18 Mar 2012

മൂല്യങ്ങളുടെ സ്വകാര്യവത്കരണം



എം.കെ.ഹരികുമാർ 

 സാഹിത്യകാരന്മാർ ആദർശാത്മകമായി, നാലതിരുകൾക്കുള്ളിൽ വരച്ചിട്ട ഒരു ജീവിതമുണ്ടായിരുന്നു. ധീരസാഹസിക യൗവ്വനത്തിന്റെ പോരാട്ടവും അതിനനുകൂലമായ വികാര തരംഗങ്ങളൊരുക്കുന്ന പ്രണയവും വിഘ്നവും ത്യാഗവും എല്ലാം ഒരിടത്ത്‌ വന്ന്‌ പരിസമാപ്തിയടയുന്ന ആ ആദർശ ജീവിതം.  അവിടെ ഒരാളുടെ മനസ്സ്‌ ഏറെക്കുറെ സ്ഥിരമാണ്‌. ആന്തരികമായ അവസ്ഥയുടെ പ്രതിഫലനം എന്ന നിലയിൽ പ്രധാന കഥാപാത്രം ചില സൊ‍ാചനകൾ നൽകുന്നു. ചില ആശയങ്ങൾക്ക്‌ വേണ്ടി അയാൾ പ്രിയപ്പെട്ടതെന്തും ത്യജിച്ചെന്നിരിക്കും. രാമായണത്തിലെ കഥ അതിന്റെ നല്ല തെളിവാണ്‌. പല ക്ലാസിക്‌ നോവലുകളും രാമായണത്തിന്റെ ആദർശാത്മക ജീവിത നിർമ്മിതിയുടെ സ്വാധീനത്തിനു വിധേയമായിട്ടെന്നപോലെ ഉണ്ടായതാണെന്ന്‌ കാണാം. ഷൊളഖോവിന്റെ, സോൾഷെനിറ്റ്സന്റെ എല്ലാം നോവലുകളുടെ അടിത്തട്ടിലുള്ള ധാർമ്മികതയെ പിന്നെങ്ങനെ വ്യാഖ്യാനിക്കും.

 ഇവിടെയെല്ലാം ജീവിതം മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ച ഒരു അനുഭവമേഖലയാണ്‌. നമ്മൾ പച്ചയ്ക്ക്‌  ശരീരത്തിലും മനസ്സിലും കൊണ്ടു നടക്കുന്ന യാഥാർത്ഥ്യങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട്‌, വിശേഷപ്പെട്ട ഒരു ആദർശ സത്യാന്വേഷണ ലോകത്തെ സൃഷ്ടിക്കുകയാണ്‌ അവർ ചെയ്യുന്നത്‌.
 ഈ ആദർശലോകം അതിന്റെ യുക്തിയിൽ ഒരു വ്യാജസ്വഭാവം പ്രകടിപ്പിക്കുന്നുണ്ട്‌. സാധാരണക്കാരായ ആളുകൾ അവരുടെ ജീവിത യാഥാർത്ഥ്യങ്ങളോട്‌ എങ്ങനെ പെരുമാറുന്നുവോ അതൊന്നും സത്യമല്ല എന്ന ഒരു വ്യാജക്കാഴ്ചപ്പാട്‌ അതിൽ കാണാം. വാസ്തവത്തിൽ, ജീവിതത്തിനു സമാന്തരമായാണ്‌, അതിഭൗതികവും അപ്രാപ്യവുമായ ആ ആദർശലോകം ഉയർന്നുപൊങ്ങുന്നത്‌.

