രമേഷ് അരൂർ
മീന്‍ നാറ്റമുള്ള കവിത
വാക്കകം തീപിടിച്ച ജീവിത സമസ്യകളിലൂടെ കാലും തലയും കരളും ആത്മാവും വെന്തുരുകി ജീവിക്കുന്നവര്‍ നമുക്കിടയിലുണ്ട്. അവരില്‍ കവികളുണ്ട്, ഭ്രാന്തന്മാരുണ്ട്, താന്തന്മാരുണ്ട്, കാല്പനികതയില്‍ ജീവിക്കുന്ന കാമുകരുണ്ട്. സ്വയം തീക്കനലില്‍ ഉരുകുമ്പോഴും അവര്‍ മറ്റുള്ളവര്‍ക്കായി ചന്ദനത്തിന്റെ തണുപ്പും പൂനിലാവിന്റെ തെളിമയുമുള്ള വാക്കുകള്‍ കൊണ്ട് ആരാമങ്ങള്‍ ഒരുക്കുന്നു . കവി അയ്യപ്പന്‍ അങ്ങിനെ ഒരാള്‍ ആയിരുന്നു . അതുപോലെ നമുക്കിടയില്‍ ജീവിക്കുന്ന ഒരു കവിയാണ് ശ്രീ പവിത്രന്‍ തിക്കുനി . മാര്‍ക്കറ്റില്‍ മീന്‍ കുട്ട ചുമന്നും ,ചായക്കടയില്‍ പൊറോട്ട അടിച്ചും , എച്ചില്‍ പാത്രങ്ങള്‍ കഴുകിയും ജീവിക്കുന്ന ഒരു കവി .ആരാധകരുടെ ആരവങ്ങളില്ലാതെ നെടുങ്കന്‍ സാഹിത്യ വേദികളുടെ പൊലിമകളില്ലാതെ പുകഞ്ഞു കത്തുന്ന ജീവിതം അക്ഷരങ്ങളില്‍ ആവാഹിക്കുന്ന ഒരു കവി.
കവിത വായിക്കുന്ന വര്‍ക്കിടയില്‍ ഒരു പക്ഷെ പവിത്രന്‍ തിക്കുനിയുടെ കവിതയും കവിതയില്‍ കിടന്നു മുങ്ങി പൊങ്ങുന്ന ജീവിതവും കാണാന്‍ കഴിഞ്ഞെന്നു വരാം .മുന്‍പ് മാധ്യമം ആഴ്ചപ്പതിപ്പില്‍ തിക്കുനിയുടെ കഥ ഞെട്ടലോടെ വായിച്ചിട്ടുണ്ട് .ഇപ്പോളിതാ അദ്ദേഹത്തെ പരിചയമില്ലാത്തവര്‍ക്കായി ശ്രീ മുഹമ്മദു കുട്ടി ഇരിമ്പിളിയം എഴുതിയ ബ്ലോഗ് പോസ്റ്റ് .: വാക്കകം
പവിത്രന്‍ തിക്കുനി എന്ന കവിയെക്കുറിച്ചും അദ്ദേഹത്തിന്‍റെ കവിതകളെ കുറിച്ചും കൂടുതല്‍ അറിയാന്‍ ഇവിടെയും പിന്നെ നമ്മുടെ പ്രവാസി എഴുത്തുകാരനായ ശ്രീ ബന്യാമിന്റെ ബ്ലോഗായ പിന്നാമ്പുറ വായനകളിലും പോയി നോക്കാം .
കവികള്‍ ദീര്‍ഘ ദര്‍ശനം നല്‍കുന്ന വെളിപാടുകള്‍ പ്രവചിക്കുന്നവര്‍ ആണെന്ന് പറയാറുണ്ട് . ആര്‍ക്കും കണ്ടെത്താന്‍ കഴിയാത്ത കല്പ്പനകളും ആരും തിരിച്ചറിയാത്ത വെളിപാടുകളും അവര്‍ ലോകത്തിനു നല്‍കും .ശാസ്ത്രം സത്യങ്ങളില്‍ അധിഷ്ഠിതം ആണെങ്കില്‍ കവിത കാല്പനിക സൌന്ദര്യത്തില്‍ നിന്ന് ഉരുവം കൊള്ളുന്നതാണ് .അത്തരം ഒരു കണ്ടെത്തലാണ് മിന്നല്‍ ഉണ്ടാകുന്നതിനെക്കുറിച്ച് ഒരു കവിയുടെ കണ്ടെത്തല്‍ …
“മേഘങ്ങള്‍ തന്നുടെ അധരങ്ങളാല്‍
അമര്‍ത്തി ചുംബിക്കുമ്പോഴാണ്
മിന്നലുകള്‍ ഉണ്ടാകുന്നത്.”
