പശുവിനെ കൊല്ലരുത്
എം.കെ.ഹരികുമാർ
കുഞ്ഞു കരയുന്നു:
പശുവിൻ പാലുമതി
മുലപ്പാലും പശുവിൻ പാലും
ഒന്നു തന്നെ.
പശുവിൽ ഓർമ്മയുണ്ട്.
ശുദ്ധമായതിൽ ശുദ്ധമായ
ഓർമ്മകൾ
അമ്മയുടെ ഓർമ്മകൾ
പശുവിൽ ആനന്ദമുണ്ട്
കുട്ടികളുടെ കളികൾ
കണ്ട അമ്മയുടെ
ആനന്ദം
പശുവിൽ സ്നേഹമുണ്ട്
സ്നേഹത്താൽ
സ്വയം നിശ്ശബ്ദയായവൾ
സ്നേഹം കൊണ്ട് മുറിവേറ്റവൾ
ഗോ,
വേദങ്ങളോട് ചേർന്നത്
ഗോവിന്ദം
ഗോപാലം
ഗോകുലം
പശുവിനെ കൊല്ലരുത്
അത് ആശ്രമ മൃഗമാണ്.
പുല്ലുകളും ഇലകളും മാത്രം
ഭക്ഷിക്കുന്ന നന്മയുടെ
പുരാതന സ്ത്രീ
ആ കണ്ണുകൾ
ആകാശം പോലെ
നിഷ്കളങ്കമാണ്.
അരയാലിലകൾ പോലെ
പ്രാർത്ഥനാനിർഭരമാണ്.
ആ കണ്ണുകളിൽ
കൃഷ്ണത്വമാണുള്ളത് .
നൂറ്റാണ്ടുകൾക്ക്
മുന്നേയുള്ള
പാപങ്ങളെ
അത് വിടുവിക്കുന്നു .
കലുഷമാകാത്ത കാലമാണത്.
പശുവിനു
സ്വാഭാവിക മൃത്യു മതി.
അത് അമ്മയാണ്.
അയവെട്ടുമ്പോൾ
പശു വേദം കേൾക്കുന്നു.
നഷ്ടപ്പെട്ട ജന്മഗേഹങ്ങളെ
അത് എണ്ണിയെടുക്കുകയാണ്