14 Jan 2012

പ്രവാസം സൃഷ്ടിച്ച ഉഭയ ജീവിത പ്രതിരോധം


സത്യൻ മാടാക്കര
ഇസ്മയിൽ മേലടിയുടെ കവിതകളെക്കുറിച്ച്


പാരമ്പര്യ കാവ്യാനുശീലങ്ങളുടെ നെടുനായകത്വത്തിൽ നിന്ന്‌ കുതറിമാറി
സാംസ്കാരികവും അപകോളനീകൃതവുമായ അടയാളപ്പെടുത്തലാണ്‌ ഇസ്മയിലിന്റെ കവിതകൾ.
വിശദാംശങ്ങളിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ തന്റേതായ ബിംബങ്ങളിലൂടെ കവിത
നേരിട്ട്‌ ഇടപെടുന്നു. പുതിയ കവിതയിൽ ഇത്തരമൊരു വേറിടൽ കാണാതിരുന്നു
കൂടാ.

"വിലാസം നിഴലായ്‌
ഉടമസ്ഥനെ അന്വേഷിച്ചു നടക്കുന്നു
കത്ത്‌ സ്നേഹവുമായ്‌
എഴുതാൻ മഷി തിരയുന്നു
വാക്ക്‌ മൊഴിക്കായ്‌
അധരങ്ങൾ തേടുന്നു
പാട്ട്‌ രാഗവുമായ്‌
കാത്‌ കാത്തിരിക്കുന്നു
ഹൃദയം പ്രണയവുമായ്‌
അനുരാഗിക്കുവേണ്ടി കേഴുന്നു
നക്ഷത്രങ്ങൾ വെളിച്ചവുമായ്‌
ആകാശത്തിൽ മുട്ടി വിളിക്കുന്നു
മേഘങ്ങൾ പെയ്യാനായ്‌
ഭൂമി നോക്കി നടക്കുന്നു." (പെയ്യാത്ത മേഘങ്ങൾ) എന്ന്‌ കവിതയിൽ. വൈക്കം
മുഹമ്മദ്‌ ബഷീറിനെക്കുറിച്ചുള്ള കവിതയിൽപോലും അനന്തത്തയും കാലവും
തമ്മിലുള്ള ഉരസൽ ഇസ്മയിൽ വരച്ചിടുന്നു.
"സൂഫിയിന്നും യാത്രികനായ്‌
ഉത്തരേന്ത്യൻ ഗർത്തങ്ങളിൽ
ഗർവ്വിന്റെ കുന്നുകളിൽ
മാറാപ്പുമായലയുന്നു" (ഇടവേള) എന്നിടത്തുവച്ചാണ്‌ ബഷീറിലേക്കും ബഷീറിയൻ
കാഴ്ചപ്പാടിലേക്കും ഈ കവിത എത്തിപ്പെടുന്നത്‌. അകൃത്രിമത്വമില്ലാത്ത
ആവിഷ്കരണത്തിന്റെ ലയസമൃദ്ധി നിലനിർത്തി എഴുതപ്പെട്ട കവിതയാണ്‌
"ചിന്തേരിട്ട കാലം".
'കാലത്തിന്‌ ചിന്തേരിടും കാലമിത്‌' എന്ന വരി പൂർത്തിയാകുന്നത്‌
'നാദത്തിന്‌ നാദമായ്‌ നിലകൊൾക വയ്യ' - എന്നറിയിച്ചുകൊണ്ടാണ്‌. കൽപിത
യാഥാർത്ഥ്യത്തിലൂടെ സമകാലികതയിലെത്തുന്ന ശ്രമം ഈ കവിതയിലുണ്ട്‌.
കാൽപനികമായ അഹംബോധം ഉത്തരാധുനികതയിൽ കുടിയേറ്റമായി നിലനിൽക്കെ ഇസ്മയിൽ
എഴുതുന്നതിങ്ങനെ:
'അക്കരെയുമിക്കരെയുമല്ലാതെ
നടുക്കടലിലൊടുങ്ങുന്ന കപ്പലുകളേറെ
ഓർമ്മക്കടലിന്റെ മറുകരയിൽ
നിത്യവും ചോർന്നൊലിക്കുന്ന പ്രതീക്ഷകൾ' (ഈന്തപ്പനയോലകളിൽ കാറ്റു പിടിക്കുമ്പോൾ)
അറേബ്യൻ പശ്ചാത്തലത്തിലൂടെ കുടിയേറ്റം തുടരുന്നവരുടെ ജീവിതഗതി വരച്ചു
വെയ്ക്കുമ്പോൾ അത്‌ ഏറ്റവും വലിയ പ്രവാസ പ്രതീകം തന്നെയായിത്തീരുന്നു.
അറിയിപ്പും ദൃഷ്ടാന്തവും ജീവിത പ്രതിസന്ധിയും നിറഞ്ഞ നിരവധി
ബിംബങ്ങൾകൊണ്ട്‌ സമൃദ്ധമാണ്‌ ഈ സമാഹാരത്തിലെ പല കവിതകളും നാഗരികതയിലെ
ശൂന്യത ആത്മീയാന്വേഷണത്തിലൂടെ പരിഹാരമായി തേടുന്ന വരികളും ഇടക്കിടെ
കാണാം. ചിലപ്പോഴത്‌ ബൊഹീമിയൻ പറച്ചിലായി ചിതറുന്നു. എല്ലാം
തീർന്നുവേന്ന്‌ പറയാതെ-ചിലതൊക്കെ വലിച്ചെറിയപ്പെടുന്നു, മങ്ങുന്നു,
തിളക്കം ക്ലാവ്‌ പിടിക്കുന്നു എന്ന്‌ ചോദിക്കുന്നതാണാ കാവ്യഹൃദയം.


