18 Mar 2012

പോസിറ്റീവ്

രാജേഷ് ശിവ

ഞാന്‍ ശിവന്‍ ..മനസുഖം കിട്ടാത്ത ഒരു നാട്ടില്‍ നിന്നും വരുന്നു. ബിരുദമാണ് യോഗ്യത .എന്നെ കണ്ടിട്ട് വിശ്വസിക്കാന്‍ കൊള്ളാവുന്നവന്‍ എന്ന്തോന്നുന്നുവെങ്കില്‍ എനിക്കൊരു ജോലി തരണം .ഇല്ലെങ്കില്‍ ആത്മഹത്യ മാത്രമെ വഴിയുള്ളൂ ……”
ഒരു മധ്യാഹ്ന്നത്തില്‍ വിയര്പ്പൊലിപ്പിച്ചു മുഷിഞ്ഞ വസ്ത്രങ്ങളുമായി കയറി വന്നു പിന്നീട് തന്റെ എല്ലാമായ ശിവകുമാര്‍ തന്റെ ജീവിത പാതയില്‍ പ്രവേശിച്ചത്‌ മുതലുള്ള കാര്യങ്ങള്‍ ജനല്‍ കമ്പികളില്‍ പിടിച്ച് ആര്‍ദ്രമായ നയനങ്ങളോടെ പുറത്തൊഴുകുന്ന ഗംഗാനദിയിലെ ഓളങ്ങളെ മനസ്സില്‍ ആവാഹിച്ചു മിത്ര ഓര്ത്തു നിന്നു .അവളുടെ മുഖത്ത് വല്ലാത്തൊരു നിരാശയും കുറ്റബോധവും ഉണ്ട്.
സുന്ദരനായിരുന്നു ശിവകുമാര്‍ ..അല്ല മിത്രയുടെ ശിവന്‍ . നൂറു ജന്മങ്ങള്‍ ഒരു ജന്മത്തില്‍ കൊള്ളിച്ചവന്‍ . വീടിനെയും ബന്ധുക്കളെയും കുറിച്ചു ചോദിച്ചാല്‍ തത്വശാസ്ത്രങ്ങളെ കൂട്ട് പിടിക്കുന്നവന്‍ .അവസാനം ബന്ധുക്കളൊക്കെ അന്യരെന്നു പറഞ്ഞു തീര്‍ക്കും .അപ്പോഴെല്ലാം ഒരു തുള്ളി കണ്ണീര്‍ അവന്‍ നീക്കി വച്ചിരുന്നു .അതിനൊരവകാശി ഉണ്ടെന്നു അവള്ക്ക് തോന്നി …ചിലപ്പോള്‍അത് അമ്മയായിരിക്കും …അവളോട്ടു അത് ചോദിച്ചിട്ടും ഇല്ല .പൊതുവെ വാചാലനെങ്കിലും എല്ലാ കാര്യത്തിലും ഒരു നെഗടീവ് കാഴ്ചപ്പാടായിരുന്നു അവന് .ആദ്യമൊക്കെ ഒരു വിഷാദ രോഗിയാണ്‌ അവനെന്നു തോന്നാതിരുന്നില്ല .
” ശിവാ നീ എന്തിനാ എപ്പോഴും ഇങ്ങനെ സംസാരിക്കുന്നത് ….?”
“ജീവിതത്തില്‍ നെഗറ്റീവുകള്‍ മാത്രമുള്ളവന്‍ പിന്നെ എങ്ങിനെ സംസാരിക്കാനാ മിത്രേ …?”
“ഒരു ചോദ്യത്തിന് ഉത്തരം മറു ചോദ്യമാണോ ….?നമ്മള്‍ പോസ്സിടീവായി എല്ലാത്തിനെയും കണ്ടാല്‍ മതി ജീവിതത്തില്‍ പിന്നെ പോസ്സിട്ടീവുകള്‍ ഉണ്ടായിക്കോളും ….. ”
മിത്ര ഇതുപോലുള്ള ചില ഡോസുകള്‍ കരുതി വച്ചിരുന്നു.
