സ്മിത പി കുമാർ
കാഴ്ചയുടെ അങ്ങേ അറ്റം വരെവെന്തു മലച്ച മണല്‍ക്കുന്നുകള്‍.
വെയില്‍ചില്ലുകള്‍ പൂക്കുന്ന പകല്‍
ഉരുകിയൊലിക്കുന്ന രാവുകള്‍
ചത്തൊടുങ്ങുന്ന ബീജങ്ങള്‍
ജീവന്‍റെ ഷണ്‍ഡീകരണം.
പതുക്കെ കണ്ണടക്കുമ്പോള്‍
നിലാവ് പൂക്കുന്ന തൊടിയില്‍
നോവുകളുടെ കരിമ്പടം പുതച്ചു
വഴികണ്ണുകളോടെ ഒരു വീട് ...
വയല്‍ വരമ്പിനറ്റത്തെ ഇടവഴിയില്‍
നേര്‍ത്ത പരിഭവങ്ങളോടെ
കൊലുസ്സണിഞ്ഞ ഒരു കാറ്റ് ...
പനിക്കുന്നുവോ ....?
മഴച്ചാറ്റല്‍ വീഴുന്ന കോലായില്‍
ചുക്ക് കാപ്പിയിലൂറുന്ന എരിവിലലിഞ്ഞു
നിന്റെ ഇണക്കങ്ങളിലേക്ക് ചുരുണ്ട്കൂടി
പനിച്ചു കിടക്കാന്‍ ...
ഈ മരുഭൂവില്‍ നിന്നിനിയെത്ര
മഴക്കാതങ്ങള്‍ താണ്ടണം?