കതിരു കരിഞ്ഞു
കളകൾ വളർന്നു
വളർന്നവയൊക്കെ
വീടുകളായി
വീടുകൾ വീടുകൾ
മാത്രമതായി (കളവീടുകൾ)
വഴിയിലെ കാറ്റിൽ ചുളിവുകൾ തിരിച്ചുവന്നു
ബാൽക്കണിയിൽ നിന്ന്‌
വീണ്ടും വാരിക്കൂട്ടിയ അക്ഷരങ്ങൾ
എ ഡി ബി യിൽ പണയപ്പണ്ടമായി. (ഉണങ്ങിയ അക്ഷരങ്ങൾ)
കുപ്പായം കത്തിക്കുന്നതും
പുതിയ കുപ്പായം
തയ്ക്കുന്നതും
ഒരേ വ്യവസായശാലയിൽ (പീഡനം)

ഗാർഹികത അടഞ്ഞ മുറിയാകാതിരിക്കാൻ പ്രാർത്ഥനകളും അർച്ചനകളും കൊണ്ട്‌ എല്ലാ
കാഠിന്യത്തെയും ഉരുക്കിക്കളയാനുള്ള ശ്രമം ചില കവിതകളിൽ ഇസ്മയിൽ
പ്രകടിപ്പിക്കുന്നു. അത്‌ കൊണ്ടുവരുന്ന ശുദ്ധവായു ആധുനിക കുടിയേറ്റ
നാഗരികതയിലെ ഒറ്റപ്പെടലിനോടുള്ള പ്രതിരോധമാകുന്നു. കുടുംബത്തെ മുൻനിർത്തി
സാമൂഹ്യതയിലെ തിന്മകൾക്കെതിരെയുള്ള ചെറുത്തു നിൽപ്‌ ഒരർത്ഥത്തിൽ
പ്രത്യയശാസ്ത്രം തന്നെയെന്നു പറയാം. ഈ പവിത്രത സാമൂഹ്യ ആഘാതങ്ങളോടുള്ള
വർത്തമാനകാലത്തെ എഴുത്തുകാരന്റെ പ്രതിരോധ രീതികളിലൊന്നാകുന്നു.
എന്റെ ചിന്തകളെ
വെട്ടിനുറുക്കി
കറിക്കൊപ്പം വേവിച്ച
ഭാര്യ
എന്റെ സങ്കൽപങ്ങളെ
ഒടിച്ചു മടക്കി
പോക്കറ്റിൽ തിരുകിയ
മക്കൾ
എന്റെ ഭാവനയെ
ചരടുപൊട്ടിച്ച്‌
അയ കെട്ടിയ
അയൽക്കാർ
എന്റെ മോഹങ്ങളെ
പാലം വലിച്ച്‌
പുഴയിൽ തള്ളിയ
നാട്ടുകാർ
ഇവർക്കിടയിൽ
ഞാനെന്റെ
നിലപാട്‌ പ്രഖ്യാപിക്കാതെ
വയറ്റിലിടാം. (നയപ്രഖ്യാപനം)