courtesy:google

 എന്നാൽ ഈ ആദർശലോകം ഇപ്പോൾ എവിടെയോ വീണുടഞ്ഞിരിക്കുന്നു. മനുഷ്യർ അവർ എന്താണെന്ന്‌ ഏറെ കണ്ടെത്തുകയാണിപ്പോൾ. ജീവിക്കുന്ന നിമിഷമാണ്‌ അവരെ സ്വാധീനിച്ചുകൊണ്ടുപോകുന്നത്‌. ഓരോ നിമിഷവും അവർ ജീവിക്കുന്നു. എല്ലാ സുഖങ്ങളിലും അവർ കയ്യൊപ്പുവയ്ക്കുന്നു. എല്ലാ മൂല്യങ്ങളുടെ പൊതുഖജനാവിനു നേരെ അവർ ശബ്ദമായെങ്കിലും എതിർപ്പ്‌ രേഖപ്പെടുത്തുന്നു; ചിലപ്പോൾ അത്‌ എതിർപ്പല്ല; സാധ്യതയാണ്‌. മറ്റുള്ളവരുടെ കാൽപനികവും അതിഭൗതികവുമായ ആശയങ്ങൾകൊണ്ട്‌ ജീവിച്ചുതീർക്കാൻ തക്ക ഔന്നത്യമോ, മനുഷ്യത്വമോ തങ്ങൾക്കില്ല എന്നവർ പ്രവൃത്തികളിലൂടെ തെളിയിക്കുകയാണ്‌. എല്ലാം ഉപഭോഗം ചെയ്തുകൊണ്ട്‌ അവർ അതിനപ്പുറം ഒന്നുമില്ലെന്ന്‌ തെളിയിക്കുന്നു.


എന്താണ്‌ ഈ ഉപഭോഗത്തിന്റെ ക്രൂരമായ തത്ത്വശാസ്ത്രം? ആദർശങ്ങളിൽ നിന്നുള്ള വീഴ്ച ഉണ്ടാക്കിയ ആഘാതം വളരെ വലുതാണ്‌. രാഷ്ട്രീയ, മത, സംസ്കാര തത്ത്വങ്ങളുടെ വഴിമാറലും തകർച്ചയും നാം കാണുന്നുണ്ട്‌. ഇതിനുള്ളിലെല്ലാം മനുഷ്യർ ശൂന്യമായ മനസ്സോടെ കഴിഞ്ഞ്‌ പുറത്തുവരുന്നു. സംഘടിത പ്രസ്ഥാനങ്ങൾക്കകത്തൊന്നും വ്യക്തിയില്ല. എന്നാൽ സമൂഹമുണ്ടോ അതുമില്ല. സാമ്പത്തികവും സാങ്കേതികവുമായ മാറ്റങ്ങൾ അതിവേഗം സംഭവിക്കുകയാണ്‌. അതിന്റെ പ്രയാണത്തിൽ എല്ലാം മാറുന്നു. എല്ലാ ബന്ധങ്ങളുടെയും അർത്ഥവും ലക്ഷ്യവും മാറുന്നു. സാമ്പത്തികവും സാങ്കേതികവുമായ പരിവർത്തനമാണ്‌ ഈ മാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നത്‌. ഉപകരണങ്ങളാണ്‌ ഇന്ന്‌ കലയെ വഹിക്കുന്നത്‌. കല ഉൽപന്നങ്ങളോടൊപ്പമാണ്‌. ഇലക്ട്രോണിക്‌ ഉൽപന്നങ്ങൾ. ഇന്റീരിയർ ഡിസൈനുകൾ, വാസ്തുശിൽപപരമായ സാങ്കേതികത, മെഡിക്കൽ ഉപകരണങ്ങൾ, ഫർണീച്ചറുകൾ, പാത്രങ്ങൾ, വസ്ത്രങ്ങളിലെ ഡിസൈനുകൾ, ഡിജിറ്റൽ പെയിന്റിംഗുകൾ, ബ്രോഷറുകൾ, ടെംപ്ലേറ്റുകൾ, റിംഗ്‌ ടോണുകൾ, തുടങ്ങി നൂറുകൂട്ടം ഉൽപന്നങ്ങളിൽ കല ഇന്ന്‌ പ്രതീക്ഷാനുഭവമാണ്‌. കേവല കലയ്ക്കപ്പുറത്ത്‌ കലയുടെ ഉപയോഗമാണ്‌ ഇന്ന്‌ അളുകൾക്കാവശ്യം.

