14 Jan 2012

കാണാമറയത്ത്

കുസുമം പി.കെ

സംഭവത്തിനുശേഷം ആദ്യമായി ബോട്ടു സവാരി തുടങ്ങിയത് ആറുമാസത്തിനു മുമ്പായിരുന്നു. .മുത്തശ്ശിയുടെ കൈപിടിച്ച് ബോട്ടിലിരുന്ന കൊച്ചുമകന് ഒരുപാടു കാര്യങ്ങള്‍ ചോദിക്കാനുണ്ടായിരുന്നു.ബോട്ടു ഡ്രൈവര്‍ ഇടയ്ക്കിടയ്ക്ക് മുന്പിലുള്ള കംപ്യൂട്ടര്‍ സ്ക്രീനില്‍ നോക്കുന്നുണ്ട്. വഴിതെറ്റാതിരിയ്ക്കാന്‍. ജിയോഗ്രാഫിക്കല്‍ മാപ്പിനെ ആശ്രയിച്ചാണല്ലോ  ബോട്ടോടിയ്ക്കുന്നത്.കുറച്ചുകൂടി ടൂറിസം വികസിച്ചു. അവിടവിടെയായി ബോട്ടുകള്‍ വേറെയും ഉണ്ട്.

അനന്ത നീലാകാശം പോലെ പരന്നു കിടക്കുന്ന ജലപ്പരപ്പ്.കായലും കടലും എല്ലാം ഒന്നായി തീര്‍ന്ന ജലപ്പരപ്പ്.മുത്തശ്ശിയുടെ കണ്ണില്‍ക്കൂടി ഒഴുകിയ കണ്ണീരിന്‍റെ കാരണം പിടികിട്ടാതെ കൊച്ചുമോന്‍ വിഷമിച്ചിരുന്നു.കൈയ്യിലിരുന്ന ഭൂപടം എടുത്തു പരതിക്കൊണ്ട് അവര്‍ ആരോടെന്നില്ലാതെ പറഞ്ഞു. ഇവിടെ എവിടെയെങ്കിലും ആയിരിക്കണം.പേരക്കുട്ടി കഥയറിയാതെ മിഴിച്ചിരുന്നു.

അവന് ആകാംക്ഷ അടക്കാന്‍ കഴിയാതിരുന്ന ഒരു നിമിഷം അവന്‍ മുത്തശ്ശിയോടു തിരക്കി. “മുത്തശ്ശി എന്തിനാണു കരയുന്നത്?”
മുത്തശ്ശി മുത്തശ്ശിക്കഥപോലെ ആ കഥ പറഞ്ഞു കൊച്ചു മകനെ കേള്‍പ്പിച്ചു.
മുത്തശ്ശിയുടെ മുത്തേ, ഒരു കാലത്ത് ഇവിടെയൊരു ഗ്രാമമുണ്ടായിരുന്നു.പുഴയും വയലും തെങ്ങിന്‍  തോപ്പുമുണ്ടായിരുന്ന ഒരു ഗ്രാമം.പള്ളിയും അമ്പലവും മോസ്ക്കും ഉണ്ടായിരുന്ന ഗ്രാമം.കുറച്ചു നല്ല മനുഷേമ്മാരും.കുറച്ചകലെ മാറി ഒരു പട്ടണവും. അതിനെ കിഴക്കിന്‍റെ വെനീസെന്നായിരുന്നു വിളിച്ചിരുന്നത്.”
“മുത്തശ്ശിയെന്തായിപ്പറയുന്നത്.കുട്ടനൊന്നും മനസ്സിലാകുന്നില്ല.”
“അതെ മോനതൊന്നും മനസ്സിലാകില്ല. സായിപ്പിന്‍റെ  നാട്ടില്‍ ജനിച്ചുവളര്‍ന്ന മോന് അതൊന്നും മനസ്സിലാകത്തില്ല.”
ബോട്ട് സ്പീടു കുറച്ച് പതുക്കെ മുത്തശ്ശിയുടെ നിര്‍ദ്ദേശാനുസരണം കറങ്ങിക്കൊണ്ടേയിരുന്ന.
അവിചാരിതമായാണ് അതു കണ്ടത്. അവര്‍ അലറിക്കൊണ്ട്  ബോധമില്ലാതെ പുലമ്പുന്നതുപോലെ  പറഞ്ഞു.
“അതെ, ഇവിടെ തന്നെ.ഇവിടെ തന്നെയാണ് ആ സ്ഥലം.
ഈ അന്തരീക്ഷത്തിലെന്‍റെ നാടിന്‍റ മണം.പുഞ്ചവയലിന്‍റെ മണം.പൂക്കൈതയാറിന്‍റ മണം.എല്ലാം ഈ വായുവിലുണ്ട്.ഉണ്ണിക്കണ്ണന്‍റെ അമ്പലമണിമുഴക്കം ഇവിടെ കേള്‍ക്കുന്നു.അതേ
ഇവിടെ തന്നെയാണാസ്ഥലം. അതേ മുത്തശ്ശി ഓടിക്കളിച്ച സ്ഥലം എല്ലാം കാണാന്‍
കഴിയുന്നുണ്ട്.ഈ മുത്തശ്ശിക്ക്. കുട്ടാ.മുത്തശ്ശിയുടെ അകക്കണ്ണുകൊണ്ട്. എല്ലാം കാണുന്നു.