എൻ നെഞ്ചക ചൂടേറ്റു
മയങ്ങുമിളം പൈതലേ
നീയും ഞാൻ കണ്ട മരം കാൺക
പൂമരച്ചില്ല കാൺക
പൂവിടർത്തും വസന്തവും
തണലും നിർവൃതിയും കാൺക
നീ മരം കത്തുന്നത്‌ കാണായ്ക
ഓമലേ നീ ഇലച്ചാർത്തു കാൺക
നീ ഇലകരിയും കാഴ്ച കാണായ്ക (ഹരിതസ്വപ്നം)

മുറികൾ തമ്മിൽ മെയിലുകൾ ദൂരം
ഒട്ടും ശബ്ദമുഖരിതമല്ലാത്ത തീൻമേശ
മൗന വാല്മീകത്തിൽ തീർത്ത സ്വീകരണമുറി
കിടപ്പുമുറിയിലെ അഗാധഗർത്തങ്ങൾ
പരന്ന നിസ്സംഗതയുടെ വരാന്ത
കുളിമുറിയിൽ കണ്ണീരിന്റെ സ്നാനതീർത്ഥം
ഒന്നും ബാക്കി വയ്ക്കാത്ത സ്റ്റോർ ർറൂം
ആധി പുകയുന്ന അടുക്കളയിൽ
പാതി വെന്ത ജീവിതം (ഉത്തരാധുനിക വീട്‌)

