ജാനകി
എന്റെ ഉടലിനോട് ആകാവുന്നത്രയും ചേർന്നു കിടന്നായിരുന്നു യതീന്ദ്രൻ ആത്മഗതരൂപമുള്ള വാക്കുകൾ ഉരുവിട്ടു കൊണ്ടിരുന്നത്.., അവന്റെ കയ്യിൽ ആറ്റുവഞ്ചിയെന്നു തോന്നിപ്പിക്കുന്ന “ഒട്ടകപക്ഷിയുടെ ഒരു തൂവൽ..!!!!! “ അതൊരിക്കലും കൃത്രിമമായതല്ലായിരുന്നു.., ജീവന്റെ ഒരു പച്ചമണം അതിന്റെ മൃദുലതയിൽ അപ്പോഴും തങ്ങിനിന്നിരുന്നു. കുഞ്ഞരിപ്രാവിന്റെ കൊഴിഞ്ഞു വീണ തുവലോ..,പഞ്ചവർണ്ണക്കിളിയുടെ തൂവലോ., മയിൽ പീലിയോ കൊണ്ട് എന്റെ പ്രണയത്തെ തഴുകിയെടുക്കേണ്ടതിനു പകരം ഒട്ടകപക്ഷിയുടെ തൂവലാണ് യതീന്ദ്രൻ കൊണ്ടു വന്നത്
“ഞാനീ തൂവൽ എന്റെ കിടപ്പു മുറിയിലെ ചുവരിൽ നിവർത്തി ഒട്ടിച്ചു വയ്ക്കും..ശീതമോ ഉഷ്ണമോ ആയ പ്രകൃതിയുടെ..,കളിയാട്ടങ്ങളിൽ ഉലയാതിരിക്കാൻ എന്റെ പ്രണയം കൊണ്ടാവും ഞാനിതിനു കാവലിരിക്കുക... നിനക്കറിയാമോ...? പ്രണയം പശിമയുള്ളതാണ്.. ഒരാളെ മറ്റൊരാളുടെ ദിനങ്ങളോടും ശ്വസന നിമിഷങ്ങളോടും ഒട്ടിച്ചു ചേർക്കുന്ന പശിമ... എന്റെ പ്രണയത്തിന്....നിന്നോടുള്ള എന്റെ പ്രണയത്തിന് ആ പശിമ അൽപ്പം കൂടുതലാണ് സുനൈനാ....ഈ തൂവലിൽ പുരട്ടാൻ കൂടിയുള്ളത്ര.
.
.
കാക്കതൂവലിനറ്റത്തെ അല്പം നിർത്തി., ബാക്കി ഉലിഞ്ഞു കളഞ്ഞിട്ട് ചെവിയിൽ തോണ്ടി സുഖിച്ചിരിക്കുന്ന എന്റെ ഭർത്താവിനെ ഞാൻ വെറുതെ ഓർത്തു... ഒരുമിച്ചു നടക്കെ നിന്നു കളഞ്ഞ സഹയാത്രികയെ തൊട്ടു വിളിക്കും പോലെ യതീന്ദ്രൻ ചോദിച്ചു
“നീ അൻവറിനെ ഓർക്കുന്നതെന്തിനാണ്..” അവനെന്നെ കൈകളിലേയ്ക്കെടുത്തു.........
“ഓ...യതീ..നീയതു മനസ്സിലാക്കിയോ..?!!!!“ നടുവിൽ കൂട്ടിമുട്ടിയ എന്റെ പുരികത്തിൽ അവൻ ഉമ്മവച്ചു പിന്നീട് ഒട്ടക പക്ഷിയുടെ തൂവലിനേയും
“ സുനൈനാ..നിന്നെ പുണർന്ന എന്നിൽ നിന്നും,നിന്റെ ഗന്ധവും വിയർപ്പും എല്ലാം ഒന്നു കുളിച്ചാൽ ഒഴുകിപ്പോകും..അല്ലാതെ വയ്യല്ലോ..ഓർമ്മകളിൽ അതെല്ലാം കല്ലിൽ കൊത്തിയ രേഖകളാണ്. എങ്കിലും ഈ ഓർമ്മകളെയൊക്കെ എങ്ങിനെയാണൊന്നു തൊടുക..? പക്ഷെ ഈ തൂവൽ...,നിന്റെ ശരീരത്തിൽ ഉയർന്നു താഴ്ന്ന് നീങ്ങി ...ഒളി സങ്കേതങ്ങളിൽ മുട്ടിവിളിച്ച് ഒഴുകി നടന്ന തുവൽ..ഇതെന്റെ കണ്മുന്നിൽ ഞാൻ മരിക്കുംവരെ എന്റെ ചുവരിൽ ഉണ്ടാകും... ഓർമ്മകളെ തൊടുന്ന പോലെ എത്ര മനോഹരമായിരിക്കും ആ തൂവൽ കാഴ്ച്ച. “ യതീന്ദ്രൻ എന്നിലേയ്ക്ക് ഊളിയിടാൻ തയ്യാറെടുക്കുകയായിരുന്നു....
