ജോൺ മുഴുത്തേറ്റ്
വർഷങ്ങൾക്കു മുൻപ് നടന്ന സംഭവം. പ്രശസ്തമായ ഒരു കോളേജിന്റെ സിൽവർ ജൂബിലി ആഘോഷങ്ങൾ നടക്കുന്നു. സമാപനസമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മൂന്നു ദിവസമായി നടന്നുവന്നിരുന്ന വിവിധ പരിപാടികളെല്ലാം ഗംഭീരം. പൂർവ്വവിദ്യാർത്ഥി സംഗമം, രക്ഷാകർതൃ സമ്മേളനം, കലാസന്ധ്യ തുടങ്ങി ഒട്ടേറെ പരിപാടികൾ ഭംഗിയായി നടന്നതിന്റെ വിജയലഹരിയിലും ആവേശത്തിലുമാണ് എല്ലാവരും.
സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് പൂർവ്വവിദ്യാർത്ഥി കൂടിയായ മന്ത്രിയാണ്. മൂന്നുമണിക്കാണ് സമ്മേളനം ആരംഭിക്കേണ്ടത്. സദസ് സമ്പുഷ്ടമാണ്. വിദ്യാർത്ഥികളും മാതാപിതാക്കളും നാട്ടുകാരും, വിശിഷ്ടാതിഥികളും എല്ലാം അക്ഷമരായി കാത്തിരിക്കുന്നു. മന്ത്രിമാത്രം എത്തിയിട്ടില്ല. സംഘാടകരും സദസ്യരും കാത്തിരുന്നു മുഷിഞ്ഞു. കുട്ടികൾ താലപ്പൊലിയുമായി കാത്തുനിൽക്കുന്നു. ഒരു മേളക്കൊഴുപ്പിനുവേണ്ടി ഇതൊക്കെ സംഘടിപ്പിച്ചതാണ്.
മന്ത്രിയുടെ അഭാവത്തിൽ യോഗം തുടങ്ങാമെന്ന് ചിലർ അഭിപ്രായപ്പെട്ടു. മന്ത്രിയുടെ പാർട്ടിക്കാരായ ചിലർ അതിനെ എതിർത്തു. അത് മന്ത്രിയെ അവഹേളിക്കുന്നതിനുതുല്യമല്ലേ? എന്നാൽ, 'മന്ത്രി ഇത്രയും ആളുകളുടെ സമയം നഷ്ടപ്പെടുത്തുകയല്ലേ? അത് അവരെ അവഹേളിക്കുന്നതിനു തുല്യമല്ലേ? അത് മര്യാടാ ലംഘനമാണ്. അധാർമ്മികമാണ്' എന്ന് മറുപക്ഷം. 'വളരെ ബിസിയായ വി.ഐ.പി കൾക്ക് ചിലപ്പോൾ കൃത്യസമയം പാലിക്കാൻ കഴിഞ്ഞെന്നുവരില്ല അതു സംഘാടകർ സഹിക്കണം', എന്ന് മന്ത്രിപക്ഷം. ഏതായാലും നാലുമണികഴിഞ്ഞപ്പോഴേക്കും ഭൂരിപക്ഷവും എതിർപക്ഷമായി. അവരുടെ ക്ഷമ നശിച്ചൂ. പലരും നിരാശരായി ഹാളുവിട്ടു. സമ്മേളനം തുടങ്ങാത്ത അധികൃതരുടെ അനാസ്ഥയെ പലരും പഴിച്ചു. ചിലർക്ക് അവരുടെ നിസ്സഹായതയിൽ സഹതാപം. അവസാനം മന്ത്രിപക്ഷക്കാർക്കും മടുത്തു. അവർക്ക് മിണ്ടാട്ടമില്ലാതായി. മന്ത്രി കാണിക്കുന്നത് തികച്ചും അനീതിയാണ് എന്ന് അവർ പരസ്പരം അടക്കം പറഞ്ഞുതുടങ്ങി.