രാശി പറഞ്ഞത് നാമൂസിന്റെ തൌദാരം ബ്ളോഗില്‍ ഇത് വരെ വന്നതില്‍ വച്ച് ഏറെ ഇഷ്ടപ്പെട്ട സൌന്ദര്യമുള്ള ഒരു കവിത .
വെന്റിലേറ്റര്‍ ഹാരിസ് എടവനയുടെ മന്ദസ്മിതം ബ്ളോഗിലെ കവിത. ആശുപത്രിയിലെ മരണ ക്കിടക്കയില്‍ നിന്ന് ഒരു കാഴ്ച .ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ആ നേര്‍ത്ത കാറ്റിന്റെ പിടച്ചില്‍ ..ദൈവത്തിനു മാത്രം മനസിലാകുന്ന സ്പന്ദനങ്ങള്‍ ..പ്രജ്ഞയില്‍ വലിയൊരു ഞടുക്കം സൃഷ്ടിക്കുകയാണ് ഹാരിസ് ഈ കവിതയിലൂടെ …
അഞ്ചു സ്നേഹക്കവിതകള്‍ അമീന്‍ വി ചുനൂരിന്റെ കുഞ്ഞു കവിതകള്‍ . ഹൃദ്യമായ സത്യങ്ങള്‍ കുഞ്ഞു ചിമിഴില്‍ ഒതുക്കി വച്ചിരിക്കുന്നത് പോലെ …നിഗൂഡതകള്‍ ഒന്നുമില്ലാതെ എളുപ്പത്തില്‍ സംവദിക്കാന്‍ പറ്റുന്നത് .ഒന്ന് വായിച്ചു നോക്കാം .
വിവിധങ്ങളായ വേഷങ്ങള്‍ കെട്ടി ആടിത്തീര്‍ക്കേണ്ടി വരുന്ന സ്ത്രീജന്മത്തെ പെണ്‍തെയ്യം എന്ന കവിതയിലൂടെ വല്‍സന്‍ അഞ്ചാം പീടിക കാണിച്ചു തരുന്നു.
ആദ്യാനുരാഗത്തിന്റെ തിരുശേഷിപ്പായി കാത്തു സൂക്ഷിക്കുന്ന ഓര്‍മകളിലേക്ക് ഒരിക്കല്‍ കൂടി നിലാവെട്ടം പകരാന്‍ അപ്രതീക്ഷിതമായി വരുന്ന കൂട്ടുകാരന്‍ അല്ലെങ്കില്‍ കൂട്ടുകാരി .പണ്ട് ഹൃദയം പകുത്തു നല്‍കി പ്രണയിച്ച മധുരാനുഭൂതികള്‍ പകര്‍ന്ന ആ തോഴനെ അല്ലെങ്കില്‍ തോഴിയെ കാണുമ്പോള്‍ എന്തായിരിക്കും അതി വേഗത്തില്‍ മിടിക്കുന്ന ഹൃദയം മന്ത്രിക്കുക ?
“എന്റെ പ്രണയമേ…
നിനക്ക് ഒരായിരം നന്ദി
വീണ്ടും കണ്ടുമുട്ടാന്‍ സാധിച്ചതില്‍ … ”
നിനക്കൊരു കത്ത് എന്ന പോസ്റ്റില്‍ വനിത വിനോദ് ….ആ ഹൃദയമിടിപ്പ് നമ്മളിലും സൃഷ്ടിക്കുന്നു . വെറുതെ കൊതിച്ചു പോകുന്നു പ്രണയാനുഭൂതി ആദ്യമായി പകര്‍ന്നു നല്‍കിയ ആ കളിക്കൂട്ടുകാരിയെ
ഒന്ന് കൂടി കാണാന്‍ കഴിഞ്ഞെങ്കില്‍ എന്ന് !!
