എരമല്ലൂർ സനിൽകുമാർ
ഏേതോ ഒരു യാത്രയിലാണ്
ചുവന്നു തുടുത്ത കവിളുകളുള്ള
അയാളെ പരിചയപ്പെട്ടതെന്നോര്‍ക്കുന്നു!
തികച്ചും യാദ്യശ്ചികമായി
ഇതാ,ഈ ട്രെയിന്‍ യാത്രയില്‍
അയാള്‍ മുഖാമുഖം ഇരിക്കുന്നു.
മുഖവുരയൊന്നുമില്ലാതെ,
ഇന്നലെ കണ്ടു പിരിഞ്ഞതേയുള്ളു എന്ന മട്ടില്‍
അയാള്‍ പറഞ്ഞുതുടങ്ങിയത്
മലകയറ്റത്തെക്കുറിച്ചാണ്.
മലകയറ്റം അയാള്‍ക്കൊരു ഹോബിയാണെന്ന്
അന്നയാള്‍ പറഞ്ഞത് തികട്ടിവന്നു.
കുത്തനെയുള്ള മലയിലേയ്ക്ക്
അള്ളിപ്പിടിച്ചു ക്യറുന്നവന്റെ സാഹസികത
സംസാരത്തിനിടയിലെ
അയാളുടെ ചേഷ്ടകളില്‍ മുഴയ്ക്കുന്നു.
ഇയാള്‍ നല്ലൊരു കാഥികന്‍ കൂടിയാണെന്ന്
ഉള്ളില്‍ ഞാന്‍ ചിരിച്ചു.
അപ്പോഴും
ചത്തമീനിന്റെ നിര്‍വ്വികാര്‍തയായിരിക്കണം
എന്റെ മുഖത്ത് നിഴലിച്ചത്!
(ഞാനെന്നും
അവളുടെ മിഴികളില്‍ കാണുന്നതല്ലേ,
എന്റെ ഈ മുഖം!)
അതു കണ്ടിട്ടായിരിക്കാം
അയാള്‍ പെട്ടെന്ന് നിശബ്ദനായത്.
അകന്നുപോകുന്ന കാഴ്ചകളിലേയ്ക്ക്
അയാള്‍ പിറുപിറുക്കുന്നത് കേള്‍ക്കാമായിരുന്നു,
ചിലര്‍ ഇങ്ങനെയാണ്
ഒന്നിലും താല്‍പ്പര്യമുണ്ടായിരിക്കില്ല!
കാഴ്ചകളെമൂടി ഞാന്‍ തേങ്ങി.
ശരിയാണ് സുഹൃത്തേ,
ജീവിതമാകുന്ന മലകയറ്റത്തില്‍
ഉള്ളം നുറുങ്ങി നില്‍ക്കുന്നവന്
ഒന്നിലും താല്‍പ്പര്യമുണ്ടായിരിക്കില്ല.
വലിഞ്ഞുകയറുന്ന വടം
എപ്പോള്‍ പൊട്ടുമെന്ന ഭീതിമാത്രമെ,
അവന്റെ കണ്ണിലുണ്ടായിരിക്കൂ.
അതെ,ചത്തമീനിന്റേതുപോലുള്ള
ഒരു നിര്‍വ്വികാരത!
എരമല്ലൂര്‍ സനില്‍കുമാര്‍