 ആദർശലോകത്തിന്റെ പതനത്തോടെ, പുതിയ സാങ്കേതിക വിപ്ലവത്തിന്റെ ആവിർഭാവത്തോടെ പുതിയൊരു സാംസ്കാരിക വ്യതിയാനം സംഭവിച്ചിട്ടുണ്ട്‌. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ഇത്‌ മറ്റെല്ലാ വികേന്ദ്രീകൃത, ഉത്തരാധുനിക മനുഷ്യസങ്കൽപങ്ങളെയും തട്ടിമാറ്റിക്കൊണ്ട്‌ പുതിയൊരു അനുഭവവും വ്യാഖ്യാനവും യാഥാർത്ഥ്യവും നൽകുകയാണ്‌. കലയുടെ ഉൽപാദകൻ, സാഹിത്യത്തിന്റെ സ്രഷ്ടാവ്‌ എന്ന നിലയിലുള്ള കർത്താവിന്റെ സ്ഥാനം പരിമിതപ്പെടുത്തിക്കൊണ്ട്‌ പുതിയ പ്രേക്ഷക സമൂഹത്തിന്റെ ഇടപെടലും, ഗ്രീൻ ർറൂമിലെ ഒരുക്കങ്ങൾ തന്നെ കളയാകുന്നതും പ്രധാനഇടങ്ങളായി രൂപാന്തരപ്പെട്ടു. പ്രേക്ഷകൻ ഒരു സ്ക്രിപ്റ്റിന്റെ നിർമ്മാണത്തിലാണ്‌, അവർ കാണുന്ന പരിപാടിയുടെ വിജയത്തിനു അവന്റെ പങ്കാളിത്തവും വേണം. സാഹിത്യം പുസ്തകമായി വന്നു കഴിഞ്ഞാൽ, അത്‌ മുൻകൂട്ടി തയ്യാറാക്കപ്പെട്ട സ്ക്രിപ്റ്റാണ്‌. അതിന്റെ നിർമ്മാണ വേളയിൽ, രചയിതാവ്‌ മാത്രമാണല്ലോ ഇടപെടുന്നത്‌. ആ സമയത്ത്‌ അനുവാചകനില്ല, എന്നാൽ പുതിയ സാംസ്കാരിക വ്യതിയാനം വന്നതോടെ രചയിതാവ്‌ ഇല്ലാതായി. പല ടെലിവിഷൻ ഫോൺ ഇൻ പ്രോഗ്രാമുകൾക്കും വാർത്താ ബുള്ളറ്റിനുകൾക്കും താരകലാപരിപാടികൾക്കും മുൻകൂട്ടി നിശ്ചയിച്ച സ്ക്രിപ്റ്റില്ല. പരിപാടി നടക്കുന്നതോടെ ഒരു സ്ക്രിപ്റ്റ്‌ രൂപപ്പെടുകയാണ്‌. അതിൽ കാണികളുടെ പങ്കും പ്രധാനമാണ്‌. രാത്രിയിൽ ചാനലുകൾ സംപ്രേഷണം ചെയ്യുന്ന വാർത്താ ബുള്ളറ്റിനുകളിൽ, ചർച്ചയിലൂടെയാണ്‌ വാർത്തകളെ സ്ഥിരീകരിക്കുന്നത്‌. വാർത്തകളെ മൂല്യവത്കരിക്കുകയാണിവിടെ. ആ മൂല്യം ഏകതാന സ്വഭാവമുള്ളതല്ല. പലതരം വീക്ഷണങ്ങളാണ്‌. ഒരു വാർത്തയെ മൂല്യവിചാരണയ്ക്ക്‌ അർഹമാക്കുന്നത്‌. വാർത്തയുടെ മൂല്യവത്കരണം അതിൽ പങ്കെടുക്കുന്ന ഓരോ വ്യക്തിയുടെയും സ്വകാര്യമായ മൂല്യവത്കരണമാണ്‌. പലതരം മൂല്യവിചാരണ ഒരു വാർത്തയ്ക്കും ചുറ്റും രൂപപ്പെടുന്നു.