സൂപ്പര്‍ ബ്ളോഗര്‍ അറിയാന്‍ …
ബൂലോകം ഓണ്‍ലൈന്‍ സൂപ്പര്‍ ബ്ളോഗര്‍ മത്സരം അതിന്റെ ഫൈനല്‍ റൌണ്ടിലേക്ക് കടന്നിരിക്കുകയാണ് . വിജയിക്ക് പതിമൂവായിരം രൂപയോളം സമ്മാനമായി ലഭിക്കുന്ന ഈ മത്സരത്തിന്റെ അവസാന റൌണ്ടിലേക്ക് പത്തു പേരാണ് തെരഞ്ഞെടുക്കപ്പെട്ടത് . ഇവരില്‍ ഒരാള്‍ സൂപ്പര്‍ ബ്ളോഗറും രണ്ടാമന്‍ ഫസ്റ്റ് റണ്ണര്‍ അപ്പും ആയി മാറും എന്നതില്‍ തര്‍ക്കമില്ല . ആരായാലും സന്തോഷം … അനുമോദനങ്ങള്‍ മുന്‍കൂറായി ആശംസിക്കുന്നു . സൂപ്പര്‍ ബ്ളോഗര്‍ ആയി മാറുന്ന ബ്ളോഗറോട് ഇരിപ്പിടത്തിന് ഒരഭ്യര്‍ത്ഥനയുണ്ട് . അവാര്‍ഡുകള്‍ വലിയ പ്രോത്സാഹനങ്ങള്‍ തന്നെയാണ് . അത് തുകയായി കിട്ടുമ്പോള്‍ അത് അതിലും വലിയ പ്രോല്‍സാഹനം ആകുന്നു… പലര്‍ക്കും അറിയാവുന്നത് പോലെ അശരണരുടെ കണ്ണീരൊപ്പാന്‍ നിരവധി ആതുര രക്ഷാ പ്രവര്‍ത്തകര്‍ക്കൊപ്പം ബൂലോകത്തെ ചെറിയ ചെറിയ കൂട്ടായ്മകളും തങ്ങളാല്‍ ആവുന്ന സഹായങ്ങള്‍ നല്‍കാറുണ്ട് . സൂപ്പര്‍ ബ്ളോഗര്‍ ആയി മാറുന്ന ആള്‍ തനിക്ക് അവാര്‍ഡായി കിട്ടുന്ന തുകയില്‍ നിന്ന് ഒരു വിഹിതം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവയ്ക്കാന്‍ തയ്യാറാവുമെങ്കില്‍ മറ്റുള്ളവരുടെ ദയയ്ക്കും കാരുണ്യത്തിനും വേണ്ടി പ്രാര്‍ഥനകളോടെ കാത്തിരിക്കുന്ന ഒന്നോ രണ്ടോ പേര്‍ക്ക് അത് വലിയൊരാശ്വാസമാകും . നിങ്ങളും ഇങ്ങനെ ചിന്തിക്കുമെന്നുറപ്പാണ്. വിജയാശംസകള്‍ …!
കത്തുന്ന കഥകള്‍
കാലം ആരോടും ഒരു ദയയും കാണിക്കാതെ ഒരു തീവണ്ടി പോലെ അലറിപ്പാഞ്ഞു പോവുകയാണ് . പച്ചയ്ക്ക് കത്തി നില്‍ക്കുന്ന ജീവിതങ്ങളെ കുത്തി നിറച്ചുള്ള അതിവേഗ പ്രയാണം .ജീവിതത്തിന്റെ വിശ്രമം നിറഞ്ഞ ഇടവേളകളില്‍ ആനന്ദം ചൊരിയുന്നതിനു വേണ്ടിയാണ് കലകളും സാഹിത്യവും ഒക്കെ സൃഷ്ടിക്കപ്പെട്ടത് . പക്ഷെ ഇങ്ങനെ സൃഷ്ടിക്കപ്പെട്ടതില്‍ അധികവും മനുഷ്യന്റെ കണ്ണീരും ദുരന്തവും അനന്തര തത്വ ചിന്തകളും നിറഞ്ഞ വിങ്ങലുകള്‍ ആയിരുന്നു എന്നത് കൌതുകം പകരുന്ന വൈപരീത്യവും .
വിഡ്ഢിമാന്റെ വെഡിക്കഥകള്‍ (അതോ വെടിയോ ?) എന്ന ബ്ളോഗില്‍ , ആദ്യ മഴ ഈ കഥ തുടങ്ങുന്നത് മാത്യൂസ് ചേട്ടന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് .. മരണ സര്‍ട്ടിഫിക്കറ്റ് ,ബാങ്ക് രേഖകള്‍ വാങ്ങാന്‍ അദ്ദേഹം കഥാ നായകനെ എല്പിച്ചിരുന്നത്രേ ! ആത്മഹത്യ ആയിരുന്നോ മാത്യൂസ് ചേട്ടന്റെത് എന്ന് തോന്നും. അതോര്‍ക്കുമ്പോള്‍ കഥാ നായകന് വല്ലാത്ത വിങ്ങലും കുറ്റബോധവും തോന്നുന്നുണ്ടെന്നും പറയുന്നു… അപ്പോള്‍ മാത്യൂസ് ചേട്ടന്‍ മരിക്കുന്ന വിവരം കഥാ നായകന് അറിയാമായിരുന്നു എന്നൂഹിക്കാം .
വായനക്കാരന്‍ സ്വാഭാവികമായും പ്രതീക്ഷിക്കുന്നത് തുടക്കത്തിലെ ഈ സംഭവങ്ങളില്‍ നിന്ന് വികസിച്ചു വരുന്ന ഒരു കഥയാണ്. പക്ഷേ, അതെല്ലാം പെട്ടെന്ന് ഉപേക്ഷിച്ചു നായകന്‍ ഓര്‍മകളിലേക്ക് സഞ്ചരിച്ചു ജനിച്ച ഗ്രാമത്തില്‍ നിന്നുള്ള തന്റെ ഒളിച്ചോട്ടത്തിനു പിന്നിലുള്ള സംഭവത്തെ ഓര്‍ത്തെടുത്തു മറ്റൊരു കഥയാക്കി പറഞ്ഞവസാനിപ്പിക്കുകയാണ് .
