14 Jan 2012

ഒരു പുറപ്പാടിന്റെ പുസ്തകം


പോൾ തേലക്കാട്ട്‌
  അടുത്തുതന്നെ പ്രസിദ്ധീകരിക്കുന്ന ,എം. കെ. ചന്ദ്രശേഖരന്റെ 'ദി മദർ ' എന്ന നോചലിനെക്കുറിച്ച്

ശ്രീ.എം.കെ.ചന്ദ്രശേഖരന്റെ "ദി മദർ"കൽക്കത്തയിലെ മദർ തെരേസയുടെ
ജീവചരിത്രമാണ്‌. പക്ഷേ, ശ്രീ.എം.കെ.ചന്ദ്രശേഖരൻ അത്‌ എഴുതിയിരിക്കുന്നതു
പരകായ പ്രവേശത്തിലൂടെ മദറിന്റെ മനസ്സിലേക്കു കടന്നിരുന്ന
ഉത്തമപുരുഷാഖ്യാനത്തിലൂടെയാണ്‌. തികച്ചും സാഹസികമായ ഒരു പുറപ്പാടിലൂടെ ആ
മനസ്സിലേക്കു കടന്നിരുന്ന മദർ സ്വന്തം കാശി കണ്ട കഥ പറയുന്നു.

       ആ കഥയുടെ ആദിയും അന്തവും മദർ അനുഭവിച്ച അതീവ ആത്മപീഡനത്തിന്റെയും
വിഹ്വലതകളുടെയും മിഥ്യാബോധത്തിന്റെയുമാണ്‌. മദറിന്റെ കിശോരനിർമ്മലമായ
ജീവിതത്തിൽ അതൊരു കല്ലുകടിയായോ? അമൃതതുല്യമായ നന്മയുടെ
സാന്നിദ്ധ്യംകൊണ്ടു ആയിരങ്ങളുടെ ദൈന്യജീവിതങ്ങളെ നക്ഷത്രങ്ങളിൽ തൊടുന്ന
അവർക്കു കിട്ടിയത്‌ ഈ കല്യാണമാണോ? ജീവിതംകൊണ്ടാശ്ലേഷിച്ചതു മിഥ്യയെയാണ്‌
എന്ന ബോധം. സ്നേഹത്താൽ ഭ്രാന്തമായി ആ സ്വപ്നത്തിൽ കണ്ടതായ എല്ലാം
കിനാവിന്റെ കണിയായി മാറിയോ? നിന്ദിതർക്കും പീഡിതർക്കും പുതിയ ജീവിതം
നൽകിയ അവരുടെ തീർത്ഥാടനം വെറും നിദ്രാടനമായോ?

       1950-60 കളിൽ മദർ തെരേസ തന്റെ ആത്മീയപിതാക്കന്മാരായ ഫാ.വാൻ
എക്സം,ഫാ.പിക്കാച്ചി, ഫാ.ജോസഫ്‌ നൊയ്നർ എന്നിവർക്ക്‌ എഴുതിയ കത്തുകളിൽ
ദൈവത്തിലുള്ള സംശയത്തിന്റെയും പരിത്യക്തത്തയുടെയും പീഡനങ്ങളുടെയും
അനുഭവങ്ങളെക്കുറിച്ചു പറയുന്നുണ്ട്‌. "ഭയങ്കരമായ നഷ്ടബോധത്തിന്റെ വേദന,
ദൈവത്തിനു വേണ്ടാത്തവളായി, ദൈവം ദൈവമല്ലാതായി എന്ന അപരാദുഃഖം"
പ്രകടിപ്പിക്കുന്നു. "ദൈവത്തിന്റെ കൈകളിലെ പെൻസിലുമാണ്‌" എന്ന്‌
അവകാശപ്പെട്ടവൾക്കു ദൈവമില്ലാതായി. വിശ്വാസവും പ്രതീക്ഷയും സ്നേഹവും
അസ്തമിച്ച ആത്മാവിന്റെ ഇരുണ്ട രാവുകളെക്കുറിച്ച്‌ അവർ പറയുന്ന ഈ അനുഭവം
എങ്ങനെ മനസ്സിലാക്കും?

