14 Jan 2012

അഞ്ചാംഭാവം



 ജ്യോതിർമയി ശങ്കരൻ


സ്ത്രീ സ്വന്തം കഴിവിനെ മറക്കുന്നോ?

Cc: JYOTHIRMAYI SANKARAN <jyothirmayi.sankaran@gmail.com>


ഇതാ ചിന്തോദ്ദീപകമായ മറ്റൊരു ഇ-മെയിൽ സന്ദേശം കൂടി മെയിൽ ബോക്സിൽ. സ്ത്രീയെക്കുറിച്ചു തന്നെ. അവളുടെ ഒട്ടനവധി കഴിവുകളെ ചൂണ്ടിക്കാട്ടിയ ശേഷം  അവൾ സ്വന്തം കഴിവിനെ മറക്കുന്നുവെന്നതാണവളുടെ കുറ്റമായി ഇവിടെ കണ്ടെത്തിയിരിയ്ക്കുന്നത്.അഞ്ചാം ഭാവത്തിന്റെ ആദ്യ ലേഖനത്തിൽ സ്ത്രീയെക്കുറിച്ചും അവളുടെ സൃഷ്ടി സമയ്ത്തു അവൾക്കു ദൈവത്തിൽ നിന്നും  കിട്ടാനിടയായ പല പ്രത്യേകതകളെക്കുറിച്ചും ഞാൻ വിശദമായി എഴുതിയിരുന്നുവല്ലോ.

പ്രത്യേക സമ്മാനമായി അവൾക്ക് കിട്ടിയ കണ്ണുനീരിന്റെ സ്ഥാനത്തും അസ്ഥാനത്തുമായ  ഉപയോഗങ്ങളെക്കുറിച്ചും  നമുക്കറിയാത്തതല്ല. സ്ത്രീ സ്വന്തം കഴിവിനെ തിരിച്ചറിയുന്നില്ലേയെന്ന ചോദ്യവും  പലപ്പോഴും മനസ്സിൽ തോന്നാറുള്ളതു തന്നെയാണ്. ഏതായാലും ആരുടേയോ ഭാവനയിൽ നിന്നും ഉരുത്തിരിഞ്ഞ ഈ കഥ   ഇ-മെയിൽ ആയി വായിച്ചപ്പോൾ അതെന്നെ എന്നെ ഏറെ ഇരുത്തിച്ചിന്തിപ്പിച്ചു.

കഥ ഇങ്ങിനെയാണ്. തുടർച്ചയായ ആറാം ദിവസവും രാത്രി വളരെ വൈകി സ്ത്രീയുടെ സൃഷ്ടിയിൽത്തന്നെ മുഴുകിയിരിയ്ക്കുന്ന ദൈവത്തിനോട് മാലാഖ ആ സൃഷ്ടിയുടെ പ്രത്യേകതയെപ്പറ്റി ചോദിയ്ക്കുമ്പോൾ ദൈവം വാചാലനാകുന്നു. സ്ത്രീരൂപത്തിനേകേണ്ടുന്ന പ്രത്യേകതകളെക്കുറിച്ച് പറയുന്നു. ഈ സൃഷ്ടി പ്രക്ഷാളനം ചെയ്യാൻ കഴിയുന്ന ഒന്നാകണം,200ൽ അധികം മാറ്റാനാകുന്ന ഭാഗങ്ങളാൽ നിർമ്മിതമാകണം,എന്തു ഭക്ഷണവും കഴിച്ചു പ്രവർത്തന ശേഷി നിലനിർത്താൻ കഴിയുന്നതാകണം, ഒരേ സമയത്ത് ഒട്ടനവധി കുഞ്ഞുങ്ങളെ ആശ്ലേഷിയ്ക്കാനാകുന്ന വിധത്തിലുള്ളതാകണം, പൊട്ടിയ കാൽമുട്ടു മുതൽ പൊട്ടിത്തകർന്ന ഹൃദയത്തെ വരെ ഒരു ആലിംഗനത്താൽ  സുഖപ്പെടുത്താനുള്ള കഴിവുണ്ടാകണം.