ഏതായാലും നീണ്ടകാത്തിരിപ്പിനൊടുവിൽ മന്ത്രി ശിങ്കിടികളോടൊപ്പം എത്തി. മിക്കവരും വാച്ചിൽ നോക്കി. സമയം നാല് പതിനഞ്ച്, ഒരു മണിക്കൂറിലേറെ കാത്തിരിക്കേണ്ടി വന്ന ജനം മന്ത്രിയോടുള്ള വെറുപ്പും രോഷവും ഉള്ളിലൊതുക്കി എഴുന്നേറ്റു നിന്ന് ബഹുമാനം പ്രകടിപ്പിച്ചു. ഒന്നും സംഭവിക്കാത്തതുപോലെ മന്ത്രി സദസ്യരെ നോക്കി പുഞ്ചിരിച്ചു.
വാസ്തവത്തിൽ എത്രവലിയ അനീതിയാണു മന്ത്രി അവരോടു ചെയ്തത്. ഏകദേശം അറുനൂറോളം ആളുകൾ അവിടെ സന്നിഹിതരായിരുന്നു. ഓരോരുത്തർക്കും നഷ്ടമായത് ഒന്നേകാൽ മണിക്കൂർ വീതം. ആകെ അവിടെ നഷ്ടമായത് 750 മണിക്കൂർ. 750 മാൻ അവേഴ്സിന്റെ (Man - hours)വില കൂട്ടിയാൽ നഷ്ടത്തിന്റെ സാമ്പത്തികവശം മാത്രമെ ആകുന്നുള്ളു. അതിലെത്രയോ വലുതാണു യഥാർത്ഥ നഷ്ടം. പരീക്ഷയ്ക്ക് ഒരുങ്ങുന്ന വിദ്യാർത്ഥികൾക്കുണ്ടായ സമയനഷ്ടം, ആളുകൾ അനുഭവിച്ച മാനസിക സംഘർഷങ്ങൾ, നേരത്തെ എത്തിയിരുന്ന വിശിഷ്ടാതിഥികൾക്കുണ്ടായ വിലയേറിയ സമയനഷ്ടം, അവർ പങ്കെടുക്കേണ്ട മറ്റു പരിപാടികളിൽ എത്താൻ കഴിയാത്തതുകൊണ്ടുണ്ടാവുന്ന കൃത്യവിലോപം, അതുമൂലം അവർക്കു നഷ്ടമാകുന്ന ജനസമ്മതിയും ബഹുമാനവും.... ഈ നഷ്ടക്കണക്കുകൾ അനന്തമായി നീളുന്നു... എല്ലാത്തിനും കാരണം മന്ത്രിയുടെ കൃത്യനിഷ്ഠാരാഹിത്യം!
ഇതൊക്കെ നമ്മുടെ നാട്ടിൽ സാധാരണമല്ലേ എന്നുചോദിച്ചേക്കാം. കൃത്യനിഷ്ഠപാലിക്കാത്തവർ അത്തരത്തിൽ ചിന്തിച്ചേക്കാം. പക്ഷെ യഥാർത്ഥത്തിൽ ഇതിന്റെ പ്രത്യാഘാതങ്ങളും അതുമൂലം മറ്റുള്ളവർക്കുണ്ടാകുന്ന കഷ്ടനഷ്ടങ്ങളും അളവറ്റതാണ്. കൃത്യനിഷ്ഠയില്ലായ്മ കൃത്യവിലോപമാണ്, വാഗ്ദാന ലംഘനമാണ്, വഞ്ചനയാണ്. അത് തികച്ചും അധാർമ്മികമാണ്. അതുകൊണ്ടാണ്, 'കൃത്യനിഷ്ഠപാലിക്കാത്തവൻ സത്യസന്ധതയില്ലാത്തവനാണ്' എന്ന് ഹൊറേസ്മാൻ (Horace Mann) പറഞ്ഞത്.