ഇത് ഒരു കഥയോ ഒരു സംഭവമോ മാത്രമല്ല എന്നാണു കഥാകൃത്തായ ശ്രീ മനോജ് പറയുന്നത്. പല കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും മുന്‍പുള്ള രചനകളില്‍ ഉണ്ട് ,അവര്‍ തുടര്‍ന്നുള്ള കഥകളിലും വരാം .വെഡിക്കഥകളുടെ തുടക്കം മുതലുള്ള എല്ലാ പോസ്റ്റുകളും വായിച്ചാല്‍ ഇതിലെ എല്ലാ കഥാപാത്രങ്ങളെയും നമുക്ക് കണ്ടുമുട്ടാനും പരസ്പരബന്ധത്തോടെ കഥയില്‍ അവര്‍ക്കുള്ള സ്ഥാനം കണ്ടെത്താനും കഴിയും . കഥ ഇങ്ങനെ പോയി അതൊരു നോവല്‍ ആയി പരിണമിക്കുമെങ്കില്‍ അതും നന്ന് .
വായനക്കാരന്‍ ഒന്നാം കഥയുടെ പരിണാമത്തെക്കുറിച്ചു അത്ര പെട്ടെന്ന് ഓര്‍ക്കാന്‍ സാധ്യമല്ലാത്ത, കാണാതെയുള്ള കഥാ കഥനം .. ഇങ്ങനെയുമൊക്കെ എഴുതാം എന്ന് വിഡ്ഢിമാന്‍ ഈ കഥയിലൂടെ സൂചിപ്പിക്കുന്നു . എന്തായാലും കഥ നന്നായി പറയാനുള്ള കഴിവ് സമ്മതിച്ചു കൊടുക്കാതെ വയ്യ.
ആദ്യ മഴയ്ക്ക് ശേഷം കണ്ട ഏറ്റവും പുതിയ കഥയാണ് ശരീരങ്ങളുടെ തെരുവില്‍ ,ജീവിക്കാനായി ശരീരം വില്‍ക്കുന്നവരുടെയും ജീവിക്കാന്‍ വേണ്ടി ശരീരം തേടി പോകുന്നവരുടെയും ഇവര്‍ക്കിടയില്‍ പെട്ട് ധര്‍മ്മസങ്കടക്കടലില്‍ നിലയില്ലാതെ നീന്തുന്ന നിസ്സഹായ ജന്മങ്ങളുടെയും പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളാണ് ഇവിടെ വായിക്കാനാവുക.
കഥകളെയും കഥയ്ക്ക് പുറത്തെ ജീവിതങ്ങളെയും നന്നായി നിരീക്ഷിച്ച് ജീവനുള്ള കഥാപാത്രങ്ങളെയും അനുഭവസ്പര്‍ശമുള്ള സന്ദര്‍ഭങ്ങളെയും സ്വാഭാവികതയോടെ അവതരിപ്പിക്കാന്‍ കഥാകാരന് കഴിഞ്ഞിട്ടുണ്ട് .
ആണിനു പെണ്ണും പെണ്ണിന് ആണും തുണയായി ജീവിക്കണം എന്നത് പ്രകൃതി നിയമം. ആദി കാവ്യത്തില്‍ വാത്മീകിയും പാടിയത് ക്രൌഞ്ച മിഥുനങ്ങളെ ക്കുറിച്ചും വേടന്റെ കൂരമ്പ് ഏറ്റ് ഇണയെ നഷ്ടപ്പെട്ട പെണ്‍ പക്ഷിയെക്കുറിച്ചും ആയിരുന്നു .
ഉസ്മാന്‍ ഇരിങ്ങാട്ടിരി എഴുതിയ ചിദ്രം എന്ന നൊമ്പരപ്പെടുത്തുന്ന കഥ വായിക്കുമ്പോള്‍ ഇണയെ നഷ്ടപ്പെട്ട ആ പെണ്‍ കിളിയെ ഓര്‍മവന്നു .വിധിയെന്ന വേടന്റെ കൂരമ്പേറ്റു ഇണയും തുണയും ആയി നിന്ന ആണ്‍ പക്ഷി കാലയവനികയ്ക്കുള്ളിലേക്ക് ചോര വാര്‍ന്നു വീണപ്പോള്‍ തകര്‍ന്നു പോയ ഒരു പെണ്‍ പക്ഷി . വൈയക്തികമായ മോഹങ്ങള്‍ ഉപേക്ഷിച്ചു പിന്നീട് മക്കള്‍ക്ക് വേണ്ടി ഒറ്റയ്ക്ക് കഷ്ടപ്പെട്ട ഒരു സാധു സ്ത്രീയുടെ കഥ .പറക്ക മുറ്റാറാകുമ്പോള്‍ അമ്മക്കിളിയെ വിട്ടു കാമനകളുടെ മറു ചില്ലകള്‍ തേടി പറന്നു പോകുന്ന കുഞ്ഞിക്കിളികളെ നോക്കി നിസ്സഹായതയോടെ വിതുമ്പുന്ന ഒരമ്മക്കിളി …കഥയിലെ ചില വാചകങ്ങള്‍ വായനക്കാരന്റെ ഉള്ളില്‍ വീണു പൊള്ളും …
ഷീലാ ടോമിയുടെ കാടോടിക്കാറ്റ് ബ്ളോഗില്‍ മെല്‍ക്വിയാഡിസിന്റെ പ്രളയ പുസ്തകം .
