22 Aug 2020

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

 മൂന്ന് കൊടുങ്കാറ്റുകൾ

എം.കെ.ഹരികുമാർ

 ''മൂലധന സമ്പദ് വ്യവസ്ഥകളെയും 

വിപണികളെയും സാർവത്രിക 

പ്രതിഭാസമായി കാണുന്ന

 പ്രവണതയാണിന്നുള്ളത്.''

 

കൊറോണക്കാലത്ത് എഴുതി പ്രസിദ്ധീകരിച്ചു എന്നതാണ് ,സ്ളൊവേനിയൻ മാർക്സിസ്റ്റ്  സൈദ്ധാന്തികനും ചിന്തകനുമായ സ്ളവോജ് സിസേക്കിൻ്റെ Pandemic! covid-19 shakes the world എന്ന പുസ്തകത്തിൻ്റെ പ്രസക്തി .പത്ത് അധ്യായങ്ങളുള്ള ഈ പുസ്തകം ലോകരാഷ്ട്രങ്ങളുടെ ജനാധിപത്യവിരുദ്ധമായ പ്രവർത്തനങ്ങളെയും വൈറസ് വ്യാപനത്തിലെ സമകാലിക രാഷ്ട്രീയ പ്രവണതകളെയും വിലയിരുത്തുന്നു.

ഇപ്പോൾ ജീവിച്ചിരിക്കുന്ന ആർക്കും ഓർമ്മയോ അനുഭവമോ ഇല്ലാത്ത മഹാമാരിയാണിത്. അതുകൊണ്ടുതന്നെ രാഷ്ട്രങ്ങളുടെ തിരഞ്ഞെടുപ്പും പാളിപ്പോകാവുന്നതാണ്. ചൈനയിലെ ജനങ്ങൾ ഒന്നുമറിഞ്ഞിരുന്നില്ല എന്ന് സിസേക്ക് ഇതിൽ എഴുതുന്നുണ്ട്.ഒരു മഹാമാരി പടരുമ്പോൾ ജനങ്ങളെ സർക്കാർ വിശ്വസിക്കേണ്ടതുണ്ട്. എന്നാൽ ചൈനീസ് സർക്കാർ ജനങ്ങളിൽ നിന്ന് എല്ലാം മറച്ചു പിടിച്ചു.മാവോയുടെ മുദ്രാവാക്യം "ജനങ്ങളെ വിശ്വസിക്കൂ " എന്നായിരുന്നു.എന്നാൽ അത് ഇപ്പോഴത്തെ ഭരണകൂടം ലംഘിച്ചിരിക്കുകയാണത്രേ. തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടിയോ, പാരിസ്ഥിതിക പ്രശ്നങ്ങളെ മുൻനിറുത്തിയോ ശബ്ദമുയരുന്നത് ചൈനീസ് ഭരണകൂടം ഇഷ്ടപ്പെടുന്നില്ലെന്ന് സിസേക്ക് ചൂണ്ടിക്കാട്ടുന്നു."മഹാമാരി ലോകമാകെ പടരുമ്പോൾ നമ്മൾ ഒരു കാര്യം ശ്രദ്ധിക്കണം.വിശപ്പും ദുരിതവും മാറ്റാൻ വിപണി സംവിധാനങ്ങൾ പോരാതെ വരും'' .

കമ്മ്യൂണിസ്റ്റ് എന്ന് നാം വിളിക്കുന്ന അവസ്ഥയെ കുറേക്കൂടി ആഗോളതലത്തിൽ എങ്ങനെ ഉപയോഗപ്രദമാക്കാമെന്ന് ചിന്തിക്കണം .വിപണിക്ക് പുറത്ത് ഉല്പാദന ,വിതരണ പ്രക്രിയകൾ ത്വരിതപ്പെടണം.1840 ൽ അയർലൻഡ് പട്ടിണിയിലായപ്പോൾ അവിടെ നിന്ന് ബ്രിട്ടൺ ഭക്ഷണം കയറ്റി അയച്ചതു പോലെ ക്രൂരമായ നടപടികൾ ഉണ്ടാകാതെ നോക്കണം'' - സിസേക്ക് കുറിക്കുന്നു.

ജനാധിപത്യവിരുദ്ധത എങ്ങോട്ട് ?