അനുഭവ വൈവിദ്ധ്യം നിറഞ്ഞ ഈ സമാഹാരത്തിലെ കവിതകളിൽ എഴുത്തും ജീവിതവും
തമ്മിലുള്ള മുഖാമുഖം നന്നായിത്തന്നെയുണ്ട്‌. ചിലപ്പോഴത്‌ ഗ്രാമീണതയുടെ
സ്വച്ഛതയിലേക്ക്‌ പൈന്തിരിഞ്ഞു നോക്കുന്നു. ബഹു സംസ്കാര ലോകത്തിലെ
സ്വതന്ത്ര പൗരത്വത്തിലേക്ക്‌ നടക്കുന്നു. വർഗ്ഗരാഷ്ട്രീയത്തെ
അപനിർമ്മിക്കുന്നു. പ്രവാസം സൃഷ്ടിച്ച ഉഭയജീവിതം കീറിമുറിച്ച്‌
പരിശോധിക്കുന്നു. ഭാവതീവ്രതയിലൂടെ ഉള്ള്‌ വെളിപ്പെടുത്തുന്നു.
വിരസശബ്ദങ്ങൾക്കിടയിൽ 'ഉത്തരാധുനിക വീട്‌' കാണിച്ചു തരുന്നു. (അറബി
കാവ്യോത്സവത്തിൽ ഈ കവിതയുടെ അറബിമൊഴിമാറ്റം ഏറെ അറബിക്കവികൾ കേട്ട്‌
പ്രശംസിച്ചു. ഇസ്മയിലിനെ ബഹുമാനപൂർവ്വം ആദരിച്ചു).
ദേശത്തെ മനസ്സിൽ കൊണ്ടു നടക്കുന്ന കവിക്കേ 'മേലടി' എന്ന കോഴിക്കോടൻ
ഗ്രാമത്തെ ഇങ്ങനെ പകർത്താനാവൂ.
"മനസ്സിലുടയാത്ത മേലടി
ചാരുതയോലും ശിൽപമായ്‌
അഴകെഴും ബിംബമായ്‌ നിൽപൂ
ഒരുടയാചിത്രമെൻ മനസ്സിൽ
നിറവാർന്ന ക്യാൻവാസായി തൂങ്ങി നിൽപൂ.
..............................
...
ഇവിടിപ്പോൾ ഗ്രാമീണരില്ല, ഗ്രാമത്തിനീണവുമില്ല
ഇനി, ഞാനേതു നാട്ടുകാരനാണ്‌?
എന്റെ മുഖത്തെ ഭാവം വായിച്ചെടുക്കുവാൻ
ഒരു കണ്ണാടിപോലുമിവിടില്ലല്ലോ." (ഉടയുന്ന ചിത്രങ്ങൾ)
'പാനീസ്‌ വിളക്ക്‌' എന്ന കവിത പൊതു സമൂഹത്തിൽ ആഗോളീയത പിടി
മുറുക്കിയപ്പോൾ അന്യാധീനം വന്നുപെട്ടവയുടെ ആഖ്യാനമാണ്‌.
"ഒരിക്കൽകൂടി കൊളുത്താം
നമുക്കാ പാനീസ്‌
ഏറെ നാൾ പരിശ്രമിച്ചു
നാം ഊതിക്കെടുത്തിയതല്ലേ
നേർമയായ്‌ നേരായ്‌
കത്തുവാനിനിയൽപം
ശീതവാതത്തെത്തടുക്കാം
പേമാരിയെ ചെറുക്കാം
വയൽ വരമ്പത്തതേറെക്കാലം
മുനിഞ്ഞും തെളിഞ്ഞും
കത്തിയിരുന്നു
ചേറിലെപ്പാട്ടിനൊപ്പം ചുവടുവെച്ചിരുന്നു
ഒളിവിലെ ഓർമ്മകളിൽ
അതിപ്പോഴും ഉലഞ്ഞു കത്തുന്നുണ്ടാകും." (പാനീസ്‌ വിളക്ക്‌)

ജനശക്തിയുടെ പ്രത്യശാസ്ത്രജാഗ്രത ബിംബങ്ങളിൽ വരച്ചിട്ട്‌ വംശഗാഥയുടെ
വാങ്മയം തീർക്കുന്നീ കവിത. കിഴക്കൻ യൂറോപ്പിലെ പ്രത്യയശാസ്ത്ര ശൈത്യം.
ഒളിവിലെ രാഷ്ട്രീയ ഓർമ്മകൾ വരികൾക്കിടയിലൊളിപ്പിച്ചുള്ള കൈയൊതുക്കം
ഇസ്മയിലിലെ കവിയെ നന്നായി കാണിച്ചു തരുന്നു. എഴുത്തിന്റെ പൊതു
കൂട്ടായ്മയിൽ ഇടപെട്ടുള്ള വിമർശനം-സംവാദം ലക്ഷ്യമാക്കിയുള്ള
എഴുത്തുരീതിക്കൊപ്പമാണ്‌ ഇതിലെ കവിതകൾ അപഗ്രഥിച്ചാൽ നമ്മളെത്തിച്ചേരുക.
ഇസ്മയിലിനെപ്പോലെ എഴുതുന്ന കവിതകളുടെ കവിതകൾ ആ നിലക്കാവും ചർച്ചകൾക്ക്‌
പ്രേരകമാവുക. ചങ്ങാത്തത്തിനൊപ്പം, സഹയാത്രയുടെ കാവ്യഭാഗം ചേർത്തുവച്ചു
കൊണ്ട്‌ കവിതകൾക്കും ഇസ്മയിലിനും കുടിയേറ്റ ഭാവുകങ്ങൾ നേരുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...