ഒരു ഡാമിന്റെ, അതുയര്‍ത്തുന്ന സുരക്ഷിതത്വ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഈ കഥ എഴുതപ്പെട്ടതും വായിക്കപ്പെടുന്നതും. സമകാലിന യാഥാര്‍ത്ഥ്യങ്ങളുടെ അകമ്പടിയോടെ ആരംഭിക്കുന്ന കഥ ഫാന്റസിയുടെ അതി നിഗൂഡത നിറഞ്ഞ അത്ഭുതങ്ങളിലേക്ക് സന്നിവേശിപ്പിച്ച്
വിഭ്രമാത്മകമായ ഒരു തലത്തില്‍ വായനക്കാരനെ കൊണ്ട് ചെന്നെത്തിക്കുന്നതിനൊപ്പം മൂന്നാം ലോക രാജ്യങ്ങില്‍ വേരൂന്നിയ മുതലാളിത്ത സങ്കല്‍പ്പങ്ങളില്‍ അധിഷ്ടിതമായ വികസന തന്ത്രങ്ങള്‍ക്കടിപ്പെട്ട് തട്ടകങ്ങളും ആവാസ വ്യവസ്ഥകളും തകര്‍ന്നു തരിപ്പണമാകുന്ന മണ്ണിന്റെ /കാടിന്റെ മക്കളുടെ ചിത്രം കൂടിയാകുന്നു ഷീല യുടെ തൂലിക വരച്ചിടുന്നത് .
ജലമെത്തിയ ഇടങ്ങളില്‍ തോട്ടങ്ങള്‍ തഴച്ചു വളര്‍ന്നു. കാടുകള്‍ വിട്ട് ചേരികളില്‍ കുടിയേറിയ കുട്ടികള്‍ ദാഹിച്ചു മരിച്ചുകൊണ്ടിരുന്നു. കഥകളും കവിതകളും പിറന്നു അവരെക്കുറിച്ച്… മുങ്ങിപ്പോയ മണ്ണിനേയും മനസ്സിനെയും മറന്ന് ആളുകള്‍ പിന്നെയും വോട്ടു ചെയ്തുകൊണ്ടുമിരുന്നു…
മനോഹരമായ പ്രയോഗങ്ങള്‍ കൊണ്ട് ജീവസ്സുറ്റതാണ് ഈ കഥ. ചില ഉദാഹരണങ്ങള്‍ :
(1) കീഴ്ക്കാംതൂക്കായ പാറകളില്‍ പിടിച്ചു കയറി വള്ളിക്കുടിലില്‍ ഒളിച്ചു അവളും മഞ്ഞും
(2) തുലാമാസം പോയതറിയാതെ മേഘങ്ങള്‍ വിങ്ങി നിന്നു മാനത്ത്. ..
(3) കിതക്കുകയാണ് അയാളും ഇരുട്ടും.
ഒരു കവിത വായിക്കുന്നത് പോലെയാണ് ഈ കഥയിലൂടെ സഞ്ചരിച്ചത് .അല്ല ഇതിലെ വാചകങ്ങള്‍ പലതും കവിതയുടെ സുന്ദര സ്പര്‍ശം ഉള്ളത് തന്നെയാണ് .
സാഹിത്യ സദസ്സ് എന്ന ബ്ളോഗില്‍ ശ്രീജിത്ത് മൂത്തേടത്തിന്റെ ജാലകങ്ങള്‍ എന്ന കഥ പ്രദീപ് മാഷ് അഭിപ്രായപ്പെട്ടത് പോലെ നമ്മുടെ കാലത്തിന്റെ മൂല്യങ്ങളും ജീവിതചര്യകളും – അവ ഉയര്‍ത്തുന്ന വെല്ലുവിളികളും ചൂണ്ടിക്കാട്ടുന്നതാണ് . ചുരുങ്ങിയ വാചകങ്ങള്‍ കൊണ്ട് ദീര്‍ഘശ്രദ്ധ തേടുന്ന ഈ കഥ നല്ല വായന നല്‍കും . ശ്രീജിത്തിന്റെ ആദ്യ കഥാസമാഹാരമായ “ജാലകങ്ങള്‍ ” ഇന്നലെ (03/02/2012 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ) ശ്രീ. ബാലചന്ദ്രന്‍ വടക്കേടത്ത് പ്രകാശനം ചെയ്തു . സി.എന്‍.എന്‍ പബ്ലിക്കേഷന്‍സ് ആണ് പ്രസാധകര്‍ .
