ഗോപിയോ [Global Organization of People of Indian Originയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഗൾഫ് ഹൂസ് ഹൂ[Gulf Who's Who] ഡയറക്ടറിയുടെ എഡിറ്ററുമായ സണ്ണികുലത്താക്കൽ അന്തർദേശീയ രംഗത്ത് തിളങ്ങുന്ന പത്രപ്രവർത്തകനും സഞ്ചാരിയും മനുഷ്യാവകാശ പ്രവർത്തകനുമാണ്.
കാൽ നൂറ്റാണ്ടിലേറെക്കാലമായി അദ്ദേഹം അന്താരാഷ്ട്രരംഗത്ത് വിവിധ
ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾക്കിടയിലെ കണ്ണിയായി പ്രവർത്തിക്കുകയാണ്.
തന്റെ അനുഭവങ്ങളെക്കുറിച്ച് മലയാള സമീക്ഷയുടെ ന്യൂസ് സർവ്വീസുമായി
അദ്ദേഹം നടത്തിയ സംഭാഷണത്തിൽ നിന്ന്.
ഗോപിയോ വലിയ പ്രതീക്ഷകളുള്ള ഒരു സംഘടനയാണ്. 1989-ൽ ന്യൂയോർക്കിലാണ്
ഗോപിയോയുടെ ഉദയം. വിവിധ രാജ്യങ്ങളിലായി പടന്നുകിടക്കുന്ന ഇന്ത്യാക്കാരെ
കണ്ടെത്തുകയും അവരെ ഒരു വേദിയിലേക്ക് വിളക്കിച്ചേർക്കുകയുമാണ് ഗോപിയോ
ലക്ഷ്യംവയ്ക്കുന്നത്. ഇന്ത്യാക്കാർക്കെതിരെ ലോകത്തിന്റെ എവിടെ
മനുഷ്യാവകാശലംഘനം ഉണ്ടായാലും ഇടപെടാനാണ് സംഘടന ആരംഭിക്കുന്നത്.
വർഗീയതയ്ക്കെതിരെ, യുഎന്നുമായി ചേർന്ന് ഇപ്പോൾ ഗോപിയോ
പ്രവർത്തിക്കുന്നുണ്ട്. നാൽപത്തഞ്ചിലേറെ ചാപ്റ്ററുകൾ
വിവിധരാജ്യങ്ങളിലായി ഗോപിയോയ്ക്കുണ്ട്. ഇനി ഇന്ത്യയിൽ കൂടുതൽ
ചാപ്റ്ററുകൾ തുടങ്ങും. കേരളത്തിലെ പ്രധാന പട്ടണങ്ങളിലും ഗോപിയോയുടെ
ചാപ്റ്ററുകൾ ആരംഭിക്കും.
ഇന്ത്യയിൽ ഈയിടെ നടന്ന പ്രവാസി സമ്മേളനത്തിന്റെ സംഘാടകരായും ഗോപിയോ
പ്രവർത്തിച്ചു. ഗോപിയോ വിവിധ കൗൺസിലുകളുണ്ട്. മീഡിയ കൗൺസിൽ, വനിതാ
കൗൺസിൽ, മെഡിക്കൽ കൗൺസിൽ, യൂത്ത് കൗൺസിൽ എന്നിങ്ങനെ.
അമേരിക്കയിലെ ഇന്ത്യാക്കാരായ യുവജനങ്ങളെ കേരളം, പോണ്ടിച്ചേരി തുടങ്ങിയ
സ്ഥലങ്ങളിൽ പഠനപര്യടനത്തിനായി കൊണ്ടുവരുന്ന ഒരു പദ്ധതി ഉടനെ നടപ്പാക്കും.
വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ കുട്ടികൾക്കായി ഇന്ത്യയെപ്പറ്റി
അറിവുപകരാൻ ഇത് സഹായിക്കും.