പക്ഷെ ഇതെത്ര പ്രാവശ്യം പറഞ്ഞിരിക്കുന്നു .എന്നാല്‍ അവനെ അത്രയ്ക്ക് അങ്ങ് കുറ്റം പറയാനും വയ്യ കാരണം അവന്റെ ജീവിത യാഥാര്‍ത്യങ്ങള്‍ക്കു മുന്നില്‍ താന്‍ ആരുമല്ല .ഈ വാരണാസിയില്‍ അച്ഛന്റെ ഉദ്യോഗവുമായി ബന്ധപ്പെട്ട് വളരെ ചെറുപ്പത്തില്‍ പറിച്ചു നടപ്പെട്ട തൃശൂര്‍ക്കാരി അച്ഛന്റെയും അമ്മയുടെയും മരണശേഷം നാട്ടിലേക്കുള്ള വേര് എവിടെ വച്ചോ അറ്റുപോയവള്‍ .അല്ലെങ്കിലും നാട് എന്നത് അവള്‍ക്കെന്നും ഒരു മിഥ്യയായിരുന്നു .ഇവിടെ ഈ ശരണാലയത്തില്‍ അശരുടെ നടുവില്‍ ഒരു മാനേജരുടെ തലക്കനം കാണിക്കാതെ കഴിയുന്നു .അവരിലൊരാളായി . തനിക്ക് പറയാന്‍ മാത്രമുള്ള തിക്താനുഭവങ്ങള്‍ ഒന്നും ഇല്ല .അനാഥത്വത്തിന്റെ മരവിപ്പല്ലാതെ …..
മിത്രയുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു . താഴെ ഭക്തരുടെ മന്ത്രോച്ചാരണങ്ങളും മറ്റും ഉച്ചത്തില്‍ മുഴങ്ങുന്നതെന്നും അറിയുന്നത് പോലും ഇല്ല .തന്റെ ജീവിതത്തിലെ അവസാന കണ്ണിയായ ശിവനായിരുന്നു മനസ്സു മുഴുവന്‍ .
“മിത്രേ എന്റെ ആ ദുഷിച്ച നഗരം വിടുമ്പോള്‍ …ആ നഗരം കണ്ണുകളില്‍ നിന്നും മായുമ്പോള്‍ വല്ലാത്തൊരു ആശ്വാസം തോന്നിയിരുന്നു .ഏതെങ്കിലും ഒരു തീര്‍ഥാടന കേന്ദ്രത്തില്‍ എത്തുക ..ഒരു മാര്‍ഗവും കണ്ടില്ലെങ്കില്‍ അവിടെ കിടന്നു മരിക്കുക ….ആരുമറിയാതെ …തന്നോടെനിക്ക് നന്ദിയുണ്ട് …”.
ഇങ്ങനെ പറയാന്‍ മാത്രം ശിവന്റെ ആ നഗരം അവന് വേദനകള്‍ നല്‍കിയിരുന്നു .അസംത്രിപ്തമായ ബാല്യ കൌമാരങ്ങളും വഞ്ചനയുടെ കാമുകീ രൂപവും തന്‍ പ്രാപിച്ച കണക്കില്ലാത്ത സ്ത്രീകളും ഉള്കൊണ്ടിരുന്ന നഗരം .കുട്ടിക്കാലം മുതല്‍ പീഡനങ്ങള്‍ തന്ന നഗരം ….പ്രകൃതി വിരുദ്ധത കൈമുതലാക്കാന്‍ പഠിപ്പിച്ച നഗരം .മയക്കു മരുന്നിന്റെ മായിക വലയത്തില്‍ അകപ്പെടുത്തിയ നഗരം.ഒരു പൂവില്‍ പോലും നൈര്‍മ്മല്ല്യം കാണാത്ത നഗരം .ആ നഗരം അവന് നരകമായില്ലെങ്കിലെ അത്ഭുതമുള്ളൂ .ഇവിടെ പേരിനൊരു ജോലി കൊടുത്തത് തന്നെ സിംപതി ഒന്നു കൊണ്ടു മാത്രമായിരുന്നു …പിന്നെ ഒര്മ്മയിലെങ്ങോ നിറം നഷ്ടപ്പെട്ട നാടിനോടുള്ള സ്നേഹവും .
“ശിവാ അത് മറന്നേക്കൂ ..ഇതു തന്റെ ഒരു പുനര്‍ജ്ജന്മം എന്ന് കരുതിക്കോടെ .ഓര്‍ക്കാനിഷ്ടപ്പെടാത്തത് ഓര്‍ക്കാതിരിക്കുക ….ഞാന്‍ അങ്ങിനെയാണ് ചെയുന്നത് …..”
