14 Jan 2012

കിടപ്പറ -.................

സ്മിത പി.കുമാർ

കട്ടില്‍

തടവറയിലകപ്പെട്ട  അരണ്ട  വെളിച്ചത്തിന്‍
അരികുകള്‍ തേടി മിഴി പായിച്ചു
രണ്ടതിരുകളില്‍ ഉടലിന്റെ ഭാരം താങ്ങി
നീണ്ട നെടുവീര്‍പ്പുകളില്‍ മുഖമാഴ്ത്തി നാം .

ഘടികാരം

വായുവില്‍ തൂങ്ങിയാടുന്ന നിമിഷങ്ങള്‍
നമ്മിലെ സംവേദനത്തിന്റെ ഏക ശബ്ദം.
ആന്ധോലനങ്ങളില്‍ ഏറെ കൊരുത്തിട്ടും
ഇഴചേരാത്ത വഴികളില്‍ വേര്‍പെടുന്ന താളം.

പങ്ക

ഉഷ്ണ കാറ്റു പൊട്ടി ഒലിക്കുന്ന ചിറകുകള്‍
ചിതറി തെറിപ്പിച്ച മോഹങ്ങള്‍.
അടിച്ചുവാരി അടുക്കിവെക്കുവാനാകാതെ
താഴ്ന്നും ഉയര്‍ന്നും കറങ്ങിതിരിഞ്ഞും വൃഥാ.

അലമാര

കള്ളികളില്‍ തളിര്‍ക്കാത്ത പൂക്കാത്ത സമ്പത്ത്
പങ്കുവെക്കലുകള്‍ പകരം വച്ച സമയത്തിന്‍ വില.
ലോക്കറില്‍ കനം വെക്കുന്ന ഭാവി
ഇരട്ടിക്കാത്ത സമാധാനം...ഭദ്രം!


 കണ്ണാടി

കാഴ്ചകളില്‍ നേരു കാട്ടുന്ന മുഖം
ഉള്ളറകള്‍ ചികയാതെ ഉള്ളതു കാട്ടി
ഉറയൂരി കളഞ്ഞു നാം ഇഴഞ്ഞു കയറുന്ന
നമ്മിലെ വിശ്വാസത്തിന്റെ പോടുകള്‍ .

നാം മാതൃകാ ദമ്പതികള്‍
പോര്‍ വിളികള്‍ മുഴക്കാത്ത,
ഒളിയമ്പുകളെയ്യാത്ത,
ചാവേറുകള്‍ .
ഇതു നമ്മുടെ രക്തസാക്ഷി മണ്ഡപം .

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...