നന്മയുടെ രൂപകങ്ങള്‍ ഒരു പഴയ പോസ്റ്റാണ്. വാല്യക്കാരന്‍ കഴിഞ്ഞ സെപ്തംബറില്‍ എഴുതിയത്. നാട്ടില്‍ നിന്ന് മറഞ്ഞു കൊണ്ടിരിക്കുന്ന ഗ്രാമീണ കാഴ്ച്ചകളുടെയും കാര്‍ഷിക സംസ്കൃതിയുടെയും മിഴിവാര്‍ന്ന ചിത്രങ്ങളുമായി നില്‍ക്കുന്ന നന്മ നിറഞ്ഞ ഒരു പോസ്റ്റ് . പ്രവാസ ലോകത്ത് മാത്രമല്ല ജന്മ നാട്ടില്‍ കഴിയുന്നവര്‍ പോലും മറന്നു തുടങ്ങിയ കാര്യങ്ങള്‍ . മനസ് ഒന്ന് തണുക്കും , പോയ് വരൂ .
നാട് വിടലും നാലുകൂട്ടം സാമ്പാര്‍ കഷണവും ഹാസ്യരസത്തോടെ വിവരിക്കുന്ന ഒരു നാട് വിടല്‍ കഥ . മറക്കാന്‍ മറന്നത് എന്ന ബ്ളോഗില്‍ വായിക്കാം . ഷാരു (അന്ഷാ മുനീര്‍ ) ആണ് രചയിതാവ്. സാമ്പാര്‍ പോലെ രസിപ്പിക്കുന്ന എഴുത്ത് …
ലേഖനം
കല ജീവിതത്തെ തൊടുന്നത് കുറച്ചു പഴയ ഒരു പോസ്റ്റാണ്. നാവ് എന്ന ബ്ളോഗില്‍ . മുഹമ്മദ് ഷമീമിന്റെ ബ്ലോഗാണിത് . കലയെയെപ്പറ്റി ഒന്ന് ചിന്തിക്കാനോ കല സാമൂഹിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഉണ്ടാക്കുന്ന അല്ലെങ്കില്‍ ഉണ്ടാക്കാതിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ഒരിക്കല്‍ക്കൂടി ഒന്നാലോചിക്കാനോ പ്രേരകമാവുന്ന ഒരു പോസ്റ്റ് .
കല എന്തിനു വേണ്ടിയാണ് ? ആര്‍ക്കു വേണ്ടിയാണ് ? എന്നത് ഇരിപ്പിടം ലക്കം 20 ല്‍ ചര്‍ച്ചയ്ക്ക് വച്ച വിഷയം ആണെങ്കിലും എന്തുകൊണ്ടോ ബ്ലോഗെഴുത്തുകാരായ വായനക്കാരില്‍ ഭൂരിപക്ഷം പേരും ഉപരിപ്ലവങ്ങളായ മറ്റു വിഷയങ്ങളിലാണ് താല്പര്യമെടുത്തു പലതും പറഞ്ഞു പോയത് ! ഷമീമിന്റെ പോസ്റ്റു വായനയിലൂടെ ആ വിഷയം ഒരിക്കല്‍ കൂടി സജീവമാക്കാന്‍ ശ്രമിക്കുകയാണു ഇരിപ്പിടം .
ഗള്‍ഫ് പ്രവാസ ജീവിതത്തിന്റെ ദുരിതങ്ങള്‍ ഏറെ ഹൃദയ സ്പര്‍ശിയായി പകര്‍ത്തിയ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നോവലാണ് ശ്രീ ബന്യാമന്റെ ആട് ജീവിതം .വായനകൊണ്ടും പുരസ്കാരങ്ങള്‍ കൊണ്ടും ധന്യമായ കൃതി .ഇതിലെ കഥയും സന്ദര്‍ഭങ്ങളെയും മുന്‍ നിര്‍ത്തി ശ്രീ ഷുക്കൂര്‍ കിളിയാന്തിരിക്കാല്‍ എഴുതിയ ആട് ജീവിതം :മനുഷ്യ ജന്തുക്കള്‍ എന്ന ബ്ലോഗു പോസ്റ്റ് ഇതിനകം പലരുടെയും ശ്രദ്ധയില്‍ പെട്ടിട്ടുള്ളതാണ്. മൂല കൃതിയും അതിനെ അധികരിച്ച് വായനക്കാരുടെ ഇടപെടലും ഒക്കെ ചേരുമ്പോള്‍ മാത്രമാണ് ഒരു രചന അതിന്റെ പൂര്‍ണ്ണതയില്‍ എത്തുന്നത് .അത്തരം ഒരിടപെടല്‍ ആയത് കൊണ്ടാണ് ഈ ബ്ലോഗു വായനക്കാരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്.