ഹൊ....ചത്തു മലച്ച ഒരു കാക്ക....ഫ്ലാറ്റിന്റെ തുറസ്സായ സ്ഥലത്ത് വിരിച്ച തുണികളിൽ വന്നിരുന്ന് കാഷ്ടിക്കാതിരിക്കാൻ മറ്റു കാക്കകൾക്കുള്ള മുന്നറിയിപ്പായി അത് നേരിയ ഇരുമ്പു കമ്പിയിൽ കൊളുത്തപ്പെട്ടു കിടക്കുകയായിരുന്നു...നാളെ ചീയാൻ തുടങ്ങുന്ന അതിന്റെ ശരീരത്തിൽ നിന്നും ചിറകു മാത്രം മുറിച്ചെടുക്കുമെന്നാണ് അൻവർ പറഞ്ഞിരിക്കുന്നത്..ആ കാക്കയാണുപോലും അവന്റെ ടൈറ്റ് ജീൻസിന്റെ മുൻ വശത്ത് കാഷ്ടിച്ചത്
എന്തിനിപ്പോൾ അതൊക്കെ ഓർക്കണം..?ഞാൻ യതീന്ദ്രനെ ഇറുകെ പുണർന്നു കണ്ണടച്ചു..ജീവിതത്തിലെ മറ്റു ആധികളുടെ പാശ്ചാത്തലം ഒഴിവാക്കി ഒരു സ്ത്രീയും ഇണചേരുന്നില്ല... ആ ക്യാൻവാസ് അത്ര വലുതാണ്... വരയ്കാൻ സപ്തവർണ്ണങ്ങൾ പോരാത്ത അത്രയും.. എങ്കിലും ഞാൻ യതീന്ദ്രനെ സ്നേഹിക്കുന്നു..മനസ്സിന്റെ താരതമ്യപ്പെടുത്തലുകളിൽ യതീന്ദ്രനും അൻവറും ഒരിക്കലും നേർ രേഖയിൽ വന്നിട്ടേയില്ല .എന്നിൽ കാമം നിക്ഷേപിച്ചുള്ള യതീന്ദ്രന്റെ ഓരോ തിരിച്ചു പോക്കിലും എന്നെ എന്നും വേണമെന്നും ഞാൻ അത്യന്താപേക്ഷിതമാണെന്നും ബോധപൂർവ്വമല്ലെങ്കിൽ കൂടി അവൻ എന്നെ ബോധിപ്പിച്ചിരുന്നു...പക്ഷേ ഞാനറിയാത്ത സ്ത്രീകളുമായുള്ള ചാറ്റിങ്ങിനിടയിലുണ്ടായ ഉത്തേജനം ശമിപ്പിക്കൽ കഴിഞ്ഞ് വീണ്ടും ചാറ്റിങ്ങിലേയ്ക്ക് തന്നെ മടങ്ങുന്ന അൻവർ ഒരു പുതപ്പു പോലെ എന്നെ ദേഹത്തു നിന്നും മാറ്റിയെറിയാറാണ് പതിവ്....ടെക്നോപാർക്കിലെ ശീതികരിച്ച മുറിയിലെ ചുടുള്ള ബന്ധങ്ങൾ നെറ്റു വഴി വീട്ടിലേയ്ക്കും അൻവർ നീട്ടിയെടുത്തിരിക്കയാണ്..........-യതീന്ദ്രൻ, അവന്റെ സഹപ്രവർത്തകൻ ആയതുകൊണ്ട്ഞാനറിയുന്ന വിശേഷങ്ങളിൽ ഒന്നു മാത്രമായിരുന്നു അത് .. അൻവറിനു ഞാൻ ഫ്രിഡ്ജിൽ വച്ചിരിക്കുന്ന തണുത്ത കുപ്പി വെള്ളം പോലെയായിരുന്നു..,ഒരു ഹോട്ട് ഡ്രിങ്ക് ആകാൻ പറ്റാത്തത് ഭയങ്കരമായ ന്യൂനതയായി അവൻ കണക്കാക്കുന്നു.