” അതെ ഞാന്‍ ഇപ്പോള്‍ അങ്ങിനെ ശീലിച്ചു തുടങ്ങിയിരിക്കുന്നു . കയറ്റിറക്കങ്ങള്‍ കൊണ്ടു ക്ഷീണിതമായ എന്റെ മനസ്സില്‍ ഇപ്പോഴാണ് സമതലങ്ങള്‍ രൂപപ്പെട്ടത് . ഇനിയോരിറക്കം എനിക്ക് വയ്യ . എന്റെ അവസാനം ഇനി ഇവിടെ തന്നെ . ഈ അപരിചിത മുഖങ്ങള്‍ എനിക്ക്ആശ്വാസം തരുന്നു ..ഇവിടെ ഗംഗയുടെ തീരത്ത് എനിക്ക് ഉറങ്ങണം …….”
ഫിലോസഫിയില്‍ ചാലിച്ച ഈ വാക്കുകള്‍ മിത്രയില്‍ കുറച്ചൊന്നുമല്ല ആശ്വാസം വര്‍ഷിച്ചത് . ആണ്‍തുണയെന്നത് ഒരു വിദൂര സ്വപ്നം മാത്രമായിരുന്നതനിക്ക് ശിവന്‍ രക്ഷകനാകുന്നു എന്നവള്‍ക്ക് തോന്നി ..അല്ലെങ്കില്‍ …അവളുടെ മനസ്സു മന്ത്രിച്ചിരുന്നു ….
തന്റെ ഉപദേശങ്ങള്‍ ശിവനില്‍ ചെലുത്തിയ സ്വാധീനം വളരെ വലുതായിരുന്നുഎന്ന് മിത്ര മനസിലാകി .അവന്‍ മരണത്തെ കുറിച്ചുള്ള ചിന്തകള്‍ മറന്നു തുടങ്ങിയിരുന്നു .ജീവിത നാടകത്തിലെ മറ്റൊരു രംഗത്തിലും അവന്‍ ഇതുപോലെ സന്തോഷിച്ചിരുന്നില്ലെന്നു അവള്‍ മനസിലാക്കി .എല്ലാത്തിനുമുപരി അവന്‍ തന്റെ എല്ലാമെല്ലാമായെങ്കില്‍ എന്ന് അവള്‍ അതിയായി ആഗ്രഹിച്ചു തുടങ്ങി .
“മിത്രേ ഞാന്‍ പോസിറ്റീവായി മാത്രം ചിന്തിച്ചു തുടങ്ങിയിരിക്കുന്നു .ഇനി എല്ലാം അങ്ങിനെ സംഭവിക്കുമായിരിക്കും അല്ലെ …..”
ആ ചോദ്യത്തിന്റെ അര്ത്ഥം അവള്ക്ക് മനസ്സിലാകാതിരുന്നില്ല .എന്നാലും അവന്‍ ചോദിച്ചത്  അത് തന്നെ ആയിരിക്കുമോ …
അവള്‍ മറുപടി ഒരു പുഞ്ചിരിയിലോതുക്കി…ഒരു പക്ഷെ അവന്‍ ഉദ്ദേശിച്ചത് അതല്ലെങ്കില്‍ ……
സ്നേഹലാളനകള്‍ ഏല്‍ക്കാത്ത ശിവന്റെ മനസ്സില്‍ സ്നേഹ മഴ പെയ്യിക്കാന്‍ അവള്‍ വെമ്പി .അതോടൊപ്പം പുരുഷ സുഖത്തിന്റെ തരളിത വികാരങ്ങള്‍ അവള്‍ സ്വപ്നം കണ്ടു തുടങ്ങി .തനിക്കും പ്രതീക്ഷിക്കാനും താലോലിക്കാനും എന്തൊക്കെയോ വന്നു ചേരുന്നു എന്ന് മിത്ര മനസിലാക്കി .
ഇങ്ങനെ ഓരോന്ന് ചിന്തിച്ചു പ്രകൃതിയുടെ മാറ്റങ്ങള്‍ പോലും അവള്‍ അറിഞ്ഞില്ല .കട്ട പിടിച്ച അന്ധകാരം അവളെ പൊതിഞ്ഞു . വാരണാസിയുടെ തെരുവുകള്‍ പ്രകാശപൂരിതമായി . സൈക്കിള്‍ റിക്ഷകള്‍ ജനത്തിരക്കേറിയ പാതയിലൂടെ വേച്ചു വേച്ചു നീങ്ങുന്നു .വഴിവക്കിലെ പലഹാരക്കടകളില്‍ പല വര്‍ണ്ണങ്ങളിലെ മധുരങ്ങള്‍ വാങ്ങാന്‍ ആളുകള്‍ തിക്കി തിരക്കുന്നു .വിദേശികളും സന്ന്യാസിമാരും സാധാരണക്കാരും ഇടകലര്‍ന്നു നീങ്ങുന്ന തെരുവിന്റെ ബഹളങ്ങള്‍ അവളിലെ ഓളങ്ങളില്‍ മുങ്ങിപ്പോയിരുന്നു .
