നിക്കോളാസ് ഡി. ക്രിസ്റ്റോഫ് അദ്ദേഹത്തിന്റെ ന്യൂയോര്‍ക്ക് ടൈംസ് കോളത്തില്‍ എഴുതിയ The Dynastic Question വായിച്ചപ്പോള്‍. അതിന് മൂന്നു നാള്‍ മുമ്പാണ്, ജനുവരി 28-ന്, ഈ ബ്ലോഗിലെ ഡൈനാസ്റ്റി മണക്കുന്നല്ലോ എന്ന പോസ്റ്റ് പിറന്നത്. ഇറാക്ക് മുതല്‍ ഡ്രൈവിംഗ് ലൈസന്‍സ് വരെയുള്ള വിഷയങ്ങളാല്‍ ചൂടുപിടിച്ച ഇപ്രാവശ്യത്തെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒരു പ്രധാനവിഷയം സംശയാസ്പദമാംവിധം സ്പര്‍ശിക്കപ്പെടാതിരിക്കുന്നതിലേയ്ക്കാണ് ക്രിസ്റ്റോഫ് വിരല്‍ചൂണ്ടുന്നത്. അതെ, ഹിലാരി ഇക്കുറി ജയിച്ചാല്‍, 1989 മുതല്‍ രണ്ട് കുടുംബങ്ങളില്‍ പ്രസിഡണ്ട്പദവി ഒതുങ്ങുന്നത് അമേരിക്കന്‍ ജനാധിപത്യത്തെ ക്ഷീണിപ്പിക്കില്ലേ എന്ന ‍ആര്‍ജവമുള്ള ചോദ്യം ക്രിസ്റ്റോഫ് ഉന്നയിക്കുന്നു.

ഹിലാരിയ്ക്ക് രണ്ട് ടേം കിട്ടിയാല്‍ (ഒരാള്‍ക്ക് രണ്ട് ടേം കൊടുക്കലും അവിടെ ശീലമായല്ലൊ. അതാണല്ലൊ 22-ആം ഭേദഗതിയോടെ ഒരാള്‍ക്ക് പരമാവധി രണ്ട് ടേമായി പരിമിതപ്പെടുത്തിയത്. അല്ലായിരുന്നെങ്കില്‍ ഇന്ന് അമേരിക്കയില്‍ ഒരെട്ടു വര്‍ഷത്തേയ്ക്കു കൂടി പ്രസിഡന്റാവാന്‍ തികച്ചും യോഗ്യന്‍ ബില്‍ ക്ലിന്റനാണെന്ന് ഒരുപാടാളുകള്‍ കരുതുന്നത്രെ), ഹിലാരിയ്ക്ക് രണ്ട് ടേം കിട്ടിയാല്‍, ഇന്ന് ജീവിച്ചിരിക്കുന്ന അമേരിക്കക്കാരില്‍ 40% പേരുടേയും ജീവിതത്തില്‍ ബുഷ്, കിന്റണ്‍ എന്നീ രണ്ടേ രണ്ട് കുടുംബങ്ങളില്‍ നിന്നുള്ള പ്രസിഡന്റുമാരേ ഉണ്ടാവുകയുള്ളുവെന്നോര്‍ക്കണം. എന്നെന്നേയ്ക്കും ബുഷ്-ക്ലിന്റണ്‍ എന്നൊരു രസികന്‍ വെബ്സൈറ്റ് ഒരുപടി കൂടി കടന്ന് 2017-ല്‍ ജബ് ബുഷിനേയും 2025-ല്‍ ഷെത്സി ക്ലിന്റനേയും 2033-ല്‍ ജെബിന്റെ മകന്‍ ജോര്‍ജ് പി. ബുഷിനേയും 2041-ല്‍ ഷെത്സിയുടെ കെട്ട്യോനെയും 2049-2057 കാലഘട്ടത്തില്‍ ബുഷിന്റെ മകള്‍ ജെന്നയേയും പ്രസിഡന്റുമാരായി സങ്കല്‍പ്പിച്ച് ചിരിക്കുന്ന (ഞെട്ടുന്ന) കാര്യവും ക്രിസ്റ്റോഫ് പരാമര്‍ശിക്കുന്നു. ക്രിസ്റ്റോഫിന്റെ ബ്ലോഗില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും ലോകമെങ്ങുമുള്ള അച്ചടിപ്പത്രങ്ങള്‍ പുന:പ്രസിദ്ധീകരിക്കുന്ന കോളത്തിലൂടെ ക്രിസ്റ്റോഫ് അഭ്യര്‍ത്ഥിക്കുന്നു (നോക്കൂ ബ്ലോഗും പ്രിന്റും കൈ കോര്‍ക്കുന്നത്. കോര്‍ക്കണമെന്ന് നിര്‍ബന്ധമാണേല്‍ കൈ കോര്‍ക്കിന്‍ മനുഷ്യമ്മാരേ, കൊമ്പ് വേട്ടക്കാര് കൊണ്ടുപോയി ചുവരില്‍ വെയ്ക്കും).

