മനസ്സ്


പരിഭാഷ: എസ് സുജാതൻ

വിശ്രമമില്ലായ്മ/ശ്രീ ശ്രീ രവിശങ്കർ

വിശ്രമമില്ലായ്മയെക്കുറിച്ചും അതിന്റെ പ്രതിവിധിയെക്കുറിച്ചും
നമുക്കൊന്നു പരിശോധിക്കാം.  അഞ്ചുതരം വിശ്രമമില്ലായ്മയാണുള്ളത്‌.
ആദ്യത്തേത്‌ നിങ്ങൾ ഏതു സ്ഥലത്ത്‌ വർത്തിക്കുന്നു എന്നതിനെ
ആശ്രയിച്ചാണ്‌.  ആ സ്ഥലത്തുനിന്ന്‌ നിങ്ങൾ മാറുമ്പോൾ, ഒരു വീഥിയിൽ
നിന്നോ, അല്ലെങ്കിൽ ഒരു വീട്ടിൽനിന്നോ മാറുമ്പോൾ നിങ്ങൾക്ക്‌ പെട്ടെന്ന്‌
ആശ്വാസം ലഭിക്കുന്നതായി അനുഭവപ്പെട്ടേക്കാം.  ജപിക്കുമ്പോഴോ, പാടുമ്പോഴോ,
കുട്ടികൾ കളിക്കുന്നതും ചിരിക്കുന്നതും കാണുമ്പോഴോ, നിങ്ങൾക്ക്‌ ഒരു
നിശ്ചിത അന്തരീക്ഷത്തിലെ വിശ്രാന്തി അനുഭവിച്ച്‌ അറിയാനാകും. 

ശ്രീ ശ്രീ രവിശങ്കർ
 നിങ്ങൾ മന്ത്രം ചൊല്ലുമ്പോഴും പാടുമ്പോഴും ആ സ്ഥലത്തെ സ്പന്ദനം മാറുന്നു.
രണ്ടാമത്തെ വിശ്രമമില്ലായ്മ ശരീരത്തിന്റേതാണ്‌.  ശരിയല്ലാത്ത ആഹാരം,
വാതത്തെ കോപിപ്പിക്കുന്ന ആഹാര സാധനങ്ങൾ, തെറ്റായ സമയങ്ങളിലുള്ള ഭക്ഷണം,
വ്യായാമമില്ലായ്മ, കഠിനമായ പ്രയത്നം തുടങ്ങിയവയെല്ലം ശരീരത്തിന്റെ
വിശ്രമമില്ലായ്മയിലേക്കു നയിക്കുന്നു.  ഇതിനുള്ള പരിഹാരം, വ്യായാമം,
അധികരിക്കാത്ത അദ്ധ്വാന ശീലം, ഒന്നോ രണ്ടോ ദിവസമെങ്കിലും പഴച്ചാറും
സസ്യാഹാരവും ശീലിക്കൽ തുടങ്ങിയവയാണ്‌. 
മൂന്നാമത്തേത്‌ മാനസിക വിശ്രമമില്ലായ്മയാണ്‌.  ഇതിനു കാരണം
ആഗ്രഹങ്ങളാണ്‌, പ്രബലമായ ചിന്തകളാണ്‌, ഇഷ്ടങ്ങളും അനിഷ്ടങ്ങളുമാണ്‌.
അറിവുമാത്രംമതി ഈ വിശ്രമമില്ലായ്മ ഭേദമാക്കാൻ.  ജീവിതത്തെ വിശാലമായ
കാഴ്ചപ്പാടിലൂടെ കാണുക.  സ്വന്തം ഉണ്മയെക്കുറിച്ചുള്ള ജ്ഞാനം.  ചുറ്റും
കാണുന്നതെല്ലാം മാറിക്കൊണ്ടിരിക്കുകയാണെന്ന ബോധം.  നിങ്ങൾ എന്തൊക്കെ
നേടിയാലും എന്തു വിശേഷം?  എല്ലാം നേടിക്കഴിഞ്ഞശേഷം നിങ്ങൾ മരിക്കുകയല്ലേ?
 നിങ്ങളുടെ മരണത്തെക്കുറിച്ചുള്ള അറിവ്‌. അല്ലെങ്കിൽ നിങ്ങളുടെ
ജീവിതത്തെക്കുറിച്ചുള്ള അറിവ്‌. സ്വന്തം ഉണ്മയിലുള്ള വിശ്വാസം അഥവാ
ആത്മവിശ്വാസം. ദിവ്യതയിലുള്ള വിശ്വാസം തുടങ്ങിയവയെല്ലാം നിങ്ങളുടെ മാനസിക
വിശ്രമമില്ലായ്മയെ ശമിപ്പിച്ച്‌ നിങ്ങളെ ശാന്തമാക്കുന്നു. 
വൈകാരിക വിശ്രമമില്ലായ്മയാണ്‌ നാലാമത്തേത്‌.  അറിവിന്റെ എത്ര അളവും ഇവിടെ
നിങ്ങളെ സഹായിക്കില്ല.  എന്നാൽ സുദർശന ക്രിയ നിങ്ങളെ സഹായിക്കും; എല്ലാ
വൈകാരിക വിശ്രമമില്ലായ്മയും അപ്രത്യക്ഷമാകും.  അതുപോലെ ഗുരുവിന്റെ
സാമീപ്യം, ജ്ഞാനികളുടെ സാമീപ്യം, പുണ്യാത്മാക്കളുടെ സാമീപ്യം ഇവയെല്ലാം
നിങ്ങളുടെ വൈകാരിക വിശ്രമമില്ലായ്മയെ ശമിപ്പിക്കുന്നു. 
അഞ്ചാമത്തെ വിശ്രമമില്ലായ്മ വളരെ അപൂർവ്വമാണ്‌.  ആത്മാവിന്റെ
സ്വാസ്ഥ്യമില്ലായ്മയാണത്‌.  ഓരോന്നും ശൂന്യവും നിരർത്ഥകമായും തോന്നുമ്പോൾ
അറിയുക, നിങ്ങൾ വളരെ ഭാഗ്യവാനാണെന്ന്‌.  ഇതിനെ അതിവർത്തിക്കുവാൻ നിങ്ങൾ
ശ്രമിക്കേണ്ടതില്ല.  ഇതിനെ ആലിംഗനം ചെയ്യുക! ആത്മാവിന്റെ ഈ
സ്വാസ്ഥ്യമില്ലായ്മ മാത്രം മതി നിങ്ങളെ ഉണ്മയിലേക്കും പ്രാർത്ഥനയിലേക്കും
കൊണ്ടുവരാൻ.  ഇത്‌ നിങ്ങൾക്ക്‌ പൂർണ്ണത കൈവരുത്തുന്നു.  സിദ്ധികളും
അത്ഭുതങ്ങളും നിങ്ങളുടെ ജീവിതത്തിൽകൊണ്ടുവരുന്നു.  

