22 Aug 2020

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

 ഭാവിയിലേക്ക് കുതിക്കുന്ന പേടകം
ഗായത്രി

''രചനയില്‍ പുതുകാലത്തിന്റെ 

കുതിപ്പുകള്‍ ഒളിപ്പിച്ചു വച്ചിട്ടുളള 

ഒരു കഥയാണ് ഫംഗസ്''.

 
കൊവിഡ് 19 എന്ന മഹാമാരി അപ്രതീക്ഷിതമായി മാനവരാശിയെ മുഴുവന്‍ നിസ്സഹായതയുടെയും നിരാലംബതയുടെയും ദശാസന്ധിയില്‍ തളച്ചിട്ട ഈ കാലത്തെ നിര്‍വചിക്കാനാവാത്ത സംത്രാസത്തില്‍ പെട്ട് ഉഴലുകയാണ് മനുഷ്യന്‍. തത്വജ്ഞാനികള്‍ നിശബ്ദരായിപ്പോയ ഈ കരാള കാലത്തെ അന്ധാളിപ്പോടെ നോക്കിക്കാണുന്ന വ്യക്തിസത്തകളുടെ ജീവതത്തിലേക്ക് ഭാവനയുടെ തീവ്രമായ പ്രകാശം പരത്താന്‍ ശ്രമിക്കുന്ന രചനയാണ് നിരൂപകന്‍ കൂടിയായ എം. കെ. ഹരികുമാര്‍ എഴുതിയ 'ഫംഗസ്' എന്ന കഥ. 

സാമാന്യേന വലിയ ഈ കഥ റഷ്യന്‍ ജീവിത പശ്ചാത്തലത്തിലാണ് നടക്കുന്നത്. സര്‍ചക്രവര്‍ത്തിമാരുടെ ഏകാധിപത്യപരമായ കൊടുമകള്‍ക്കെതിരെ ഒരു പറ്റം വിപ്ലവകാരികള്‍ മുന്നോട്ടു വന്നപ്പോഴാണ് ഒക്ടോബര്‍ വിപ്ലവമെന്ന മഹാത്ഭുതം സംഭവിച്ചത്. സറിസ്റ്റ് റഷ്യയെപ്പറ്റി എന്തൊക്കെ ദോഷങ്ങള്‍ പറഞ്ഞാലും അത് മാര്‍ക്‌സിയന്‍ വീക്ഷണത്തിലുളള ഒരു സാമുഹികക്രമം നടപ്പിലാക്കാന്‍ സധിക്കുമെന്ന് ലോകത്തിന് കാണിച്ചു കൊടുത്തു. ഈ കഥയില്‍ കമ്മ്യൂണിസ്റ്റ് റഷ്യയില്‍ ജീവിച്ച ഒരെഴുത്തുകാരന്‍ പിന്നീട് നിശബ്ദനായെന്ന് ഒരു സൂചന നല്‍കുന്നുണ്ട്. അത് പക്ഷെ എന്തുകൊണ്ടാണെന്ന് എഴുത്തുകാരന്‍ പറയുന്നില്ല. വഌദ്മിര്‍ സ്മിര്‍നോവ് എന്ന അതേ എഴുത്തുകാരന്‍ മുമ്പ് എഴുതിയ ഫംഗസ് എന്ന ഒരു കഥ അതേ എഴുത്തുകാരന്റെ പ്രതിജന്മമായി വിശേഷിപ്പിക്കുന്ന മറ്റൊരെഴുത്തുകാരന്‍ ഫംഗസ് എന്ന പേരില്‍ തന്നെ പുനരാവിഷ്‌കരിക്കുന്നതായാണ് കഥാകഥനം.