വിവധ മേഖലയിലുള്ളവരെ കൂട്ടിയിണക്കാവുന്ന ചാനലുകൾ ഉണ്ടാവണം. അതിന് പുതിയ
വേദികൾ ഉണ്ടാക്കണം. പൊതുതാൽപര്യങ്ങളുടെ ലോകം ഉരുത്തിരിഞ്ഞുവരണം. ഇന്ത്യൻ
വംശജരായ പത്രലേഖകരുടെ ഒരു ആഗോള കൂട്ടായ്മ ഉണ്ടാക്കുകയാണ് മറ്റൊരു
ലക്ഷ്യം. അസാമാന്യ വ്യക്തിത്വങ്ങൾ എത്രയോ ഉണ്ട്. പലരും അവരുടെ
തത്തുല്യരായ ഇന്ത്യൻ സുഹൃത്തുക്കളുമായോ വിദേശ സുഹൃത്തുക്കളുമായോ അടുത്ത
ബന്ധമുള്ളവരല്ല. ഓരോ നഗരങ്ങളിൽ അവർ പല കാരണങ്ങളാൽ ജീവിക്കുന്നു.
മലയാളികളായ ആഗോള പത്രപ്രവർത്തകരുണ്ട്. വിദേശ പത്രങ്ങളിൽ അവർ
ഉന്നതപദവിയിൽ കഴിയുന്നു. ഇവരെയെല്ലാം 'ഇന്ത്യൻ ഒറിജിൻ' എന്ന തലത്തിൽ
ഒന്നിപ്പിച്ച്, ഒരു പൊതുമുഖാമുഖവും ആശയവിനിമയവും സാധ്യമാക്കുക എത്രയോ
വലിയ കാര്യമായിരിക്കും.
എനിക്ക് യാത്രകൾ എന്റെ ജീവിതോർജ്ജമാണ്. കഴിഞ്ഞവർഷം ഹൂസ്റ്റണിലെ ഒരു
മലയാളി കൺവേൺഷനിൽ ഞാൻ പങ്കെടുത്തപ്പോൾ ഉണ്ടായ ഒരു സംഭവം ഓർക്കുകയാണ്. 40
വർഷങ്ങൾക്കു മുമ്പ് ബാംഗ്ലൂരിലെ ഒരു 'കരിക്ക് കടയിൽ നിന്ന് ഒരു മലയാളി
ബാലനെ കണ്ടെത്തി'ക്കൊടുത്ത കഥ ഒരു അമ്മച്ചി വിവരിക്കുകയായിരുന്നു.
അമ്മച്ചിക്ക് ആ സംഭവം നന്നായറിയാം. മാസങ്ങളായി കാണാതിരുന്ന ഒരു ബാലനെ
ഞാൻ അന്വേഷിച്ച് തേടിപ്പിടിച്ച് അവരെ അറിയിക്കുകയായിരുന്നു. ഹൂസ്റ്റണിൽ
എന്നെ കണ്ട്, അത്ഭുതത്തോടെ ആ സംഭവം വിവരിച്ചപ്പോൾ, വലിയ സന്തോഷംതോന്നി.
എന്റെ വിദ്യാഭ്യാസകാലത്ത് കോളേജിൽ ഞാൻ ശീലിച്ച ശുചിത്വബോധവും സേവന
മനോഭാവവും എനിക്കു തുണയായിട്ടുണ്ട്. എറണാകുളം വൈ.എം.സി.എയിൽ ഞാൻ
മുൻകൈയ്യെടുത്ത് നടത്തിയ പ്രസംഗപരിശീലന കളരിയിൽ ഇപ്പോഴത്തെ പി.ജെ.ജോസഫും
വന്നിട്ടുണ്ട്. അന്നൊക്കെ ചെറുപ്പക്കാർ ധാരാളമായി ഇത്തരം കാര്യങ്ങളോട്
സഹകരിച്ചിരുന്നു.
''don't dig you well
when you are thirsty''.
എന്നൊരു ചൊല്ലുണ്ട്. ദാഹം വരുമ്പോഴല്ല, അതിനു മുന്നേ കിണർ കുഴിക്കണം.
അപ്പോൾ ദാഹിക്കുകയില്ല.
ആത്മാർത്ഥമായ സൗഹൃദങ്ങൾ വേണം. അത് ഒരു ആചാരമാകരുത്. അതിൽനിന്ന് നാം
ഒന്നും ആഗ്രഹിക്കരുത്. പ്രതീക്ഷിക്കാതിരുന്നാൽ ദുഃഖമില്ല. ലാഭം നോക്കാതെ
സ്നേഹിച്ചാൽ, പലവിധത്തിലുള്ള സംതൃപ്തികിട്ടും. നമ്മെ സ്നേഹിക്കുന്നവരോട്
ചെയ്ത തെറ്റ് തുറന്നു പറയാൻ സാധിക്കണം. അപ്പോൾ സ്നേഹം ഉറയ്ക്കും.