കൃത്യനിഷ്ഠപാലിക്കാത്തവൻ മറ്റുള്ളവരെയും തന്നെത്തന്നെയും അവഹേളിക്കുകയാണ് ചെയ്യുന്നത്. ഇതൊരു ആത്മവഞ്ചനയാണ്. ആത്മാഭിമാനം ബലികഴിക്കലാണ് ഇത് നിസാരമായി തള്ളിക്കളയാവുന്ന കാര്യമല്ല. ഗൗരവമേറിയ കൃത്യവിലോപമാണ്, തിന്മയാണ്. ഇതു വരുത്തുന്ന നഷ്ടം വ്യക്തിപരം മാത്രമല്ല, ഒരു സാമൂഹ്യ നഷ്ടവും ദ്രോഹവുമാണ്, കൃത്യനിഷ്ഠാരാഹിത്യം ഒരു സാമൂഹ്യതിന്മയാണ്.
ഭാരതീയർ കൃത്യനിഷ്ഠയുടെ കാര്യത്തിൽ പൊതുവേ അയഞ്ഞ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. 'നാം കൃത്യനിഷ്ഠയെ ശ്ലാഘിക്കും പക്ഷെ പാലിക്കാറില്ല' എന്നതാണ് വാസ്തവം. ഒരു യോഗം തുടങ്ങാമെന്ന് അറിയിച്ചിരിക്കുന്ന സമയത്തൊന്നും തുടങ്ങാറില്ല. അതിഥികളും നേതാക്കളും കൃത്യസമയത്ത് എത്താറില്ല. കോൺഫ്രൻസുകൾ നിശ്ചിത സമയത്ത് നടക്കാറില്ല. പതിവായി ക്ലാസിൽ താമസിച്ചെത്തുന്ന വിദ്യാർത്ഥികളും ധാരാളം. അത്തരം അധ്യാപകരും കുറവല്ല.
സർക്കാർ ഓഫീസിൽ കൃത്യസമയത്ത് എത്തുന്നവർ എത്രപേരുണ്ട്? പത്തുമണിക്ക് ഓഫീസിൽ കയറി നോക്കിയാൽ എത്രപേർ സീറ്റിൽകാണും? അവരെ നിയന്ത്രിക്കുന്ന ഓഫീസർമാർ എത്രപേർ എത്തിയിട്ടുണ്ടാവും? ഇതുമൂലം പൊതുജനങ്ങൾക്കുണ്ടാവുന്ന അസൗകര്യങ്ങളും ദുരിതങ്ങളും ആരു നോക്കാൻ? രാഷ്ട്രീയയൂണിയനുകൾ ജനപക്ഷത്തല്ലല്ലോ!.
'മറ്റുള്ളവർക്ക് ഏറ്റവും കുറവ് അസൗകര്യം ഉണ്ടാക്കുന്ന വ്യക്തിയാണ് മാന്യൻ' എന്നാണ് മഹദ്‌വചനം. അത് സംസ്കാര സമ്പന്നതയുടെ ലക്ഷണമാണ്. കൃത്യനിഷ്ഠപാലിക്കാത്തവൻ തനിക്കും മറ്റുള്ളവർക്കും അസൗകര്യങ്ങൾ സൃഷ്ടിക്കുന്നു. അവരെ അവഹേളിക്കുന്നു. അവർക്ക് കഷ്ടനഷ്ടങ്ങൾ വരുത്തുന്നു. അത് തികഞ്ഞ സംസ്കാര ശൂന്യതയാണ്.