ഗൗരവമുള്ള വായന ഇഷ്ടപ്പെടുന്നവര്‍ക്ക് സന്ദര്‍ശിക്കാവുന്ന ഒരു ബ്ലോഗാണ് കേരള സമോവര്‍ . 2010 സെപ്തംബറില്‍ എഴുതിയ ഒരു പോസ്റ്റ് കണ്ടു ,പഴക്കമുണ്ടെങ്കിലും പ്രസക്ത വിഷയം എന്നതിനാല്‍ ചേര്‍ക്കുന്നു .
പുട്ടിനു പൊടി കുഴച്ചപ്പോള്‍ വെള്ളം കൂടി അപ്പമായി പോയതും കക്കൂസില്‍ പോയപ്പോള്‍ കൂട്ടുകാര്‍ വാതിലില്‍ മുട്ടി ശല്യപ്പെടുത്തിയതും എല്ലാം ബ്ലോഗ് പോസ്റ്റ് ആവുകയും അതിന്മേല്‍ അമേദ്യം കിട്ടിയ ഈച്ചകളെ പോലെ ആര്‍ത്തു വീണു കമന്റുകള്‍ വര്‍ഷിക്കുകയും ചെയ്യുന്നവര്‍ ബ്ലോഗെഴുത്തിന്റെ ഭാവി ഓര്‍ത്തെങ്കിലും ഉടയ്ക്കപ്പെടുന്ന ചെമ്പോലകള്‍ പോലുള്ള രചനകള്‍ കൂടി പരിഗണിക്കണം .’ ഗൗരവമുള്ള വിഷയങ്ങള്‍ പറയുന്ന ഒരു പാട് ബ്ളോഗുകള്‍ വായിക്കപ്പെടാതെ പോകുന്നത് വളര്‍ന്നു വരുന്ന ശക്തമായ ഒരു മാധ്യമ മേഖല എന്നനിലയില്‍ ബ്ലോഗിങ് രംഗത്തെ ഒരു പോരായ്മ തന്നെയാണ്.
വിഷയത്തിന്റെ ഗൌരവം അര്‍ഹിക്കുന്ന ഭാഷ ആവശ്യമായതിനാല്‍ ആവണം അല്പം ബുദ്ധിമുട്ട് ചിലര്‍ക്കെങ്കിലും തോന്നാം . ഒ .വി. വിജയനെയും ആനന്ദിനെയും ഒക്കെ വാശിയോടെ വായിക്കാന്‍ നമുക്കാകുമെങ്കില്‍ എന്ത് കൊണ്ട് ബ്ളോഗിലെ ഗൌരവ രചനകള്‍ മാറ്റി വയ്ക്കണം ?
കുഞ്ഞുണ്ണിയുടെ സങ്കടവും മമ്മൂട്ടിയുടെ ജാമ്യവും ഈ വാരം ഇറങ്ങിയ സൂപ്പര്‍ തമാശ പോസ്റ്റുകളില്‍ ഒന്നാണ് ശ്രീ കൊമ്പന്‍ മൂസയുടെ കൊമ്പന്റെ വമ്പത്തരങ്ങള്‍ എന്ന ബ്ലോഗില്‍ ഉള്ളത് . ദാരിദ്ര്യത്തില്‍ നിന്നും നിഷ്കളങ്കമായ ജീവിതാവസ്ഥകളില്‍ നിന്നും ഉണ്ടാകുന്ന വേദന നിറഞ്ഞ തമാശാനുഭവങ്ങള്‍ വളരെ കാലത്തിനു ശേഷം സ്വാഭാവിക നര്‍മ്മം കൊണ്ട് പൊതിഞ്ഞു നുകരാന്‍ തന്നിരിക്കുകയാണ് ശ്രീ കൊമ്പന്‍ . അക്ഷരത്തെറ്റുകള്‍ ഭാഗ്യ മുദ്രകളായി വിലസുന്ന കൊമ്പന്റെ ബ്ലോഗിലെ മനപൂര്‍വ്വമല്ലാത്ത തല തിരിഞ്ഞ വാചകങ്ങളും വാക്കുകളും വരെ ചിലപ്പോള്‍ വായനക്കാരില്‍ ചിരിയുണ്ടാക്കുന്നു ..
