മകളേ ശ്രവിക്കുക

 സുധ നെടുങ്ങാനൂർ
മകളേ, കേൾക്കുക, ഞാനിന്നു ചൊല്വത്
നിത്യം മനസ്സിലെ മന്ത്രമായ് കാക്കണം
നല്ലതു മാത്രം നിനച്ചും നിവർത്തിച്ചും
എന്നുമേ ഉണ്മതൻ ആൾ രൂപമാവണം
ഗുരുപൂജ ചെയ്തീശ്വര ബന്ധുവാകണം
ദൈവഹിതത്തെ അനുസരിച്ചീടണം
മാതാപിതാക്കൾ തൻ ഇച്ഛ കാത്തീടണം
മൂത്തവരോടാദരവു കാട്ടീടണം
അന്യരോടെന്നും വിനയമുണ്ടാവണം
സ്നേഹമൊഴികൾ നിൻ മുദ്രയായീടണം
കനിവിൻ നിറവായി നീ മരുവീടണം
സഹജീവികൾക്കിഷ്ട സാന്നിദ്ധ്യമാവണം
ദുഷ്ടരെ നൽ വഴി കാട്ടീ നയിക്കണം
ദീനർക്കു കോടെപ്പിറപ്പായി മേവണം
ഇല്ലായ്മയിൽ തളരാതെ മുന്നേറണം
ഉള്ളതു കൊണ്ടു നീ ഓണം വിളമ്പണം
അക്ഷര ദീപം തെളിച്ചു നീയുള്ളിലെ
അന്ധകാരത്തെ അകട്ടി വിളങ്ങണം
സത്യവും നീതിയും ശക്തിയാക്കീടണം
ക്ഷമയും സഹനവും ആയുധമാക്കണം
നിത്യപ്പരിശ്രമത്താലെ ഉയരണം
വിശ്വൈക താരകയായിത്തിളങ്ങണം
മകളേ ശ്രവിക്കുക, ഞാനിന്നു ചൊല്വത്
നിത്യം മനസ്സിലെ മന്ത്രമായ് കാക്കണം

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