പണ്ടുകാലം മുതൽ രാജാക്കന്മാർ കൃത്യനിഷ്ഠ മഹത്തായ നന്മയായി കരുതിയിരുന്നു. അതിന് വില കൽപിച്ചിരുന്നു. 'കൃത്യനിഷ്ഠ രാജാക്കന്മാരുടെ നന്മ', 'കൃത്യനിഷ്ഠ രാജകുമാരൻമാരുടെ മര്യാദ' എന്നൊക്കെയുള്ള ചൊല്ലുകൾ ഉണ്ടായതും ഇതുകൊണ്ടാണ്. അവർ കൃത്യനിഷ്ഠപാലിക്കാൻ അർപ്പണ ബോധം കാണിച്ചിരിക്കുന്നു. ആ രാജാക്കന്മാർ ജനങ്ങളുടെ ആദരവും സ്നേഹവും അനായാസം പിടിച്ചുപറ്റി. ജനഹൃദയങ്ങളിൽ അവർ ചിരപ്രതിഷ്ഠ നേടി. കഴിവുറ്റ രാജ്യഭരണം കാഴ്ചവയ്ക്കുവാൻ കൃത്യനിഷ്ഠ അവരെ സഹായിക്കുകയും ചെയ്തു.
അതുപോലെ മേലധികാരികളുടെയും സഹപ്രവർത്തകരുടെയും, കീഴ്ജീവനക്കാരുടെയും സാധാരണക്കാരുടെയുമൊക്കെ സ്നേഹവും ബഹുമാനവും ആർജ്ജിക്കുവാൻ കൃത്യനിഷ്ഠ ഏവരെയും സഹായിക്കുന്നു. കൃത്യനിഷ്ഠ നിങ്ങൾക്കു ശക്തിപകരുന്നു നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. വ്യക്തിബന്ധങ്ങൾ സുദൃഢമാക്കുന്നു. മികച്ച 'ടൈം മാനേജ്‌മന്റി'ലൂടെ ജീവിതത്തിൽ ഉന്നതനേട്ടങ്ങൾ കൈവരിക്കുവാൻ സഹായിക്കുന്നു.
ഈ പ്രപഞ്ചത്തിൽ കൃത്യനിഷ്ഠയോടെയാണ് എല്ലാം നടക്കുന്നത്. പ്രകൃതിയിലെ ഓരോ ചലനവും സംഭവവും പ്രകടമായ കൃത്യനിഷ്ഠയോടെ നടക്കുന്നു. സൂര്യനുദിക്കുന്നതും അസ്തമിക്കുന്നതും കൃത്യതയോടെയല്ലേ? കാലങ്ങളുടെ ഗമനാഗമനങ്ങൾ കൃത്യമായി സംഭവിക്കുന്നു. പക്ഷികൾ പ്രഭാതത്തിൽ ഇരതേടിപ്പോകുന്നതും സന്ധ്യയ്ക്ക് ചേക്കേറുന്നതും എത്രയോ കൃത്യനിഷ്ഠയോടെയാണ്.! ദിനരാത്രങ്ങളുടെ മാറ്റങ്ങളും കൃത്യമായി നടക്കുന്നു. ഫലവൃക്ഷങ്ങൾ പൂക്കുകയും കായ്ക്കുകയും ചെയ്യുന്നത് കൃത്യമായ കാലങ്ങളിലാണല്ലോ. പ്രകൃതിയിലെവിടെയും കൃത്യനിഷ്ഠയുടെ പ്രകടനം കാണാം.
കൃത്യനിഷ്ഠ ഒരു പ്രകൃതി നിയമമാണ്, പ്രപഞ്ചതത്ത്വമാണ്. കൃത്യനിഷ്ഠയുടെ ലംഘനം പ്രകൃതിനിയമത്തിന്റെ ലംഘനമാണ്, പ്രപഞ്ചതത്ത്വത്തിന്റെ തിരസ്കാരമാണ്. അതു സംസ്കാരരാഹിത്യമാണ്. കൃത്യനിഷ്ഠയുടെ അഭാവം നമ്മെ അസന്തുഷ്ടിയിലേക്കും അരാജകത്വത്തിലേയ്ക്കും നയിക്കുന്നു.
