പ്രഭാതമായി


ത്രേസ്യാമ്മ തോമസ്‌ നാടാവള്ളിൽ

വാതിലിന്റെ വിളുമ്പിലൂടെ
നിന്റെ കിരണങ്ങളുടെ ദ്യുതി!
പ്രഭാതമായി എന്നറിയിക്കുവാൻ
നിനക്കിത്ര തിടുക്കമോ?
ഓരോ പൊൻപുലരിയും
എനിക്കുമാത്രമാണെന്ന അഭിമാനം
ഈ നനുത്ത പ്രഭാതം
എനിക്കു സമ്മാനിച്ചതു
ഓർമ്മകൾ ഒരുപാട്‌...ഒരുപാട്‌.
ഹിമശകലങ്ങൾ
ഊർന്നു വീണു നനഞ്ഞ കറുക
ഈ പാദങ്ങളിൽ
ഊഷ്മളമായ നനവ്‌
ഈ മൃദുലത ആനന്ദമാണെനിക്ക്‌
ഇന്നലേകളിലെ
പ്രഭാതങ്ങളുടെ ഒരു നീണ്ടനിര
ആയിരത്തൊന്നു രാവുകളിലും
പറഞ്ഞാൽ തീരാതവണ്ണം
സുഖദമായ കനവുകൾ
വരും പ്രഭാതങ്ങളിലും
ലോലഭാവങ്ങളോടെ
കനവുകളുടെ തമ്പുരുമീട്ടി,
താളമായി, ലയമായി, ശ്രുതിയായി
നീ വരുമെന്ന പ്രതീക്ഷ
നിനക്കു സമ്മാനിക്കുവാൻ
ഇനിയെത്ര ഉഷസ്സുകൾ!
സന്തോഷത്തിലാണു ഞാൻ
ഏറെ സന്തോഷത്തിൽ!

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