നെരിപ്പോട്

കമലാലയം രാജന്‍ മാസ്റ്റര്‍


നെരിപ്പോടില്‍ അടയിരിക്കാന്‍ വിധിക്കപ്പെട്ട കോഴിയാണ് ഞാന്‍.
പക്ഷെ കോഴിക്ക് തന്റെ നിയോഗം പൂര്‍ത്തിയാക്കാതെ വയ്യ.
നെരിപ്പോടില്‍ നീറുന്ന കനലുകള്‍ക്കുമുണ്ട് ഒരു നിയോഗം.
കൊതുകുകള്‍ തുരത്തപ്പെട്ടില്ലെങ്കില്‍ നെരിപ്പോടിനെന്ത് പ്രസക്തി.
നെരിപ്പോടില്ലെങ്കില്‍ പിന്നെ കനലുകള്‍ക്കെന്തു പ്രസക്തി.
കോഴിക്ക് അടയിരുന്നേ മതിയാകൂ.
പക്ഷെ ഈ നെരിപ്പോടൊഴിച്ച് മറ്റെല്ലായിടത്തുനിന്നും 
ഞാന്‍ തുരത്തപ്പെടുന്നു.
നെരിപ്പോടിനെപ്പോലെ എന്റെ ഉള്ളവും കത്തുന്നു.
നെരിപ്പോട് കുറച്ച് പുകഞ്ഞുകഴിഞ്ഞാല്‍ ചിലപ്പോള്‍ ആളുകള്‍ വെള്ളമൊഴിച്ചേക്കും.
എന്റെ ആത്മാവിന്റെ പുകച്ചില്‍ മാറ്റാന്‍,
വെള്ളവുമായി നീ എത്തുന്നതും കാത്ത് ഞാനിരിക്കുന്നു.
കാരണം, എന്റെ മുട്ടകള്‍ വിരിഞ്ഞുവരുന്ന സ്വപ്നങ്ങള്‍ക്ക് 
നിന്റെ നീല മിഴികളായിരിക്കും.
നെരിപ്പോടിനുള്ളില്‍ നിന്നും പുറത്തുവരുന്ന പുകയ്ക്കു 
പല വര്‍ണ്ണങ്ങളുണ്ട്.
കാരണം അടയിരിക്കപ്പെട്ട എന്റെ സ്വപ്നങ്ങളിലൂടെയാണത് ഉയര്‍ന്നുവരുന്നത്.
എന്റെ കണ്ണുകള്‍ പലപ്പോഴും പുകപടലത്താല്‍ മറയ്ക്കപ്പെടുന്നു.
എങ്കിലും എന്റെ അകക്കണ്ണുകള്‍ക്ക് സമസ്തലോകവും ദൃശ്യമാണ്.
കാരണം അവിടെയെല്ലാം ഞാന്‍ നിന്നെ തിരഞ്ഞുകൊണ്ടേയിരിക്കുന്നു.
ഈ നേരിപ്പോടിനു പുറത്തൊരിടം 
നീയൊരുക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.
ചാരം മൂടിക്കിടക്കുന്ന നിന്റെ മനസ്സിന്റെ ഉള്ളറകളില്‍-
വയലറ്റ് നിറമുള്ള എന്റെ സ്വപ്നങ്ങള്‍ സൂക്ഷിക്കാമല്ലോ.
കാരണം; ചാരവും കോഴിക്ക് സുഖം പകരുമിടമാണ്.
അതുവരെ നെരിപ്പോടിന്റെ ചൂടും എനിക്ക് സുഖമാണ്.
നിന്നെ കാത്തിരിക്കാന്‍ കഴിയുന്നതുപോലും ഒരു ഭാഗ്യമാണ്.
കാത്തിരിപ്പും ഒറ്റപ്പെടുത്തലും എന്നെ മുഷിപ്പിക്കുന്നതേയില്ല.
നെരിപ്പോടില്‍ അടയിരിക്കാന്‍ ശീലിച്ച കോഴി 
ആരെ പേടിക്കാനാണ്.
--

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