ജനാധിപത്യം ലോകമെങ്ങും വ്യാപിക്കും ഇല്ലെങ്കില്‍ വ്യാപിപ്പിക്കും എന്ന് അമേരിക്ക തന്നെ വീമ്പിളക്കുന്ന ഒരു കാലഘട്ടത്തില്‍ത്തന്നെ, ലോകമെങ്ങുനിന്നുമുള്ള കാറ്റുകളെ ഡൈനാസ്റ്റി മണക്കുന്നതിന്റെ വിധിവൈപരീത്യത്തെപ്പറ്റിയാണ് ഈ ബ്ലോഗില്‍ എഴുതിയിരുന്നത്. ഇതിങ്ങനെ ഞാന്‍ തന്നെ പറയേണ്ടി വരുന്നത് ഒരു പരമബോറന്‍ ഏര്‍പ്പാടാണെന്ന് അറിയാതെയല്ല. എങ്കിലും പറയാതെ വയ്യ. കാരണം 'മുലയെന്നു കേള്‍ക്കുമ്പോള്‍' എന്നൊരു പോസ്റ്റിട്ടപ്പോള്‍, അതിനു മുമ്പോ പിമ്പോ സീരിയസ്സായി എന്തെങ്കിലും എഴുതാന്‍ ശ്രമിച്ചപ്പോഴൊന്നും ഒരിക്കലും ഇങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ലാത്ത ഒന്നു രണ്ട് അതിഗൌരവക്കാര്‍ അവരുടെ പുരികങ്ങള്‍ ഉയര്‍ത്തിക്കാ‍ട്ടാന്‍ കമന്റ് ഗാലറിയില്‍ വന്നുപോവുകയുണ്ടായി.. അവര്‍ ഈ കുറിപ്പ് വായിക്കുമെന്ന് എനിക്കൊരു പ്രതീക്ഷയുമില്ല. എങ്കിലും അവരുടെ കമന്റുകള്‍ വായിച്ചതോര്‍മിക്കുന്ന ആരാനുമുണ്ടെങ്കില്‍ അവരുടെ നേര്‍ക്കുള്ളതാണ് ഈ ആത്മപ്രശംസ. എനിക്ക് മാപ്പു തരണം - അന്നത്തെയാ പോസ്റ്റിനും കമന്റുകള്‍ക്കും അതെല്ലാം ഒടുവില്‍ ഏകപക്ഷീയമായി ഡിലീറ്റിയതിനുമല്ല - ഈ ആത്മപ്രശംസയ്ക്ക്.

ഒരു ഞരമ്പുപേഷ്യന്റിനെ അയാളുടെ രോഗത്തിന്റെ പേരില്‍ പരിഹസിയ്ക്കുന്നവര്‍ക്ക് അയാള്‍ ഗൌരവമായി എന്തെങ്കിലും പറയാന്‍ ശ്രമിക്കുമ്പോള്‍ ഇമ്പേഷ്യന്റായെങ്കിലും ഒന്നു വന്ന് അവരുടെ കേള്‍വി രേഖപ്പെടുത്തുകയെങ്കിലും ചെയ്യേണ്ട ചുമതലയുണ്ട്.

യെരുശലേം പുത്രിമാരേ, നിങ്ങളങ്ങോരെ കണ്ടെങ്കില്‍ ഇവിടെ ഇങ്ങനെയും ചിലത് സംഭവിക്കുന്നുണ്ടെന്ന് അങ്ങേരോട് അറിയിക്കേണം എന്നു ഞാന്‍ നിങ്ങളോടു ആണയിടുന്നു.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