 അതാ ആ അമ്പലത്തിന്‍റ ഗോപുരം. ശരിയാണ്.അതിന്‍റെ അറ്റം അതാണീകാണുന്നത്. അതു മാത്രം തകര്‍ന്നില്ല. പറഞ്ഞു കേട്ടിട്ടുണ. നാരായണത്തു ഭ്രാന്തന്‍ ഉറപ്പിച്ച വിഗ്രഹമാണെന്ന്. അത്രയും പഴക്കമുള്ള ഗോപുരവും. കരിങ്കല്ലിലാണ് തീര്‍ത്തിരിയ്ക്കുന്നത്. അന്നേ, കുട്ടിക്കാലത്തേ അതൊരു വിസ്മയമായി തന്‍റ മനസ്സിലിടം പിടിച്ചിരുന്നതാണല്ലോ.”
അത്രയും ഉയരത്തിലുള്ള ഗോപുരം വേറെ വടക്കെവിടെയോ ഉണ്ടെന്ന് അമ്മയുടെ കൈയ്യില്‍  തൂങ്ങി അമ്പലനടയില്‍ കൂടി നടക്കുമ്പോള്‍ അമ്മ പറഞ്ഞിട്ടുണ്ട്.
വീണ്ടും ഭ്രാന്തിയെപ്പോലെ ആ വൃദ്ധ വിതുമ്പിക്കൊണ്ട് പറഞ്ഞു.
മോന്‍റെ മുത്തശ്ശന്‍, മുത്തശ്ശന്‍റെ ബന്ധുക്കളെല്ലാം, മുത്തശ്ശിയുടെ ബന്ധുക്കളെല്ലാം, ഈ ജലപ്പരപ്പിന്‍റെ അടിയിലെവിടെയൊക്കെയോ..അവര്‍ ശ്വാസം മുട്ടി നിലവെള്ളത്തില്‍
കൈകാലിട്ടടിച്ച് ലക്ഷങ്ങളോടൊപ്പം മരിച്ചു പൊന്തി.മുത്തശ്ശി ആശിച്ചു മോഹിച്ചു വെച്ച വീട്...
മുത്തശ്ശനുമായി ബന്ധുക്കളോടൊപ്പം വയസ്സു കാലത്ത് പാര്‍ക്കാന്‍ വെച്ച വീട്,എല്ലാം ഈ
വെള്ളത്തിന്‍റടിയിലെവിടെയോ...
വീണ്ടും കുട്ടി മുത്തശ്ശിയോട്.” മുത്തശ്ശീ, കടങ്കഥ പറയാതെ, കരയാതെ , കാര്യം പറയൂ.”
വീണ്ടും  ആ കുരുന്ന് മുത്തശ്ശിയെ നിര്‍ബന്ധിച്ചു.
പറയാം എല്ലാം മുത്തശ്ശി കുട്ടനോടു പറയാം.
 ഇവിടെപ്പണ്ട് തൂണിപ്പെരിയാറെന്നൊരു അണക്കെട്ടുണ്ടായിരുന്നു.നമ്മുടെ കൊച്ചു കേരളത്തിന്‍റയും അയല്‍സംസ്ഥാനമായ തമിഴ്നാടിന്‍റെയും അതിര്‍ത്തിയില്‍.കേരളവും തമിഴ് നാടും ഇതിനെ  ചൊല്ലി ,ഇതിന്‍റെ വെള്ളത്തിനെ  ചൊല്ലി വാദ പ്രതിവാദങ്ങളുമായിമുന്നോട്ടുപോയി.വര്‍ഷങ്ങള്‍
കടന്നുപോയി.ഒന്നും അറിയാത്ത അണക്കെട്ടിലൂടെ വെള്ളം ചോര്‍ന്നു പൊയ്ക്കൊണ്ടെയിരുന്നു.വാദം
കോടതിയിലായി.അതുവെച്ച് രാഷ്ട്രീയം കളിച്ചുകുറച്ചുപേര്‍.കേസു സുപ്രീം കോടതിയിലായി.രാ ഷ്ട്രീയ നേതൃത്വങ്ങള്‍ നടത്തിയമുതലെടുപ്പും വിഴുപ്പക്കലും വറെ.
“ഈ പറയുന്നതൊന്നും കുട്ടനു മനസ്സിലാകുന്നില്ല.”
കുട്ടനു മനസ്സിലാകും.ഒരുകാലത്ത്.കുട്ടനച്ഛനോളമാകുമ്പോള്‍ മനസ്സിലാകും.
“എന്നാലും മുത്തശ്ശി പറയൂ.”ആ കുട്ടി ആകാംക്ഷാപൂര്‍വ്വം പറഞ്ഞു.
അങ്ങിനെ രാഷ്ട്രീയ തീരുമാനങ്ങള്‍ക്കും കോടതി വിധിക്കും മുന്നെ പ്രകൃതി തന്നെ വിധിയെഴുതി.
തൂണിപ്പെരിയാര്‍ ഡാം പൊട്ടി.ഒരു കനത്ത ഭൂചലനത്തില്‍.അതിന്‍റെ പ്രത്യാഘാതത്താല്‍,
വേറെ നാല് അണക്കെട്ടുകളും തകര്‍ന്നു.വെള്ളം സംഹാര താണ്ഡവമാടി.എല്ലാം നക്കിതുടച്ചുകൊണ്ട് അറബിക്കടലിലോട്ട്  കുതിച്ചു. അങ്ങിനെ ഈ കുഞ്ഞു സംസ്ഥാനത്തിന്‍റെ
മധ്യഭാഗം ഇല്ലാതായി.അപ്പുറവും ഇപ്പുറവും ഓരോ കുഞ്ഞു തുരുത്തായി ശേഷിച്ചു.
അന്ന് ആ ആഗസ്റ്റു മാസത്തില്‍ മുത്തശ്ശിയെ യാത്രയാക്കി,നിങ്ങളുടെ അടുക്കല്‍ സായിപ്പിന്‍റെ
നാട്ടിലോട്ടു വിട്ടിട്ട്   തലസ്ഥാന നഗരിയിലെ വീട്ടില്‍ നിന്നും മുത്തശ്ശന്‍ ബന്ധുക്കളുടെ അടുക്കലോട്ടു പോന്നു.മുത്തശ്ശി തിരികെ വരുന്ന ദിവസം കണക്കാക്കി വരാമെന്നും പറഞ്ഞ്. അതിന്‍റെ പിറ്റെന്നല്ലെ എല്ലാം സംഭവിച്ചത്.
“ഇപ്പോള്‍ കുട്ടനെല്ലാം മനസ്സിലായി.”ഒരു നിശ്വാസമുതിര്‍ത്തു കൊണ്ട് അവന്‍ പറഞ്ഞു.