താരതമ്യപ്പെടുത്തലുകളുടെ താഴ്വാരങ്ങളിലും ഗർത്തങ്ങളിലും .,കൊടുമുടികളിലും അലഞ്ഞും വീണും നടന്ന് നടന്ന് ഞാനൊരു ദേശാടനക്കാരിയാകുമെന്ന് വെറുതെ തോന്നിക്കൊണ്ടിരിക്കുമ്പോൾ ..അടുക്കളയിലേയ്ക്ക് അൻവർ അധികാരത്തൊടെ വന്നു ചോദിച്ചു....
“വൈ ഡോണ്ട് യു കൺസീവ്ഡ്..” അപ്പോൾ തോന്നി അവനെന്റെ ഭർത്താവല്ല വെറും പുരുഷനാണെന്ന്..
“എന്റെ പട്ടി പ്രസവിക്കും നിന്റെ കുഞ്ഞിനെ...’ ഞാനതു പറഞ്ഞില്ല...അവനറിയാതെ ബഡ്ഡിനടിയിൽ വച്ചിരിക്കുന്ന “ഐ പിൽ- പിൽസുകളെ ഓർത്ത് ഞാൻ മനസ്സിൽ ചിരിച്ചു
“കേട്ടില്ലെ കൊല്ലം രണ്ടാകുന്നു....ആളുകൾ ചോദിക്കാൻ തുടങ്ങും..”
“സൊ വാട്ട്..?” ഇപ്പോൾ ഞാൻ അവന്റെ നേർക്ക് തിരിഞ്ഞു നിന്നു...” കുഞ്ഞ് ഒരു പക്ഷേ നിന്റെ ജീൻസിൽ അപ്പിയിടും., മുൻ വശത്തു തന്നെ.., അപ്പോഴൊ...?
“ എന്ത്..” അവനു മനസ്സിലായില്ല ഞാൻ പറഞ്ഞത്
“ഒന്നുമില്ല.“. അൻവറിനെ മുട്ടി നിന്ന് ഞാനവന്റെ താടിയിൽ തൊട്ടു......“ ശരി എന്നാൽ ഒട്ടകപക്ഷിയുടെ തൂവൽ കൊണ്ടു വരൂ.....”
അടുക്കളയിൽ ഞാനും അൻവറും ഒഴികെയുള്ള ഭാഗങ്ങളിലെല്ലാം യതീന്ദ്രൻ നിറഞ്ഞിരിക്കുന്നതു പോലെ തോന്നിയതു കൊണ്ട് അൻ വറിനെ ഞാനൊരു കട്ടുറുമ്പിനെയെന്നപോലെ നോക്കി
“ഒട്ടകപക്ഷിയുടെ തൂവലൊ...!!!? എവിടെനിന്ന്.....!!!? നിനക്കെന്തിന്..!!?
“എനിക്കല്ല നിനക്ക് ..,ഒട്ടകപക്ഷിയുടെ തൂവൽ കൊണ്ട് മാത്രമേ നിനക്കെന്റെ പ്രണയവും കാമവുമൊക്കെ തലോടി ഊറ്റിയെടുക്കാൻ പറ്റൂ..എന്നിട്ട് എന്നിൽ ഗർഭം മുളപ്പിയ്ക്കൂ..,ഇപ്പോൾ മൂത്ത വിത്തുകൾ ശേഖരിച്ചു വച്ചിരിക്കുന്ന പടുമരം പോലെയാണു നീ.. വിത്തെറിയാൻ നിനക്കെത്ര ഫലഭൂയിഷ്ട പ്രദേശങ്ങൾ ഉണ്ട്..ചെന്നു മുളയ്ക്കുമോന്ന് നോക്ക്..“ പകയോടെ പറഞ്ഞു നിർത്തിയപ്പോൾ കഴുത്ത് താഴ്ത്തി വെട്ടിയ എന്റെ നിശാവസ്ത്രം ഒന്നു കൂടി താഴ്ത്തി നോക്കി “ ഇതെന്താണ് ഈ ട്വന്റി എയ്റ്റ് സൈസ് പെർമെനന്റ് ആണോ” എന്നു മടുപ്പോടേ ചോദിക്കുന്ന അവന്റെ മുഖമായിരുന്നു എന്റെ മുന്നിൽ.