നാടിനെ കുറിച്ച് പറയുമ്പോളും എഴുതുമ്പോളും നൂറു നാവാണ് പലര്‍ക്കും . ബ്ളോഗിലും അത്തരം ദേശസ്നേഹികള്‍ ധാരാളം… അമൃത വാഹിനിയായ ചാലിയാറിന്റെ തീരത്തെ ഊര്‍ക്കടവ് ഗ്രാമത്തെ ക്കുറിച്ച് പറയുമ്പോള്‍ ഊര്‍ക്കടവ് കാരനായ ഫൈസല്‍ ബാബുവിനും ആവേശം വരും .ഇക്കുറി ഗ്രാമത്തിന്റെ പൊതു തീന്‍ മുറിയായ ന്റെ ചായക്കടയുടെയും അതിന്റെ അധിപനായ അബൂക്കയുടെയും ചിത്രമാണ് ഫൈസല്‍ വരച്ചിട്ടത് . അവധിക്കു നാട്ടില്‍ എത്തിയപ്പോള്‍ അബൂക്കയുടെ കട കണ്ടതുമുതല്‍ അതുമായി ബന്ധപ്പെട്ട ബാല്യകാല സ്മരണകള്‍ ഒന്നൊന്നായി വിവരിച്ചതും അബൂക്കാന്റെ കടയില്‍ സിനിമാ ഷൂട്ടിങ്ങിനായി മമ്മൂട്ടി വന്ന വിശേഷങ്ങളും കൂടി പറഞ്ഞാണ് ഫൈസല്‍ തന്റെ ഗ്രാമീണ സ്മരണകളില്‍ ആത്മ നിര്‍വൃതി കൊള്ളുന്നത് ..ഇതൊക്കെ വായിക്കുമ്പോള്‍ ആരായാലും നാളികേരത്തിന്റെ നാട്ടിലെ നമ്മുടെ പ്രിയ ജന്മ നാടിനെ ഓര്‍ത്ത് പോകും .
ഉത്സവങ്ങള്‍ തുടങ്ങുന്നു കലി യുടെ എന്റെ തോന്ന്യാക്ഷരങ്ങള്‍ ബ്ളോഗില്‍ ..നാട്ടില്‍ ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും പെരുന്നാളുകളുടെയും കാലമാണ് . വര്‍ഷത്തില്‍ ഒരിക്കല്‍ നാട്ടിലെ ജനങ്ങള്‍ക്കെല്ലാം ഒത്തു കൂടാനും പരസ്പര സഹവര്‍ത്തിത്വം ഉറപ്പാക്കാനുമുള്ള വേദികളാണ് ഉത്സവ പ്പറമ്പുകള്‍ . ഉത്സവങ്ങള്‍ ഓരോ പ്രായക്കാര്‍ക്കും ഓരോ ദേശക്കാര്‍ക്കും ഓരോ മതസ്ഥര്‍ക്കും വ്യത്യസ്തമായ തരത്തിലുള്ള ആഘോഷങ്ങള്‍ക്കാണ് അവസരമൊരുക്കുന്നത് .ആഘോഷങ്ങളില്‍ മദ്യം അവിഭാജ്യ ഘടകമാകുന്നു ,ഇങ്ങനെ ഓരോന്നും വിശകലനം ചെയ്യുന്ന ഒരു പോസ്റ്റ് .
ഖത്തര്‍ ബ്ലോഗ് മീറ്റ് -വിന്റര്‍ -2012
പുതുവര്‍ഷത്തെ ആദ്യത്തെ ബ്ലോഗു മീറ്റിംഗ് വിന്റര്‍ -2012 ഫെബ്രുവരി പത്തിന് ഖത്തറില്‍ നടക്കും .നൂറോളം ബ്ലോഗര്‍മാരും മറ്റു ഓണ്‍ ലൈന്‍ എഴുത്തുകാരും പങ്കെടുക്കുന്ന വിപുലമായ സമ്മേളനത്തിന്റെ അവസാന വട്ട ഒരുക്കങ്ങളിലാണ് ശ്രീ ഇസ്മയില്‍ കുറുമ്പടിയുടെ നേതൃത്വത്തിലുള്ള സംഘാടക സമിതി .മീറ്റിനു ഇരിപ്പിടത്തിന്റെ ഭാവുകങ്ങള്‍ .
ബ്ളോഗര്‍മാരുടെ പ്രത്യേക ശ്രദ്ധയ്ക്ക് : ഇരിപ്പിടത്തില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്ന ലിങ്കുകള്‍ അതിനായി ആരംഭിച്ചിട്ടുള്ള ഫേസ് ബുക്ക് പേജില്‍ നല്‍കണം .ഈ പേജില്‍ വലതു വശത്തുള്ള ഫേസ് ബുക്ക് ബാഡ്‌ജില്‍ ക്ലിക്കിയാല്‍ അവിടെ എത്താം .കൂടുതല്‍ ആളുകള്‍ വായിച്ച ലിങ്കുകള്‍ ദയവു ചെയ്തു ഒഴിവാക്കി പുതിയ പോസ്റ്റിനോ വായന കുറഞ്ഞ സവിശേഷതയുള്ള പോസ്റ്റിനൊ പ്രാധാന്യം കൊടുക്കണം .