ഇവയെല്ലാം തന്നെ രണ്ടു കൈകളാൽ ചെയ്യാനാകുകയും  വേണം. സ്ത്രീകളുടെ സവിശേഷതകളെക്കുറിച്ചുള്ള ദൈവത്തിന്റെ ഈ  വിവരണം മാലാഖയിൽ മതിപ്പുളവാക്കുന്നു. ബാക്കി സൃഷ്ടി നാളെപ്പോരേ എന്ന ചോദ്യത്തിന് ഈ സൃഷ്ടി തനിയ്ക്കേറെ പ്രിയമാർന്നതാ‍ണെന്നായിരുന്നു ഉത്തരം.അസുഖം വന്നാൽ ആരോഗ്യം വീണ്ടെടുക്കാനും ദിവസം 18 മണിക്കൂർ പണിയെടുക്കാനും ഇവൾക്കാകുമെന്നും ദൈവം മറുപടി പറയുന്നു. തൊട്ടാൽ മൃദുലമാണല്ലോ എന്ന ചോദ്യത്തിനു മൃദുലമെങ്കിലും എന്തും സഹിയ്ക്കാനും അതിജീവിയ്ക്കാനുമുള്ള ശക്തിയും  താനിവൾക്കു നൽകിയിട്ടുണ്ടെന്നു ദൈവം പറയുന്നു. ആലോചനാശക്തിയുണ്ടോ എന്ന ചോദ്യത്തിനു ചിന്തിയ്ക്കാൻ മാത്രമല്ല, യുക്താനുസരണം തിരിച്ചറിയാനും ധാരണയിലെത്തിയ്ക്കാനും ഇവൾക്കാകുമെന്നായിരുന്നു മറുപടി. 

കവിളിലെ നനവ് ചോർച്ചയല്ലെന്നും കണ്ണുനീരാണെന്നും അത് അവളിലെ സങ്കടത്തേയും സന്ദേഹത്തേയും സ്നേഹത്തേയും നിസ്സഹായതയേയും ക്ലേശങ്ങളേയും അഭിമാനത്തേയും ദ്യോതിപ്പിയ്ക്കുന്നതിനുള്ള വഴി മാത്രമാണെന്നും ചോദ്യങ്ങൾക്കുത്തരമായി ദൈവം പറയുന്നു. ദൈവത്തിന്റെ സൃഷ്ടിയിൽ മതിപ്പാർന്ന മാലാഖ സ്ത്രീ സൃഷ്ടി ഏറെ വൈശിഷ്ട്യമാർന്നതു തന്നെയെന്നു പറയുമ്പോൾ ദൈവം എന്തു പറയുന്നുവെന്നു കേൾക്കൂ:
“സ്ത്രീയുടെ സൃഷ്ടി വൈശിഷ്ട്യമാർന്നതു തന്നെ. അവളുടെ കഴിവുകൾ പുരുഷനെ അതിശയിപ്പിയ്ക്കുന്നു.പ്രശ്നങ്ങളെ കൈകാര്യം ചെയ്യാനും ഭാരം കൂടിയ പ്രാരാബ്ധങ്ങളെ ചുമക്കാനും അവൾക്കാകുന്നു. സന്തോഷവും സ്നേഹവും അഭിപ്രായങ്ങളും അവളുടെ മുഷ്ടിയ്ക്കുള്ളിലാണ്.അട്ടഹസിയ്ക്കണമെന്നു തോന്നുന്ന സമയത്ത് അവൾക്ക് പുഞ്ചിരിയ്ക്കാനാകുന്നു. കരയണമെന്നു തോന്നുമ്പോൾ അവൾക്ക് പാടാനാകുന്നു.