മനസ്സിലായിട്ടോ..,മനസ്സിലാകാഞ്ഞിട്ടോ ..അൻ വർ മുറിവിട്ടു പോയി. എനിക്കു കരച്ചിൽ വന്നു “ യതീ...എന്നെയൊന്നു ആവാഹിച്ചു ബന്ധിക്കാൻ പറ്റുമോ..നിന്നോടുള്ള പ്രണയത്തേക്കാൾ ഉപരി അൻവറിനോടുള്ള അമർഷം കൊണ്ട് ഞാനവനെ കൊന്നു കളയാൻ സാധ്യതയുണ്ട്..ഒരു ബന്ധനം അത്യാവശ്യമാണ്..സ്നേഹം കൊണ്ടുള്ള സ്വാർത്ഥതകൊണ്ടുള്ള ബന്ധനം..അതും ഒരാണിന്റെ ..... പുരുഷൻ ഒരു ധൈര്യമാണ് ഒരു പക്ഷേ സ്വയരക്ഷയ്ക്കായി കയ്യിൽ കരുതുന്ന പിസ്റ്റളിനേക്കാൾ ധൈര്യം തരുന്നഒന്ന്.ജീവനും, വിശപ്പിനും ദാഹത്തിനും, സ്നേഹത്തിനും ,കാമത്തിനും., അങ്ങിനെ എല്ലാറ്റിനും രക്ഷ തരുന്ന ഒന്ന്..’
എനിക്കോർമ്മ വന്നു പെട്ടെന്ന്..,യതിയുടെ വാക്കുകൾ- “ ഇതൊരു അവിഹിത ബന്ധമെന്നാണോ നീ കരുതിയിരിക്കുന്നത് സുനൈനാ..? നിന്റെ ശരീരം മുഴുവൻ അൻവറിനു കൊടുത്തിട്ട് ,ബാക്കിയായ നിന്റെ മനസ്സും ,ആത്മാവും..ശ്വാസവും എനിക്കു തരൂ.എനിക്കു നൂറുകൈകൾ മുളയ്ക്കും നീട്ടിയേറ്റുവാങ്ങാൻ..,അതാണു നിന്നോടുള്ള ഞാൻ..”
പകൽ സൂര്യനും..രാത്രി ചന്ദ്രനും കടന്നു പോകുന്ന എന്റെ കിടപ്പുമുറിയിലെ ജനാലയിലൂടെ കാർമേഘത്തിലൊളിഞ്ഞിരുന്ന അർദ്ധ ചന്ദ്രനെ കാട്ടിക്കൊടുത്തപ്പോഴാണ് അവനങ്ങിനെ പറഞ്ഞതെന്ന് ഞാനോർക്കുന്നു..,അപ്പോൾ പുറത്ത് നൂൽമഴയായിരുന്നു.......ജലനൂലുകൾ കെട്ടി വരിഞ്ഞ മണ്ണ്, യതിയുടെ കൈകളിൽ ഞാനെന്ന പോലെ അടങ്ങിക്കിടക്കുകയായിരുന്നു. എനിക്കറിയാം പ്രണയത്തെ യതി എന്നിൽ ആധിപത്യം സ്ഥാപികാനുള്ള ആയുധമായെടുത്ത് വീശുകയാണെന്ന്..അതിലെന്റെ മനസ്സും , ശരീരവും മുറിഞ്ഞ് മധുരമിറ്റിക്കൊണ്ടേയിരിക്കുന്നു...
എങ്കിലും ഞാനവനോട് വാദിച്ചു.....തോറ്റുകൊടുക്കാൻ വേണ്ടി- “ഒട്ടകപക്ഷി ഒരു പേടിത്തൊണ്ടൻ പക്ഷിയല്ലേ...ശത്രുവിനെ കണ്ടാൽ തല മണ്ണീൽ പൂഴ്ത്തുന്ന ഭീരു.....പകരം പ്രണയപക്ഷിയുടെ തൂവലുകൾ കൊണ്ടു വരാത്തതെന്ത്..?“
“പെണ്ണേ..എന്റെ ഒട്ടകപക്ഷി നീയാണ്..ചുറ്റുമുള്ളതെല്ലാം ഒരു പൊട്ടിയെ പോലെ നിന്നു കണ്ട് പകച്ച് എന്നിലേയ്ക്ക് സുരക്ഷിതത്വം തേടി മുഖം പൂഴ്ത്തുന്ന ഒട്ടകപക്ഷി.. ലൌ ബേർഡ്സ് കൂടു തുറന്നാൽ പറന്നു പോകും..ഭയന്നാൽ അവ ദിക്കും ദിശയും കൂട്ടും മറന്ന് ചിലമ്പിച്ച് ചിതറി പറന്ന് പുതിയൊരിടത്ത് ചേക്കേറും..”