മഹാമാരി മനുഷ്യൻ ചെയ്തുകൂട്ടിയ ഭൗമപാപങ്ങൾക്കുള്ള ശിക്ഷയാണെന്ന് ചിലർ പ്രചരിപ്പിക്കുന്നുണ്ട്.ഇതിനെ ചെറുക്കേണ്ടതുണ്ട്.നമ്മുടെ പ്രവൃത്തികളിൽ പ്രകൃതി ഇടപെടുന്നതായ ചിന്തകൾ ആപത്ക്കരമാണ് .നമ്മൾ മനുഷ്യനെ തന്നെ കേന്ദ്രീകരിക്കാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ ജീവികളിൽ ഒന്നു മാത്രമാണ് മനുഷ്യൻ. വലിയ പാരിസ്ഥിതികമായ തിരിച്ചറിവുകളിലേക്ക് നാം വളരേണ്ടതുണ്ട്.
രാഷ്ട്രീയ നിലപാടുകളുടെ അടിസ്ഥാനത്തിൽ സാഹിത്യ അവാർഡുകൾ പോലും റദ്ദാക്കപ്പെടുന്ന സാഹചര്യം നിലനില്ക്കുകയാണെന്ന് ,സമകാല ലോക രാഷ്ട്രീയ മുൻഗണനകളെ പരിഗണിച്ചുകൊണ്ട് സിസേക്ക് ആരോപിക്കുന്നു. ബ്രിട്ടീഷ് പാകിസ്ഥാനി എഴുത്തുകാരി കാമില ഷംസീ (Kamila Shamsie) ക്ക് ഇസ്രയേലി ഗവണ്മെൻ്റിനെതിരായ സമരത്തിൽ പങ്കെടുത്തു എന്ന കാരണം പറഞ്ഞ് പ്രഖ്യാപിച്ച പുരസ്കാരം റദ്ദാക്കപ്പെട്ട അനുഭവമുണ്ടായി .

ലോകം ഇൻ്റർനെറ്റിലൂടെയും വേഗത്തിലൂടെയും പുതിയ മാനങ്ങൾ കൈവരിച്ചെങ്കിലും രാഷ്ട്രീയ തീരുമാനങ്ങളുടെ ജനാധിപത്യവിരുദ്ധതയിലൂടെ എല്ലാം മറ്റൊരു ദിശയിലേക്ക് നീങ്ങുകയാണ്. കൊറോണയുടെ കാലത്തെ തൊഴിൽ സാഹചര്യങ്ങൾ രണ്ട് രീതിയിൽ വിഭിന്നമായിരിക്കുന്നത് നാം ഉൾക്കൊള്ളണം. ഇവിടെ കുറേക്കൂടി ജാഗ്രത വേണം. ഫാക്ടറികളിലും ആശുപത്രികളിലും മറ്റ് തൊഴിൽ ഇടങ്ങളിലും പ്രവർത്തിക്കുന്നവരുണ്ട്. അവർ കൊറോണയെ എങ്ങനെ ചെറുക്കും.അവർ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരെപ്പോലെയല്ല. വീട്ടിലാകുമ്പോൾ കൂടുതൽ സമയം ലഭിക്കും.അവർ കൂടുതൽ ജോലി ചെയ്ത് മറ്റുള്ളവരെ കുഴപ്പത്തിലാക്കാനും മതി.എന്നാൽ ആശുപത്രി ജീവനക്കാർ ക്ഷീണിതരാകുന്നത് നാം കാണണം. അവർ നേടുന്നത് കുറേക്കൂടി വലിയ തൃപ്തിയാണ്. അവരുടെ മുന്നിൽ സമൂഹം കൈകൂപ്പി നില്ക്കേണ്ടതുണ്ട്.