സന്തോഷം വരുമ്പോൾ കരയുന്നു, പേടി തോന്നുമ്പോൾ ചിരിയ്ക്കുന്നു.വിശ്വസിച്ചതിനായി അവൾ പൊരുതുന്നു. അന്യായത്തിന്നെതിരായി നിലപാടെടുക്കുന്നു. മെച്ചമായ മറ്റൊരു പോംവഴി കാണുന്ന പ്രശ്നങ്ങളിൽ നിഷേധാത്മകമായ മറുപടിയെ അവൾക്കുൾക്കൊള്ളാനാകില്ല.കുടുംബത്തിന്റെ ഉന്നതിയ്ക്കായി സ്വയം ബലിയർപ്പിയ്ക്കാനവൾ തയ്യാറാകുന്നു. അസുഖമുള്ള സുഹൃത്തിനെ ഡോക്ടറുടെ സമീപമെത്തിയ്ക്കാൻ അവൾക്കു കഴിയുന്നു. അവളുടെ സ്നേഹം നിരുപാധികമാണ്. സ്വന്തം മക്കൾ വിജയശ്രീലാളിതരാകുമ്പോൾ അവൾ കരയുന്നു.സുഹൃത്തുക്കളുടെ ഉയർച്ച അവളിൽ സന്തോഷമുളവളാക്കുന്നു.ഒരു ജനനമോ വിവാഹമോ അവൾക്ക് സന്തോഷപ്രദമാകുന്നു. അടുത്ത ബന്ധുവിന്റെയോ സുഹൃത്തിന്റെയോ മരണം അവളെ ദു:ഖിതയാക്കുന്നു. 

പക്ഷേ എല്ലാം സഹിച്ചു ജീവിതം മുന്നോട്ടു നീക്കാൻ അവൾ ശക്തി കണ്ടെത്തുന്നു.  കാരണം അവൾക്കറിയാം എത്ര തകർന്ന ഹൃദയത്തേയും സുഖപ്പെടുത്താൻ ഒരു ചുംബനമോ ആശ്ലേഷമോ മതിയെന്ന്.പക്ഷേ ഒരു കുറ്റം മാത്രമേ അവൾക്കുള്ളൂ, സ്വന്തം മൂല്യം പലപ്പോഴും അവൾ മറന്നുപോകുന്നു.“

ആരുടേയോ ഭാവനയിൽ നിന്നും മിനഞ്ഞെടുക്കപ്പെട്ട ഈ കഥ എന്റെ മനസ്സിനെ വല്ലാതെ സ്പർശിച്ചു. സ്ത്രീയെ ശരിയായി പഠിച്ചെഴുതിയതാണിതെന്നു പറയാനാകുമോ?. അപ്പോൾ പിന്നെ ഇത്  സ്ത്രീ ആരായിരിയ്ക്കണമെന്ന സന്ദേശമാണോ തരുന്നത്? ആരുടെ അഭിപ്രായമാണെങ്കിലും ഇതിൽ കഴമ്പുണ്ടോ എന്നതാണ് നമുക്കറിയേണ്ടത്. മാറിക്കൊണ്ടിരിയ്ക്കുന്ന സാമൂഹിക വ്യവസ്ഥിതിയിൽ ഇതിനെത്രത്തോളം പ്രസക്തിയുണ്ടെന്നതും നോക്കേണ്ടിയിരിയ്ക്കുന്നു. പണ്ട് കുടുംബത്തിന്റെ മുഴുവൻ ഭാരവും തലയിലേറ്റാൻ അവൾക്കു കഴിഞ്ഞിരുന്നുവെന്നത് നേരുതന്നെ. 

സമൂഹത്തിന്റെ കാഴ്ച്ചപ്പടും ഘടനാരീതിയും ഒക്കെ മാറിക്കഴിഞ്ഞിരിയ്ക്കുന്നു. പഴയതുപോലെ ഒതുങ്ങിക്കഴിയാനവൾക്കാവില്ല. പണ്ട് ധനസമ്പാദനം പുരുഷന്മാരുടെ കുത്തകയായിരുന്നതിനാൽ വീടു വിട്ട് അതിനായി പുറത്തു പോകേണ്ട ആവശ്യം അവൾക്കുണ്ടായിരുന്നില്ല. ഇന്നാണെങ്കിൽ ഗ്ലോബലൈസേഷന്റെ ആകർഷകത കനമുള്ള ശമ്പളപ്പാക്കറ്റുകളായി അവൾക്കു മുന്നിലെത്തുമ്പോൾ  അതിനെ നിരസിയ്ക്കാനവൾക്കാകുന്നില്ല. 