അത്രയൊന്നും പറയണമായിരുന്നില്ല- പെണ്ണെ- എന്ന വിളിയിൽ തന്നെ ഞാൻ തോറ്റു പോയിരുന്നു.. മറ്റാരിൽ നിന്നും അങ്ങിനെ സംബോധന ചെയ്യപ്പെടാൻ ഞാൻ ആഗ്രഹിച്ചിരുന്നുമില്ല...”അൻവറിൽ നിന്നു പോലും
രാത്രിയാകുന്നു ...മുറിയിലേയ്ക്ക് ഡെനിം സ്പ്രേയുടെ ഗന്ധവുമായി കടന്നു വന്ന് അൻവർ പതിവ് പോലെ ട്വന്റി എയ്റ്റ് സൈസിനെ കുറിച്ച് ദേഷ്യത്തോടെ വാചാലനാകാൻ തുടങ്ങി..
“നിന്റെ ഉമ്മയും ഇത്തയുമൊന്നും ഇങ്ങനല്ലല്ലൊ കണ്ടാൽ.., ഞാൻ വിചാരിച്ചത് ഒന്നു പ്രസവിച്ചാൽ നീ നന്നാകുമെന്നാണ്..” -കട്ടിലിൽ നിന്ന് തലയിണയും പുതപ്പും വലിച്ചെടുത്ത് അടുത്ത മുറിയിലേയ്ക്ക് അവൻ പോകുന്നത് നോക്കിക്കിടന്ന് ഞാൻ ചിരിച്ചു.
“ഇങ്ങിനെ ദേഷ്യപ്പെടാതെ അൻവർ.., നിന്റെ ബാപ്പയുടേയും ഇക്കയുടേയും ഇതു വരെ ഞാൻ കാണാത്തതിനാൽ നീ അവരെ പോലാകാത്തതെന്ത് എന്നു ഞാൻ ചോദിക്കുന്നില്ല..,“ നോട്ടം കൊണ്ട് എന്നെ കൊല്ലാൻ ശ്രമിക്കുന്ന അവനെ ഞാൻ എന്റെ കണ്ണുകൾ പതിയെ അടച്ചു കാണിച്ചു
“ഞാനും പ്രതീക്ഷിച്ചു ..ഇപ്പോഴും പ്രതീക്ഷിക്കുന്നു..ഞാനൊന്നു പ്രസവിച്ചാൽ നീയും - ‘നന്നാകുമെന്ന്‘- ഇന്ന് ഈവനിംഗ് പാർട്ടിയിൽ കോണ്ടം മെഷീൻ വെയ്ക്കേണ്ട ആവശ്യകതയെ ക്കുറിച്ച് നീ വികാരാധീനനായിഎന്നുകേട്ടു..?(യതി തന്ന വിവരമനുസരിച്ചായിരുന്നു സന്ദർഭോചിത മല്ലെങ്കിലും അത് അവിടെ പ്രയോഗിച്ചത് )വീട്ടിൽ ഭാര്യയുള്ള പ്പോൾ ജോലി സ്ഥലത്തെന്തിനു കോണ്ടം മെഷീൻ..? മറുപടി, കാലം മാറുന്നു എന്നാണോ..? എങ്കിൽ ജോലി സ്ഥലത്തു മാത്രമല്ല പൊതു പൈപ്പുകൾ പോലെ ആ മെഷീൻ വയ്ക്കേണ്ട കാലമാണിത്...പറയൂ ആ മെഷീൻ കൊണ്ട് നിനക്കെന്താണു ഉപകാരം...”
അൻവർ പോരിനൊരുങ്ങി എന്നപോലെ വാതിൽ നിറഞ്ഞു നിന്നു... “ ഒരു പുരുഷന്റെ പ്രത്യേകത എന്തെന്നറിയാമോ എന്റെ ബീവിയ്ക്ക്...? അവനൊരേസമയം പലസ്ത്രീകളിൽ പല കുഞ്ഞുങ്ങളുടേയും അഛനാകാൻ പറ്റും..പക്ഷെ പെണ്ണുണ്ടല്ലോ നൂറു പുരുഷന്മാരെ സ്വീകരിച്ചാലും ഏതെങ്കിലും ഒരുത്തന്റെ കുഞ്ഞേ വയറ്റിലുണ്ടാകൂ..സൃഷ്ടികർമ്മത്തിൽ പുരുഷനോളം സ്ത്രീ വരില്ല ..”