കൃത്യനിഷ്ഠയുടെ കാര്യത്തിൽ പാശ്ചാത്യർ, ഭാരതീയരെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ്. പലകാര്യത്തിലും പാശ്ചാത്യരെ ആവേശപൂർവ്വം അനുകരിക്കുന്ന നാം ഇക്കാര്യത്തിൽ അവരെ അനുകരിക്കുവാൻ തയ്യാറാവുന്നില്ല. അത് പരിതാപകരമാണ്.
കൃത്യനിഷ്ഠ വളർത്തിയെടുക്കുവാൻ ഏതാനും പ്രായോഗിക മാർഗ്ഗങ്ങൾ നിർദ്ദേശിക്കാം.
* കൃത്യനിഷ്ഠയുടെ മൂല്യം മനസിലാക്കുകയും എപ്പോഴും അതുപാലിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്യുക.
* വാച്ചും, ക്ലോക്കും കൃത്യസമയം കാണിക്കുന്ന രീതിയിൽ സെറ്റുച്ചേയ്യുക. അതുകൂടക്കൂടെ കാണാവുന്ന രീയിയിൽ വയ്ക്കുക.
* ദിനചര്യകൾക്കും ഒരു ദിവസത്തെ പ്രവർത്തനങ്ങൾക്കും ഒരു ടൈം ടേബിൾ തയ്യാറാക്കുക. അതനുസരിച്ച് ദിവസം ക്രമീകരിക്കുക.
* നിങ്ങൾ ചെയ്തുതീർക്കേണ്ട ജോലികൾക്ക് മുൻഗണനാക്രമം നിശ്ചയിക്കുക. ഓരോന്നിനും സമയം നൽകുക. അതനുസരിച്ച് പ്രവർത്തിക്കുക.
* അടിയന്തിരമായ കൂടിക്കാഴ്ചകൾ, പരീക്ഷകൾ, ജോലിക്കുള്ള ഇന്റർവ്യൂകൾ തുടങ്ങിയവയ്ക്ക് പോകുമ്പോൾ അപ്രതീക്ഷിതമായ തടസങ്ങൾ മുൻകൂട്ടികണ്ട് നേരത്തെ തന്നെ യാത്രപുറപ്പെടുക. നേരത്തെ എത്തിയാൽ ആ സമയം നഷ്ടമാവാതെ വായിക്കുവാനായി വേണ്ട പുസ്തകങ്ങൾ നോട്ടുബുക്കുകൾ തുടങ്ങിയവ കരുതുക.
* യാത്രയ്ക്ക് പോകുമ്പോൾ കൂടെകൊണ്ടുപോകേണ്ട സാധനങ്ങൾ, ഡ്രസ്സുകൾ, ടിക്കറ്റുകൾ തുടങ്ങി വേണ്ട എല്ലാ സാധനങ്ങളുടെയും ലിസ്റ്റുണ്ടാക്കി, അവ തലേദിവസം തന്നെ റെഡിയാക്കി വയ്ക്കുക. അവസാനനിമിഷത്തിലെ 'ഹറിബറിയും'പ്രശ്നങ്ങളും മൂലമുണ്ടാകുന്ന താമസം ഒഴിവാക്കുവാൻ ഇത് നിങ്ങളെ സഹായിക്കുന്നു.
* സമയം നഷ്ടപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ഏവയെന്ന് വിശകലനം ചെയ്യുക, അത് ഒഴിവാക്കുക. കൃത്യനിഷ്ഠ പാലിക്കുവാൻ അനിവാര്യമായ ഒന്നാണ് ടൈംമാനേജ്‌മന്റ്.
* കൃത്യനിഷ്ഠ ജീവിത ശൈലിയാക്കുക. അതിലൂടെ ആകർഷണീയ വ്യക്തിത്വവും മാന്യതയും കൈവരിക്കാമെന്ന് തിരിച്ചറിയുക.