ആവശ്യത്തിന്നനുസൃതമായി ആ ചുമതല കൂടി തലയിലേറുമ്പോൾ കൂടുതൽ തിരക്കാർന്ന ജീവിതരീതി പലതും ത്യജിയ്ക്കാനവളെ പ്രേരിപ്പിയ്ക്കുന്നു.ഭൌതികമായ വസ്തുക്കളോടുള്ള ആകർഷണം അവളെ കൂടുതൽ ഉത്ക്കർഷേച്ഛുവാക്കി മാറ്റിയെന്നും വരാം. പക്ഷേ കാലാനുസൃതമായ മാറ്റങ്ങൾ അവൾ ചെയ്യുമ്പോൾ അതു സ്വന്തം കഴിവുകളെ മറക്കലല്ല, മറിച്ച് ശരിയായി ഉപയോഗിയ്ക്കലാണ് എന്നാണെനിയ്ക്കു തോന്നിയിട്ടുള്ളത്.പഴയ് രീതിയിൽ നിന്നും ചട്ടക്കൂടുകളിൽ നിന്നും പുറത്തു വരാനും കാലത്തിനനുസരിച്ചു മാറാനും പഠിയ്ക്കുക തന്നെയാണല്ലോ പുരോഗതിയുടെ ലക്ഷണം.
കാലത്തിന്നനുസരിച്ച് മാറാനും വെല്ലുവിളികളെ നേരിടാനും കഴിയുന്ന സ്ത്രീ എങ്ങിനെ സ്വന്തം കഴിവുകളെ മറക്കും?

ഇന്നും കുടുംബത്തിന്റെ കടിഞ്ഞാൺ അവൾക്ക് കയ്യിൽ തന്നെ. കൂടുതൽ സങ്കീർണ്ണമായ ജീവിതരീതി പുരുഷനൊത്ത് തോളോട് തോൾ ചേർന്ന് നീങ്ങാൻ അവൾ പഠിച്ചുവെങ്കിൽ അവൾ സ്വന്തം കഴിവിനെക്കുറിച്ച് സദാ ബോധവതിയാണെന്നുതന്നെയാണ് കാണിയ്ക്കുന്നത്. അവളുടെ ഉത്ക്കർഷേച്ഛയെ സ്വന്തം ലാഭേച്ഛയെന്നു മുദ്രകുത്താനാകില്ല.സ്വന്തം കുടുംബത്തിന്റെ ഉന്നമനം തന്നെ അവളുടെ ലക്ഷ്യ്യം. സമീപനരീതിയിലെ വ്യത്യാസം അത്യന്താപേക്ഷികവും. അത് അവളുടെ കുറ്റമാണെന്നും പറയാനാവില്ല. പലപ്പോഴും അന്യർക്കായി ജീവിച്ചു സ്വയം ജീവിയ്ക്കാൻ മറന്നുപോകുന്നവരുടെ കാലം കഴിഞ്ഞിരിയ്ക്കാം.


പുരോഗതിയിലേയ്ക്കുള്ള വഴിയിൽ കാലഭേദങ്ങൾക്കനുസൃതമായ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടേയിരിയ്ക്കും. അവ നമുക്ക് ദോഷകരമായി ഭവിയ്ക്കുന്നത് വരെ തുടരുന്നതിൽ തെറ്റുണ്ടെന്നും തോന്നുന്നില്ല. കൂട്ടലുകളും കിഴിയ്ക്കലുകളും ഉൾക്കൊണ്ട് ജീവിതം മുന്നോട്ട് പോകുക തന്നെ ചെയ്യും.ഇടയിലെന്തെങ്കിലും സംഭവിയ്ക്കുകയാണെങ്കിൽ തീർച്ചയായും അതിനെ സ്ത്രീ നേരിട്ടു കൊള്ളും , അവൾ ബോധവതിയാകും, അവൾക്കറിയാം എത്ര തകർന്ന ഹൃദയത്തേയും സുഖപ്പെടുത്താൻ ഒരു ചുംബനമോ ആശ്ലേഷമോ മതിയെന്ന്....

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...