“അതേ അതു കൊണ്ടാണു നീയൊക്കെ ഒറ്റതന്തയ്ക്കു പിറന്നിരിക്കുന്നത് അൻവർ..” ഞെരിയുന്നത് കേട്ട് അവന്റെ പല്ലുകൾപൊടിഞ്ഞു പോകുമോ എന്നു ഞാൻ ശങ്കിച്ചു, ആശ്വാസത്തോടെ നിവർന്നു കി ടന്നപ്പോൾ തീരുമാനിച്ചു ,... -ഞാൻ യതീന്ദ്രന്റെ കുഞ്ഞിനെയാണ് പ്രസവിക്കാൻ പോകുന്നത്.., സമയം നോക്കാതെ മൊബൈലിൽ യതിയുടെ നമ്പർ ഡയൽ ചെയ്തു.
ഹലോയ്ക്കു പകരം.., പതിവ് പ്രണയാതുരമായ നാമങ്ങൾ കേട്ടു..“ചക്കരേ പൊന്നേ.ഉമ്മുമ്മുമ്മുമ്മുമ്മ... ഐ ലവ് യു..” ചുണ്ടിൽ ചിരിയൊളിപ്പിച്ചു വച്ച് ഞാനത് മൂളിക്കൊണ്ട് അംഗീകരിച്ചു, അതും പതിവു പോലെ..
“ജയശ്രീ ഉറങ്ങിയതേയുള്ളു ചിലപ്പോ എന്നെ തിരഞ്ഞേക്കും..”: പതിഞ്ഞ ശബ്ദത്തിലുള്ള മുന്നറിയിപ്പ് -
“ നാളെ വരുമോ..അൻവറിനു നൈറ്റ് ഷിഫ്റ്റാണ്..” നിമിഷ നേരത്തെ നിശബ്ദതയ്ക്കു ശേഷം കേട്ടു-
“ വരാം..”
“ ഒട്ടകപക്ഷിയുടെ തൂവൽ കൊണ്ടു വരുമോ..?”
അടക്കിയ ചിരിയുടെ അവസാനം കേൾക്കുന്നു..“കൊണ്ടു വരാം”- ഞാൻ തുറന്നിട്ട ജാലകത്തിലുടെ ചന്ദ്രനെ അന്വേഷിച്ചു.........
അത്ര നാളില്ലാതിരുന്ന ഒരു തയ്യാറെടുപ്പ് പിറ്റേ ദിവസം ഞാൻ എടുത്തിരുന്നു.... പത്തുമാസത്തെ ദിനങ്ങളത്രയും ഇന്നൊരു ദിവസം കൊണ്ടു കഴിഞ്ഞു കിട്ടാൻ വേണ്ടി പ്രാർത്ഥിച്ചു പോകുന്ന രീതിയിൽ എന്റെ ക്ഷമ നശിച്ചിരുന്നു..ശരിക്കും ഒരു വിഡ്ഡിയെപ്പോലെ.....
യതീന്ദ്രൻ എത്തിയിരിക്കുന്നു.. കയ്യിൽ ഒട്ടകപക്ഷിയുടെ തുവൽ...,നീളമുള്ള അതിന്റെ തുമ്പുകൊണ്ട് എന്റെ കവിളിൽ തട്ടി അവൻ ചിരിച്ചു - നിനക്കു വേണ്ടി മാത്രമാണു ഞാൻ - എന്നവൻ പറയാതെ പറഞ്ഞു കൊണ്ടിരുന്നു ..
മുറിച്ചു വച്ച ആപ്പിൾ കഷ്ണങ്ങൾക്കൊപ്പം ഞാൻ നീട്ടിയ പ്ലേയ്റ്റ് നോക്കി യതീന്ദ്രൻ അന്ധാളിച്ചതു കണ്ട് അവന്റെ മുഖം താഴ്ത്തിപിടിച്ച് ഞാൻ നെറ്റിയിലൊരു ഉമ്മ കൊടുത്തു...ആ പ്ലേയ്റ്റിൽ നിറയെ ചെമ്പകപൂക്കളായിരുന്നു..അവൻ നോക്കി നിൽക്കേ മുഴുവൻ വിരിയാത്ത ഒന്നെടുത്ത് നേരിയ കയ്പ്പൊടെ ഞാൻ ചവച്ചിറക്കി...കൌതുകത്തൊടെ അതു നോക്കിനിന്ന അവനും ഒരെണ്ണം നീട്ടി..