മൂന്ന് കൊടുങ്കാറ്റുകൾ കൊറോണക്കാലത്ത് വീശിയടിക്കുന്നതായി സിസേക്ക് ചൂണ്ടിക്കാട്ടുന്നു.ഇത് ഏറ്റവും ബാധിക്കുക യൂറോപ്പിനെയാണത്രേ. മഹാമാരിയുടെ നേരിട്ടുള്ള ശാരീരിക പീഡനങ്ങളാണ് ആദ്യത്തേത് .ക്വാറൻ്റൈൻ ,രോഗപീഢ ,മരണം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.സാമൂഹിക അകലം ,ഒറ്റപ്പെടൽ ,കാത്തിരുപ്പ് എല്ലാം ഇതിൻ്റെ ഭാഗമാണ്. രണ്ടാമത്തേത് ഇതിൻ്റെ സാമ്പത്തിക ഫലങ്ങളാണ്. തൊഴിൽ നഷ്ടം ,കടബാധ്യത ,പ്രതിസന്ധികൾ എന്നിങ്ങനെ അനേകം പ്രശ്നങ്ങൾ ഉണ്ടാകുന്നു. യൂറോപ്പിനെയാവും ഇത് കൂടുതലും തകർക്കുക. കാരണം നേരത്തേ തന്നെ അവിടെ മാന്ദ്യം നിലനില്ക്കുകയാണ്.ഉദാഹരണത്തിന് ജർമ്മൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് കാർ വ്യവസായമാണ്. ചൈനയിലേക്കുള്ള ആഡംബര കാറുകളുടെ കയറ്റുമതി നേരത്തേ തന്നെ നിലച്ചിരുന്നു. ഇതിനു പുറമേയാണ് ചില ലോകനേതാക്കൾ ജനങ്ങളെ വിശ്വസിക്കാത്തതിൻ്റെ ഫലമായുള്ള പുതിയ ദുരിതങ്ങൾ ഉണ്ടാക്കുന്നത്.സിറിയയിൽ തുർക്കിയും ആസാദ് ഭരണകൂടവും (റഷ്യയുടെ പിന്തുണയോടെ ) ചെയ്ത അക്രമങ്ങൾ ലക്ഷക്കണക്കിനാളുകളെ അഭയാർത്ഥികളാക്കി.ആ അഭയാർത്ഥികളെ തുർക്കി പ്രവേശിപ്പിക്കുന്നില്ല .അവർ അഭയാർത്ഥികളെ യൂറോപ്പിലേക്ക് തള്ളിവിടുകയാണ്. അവർ ചെയ്ത തെറ്റിൻ്റെ ഫലമായുണ്ടായ ദുരിതം മറ്റു രാജ്യങ്ങളുടെ മേൽ കെട്ടിവയ്ക്കുന്ന ഇതുപോലൊരു പ്രവൃത്തി കൊറോണക്കാലത്ത് തുടരുന്നത് ,ലോക നേതാക്കളിൽ ചിലരെങ്കിലും ജനങ്ങളെ വിശ്വസിക്കുന്നില്ല എന്നതിനു തെളിവായി സിസേക്ക് ചൂണ്ടിക്കാട്ടുന്നു.

വൈറസ് ,വൈറൽ.

കഴിഞ്ഞ ഏതാനും ദശകങ്ങളായി വൈറസ് ,വൈറൽ എന്നീ പേരുകൾ നമുക്ക് സുപരിചിതമാണ്. കമ്പ്യൂട്ടർ പ്രോഗ്രാമുകളെ നശിപ്പിക്കുന്ന മനുഷ്യനിർമ്മിത വൈറസുകൾ പ്രസിദ്ധമാണ് .സമൂഹമാധ്യമങ്ങളിലെ വീഡിയോകൾ കൂടുതൽ പേർ കാണുന്നതിനെ വൈറലായി എന്നു പറഞ്ഞാണ് നാം വിളിക്കാറുള്ളത്. സിസേക്ക് പറയുന്നു ,ഈ രണ്ടു പദങ്ങളും ഇപ്പോൾ മനുഷ്യരാശിയെ ശാരീരികമായി ആക്രമിച്ചിരിക്കുകയാണെന്ന് .
"Viral infections work hand in hand in both dimensions ,real and virtual" . ഈ ഭീതിയിലും വലിയ മാധ്യമങ്ങൾ വിലപിക്കുന്നത് ആയിരങ്ങൾ  മരിക്കുന്നതിനെക്കുറിച്ച് ഓർത്തല്ല  ; വലിയ മാർക്കറ്റുകൾ പ്രവർത്തിക്കാത്തതിനെക്കുറിച്ചാണ് അവർക്ക് ഉത്ക്കണ്ഠ . മൂലധന സമ്പദ് വ്യവസ്ഥകളെയും വിപണികളെയും സാർവത്രിക പ്രതിഭാസമായി കാണുന്ന പ്രവണതയാണിന്നുള്ളത്.

