ശ്രീകൃഷ്ണദാസ് മാത്തൂർ.
ഒരു വെടിക്കായത്രെ നാം
കാതോർക്കുന്നത്, എന്നും.
ഒരുതുണ്ടു മാംസവും കൊണ്ടത്
കാലങ്ങൾ ചുറ്റിത്തിരിഞ്ഞ്
ഇടക്കിടക്കു വന്ന് പൊട്ടി,
കണ്ണീരു പിഴിഞ്ഞെടുത്ത്,
നായാട്ടു ദാഹമടക്കി,
കടലിലേക്കോ, ആകാശത്തേക്കോ
മണ്ണിലേക്കോ തൽക്കാലം
മടങ്ങുന്നു.
ചില പൂങ്കാവനങ്ങളിൽ നിന്ന്
പൂവുകളെന്നു പറഞ്ഞ്
ഇപ്പൊഴും കൊഴിഞ്ഞു വിഴുന്നത്
അങ്ങനെ കിനിഞ്ഞ ചോരയാണു`.
വിയർപ്പെന്നു പറഞ്ഞ്
തിളങ്ങി ചവർക്കുന്നത്,
വെടി ശീലിച്ച്, മുറിഞ്ഞു ശീലിച്ച്
തഴമ്പിച്ച തനിനാട്ടുമ്പുറമാണു`.
ഇവിടിപ്പൊഴും നിറയെ
അസ്ഥിപൂക്കുന്ന വിരിഞ്ഞ് നെഞ്ച്
വെടിപാകാൻ പാകത്തിനുണ്ടെന്ന്
ചിലർ വ്യാമോഹിക്കുന്നു.
ഒന്നാം കരണവും, കൂട്ടുകാരും
രണ്ടാം കരണവും കൂട്ടുകാരും,
ഇപ്പൊഴും മറ്റുകരണങ്ങൾ
കാട്ടിക്കൊടുക്കാനുണ്ടാവുമെന്ന്
ചോര രുചിച്ചവനു തോന്നുന്നു.
വരുമ്പൊഴൊക്കെ,
തിര വകഞ്ഞൊരു നര-
നായാട്ടു നടത്തിപ്പോകാമെന്നാകാം..
എത്രമേൽ ഞാനിനി വെടികൊണ്ട്
ഇങ്ങനെ മരിക്കാതെ കിടക്കും,
ഇളയും കുറെ കരുമാടികളും,
കടൽകരെയിരുന്ന് നെഞ്ചത്തടിക്കുന്നു.
നമുക്കൊന്ന് നിവരേണ്ടേ,
കൂനന്മാർ ഗോപുരമോന്തായത്ത്
കുനുകുനെ ഗീർ വ്വാണം
കുടഞ്ഞിടുന്നു..
******