  ഉത്തരാധുനികതയുടെ ഇക്കാലത്ത് കഥയെഴുത്തില്‍ കഥാകാരന്മാര്‍ പ്രകടിപ്പിക്കുന്ന പല നൂതന സമ്പ്രദായങ്ങളും നാം കാണുന്നുണ്ട്. ഈ കഥയുടെ ആഖ്യാനതന്ത്രവും അത്തരത്തില്‍ രൂപപ്പെട്ടിട്ടുളളതാണ്. റഷ്യയിലെ ഒരു ടിന്‍ നിര്‍മാണക്കമ്പനിയിലെ സാധാരണ തൊഴിലാളിയായ ലെനിക്കോവ് എന്ന കഥാപാത്രത്തിലൂടെ പുതിയ കാലത്തെ റഷ്യയിലെ തൊഴിലാളികളുടെ ജീവിതത്തിലെ അസമത്വങ്ങളും ധര്‍മസങ്കടങ്ങളും അവ ഉല്‍പ്പാദിപ്പിക്കുന്ന മാനസിക സംഘര്‍ഷങ്ങളുമാണ് ആഖ്യാനം ചെയ്യുന്നത്. പുതിയ കാല കഥകളിലെ നവഭവുകത്വസംബന്ധിയായ നിരവധി സൂക്ഷ്മ വ്യവഹാരങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. ലെനിക്കോവിന്റെ നിത്യജീവിതത്തിലെ ഓരോ നിമിഷങ്ങളും വിചിത്രവും വ്യത്യസ്തവുമായ ചിന്തകളിലും അനുഭവങ്ങളിലും പെട്ട് മുന്നോട്ട് പോകുമ്പോള്‍ വായനക്കാരന്‍ ശരിക്കും അസ്വസ്ഥനാകും. അത്രമേല്‍ കാര്യങ്ങള്‍ അയാളെ വ്യകുലനാക്കുന്നുണ്ട്.

 ഫംഗസ് എന്ന വാക്ക് കേള്‍ക്കുന്നവരില്‍ രോഗം പരത്തുന്ന ചില സൂക്ഷ്മ ജീവികളുടെ ഓര്‍മകള്‍കൂടി മറ്റു പലതിനോടുമൊപ്പം കടന്ന് വരും. കുമിള്‍ എന്ന അതിന്റെ സാമാന്യ നാമത്തിനപ്പുറം പല തരത്തിലുളള സാക്രമികരോഗങ്ങള്‍ക്കും അതിടവരുത്തിയേക്കും. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു എഴുത്തുകാരന്‍ താന്‍ എഴുതിയ കഥയ്ക്ക് ഫംഗസ് എന്ന് പേരിടുമ്പോള്‍ അയാളിലെ മനീഷീയെയാണ് അത് ലക്ഷ്യം വക്കുന്നത്. പില്‍ക്കാലത്ത് അതിനോട് സദൃശമായ ഒരു രോഗം ഭൂമിയെ പൊതിയുമ്പോള്‍ മനുഷ്യന്റെ ദുരക്ക് അറുതിവരുത്താന്‍ പ്രകൃതി ചിലത് മുന്നോട്ട് വക്കുകയാണോയെന്ന് സംശയിക്കാവുന്നതാണ്. മുതലാളിത്തത്തിന്റെ മുദ്രാവാക്യം ജീവിതം സന്തോഷപൂര്‍വം ആഘോഷിക്കൂവെന്നാണ്. ഉപഭോക്തൃ സംസ്‌കൃതിയിലൂടെ ആസക്തിയുളള മനുഷ്യകുലത്തെ ഉണ്ടാക്കിയെടുക്കുകയെന്നതാണ് മുതലാളിത്തം അതിലൂടെ ലക്ഷ്യമിടുന്നത്. ജീവിതത്തോടുളള ആസക്തികൊണ്ട് ഇച്ഛിച്ചതൊന്നും ലഭിക്കാതെ വരുന്ന മനുഷ്യന്റെ നിരാശയും അസംതൃപ്തിയും അവന്‍ ജീവിക്കുന്ന സമൂഹത്ത അധമപ്രവൃത്തികളിലേയ്ക്ക് നയിക്കുന്നു. പരിഷ്‌കൃത സമൂഹത്തെ സൃഷ്ടിക്കാന്‍ അപരിഷ്‌കൃതരായവരെ നിഗ്രഹിച്ചാലും തെറ്റില്ലെന്നതും മുതലാളിത്തത്തിന്റെ കാഴ്ച്ചപ്പാടാണ്. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ സാമ്പത്തികമായി ത്രാണിയില്ലാത്തവരെ നിഷ്‌കാസിതരാക്കുന്നത് വികസനത്തിന്റെ മറ്റൊരു മുഖമാണിന്ന്. 