       ആത്മീയജീവിതത്തിന്റെ വഴിതാണ്ടിയവർക്കും ആ വഴിയുടെ പാരമ്പര്യകഥകൾ
വായിച്ചവർക്കും ഇതു പുതിയ കാര്യമല്ല. "ആത്മാവിന്റെ കറുത്ത
രാത്രികളെ"ക്കുറിച്ച്‌ എഴുതിയതു മിസ്റ്റിക്കായിരുന്ന കുരിശിന്റെ
യോഹന്നനാണ്‌ (+1591​‍ാമദറിന്റെ പേരിൽ ഒരു പൂർവ ഉടമയായിരുന്ന ലിസ്യുവിലെ
കൊച്ചുത്രേസ്യ (+1997) എഴുതി: "ഞാൻ സാന്ത്വനങ്ങളിൽ നീന്തുകയാണ്‌ എന്നു
വിചാരിക്കേണ്ട. തീർച്ചയായും അല്ല. ഈ ഭൂമിയിൽ ഒരു
സാന്ത്വനവുമില്ലാതിരിക്കുക എന്നതാണ്‌ എന്റെ സമാശ്വാസം." ഇരുട്ടുഗുഹയിൽ
അന്ധകാരം വേട്ടയാടുന്നതായി അവൾ എഴുതി. "നീ വെളിച്ചം സ്വപ്നം കാണുകയാണ്‌,
സുരഭിലസുഗന്ധത്തിന്റെ ഒരു പിതൃഭൂമി. ഈ അത്ഭുതപ്രപഞ്ചത്തിന്റെ സ്രഷ്ടാവിനെ
ആവരണം ചെയ്തിരിക്കുന്ന ഈ മൂടൽമഞ്ഞിൽ നിന്ന്‌ ഒരു ദിനം പുറത്തു
കടക്കാമെന്നു നീ വിശ്വസിക്കുന്നു. മുന്നോട്ട്‌, മുന്നോട്ട്‌  മരണത്തിൽ
ആനന്ദിക്കുക. ആ മരണം നീ പ്രതീക്ഷിക്കുന്നതല്ല, മറിച്ച്‌ അതിനേക്കാൾ
അഗാധമായ രാത്രി; ശൂന്യതയുടെ രാത്രി നിനക്കു നൽകും." ശൂന്യതയുടെ ഈ
രാത്രിക്ക്‌ അരയോപാഗസുകാരനായ ഡയനീഷ്യസ്‌ എന്ന പണ്ഡിതൻ
(1532)"അറിവില്ലായ്മയുടെ മേഘം" എന്നാണു വിളിച്ചതു. "എല്ലാ അസ്തിത്വ
യാഥാർത്ഥ്യങ്ങളുടെയും മണ്ഡലത്തിൽനിന്നു മറഞ്ഞിരിക്കുന്ന ഇരുട്ട്‌"
മനസ്സിലാക്കലിനെ പൂർണ്ണമായും പരാജയപ്പെടുത്തുന്നു. ഈ ആത്യന്തികാനുഭവത്തെ
പരാവർത്തനം ചെയ്യാൻ വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും
ഗണനമനനങ്ങൾക്കൊന്നും കഴിയാത്തതും ഭാഷയുടെ ലോകത്തിനും
പുറത്തുനിൽക്കുന്നതുമാണ്‌. ഉണ്മയുടെ കാലദേശാശ്ലേഷിതമായ തിടംകൊള്ളലിന്റെ
ഭാഷാഭവനത്തിനു പുറത്താണ്‌ അത്‌. എല്ലാത്തിനും അതീതമായത്‌ എങ്ങനെ പറയും?