“ കഴിയ്ക്കൂ...”
“സുനൈനാ.... നിനക്കു വട്ടുണ്ടോ..?.എനിക്ക് കഴിക്കാൻ പറ്റില്ല ചിലപ്പോ വൊമിറ്റ് ചെയ്തേക്കും.. ആ പ്ലേയ്റ്റ് മാറ്റി വയ്ക്കു .....പക്ഷേ ഈ പൂവിന് എന്തു സുഗന്ധമാണ്.. ഭംഗിയും..,നിന്നെ പോലെ..”
രണ്ടു പേരും ചെമ്പകപ്പൂവ് കഴിച്ചാൽ പെൺകുട്ടിയായിരിക്കും ജനിക്കുക. എന്റെ മൂത്തുമ്മ പറഞ്ഞിട്ടുണ്ട്..,....എനിക്ക് അതാണിഷ്ടവും.....“
“നമുക്കൊരു കുഞ്ഞോ...... നിന്റെ ഐ പിൽ ഗുളികകൾ എവിടേ...?” വച്ചിരിക്കുന്ന സ്ഥലം അറിയാവുന്നതു കൊണ്ട് അവൻ ബെഡ്ഡ് പൊക്കി.അവിടം ഒഴിഞ്ഞിരിക്കുന്നതു കണ്ട് എന്നെചോദ്യഭാവത്തിൽ നോക്കി
‘
“അതു തീർന്നു...“ ഒരൊന്നും തുറന്നെടുത്ത് ലക്ഷ്യമില്ലാതെ വലിച്ചെറിഞ്ഞത് ഓർത്തുകൊണ്ടായിരുന്നു ഞാനങ്ങിനെ പറഞ്ഞത്
“സുനൈനാ എന്താണ് നീ വിചാരിക്കുന്നത് എന്റെ കുട്ടി എന്നെ പോലിരുന്നാൽ..? അൻവർ അറിഞ്ഞാൽ...? ജയശ്രീ അറിഞ്ഞാൽ..? അവളെ ഒഴിവാക്കിക്കൊണ്ട് നിന്റെ കൂടെ എന്നത് ചിന്തിക്കാൻ പോലും പറ്റാത്തതാണ്..കാരണം.സമൂഹത്തിൽ ഒരു ഭർത്താവെന്ന സ്ഥാനം എനിക്കവകാശ പ്പെടാൻ മാന്യമായി നിലനിൽക്കാൻ അവൾ ഭാര്യയായി നിലനിന്നേ പറ്റു...ഇതു കൊണ്ട് എന്റെ സ്നേഹത്തെ നീ സംശയിക്കരുത് .., അത് കറയില്ലാത്തതു തന്നെയാണ്....”
“ എനിക്ക് പ്രസവിക്കാൻ പിന്നെ ഞാനെന്തു ചെയ്യണം..മറ്റു സ്ത്രീകളെ സങ്കൽപ്പിച്ച് എന്നിലേയ്ക്ക് ഒഴുകുന്ന ബീജങ്ങളെ സ്വീകരിയ്ക്കാൻ എന്റെ അഭിമാനം സമ്മതിക്കുന്നില്ല...എന്നെ നീയേ സ്നേഹിച്ചിട്ടുള്ളു.., അതു കൊണ്ട് നിന്റെ കുഞ്ഞിനെയാണ് എനിക്കാവശ്യവും...”
“ നീ നടക്കാത്ത കാര്യങ്ങൾ പറയുന്നു.....ഞാനൊരു അഭ്യാസിയല്ല അത്ര വലിയ സത്യങ്ങൾ മൂടി വച്ച് ജീവിതത്തിൽ കളിയ്ക്കാൻ..മൂടിക്കെട്ടേണ്ടത് ഒരാളുടേയോ രണ്ടാളുടേയോ കണ്ണുകളല്ല..സമൂഹത്തിന്റെ മുഴുവൻ കണ്ണുകളേയുമാണ് അത് നിസ്സാരമല്ല....”