 ലെനിക്കോവിനെ അലട്ടുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്. സ്വന്തം ഭാര്യ അയാള്‍ക്ക് വേണ്ടി സ്‌നേഹപൂര്‍വ്വം ഉണ്ടാക്കിക്കൊടുക്കുന്ന ഉരുളക്കിഴങ്ങ് സൂപ്പ് ഒരിക്കല്‍ അയാളിലെ ഊര്‍ജസ്വലനായ ഭര്‍ത്താവിനെ ഉണര്‍ത്തിയിരുന്നെങ്കിലും ഒരു ഘട്ടം മുതല്‍ അതയാളുടെ വീര്യത്തെ ഉണര്‍ത്താന്‍ പര്യാപ്തമാകാതെ വരുന്നു. മനുഷ്യന്‍ അവന്റെ പരമ്പരാഗതമായ ഭക്ഷണത്തില്‍ തൃപ്തരായി മാറുമ്പോള്‍ പുത്തന്‍ ഭക്ഷണക്കൂട്ടുകളുമായി നമ്മെ വശീകരിക്കുന്നവലിയ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടി പോകേണ്ടിവരും. അത്തരം വേളകളില്‍ പാരമ്പര്യ ഭക്ഷണത്തെ അധിക്ഷേപിക്കുകയും അവയെപ്പറ്റി അവമതിപ്പുണ്ടാക്കുകയും ചെയ്താലേ കുത്തകകള്‍ക്ക് പിടിച്ചു നില്‍ക്കാനാവൂ. ഉരുളക്കിഴങ്ങ് സൂപ്പ് എന്ന പാരമ്പര്യ ഭക്ഷണം ലെനിക്കോവിനെ ഉണര്‍ത്താതാവുന്നതോടെ മുതലാളിത്തത്തിന്റെ നീരാളപ്പിടുത്തത്തില്‍ അയാള്‍ കുടുങ്ങിക്കഴിഞ്ഞെന്നുമാണ് അര്‍ത്ഥമാക്കുന്നത്. ഇത്തരത്തില്‍ നിരവധി സന്ദര്‍ഭങ്ങള്‍ ആനുഷംഗികമായി കഥയില്‍ അഭിമുഖീകരിക്കുന്നുണ്ട് വായനക്കാരന്‍.
കൊവിഡുമായി ഫംഗസിനേ തട്ടിച്ചു നോക്കാനാവില്ലെങ്കിലും സദൃശമായ ഒരവസ്ഥ മണ്ണിനെ പൊതിഞ്ഞ് നില്‍പ്പുളളതായി ബോധ്യപ്പെടുത്താന്‍ കഴിയുന്നുണ്ട്. 