 ടെലിവിഷൻ സീരിയലുകളിൽ അഭിനയിക്കുന്ന താരങ്ങൾ ചേർന്ന്‌ അടുത്തിടെ മറ്റൊരു ഷോ നടത്തിയതോർക്കുന്നു. താരങ്ങൾ ടീമുകളായി തിരിഞ്ഞ്‌ വിവിധ പരിപാടികൾ അവതരിപ്പിക്കുകയായിരുന്നു. ഇതിനിടയിൽ മൂല്യനിർണ്ണയത്തിന്റെ ഘട്ടത്തിൽ ഒരു ടീമിലെ അംഗങ്ങൾ പരസ്പരം വിമർശിക്കുകയും അതിൽ മറ്റു ടീം ക്യാപ്റ്റന്മാർ ഇടപെടുകയും ചെയ്തത്‌ ഓർക്കുന്നു. ആ രംഗങ്ങൾ പരമ്പരയുടെ ഭാഗമായി സംപ്രേഷണം ചെയ്തത്‌ ഇന്നത്തെ സാംസ്കാരിക വ്യതിയാനത്തിന്റെ ണല്ലോരു ഉദാഹരണമാണ്‌. അതായത്‌, ഗ്രീൻ ർറൂമിൽ നടക്കുന്നതും പ്രോഗ്രാമാണ്‌. സ്റ്റേജും ഗ്രീൻ ർറൂമും തമ്മിലുണ്ടായിരുന്ന വ്യത്യാസം അവസാനിച്ചു. നല്ല പാട്ടുകൾ വികളമായി, കുട്ടികൾ പാടിയത്‌ പലതവണ സംപ്രേഷണം ചെയ്യുന്നതും ഇതിനു തെളിവാണ്‌. മുൻകാലങ്ങളിൽ നല്ലതു മാത്രമേ പ്രോഗ്രാമായി കാണിച്ചിരുന്നുള്ളൂ. കലാശാലകളുടെയും മറ്റും മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തിരുന്നു. പക്ഷെ അതിനു പുനരവതരണയോഗ്യത ഇല്ലായിരുന്നു. ഇപ്പോൾ എന്തും അവതരണയോഗ്യമാണ്‌. ആർക്കും അവതരിപ്പിക്കാം. ആരുടെയും പാരമ്പര്യത്തിനു വിലയില്ല, വർഷങ്ങളായി എഴുതി തെളിഞ്ഞവനെന്ന നിലയിലുള്ള ആധിപത്യം ഇല്ല. പുതുതായി രംഗത്തുവരുന്ന ആൾക്കും സ്പേസുണ്ട്‌. അവർക്ക്‌ ഒരു പത്രാധിപരെയും പേടിക്കാതെ സ്വന്തം ബ്ലോഗുകളിൽ എഴുതാം.


