പി.കെ .ഗോപി
ആഴത്തില്‍ മുങ്ങിത്തപ്പി
ആദിത്യശിലയെടു-
ത്താത്മാവില്‍ ശിവലിംഗ-
മാരൊരാളുറപ്പിച്ചു ..
ആദിനാദത്തിന്നാഴ -
മോങ്കാരമന്ത്രപ്പൊരുള്‍
നാമെന്നു നാമം ചൊല്ലി
ആരൊരാള്‍ സമര്‍ത്ഥിച്ചു ..
ജീവന്റെ മലര്‍ക്കുട-
മില്ലാതെ വേദത്തിന്റെ
ഭൂപടങ്ങളില്‍ ജ് ഞാന-
മില്ലെന്നു പഠിപ്പിച്ചു ..
ശാരദോദയത്തിന്റെ
താമരത്താളില്‍ വിശ്വ -
മാനവ മഹാസൂക്ത -
മാരൊരാള്‍ കുറിച്ചിട്ടു ..
ജാതിഭൂതങ്ങള്‍ മേഞ്ഞ
കൂരിരുള്‍ കടന്നേതു
സ്നേഹദൂതറിവിന്റെ
നാരായണങ്ങള്‍ ചൊല്ലി..
ആ മഹാഗുരുവിന്റെ
പാദത്തില്‍ വണങ്ങാതെന്‍
പ്രാണന്റെ സാരസ്വത
തൂലിക ചലിക്കില്ല!
------------------