 അതേസമയം കൊവിഡ് തന്റെ മാരക താണ്ഡവം തുടരുന്ന വേളയില്‍ മരണത്തിന്റെ കാല്‍പ്പെരുമാറ്റം ഓരോ മനഷ്യനും തനിക്കും ചുറ്റു കേള്‍ക്കാന്‍ തുടങ്ങുന്നിതിലെ അനിശ്ചിതത്വം സൃഷ്ടിക്കുന്ന ഭീതി മാനവരാശിയെ ഒന്നടങ്കം കീഴടക്കുമ്പോള്‍ ഫംഗസ് എന്ന കഥ ചില സൂക്ഷ്മതകളെ പ്രതീകാത്മകമായി പിന്‍പറ്റുന്നുണ്ട്. ലെനിക്കോവിന് പല നേരങ്ങളില്‍ പല മനസ്സാണ്. ഒരു തരത്തില്‍ അയാള്‍ ഫംഗസ് എന്ന അനിശ്ചിതത്വത്തിന്റെ ഇരയാണ്. അയാളിലെ കാമനകള്‍ അയാളെത്തന്നെ തോല്‍പ്പിക്കുന്ന ഒരു വേളയില്‍ തന്റെ ഭാര്യയോട് തോന്നാത്ത കമ്പം ഒരു വേശ്യയോട് തോന്നിക്കുന്ന ചില മുഹൂര്‍ത്തങ്ങള്‍ കഥയില്‍ പ്രതിപാദിക്കുന്നുണ്ട്. ലെനിക്കോവിന്റെ അടക്കാനാവാത്ത കാമമല്ല അയാളെ അത്തരത്തിലൊരു സംഗമത്തിന് പ്രേരിപ്പിക്കുന്നത്. എന്നാലും ആ വേശ്യയോട് അയാള്‍ മനസ്സ് തുറക്കുന്നു. മനഷ്യമനസ്സിന്റെ നിഗൂഢതകള്‍ പുറമേ നിന്ന് വീക്ഷിക്കുമ്പോള്‍ ശാന്തമെന്ന് തോന്നുമെങ്കിലും അത് അത്യഗാധമായ ചുഴികളെ സ്വയം ഗര്‍ഭീകരിച്ചിരിക്കുന്ന ഒരു പ്രഹേളികയാണ്. ലെനിക്കോവെന്ന തൊഴിലാളിയുടെ ജീവിതം ഒട്ടും സന്തോഷകരമായിരുന്നില്ല. 

 സന്തോഷിക്കാവുന്ന ഒര സാമുഹിക ജീവിതമോ അവസ്ഥയൊ അല്ല അയാളെ ചൂഴ്ന്ന് നില്‍ക്കുന്നത്. ഈ പുതിയ കാലത്തെ നിര്‍വചിക്കാന്‍ സാധിക്കാത്തവണ്ണം സങ്കീര്‍ണവും മരീചികകള്‍കൊണ്ട് മൂടപ്പെട്ടതുമാണെന്ന് ലെനിക്കോവ് തിരിച്ചറിയുന്നില്ല. ഒരു തൊഴിലാളിയുടെ ജീവിതം അതിലപ്പുറത്തേയ്ക്ക് ചിന്തിക്കാന്‍ അയാളെ പ്രേരിപ്പിക്കാത്തവിധം സാമുഹിക ചുറ്റു പാടുകള്‍ മാറിപ്പേയതായി വായനക്കാരന്‍ മനസ്സിലാക്കുന്നു. ഒര നല്ല കലാസൃഷ്ടി എപ്പോഴും അത് രചിക്കപ്പെടുന്ന കാലത്ത് നിന്ന് മുന്നിലേക്ക് സഞ്ചരിക്കാന്‍ തുടങ്ങും. സമകാലിക സര്‍ഗാത്മക മാതൃകകളെ അത് ഉല്ലംഘിക്കും മടിയേതുമില്ലാതെ. കാരണം അത് അതിന്റെ ലക്ഷ്യത്തിലേക്കുളള പ്രയാണം തുടങ്ങിയിട്ടേയുളളു. കാലങ്ങളെ കവച്ചുവച്ച് അത് കുതിച്ചു തന്റെ ഭാവികാലവ്യവഹാരങ്ങളില്‍ ചെന്നു പറ്റുകയെന്നതാണതിന്റെ ദൗത്യം. ഇത്തരത്തില്‍ രചനയില്‍ പുതുകാലത്തിന്റെ കുതിപ്പുകള്‍ ഒളിപ്പിച്ചു വച്ചിട്ടുളള ഒരു കഥയാണ് ഫംഗസ്. അത് നമ്മുടെ കഥാലോകത്തെ ആകമാനം ഗ്രസിക്കുന്ന ഭാവിയെപ്പറ്റി നമുക്ക് ജാഗ്രത പുലര്‍ത്താം.

BACK TO HOME

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...