സമൂഹത്തിൽ അകാരണമായ ഒരു ഭീതി നിലനില്ക്കുന്നതായി  സിസേക്ക് ചിന്തിക്കുന്നു. ഈ വാദത്തിനു ബലം നല്കുവാൻ പ്രമുഖ മാർക്സിസ്റ്റ് സൈദ്ധാന്തികനായ ഇറ്റാലിയൻ ചിന്തകൻ ജിയോർജിയോ അഗമ്പനെ (Giorgio Agamben) ഉദ്ധരിക്കുന്നു. മറ്റേതൊരു പകർച്ചവ്യാധിയും പോലെ തന്നെയാണ് കൊറോണയെന്നും ഇതിൻ്റെ പേരിൽ സകല സ്വാതന്ത്ര്യവും നഷ്ടപ്പെടുത്തുന്ന നിയന്ത്രണങ്ങൾ ശരിയല്ലെന്നും അഗമ്പൻ ചൂണ്ടിക്കാട്ടുന്നു. ഭീകരവാദം ഉണ്ടായപ്പോൾ പ്രത്യേക അധികാരങ്ങളിലൂടെ ഭരണകൂടങ്ങൾ ജനങ്ങളുടെ സ്വാതന്ത്ര്യം കവർന്നു.ഇപ്പോൾ അതേ പാരതന്ത്ര്യം ഒരു വൈറസിൻ്റെ പേരിൽ അനുഭവിക്കേണ്ടി വരുന്നു. ഇങ്ങനെ പോകുന്നു അഗമ്പൻ്റെ ആകുലതകൾ.

മറ്റൊരു വശത്ത് ,വളരെ പ്രാദേശികമായ തലത്തിൽ ജനങ്ങളുടെ ഐക്യവും മമതയും മുൻപെന്നത്തേക്കാൾ വർദ്ധിച്ചതായി സിസേക്ക് കരുതുന്നു. അധികാരം തന്നെ തുറന്നു കാണിക്കപ്പെടുകയാണ്. രാഷ്ട്രങ്ങൾ അവയുടെ അധികാരംകൊണ്ട് എന്താണ് ചെയ്യാൻ പോകുന്നതെന്ന ഒരു ചോദ്യം ഉയരുന്നു.ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉയരുന്ന ആ ചോദ്യം അധികാരികൾക്ക് നേരെ തിരിയുകയാണ് .ഒരു ഭരണകൂടം എത്രയൊക്കെ ചെയ്താലും ,ചെറിയ അശ്രദ്ധകൊണ്ട് കുറ്റാരോപിതരാവാനുള്ള സാധ്യതയും തള്ളാനാവില്ല .കാരണം ഇത് ലക്ഷക്കണക്കിനു ജനങ്ങളുടെ ജീവിതത്തെയാണ് യാതൊരു ക്രമവുമില്ലാതെ ബാധിക്കുന്നത്.

ഇൻ്റർനെറ്റ് നമ്മെ സ്വതന്ത്രരാക്കുന്നുണ്ട്. എന്നാൽ അതും രാഷ്ട്രങ്ങളുടെ നിയന്ത്രണത്തിലാണ്. നമ്മുടെ കണക്റ്റിവിറ്റി റദ്ദാക്കാൻ ഭരണകൂടത്തിനു കഴിയും. അപ്പോൾ സ്വാതന്ത്ര്യമോ? ഒരു പുതിയ കമ്മ്യൂണിസത്തെക്കുറിച്ച് സിസേക്ക് ഇതിൽ വാചാലനാവുന്നുണ്ട്. ഒരു മഹാമാരിക്ക് മുമ്പിൽ നമ്മൾ എത്ര പരസ്പരം സഹകരിച്ചോ ,അതുപോലെ ഒരു ലോകക്രമത്തിനു വേണ്ടിയും നിലകൊള്ളണം. അതിലൂടെ ഒരാ ഗോള ആരോഗ്യപരിപാലനക്രമം രൂപപ്പെടണം. അങ്ങനെ ചെയ്തില്ലെങ്കിൽ ,നമ്മൾ ഒരു പ്രാകൃത കാലത്തിലേക്ക് പതിക്കും.

 

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...