യതീന്ദ്രൻ എന്നെയൊന്നു തൊട്ടു സംസാരിച്ചിരുന്നെങ്കിൽ...? സഹശയനത്തിനൊരുങ്ങി അഴിച്ചു വച്ച ഷർട്ട് ധരിക്കുകയായിരുന്നു യതീന്ദ്രൻ അപ്പോൾ....എന്റെ നോട്ടം കണ്ട് അരികിൽ വന്ന് അവൻ മെല്ലെ ശബ്ദം താഴ്ത്തി പറഞ്ഞു.....
“ഒരു സ്ത്രീയുടെ കുഞ്ഞ് എല്ലാരീതിയിലും അവളുടെ ഭർത്താവിന്റേതായിരിക്കുന്നതാണ് നല്ലത്..ഒരു കാമുകന് കാമുകിയിലെ കുഞ്ഞ് എപ്പോഴും അലോസരമുണ്ടാക്കുന്ന ഒരു ഓർമ്മയും കാഴ്ച്ചയുമായിരിക്കും.....തീർന്നു പോയത് ഞാൻ തന്നെ വാങ്ങിക്കൊണ്ടു വരാം ഇനി വരുമ്പോൾ....
ഞാൻ അവനെ അവസാനമെന്ന വണ്ണം ഒന്നു കൂടി നോക്കി - ഓഹ് .!ഇതെന്താണ് അവന്റെ ദേഹം നിറച്ചും ഒട്ടകപക്ഷിയുടെ തൂവലുകൾ..!!!!!???? വിരൽ തുമ്പുപോലും മറയുന്ന വിധം അതവന്റെ ദേഹം പൊതിഞ്ഞിരിക്കുന്നു.... അവന്റെ മുഖം ഒന്നു കാണാൻ തോന്നി....... -“
“യതീ.........എന്റെ പ്രണയിതാവേ.....,ശരീരമില്ലാത്ത സുനൈനയെ സ്വീകരിക്കാൻ ഒരുങ്ങിയവനേ ....ഇപ്പോൾ നിന്റെ മുഖമൊന്നു കാണാൻ അനുവദിക്കുമോ...”
തൂവൽ പൊതിഞ്ഞ അവന്റെ ശരീരത്തിനു ചുറ്റും ഞാൻ നടന്നു...ഉടൽ തഴുകി ഞാൻ മനസ്സിൽ കണക്കു കൂട്ടി ഇവിടെ വയർ...പിന്നെ നെഞ്ച്..., തോളുകൾ ...കഴുത്ത്......എന്റെ കൈകൾ തറയിൽ മുട്ടി....അവിടേയ്ക്ക് ഞാൻ ചികഞ്ഞു നോക്കി ......അപ്പോഴാണു ഞാൻ കണ്ടത് യതീന്ദ്രൻ ,തന്റെ ശിരസ്സ് തറയിൽ പൂഴ്ത്തി നിൽക്കുകയാണ്..നിമിഷങ്ങൾ കടന്നു പോകവേ ഞാൻ മനസ്സിലാക്കി യതീന്ദ്രനല്ല അവിടെ
“യതീ.........എന്റെ പ്രണയിതാവേ.....,ശരീരമില്ലാത്ത സുനൈനയെ സ്വീകരിക്കാൻ ഒരുങ്ങിയവനേ ....ഇപ്പോൾ നിന്റെ മുഖമൊന്നു കാണാൻ അനുവദിക്കുമോ...”
തൂവൽ പൊതിഞ്ഞ അവന്റെ ശരീരത്തിനു ചുറ്റും ഞാൻ നടന്നു...ഉടൽ തഴുകി ഞാൻ മനസ്സിൽ കണക്കു കൂട്ടി ഇവിടെ വയർ...പിന്നെ നെഞ്ച്..., തോളുകൾ ...കഴുത്ത്......എന്റെ കൈകൾ തറയിൽ മുട്ടി....അവിടേയ്ക്ക് ഞാൻ ചികഞ്ഞു നോക്കി ......അപ്പോഴാണു ഞാൻ കണ്ടത് യതീന്ദ്രൻ ,തന്റെ ശിരസ്സ് തറയിൽ പൂഴ്ത്തി നിൽക്കുകയാണ്..നിമിഷങ്ങൾ കടന്നു പോകവേ ഞാൻ മനസ്സിലാക്കി യതീന്ദ്രനല്ല അവിടെ
തല പൂഴ്ത്തി നിൽക്കുന്നത് .....അത്... അതൊരു ഒട്ടകപക്ഷിയായിരുന്നു...
.