“മുത്തശ്ശിയെന്തായിക്കാട്ടുന്നത്?ഈ അരിയും എള്ളും പൂവും വെള്ളത്തിലോട്ട് .ആര്‍ക്കു വേണ്ടി?”

മുത്തശ്ശിയുടെ ഒരാഗ്രഹം.അവസാനമായി..മുത്തശ്ശനു വേണ്ടി,മുത്തശ്ശന്‍റെ ബന്ധുക്കള്‍ക്കു
വേണ്ടി,മുത്തശ്ശിയുടെ ബന്ധുക്കള്‍ക്കു വേണ്ടി...ഈ നാട്ടാര്‍ക്കു വേണ്ടി.ഈ ഒരുപിടി അരിയും എള്ളും പൂവുംകൊണ്ട് ഒരു പിതൃ തര്‍പ്പണം.
അപ്പോള്‍ നമുക്കിനി തിരിച്ചു പോകാം അല്ലേ മുത്തശ്ശി...ഡ്രൈവറോടു പറയട്ടെ,മുത്തശ്ശിയുടെ ആഗ്രഹം നിറവേറ്റിയല്ലോ.ഇനിയെന്തെങ്കിലും ആഗ്രഹമുണ്ടോ മുത്തശ്ശിക്ക്.തിരിച്ചു പോകുന്നതിനു മുമ്പായി.പറയൂ..
ഉണ്ട്. കുട്ടനു സാധിച്ചു തരുവാന്‍ പറ്റുമോ ഈ മുത്തശ്ശിക്ക്.. മുത്തശ്ശിയുടെ ജന്മ നാടിനെ ദൈവത്തിന്‍റെ സ്വന്തം നാടിനെ പഴയതുപോലെ ആക്കിത്തരുവാന്‍..ഉത്തരം കിട്ടാത്ത ചോദ്യമായി,  ജലപ്പരപ്പില്‍ ആ ചോദ്യത്തിന്‍റ അലകള്‍ അമ്മാനമാടി....

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...