നമ്മുടെ ഇടയിലെ നമ്മളാരുമല്ലാത്തവൻ.
ദൈവചിന്തയെക്കുറിച്ചും കാന്റർബെറിയിലെ അൻസലം (+1109) നടത്തുന്നത്‌
അതിചിന്തനീയമായ പ്രസ്താവമാണ്‌. ഏതിനതീതമായി മറ്റാന്നിനെയുംകുറിച്ചു
ചിന്തിക്കാനാകാത്തതു ഈ അതീതചിന്തയെ ഈശ്വരചിന്തയായി അദ്ദേഹം കരുതുന്നു.
ചിന്തയ്ക്കതീതമായതിനെക്കുറിച്ചു ചിന്തിക്കുന്നു എന്നതാണു മനുഷ്യന്റെ
സ്വത്വമഹത്ത്വം. അത്‌ തനിക്കതീതമായ ചിന്തയുമാണല്ലോ.
അസാദ്ധ്യമായതിനുവേണ്ടി അദമ്യമായ വികാരം-ദൈവത്തിൽനിന്നു സ്വതന്ത്രനാകാൻ
പ്രാർത്ഥന. പക്ഷേ ചിന്ത എന്നിലാണു തുടങ്ങുന്നത്‌. അതുകൊണ്ടാണ്‌
ഡെക്കാർട്ട്‌"ഞാൻ ചിന്തിക്കുന്നു എന്നതാണു മനുഷ്യന്റെ സ്വത്വമഹത്ത്വം.
അത്‌ തനിക്കതീതമായ ചിന്തയുമാണല്ലോ. അസാദ്ധ്യമായതിനുവേണ്ടി അദമ്യമായ
വികാരം-ദൈവത്തിൽനിന്നു സ്വതന്ത്രനാകാൻ പ്രാർത്ഥന. പക്ഷേ ചിന്ത എന്നിലാണു
തുടങ്ങുന്നത്‌. അതുകൊണ്ടാണു ഡെക്കാർട്ട്‌" ഞാൻ ചിന്തിക്കുന്നു,
അതുകൊണ്ട്‌ ഞാനുണ്ട്‌" എന്നു പ്രഖ്യാപിച്ചതു. ചിന്ത എന്നിലും
എന്നെക്കുറിച്ചുമാകാം; പക്ഷേ, ആ ചിന്ത എനിക്കു പുറത്തു കടക്കുന്നു. അത്‌
എന്നെ ചോദ്യം ചെയ്യുന്ന ചിന്തയുമാകും. ഇവിടെയാണു മനുഷ്യൻ മഹത്ത്വം
പ്രാപിക്കുന്നത്‌. ആ ചിന്ത എന്നെ വെടിയുന്ന അപരചിന്തയാണ്‌. അഹത്തിന്റെ
അത്യാഗ്രഹത്തിന്റെയും അടിച്ചമർത്തലിന്റെയും കാമചിന്തയിൽ നിന്ന്‌
അഹത്തിന്റെ സമർപ്പണം നടത്തുന്ന അപരചിന്തയിലേയ്ക്കും മനുഷ്യൻ വളരുന്നു. ഈ
ചിന്തയാണു ധർമ്മചിന്ത.

അവിടെ ഞാൻ എന്നെക്കുറിച്ചല്ല നിന്നെക്കുറിച്ചാണു ചിന്തിക്കുന്നത്‌. അഥവാ അഹംചിന്ത അപരചിന്തയായി മാറുന്നു. എന്റെ ധർമ്മം ദൈവശാസ്ത്രമല്ല ദൈവാനുസാരിയാകുകയാണ്‌. എന്റെ മരണം കാഴ്ചയായി അപരന്റെ പാദങ്ങളിൽ സമർപ്പിക്കുന്ന ധർമ്മമാണത്‌. ഞാൻ എനിക്കുവേണ്ടി മാത്രമല്ല നിനക്കുവേണ്ടിയും നിന്നോടൊത്തും നിന്നെക്കുറിച്ചും ചിന്തിക്കുന്നു.
അഹംചിന്ത പരചിന്തയായി മാറുന്നു.


       ക്രൈസ്തവചിന്തയുടെ തനിമയായി കാണേണ്ടത്‌ ഈ പരചിന്തയാണ്‌, പരസ്നേഹമാണ്‌.
പരാപരസേവയാണ്‌. പരാപരനെ സേവിക്കാൻ അവനു മുഖമില്ല, പേരുമില്ല, പക്ഷേ
അവന്റെ പേരിൽ നിന്നും അടർന്നു വീണ അക്ഷരങ്ങൾകൊണ്ടാണ്‌ എന്റെ
ചുറ്റിലുമുള്ള എല്ലാ പേരുകളും വിരചിതമായിട്ടുള്ളത്‌. അവന്റെ മുഖത്തിന്റെ
രൂപമാണ്‌ എല്ലാ മുഖത്തും. ഈ മുഖങ്ങളോടുള്ള ഉത്തരവാദിത്വമാണു
പരാപരസേവനത്തിന്റെ ധർമ്മം. ജെറുസലേം ജെറീക്കോ വഴിയിൽ ആക്രമിക്കപ്പെട്ടു
കിടന്നവനെക്കുറിച്ചു ചിന്തിച്ചതാണു സമറിയാക്കാരനെ നല്ലവനാക്കിയത്‌.


ആക്രമിക്കപ്പെട്ടവനെ കണ്ടിട്ടും അവനെ നോക്കി അവിടെ നിന്നാൽ തങ്ങൾക്ക്‌
എന്തുപറ്റും എന്നു ചിന്തിച്ചവരായിരുന്നു പുരോഹിതനും ലേവായനും.
സമറിയാക്കാരനാകട്ടെ താൻ അവനെ നോക്കിയില്ലെങ്കിൽ അവന്‌ എന്തു പറ്റും എന്നു
ചിന്തിച്ചു-അതാണ്‌ ഈശ്വരചിന്ത. ഈശ്വരചിന്തയിൽ ഒരു വിശുദ്ധ മോഹമുണ്ട്‌-അതു
മരണവും വളർച്ചയും ഉൾക്കൊള്ളുന്നു. വളരാൻ മരിക്കണമെന്നറിയാത്തവൻ ഈ ഇരുണ്ട
ഭൂമിയിലെ ശല്യക്കാരനായ വിരുന്നുകാരനായി മാറുന്നു.