ഇത്‌ വളരെ അമുല്യമാണ്‌.  ദിവ്യതയോടുള്ള നിങ്ങളുടെ അതിയായ വാഞ്ഛയാണിത്‌.  ഒരു
ജ്ഞാനിയുമായുള്ള സമ്പർക്കം ഈ വിശ്രമമില്ലായ്മയ്ക്കു സാന്ത്വനമാകും.
ആകാശത്തിലെവിടെയെങ്കിലുമുള്ള ദിവ്യതയ്ക്കുവേണ്ടി നിങ്ങൾ നോക്കരുത്‌.
എന്നാൽ ഓരോ ജോടി കണ്ണുകളിലും നിങ്ങൾ ഈശ്വരനെ കാണുക.  പർവ്വതങ്ങളിൽ,
വൃക്ഷങ്ങളിൽ, മൃഗങ്ങളിൽ, ജലത്തിൽ എല്ലാം ഈശ്വരനെ ദർശിക്കുക.  എത്ര
സുന്ദരമാണത്‌!  നിങ്ങളുടെ ഉണ്മയിൽ ഈശ്വരനെ ദർശിച്ചാൽ മാത്രമെ നിങ്ങൾക്ക്‌
അതിന്‌ കഴിയുകയുള്ളൂ.  ഈശ്വരന്മാർക്കു മാത്രമെ ഈശ്വരന്മാരെ പൂജിക്കാൻ
കഴിയുകയുള്ളൂ. 
ജാഗ്രത എത്ര ഉയരത്തിലാകുന്നുവോ അത്രയും നിങ്ങൾ യാഥാർത്ഥ്യത്തോട്‌
അടുത്തുവരുന്നു.  അതിലൂടെ നിങ്ങളുടെ പ്രാണൻ വർദ്ധിപ്പിക്കാൻ കഴിയുന്നു.
താഴെപ്പറയുന്ന കാര്യങ്ങളിലൂടെ ഇത്‌ ചെയ്യാൻ സാധിക്കുന്നു.
1.      ഉപവാസം, നിർമ്മലമായ ആഹാരം.
2.      പ്രാണായാമം, സുദർശനക്രിയ, ധ്യാനം.
3.      മൗനം.
4.      തണുത്ത ജലത്തിലെ കുളി.
5.      കൂടുതൽ ഉറങ്ങുന്നത്‌ അനുവദിക്കാതിരിക്കൽ.
6.      അത്യുന്നതമായ വികാരങ്ങളിൽനിന്നുള്ള മോചനം.
7.      ഗുരുവിന്റെ സാമീപ്യം.
8.      ജപവും പാട്ടും.
9.      കർത്തൃത്വബോധമില്ലാതെയുള്ള കൊടുക്കലും സേവയും.

 
       ഈ പറഞ്ഞതെല്ലാം ഒരുമിച്ച്‌ ചേർന്നതാണ്‌ യജ്ഞം.  നിങ്ങൾ ഈ പ്രപഞ്ചം
മുഴുവൻ വന്ദിക്കുമ്പോൾ പ്രപഞ്ചവുമായി നിങ്ങൾ രമ്യതയിലാകുന്നു.  അപ്പോൾ ഈ
പ്രപഞ്ചത്തിലുള്ളതൊന്നും നിങ്ങൾക്ക്‌ നിരസിക്കുവാനോ പരിത്യജിക്കുവാനോ
കഴിയില്ല.  നിങ്ങളുടെ എല്ലാ ബന്ധങ്ങളുമായി ഈ ആദരവ്‌ നിലനിർത്താൻ
കഴിയുന്നുവേങ്കിൽ നിങ്ങളുടെ സ്വന്തം ബോധം തന്നെ അത്രകണ്ട്‌
വികസിക്കുകയായി.  അപ്പോൾ ഏറ്റവും സൂക്ഷ്മമായ കാര്യങ്ങൾ പോലും വളരെ
വ്യക്തവും വലുതുമായി കാണുന്നു.  എല്ലാ ബന്ധങ്ങളിലും ഈ ആദരവ്‌ നിങ്ങൾ
കാണുന്നു.  അത്‌ ബന്ധങ്ങളെ സുരക്ഷിതമാക്കുന്നു.  ജീവിതത്തിന്റെ ഓരോ നിമിഷത്തിലും  ആദരവ്‌ വർദ്ധിപ്പിക്കുന്ന ഈ കൗശലം നിങ്ങൾക്കുണ്ടാകണം.


Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?