 ആദ്യം, അവസാനം എന്നിങ്ങനെയുള്ള പ്രത്യേകതകൾ, കലാസൃഷ്ടികൾക്കുണ്ടായിരുന്നു. നോവൽ, സ്റ്റേജ്‌ പ്രോഗ്രാമുകൾ നാടകങ്ങൾ എന്നിവയ്ക്കെല്ലാം ഒരു തുടക്കവും ഒടുക്കവുമുണ്ട്‌. ഇപ്പോൾ അതും അവസാനിച്ചു. ഇന്റർനെറ്റ്‌, ടെലിവിഷൻ തുടങ്ങിയ മാധ്യമങ്ങളിലെ വ്യക്തിപങ്കാളിത്തം എല്ലാ തുടക്കങ്ങളെയും ഒടുക്കങ്ങളെയും ചിതറിച്ചു കളയുന്നു. ഒരാൾ ഇന്റർനെറ്റ്‌ തുറന്ന്‌ ഒരു ബ്ലോഗോ, വെബ്സൈറ്റോ നോക്കുന്നത്‌ അപ്പോൾ മാത്രം സംഭവിക്കുന്ന ഒരു 'തുടക്ക'മാണ്‌. പിറ്റേ ദിവസം അയാൾ ആ രീതിയിലായിരിക്കില്ല തുടങ്ങുക. ഒരിടത്ത്‌ തുടങ്ങി എവിടെയെങ്കിലും അവസാനിക്കുന്ന പ്രക്രിയയാണത്‌. അതിന്‌ സ്ഥിരസ്വഭാവമില്ല. ഓരോ വിഷയത്തിന്റെ അടിസ്ഥാനത്തിലാണ്‌ അത്‌ സംഭവിക്കുക.  ടോൾസ്റ്റോയിയുടെ 'അന്നാകരേനിന' വായിക്കുന്ന ഒരാൾക്ക്‌ വായന തുടങ്ങിയാൽ, ഇടയ്ക്ക്‌ വച്ച്‌ അവസാനിപ്പിക്കുന്നത്‌ അർത്ഥ ശൂന്യമായിരിക്കും. കാരണം അയാൾ വായന എവിടെയെങ്കിലും അവസാനിപ്പിക്കുന്നത്‌ പൂർണ്ണമായ ഒന്നിന്റെ ഭാഗത്തെ ഉപേക്ഷിച്ചുകൊണ്ടായിരിക്കും. നോവൽ അതിന്റേതായ നിലയിൽ പൂർണ്ണമാണ്‌. അത്‌ വിഘടിപ്പിക്കുന്നത്‌ അനുഭവത്തിന്റെ പൂർണ്ണതയ്ക്ക്‌ എതിരാണ്‌. എന്നാൽ ഒരു ദിവസം ഇന്റർനെറ്റ്‌ എടുത്ത്‌ മുഹമ്മദ്‌ റാഫി പാടിയ 'ചാന്ദ്നാ കാ ചാണ്ട്‌' എന്ന ഗാനം കേൾക്കുന്നതും പിന്നീട്‌ അമീബയെക്കുറിച്ചുള്ള ഒരു വിക്കിപീഡിയ പേജ്‌ വായിക്കുന്നതും തീർത്തും വേറിട്ട ഉദ്യമങ്ങളാണെങ്കിൽപ്പോലും, അത്‌ പരസ്പരം പോരടിക്കുന്നില്ല, ആ സമയം ഉണ്ടാകുന്ന ഒരു തിരഞ്ഞെടുപ്പാണത്‌. പിന്നീട്‌ അതേപടി ഒന്നുണ്ടാകുന്നില്ല. എവിടെ നിന്നും തുടങ്ങാം. എവിടേക്കും പോകാം. എവിടെയും അവസാനിപ്പിക്കാം.


 ഓരോ വസ്തുവും ഇവിടെ ഓരോ സംസ്കാരമാണ്‌. ഫൈവ്സ്റ്റാർ ഹോട്ടലുകൾക്ക്‌ അധികം ദൂരെയല്ലാതെ ഇന്ന്‌ ചെറിയ ബാംബു റസ്റ്റോറന്റുകളും തറവാടു' കടകളും കാണാം. ഓലമേഞ്ഞ, ബാംബൂ ചുവരുകളുള്ള ആ റസ്റ്റോറന്റുകൾ പഴയകാലത്തെ ഓർമ്മിപ്പിക്കും. വളരെ പഴയ സിനിമാപോസ്റ്ററുകൾ അവിടെ ചുമരുകളിൽ ഒട്ടിച്ചു വച്ചിട്ടുണ്ടാകും. സംസ്കാരങ്ങൾ കൂട്ടിക്കുഴയുകയാണ്‌. ചിഹ്നങ്ങളും സ്ഥാനം മാറി ഉപയോഗിക്കപ്പെടുന്നു. ഏതെങ്കിലും സംസ്കാരത്തിന്റെ തടവറയിലല്ല നാം ജീവിക്കുന്നത്‌. നാം ഓരോ വസ്തുക്കളും യഥേഷ്ടം ഉപയോഗിച്ച്‌ സംസ്കാരവൽക്കരിക്കുന്നു. സംസ്കാരം അതിന്റെ തന്നെ മൂല്യമാണ്‌. ഒരു സംസ്കാരത്തിനു പലകാലങ്ങളിൽ പല മൂല്യങ്ങളുണ്ട്‌. ഓരോ സംസ്കാരചിഹ്നത്തിന്റെയും സ്വകാര്യവത്ക്കരണമാണ്‌ ഇപ്പോൾ നടക്കുന്നത്‌. ഏത്‌ വ്യക്തിക്കും അതു നേടാം. സംസ്കാരത്തിന്റെ പേരിലുള്ള കുത്തകയോ അധികാരമോ ആർക്കുമില്ല.




എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...