       1942-ൽ മദർ തേരേസയ്ക്കു 32 വയസ്സുള്ളപ്പോൾ ക്രിസ്തുവിനോട്‌ ഒരു വ്രതം
നടത്തി. "ദൈവം എന്തു ചോദിച്ചാലും അതു കൊടുക്കും... അവന്‌ ഒന്നും
നിഷേധിക്കില്ല." ദൈവത്തിനു കൊടുക്കാൻ മനുഷ്യരിലേയ്ക്കിറങ്ങിയ ഒരു
ജീവിതമാണു നമുക്ക്‌ ഒരു ദൈവികമദറിനെ നൽകിയത്‌. ദൈവത്തിനു വേണ്ടി
കൊടുക്കുന്ന വ്രതം മനുഷ്യനുവേണ്ടിയുള്ള പുറപ്പാടായിരുന്നു.



മനുഷ്യരിലേക്കു പറന്നെത്തിയ മാലാഖയായി മദർ. അതു മനുഷ്യർക്കു
ചിറകുവയ്ക്കുന്നതായി; ദൈവവിചാരം മനുഷ്യന്റെ ശ്രാദ്ധാചരണമായി. ഓടയിലെ
പുഴുക്കളെപ്പോലെ സമൂഹം കരുത്തിയവർക്ക്‌ ആ ശ്രദ്ധ മഹത്ത്വത്തിന്റെ ചിറകുകൾ
സമ്മാനിച്ചു. "നക്ഷത്രങ്ങളെ നോക്കി ഈ പുഴു പറന്നീടുന്നു" എന്നു
കുമാരനാശാൻ മിന്നാമിനുങ്ങിന്റെ പ്രാർത്ഥന രചിച്ചു. പുഴുക്കൾ
നക്ഷത്രശോഭയോടെ മഹത്ത്വത്തിന്റെ സ്വർഗത്തിലേക്കു പറക്കാൻ
മദറിനെപ്പോലുള്ളവർ ദൈവസേവകരായി കീഴോട്ടിറങ്ങി. ഓടകളിലേക്കും
ചേരികളിലേക്കും ദൈവമിറങ്ങുന്നതു മദറിനെപ്പോലുള്ള മനുഷ്യരിലൂടെയാണ്‌.
അതാണു മിന്നാമിനുങ്ങുകളായി നക്ഷത്രങ്ങളെ നോക്കി പറക്കാൻ മഹത്ത്വം
നൽകിയത്‌. കാഴ്ചപ്പാടിന്റെ മനസ്സിനു സ്വർഗീയാഗ്നിയുടെ ശുദ്ധി വന്നാൽ
ലോകത്തിൽ എവിടെയും നിത്യതയുടെ രൂപകങ്ങൾ കാണും.



       ദൈവവിശ്വാസം ആത്യന്തികമായി മനുഷ്യമഹത്ത്വത്തിലുള്ള വിശ്വാസമാണ്‌;
ചിറകുവച്ച മാനവികതയാണു ദൈവീകത. ദൈവത്തോടു പ്രാർത്ഥിക്കുന്നവർ
അപരിനിലേക്ക്‌ ഇറങ്ങിപ്പോകുന്നു. ഇതുപോലൊരു ദൈവികകർമ്മമാണു മദറിന്റെ
ആത്മാവിലേയ്ക്കു കടന്നിരുന്നു "ദി മദർ" എഴുതിയപ്പോൾ
ശ്രീ.എം.കെ.ചന്ദ്രശേഖരൻ ചെയ്തത്‌. അങ്ങനെയൊരു കർമ്മം
ദൈവാനുഭവമാകുമെന്നാണു മാൽകോം മഗറിഡ്ജ്‌ മദറിന്റെ കഥ എഴുതിയപ്പോൾ ലോകം
കണ്ടത്‌. ചന്ദ്രശേഖരനും നന്ദിയും ആശംസകളും. ഈ ഗ്രന്ഥത്തിന്റെ
വായനക്കാർക്കും മനുഷ്യസ്നേഹത്തിന്റെ വഴി നടക്കാൻ ദൈവികസ്പർശം ലഭിക്കട്ടെ
എന്ന്‌ ആശംസിക്കുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...