അവള്‍ ശിവനിലേക്ക് കൂടുതല്‍ സഞ്ചരിക്കുകയായിരുന്നു .
എന്നോ ഒരു ദിവസം മുതല്‍ അവനില്‍ വീണ്ടും വിഷാദത്തിന്റെ വിഷമയം നിറയുന്നതായി തോന്നി .വാരണാസിയും അവനെ …..ഏയ് …ഇല്ല ഒന്നുരണ്ടു വര്‍ഷങ്ങള്‍ കൊണ്ടു ശിവനെ തന്‍ നന്നായി അറിഞ്ഞിരിക്കുന്നു .പരിവര്‍ത്തനത്തിന്റെ പാതയ്ക്ക് അത്രയും ദൈര്‍ഘ്യം ഉണ്ടായിരുന്നല്ലോ .അല്ലാതെ ഒരു സുപ്രഭാതം കൊണ്ടു വന്ന മനം മാറ്റമൊന്നും അല്ല അവനുണ്ടായത് .അതിനൊരു കാരണവും ഉണ്ടായിരുന്നു .അവന്റെ ‘നെഗറ്റീവുകള്‍ക്ക് ‘ അത്രയും ആഴമുണ്ടായിരുന്നു .അതില്‍ നിന്നും ഉയര്‍ത്തെണീറ്റ അവന്‍ ആ പഴയ മാര്‍ഗത്തില്‍ സഞ്ചരിക്കില്ലെന്നു അവള്‍ക്കുപ്പുണ്ടായിരുന്നു .
പക്ഷെ ശിവനിലെ സമതലങ്ങള്‍ക്ക് എന്തോ പറ്റുന്നു .അതില്‍ ഇനി വിള്ളലുകള്‍ രൂപപ്പെടുകയാണോ ..അതോ ഇനി വീണ്ടും ഇറക്കമാണോ .. ഇനിയുള്ളഇറക്കങ്ങളില്‍ എന്നെയും കൂട്ടുമോ ..അതിന് ഞാന്‍ തയ്യാറാണല്ലോ….
ശിവന്‍ പറയാറുള്ള കയറ്റിറക്കങ്ങള്‍ ഇപ്പോള്‍ അവളിലൂടെയും കടന്നു പൊയ്ക്കൊണ്ടിരുന്നു .
മിത്രക്കു മനസമാധാനം ഇല്ലാതായി തുടങ്ങിയിരുന്നു .കാരണം ശിവന്‍അനുദിനം ക്ഷീണിതനായിക്കൊണ്ടിരുന്നു. അധികം പുറത്തുപോകാത്ത ശിവന്‍ ഇപ്പോളിപ്പോള്‍ വല്ലപ്പോഴും പുറത്തു പോകുന്നു .അധികം സംസാരമില്ല .എന്തോ വലിയൊരു ആത്മ സംഘര്‍ഷം അവന്‍ അനുഭവിക്കുന്നു എന്ന് അവള്ക്ക് മനസ്സിലായി .എന്ത് ചോദിച്ചാലും മൌനം മാത്രമായിരുന്നു മറുപടി .ശിവനെ ശിവനും തനിക്കും നഷ്ട്ടപ്പെടുകയാണോ എന്ന് അവള്‍ ശങ്കിച്ചു . ഇനിയൊരു ദുരന്തം ശിവനെ എന്നെന്നേക്കുമായി ഇല്ലാതാക്കുമെന്ന് അവള്‍ക്കറിയാമായിരുന്നു .
ഒരു ദിവസം മിത്രയുടെ മനസ്സില്‍ ദുഃഖം വിതച്ചു ശിവന്‍ അപ്രത്യക്ഷനായി .നാട്ടില്‍ പോകില്ലെന്നറിയാം .ഈ നഗരത്തില്‍ അവന്‍ സാധാരണ പോകാറുള്ള സ്ഥലവും അറിയില്ല .എന്നാലും ചിലരെ വിട്ടു അന്വേഷിച്ചു .അതൊക്കെ നിഷ്ഫലമായിരുന്നു .
എന്നാലും ഞാന്‍ അവനെ സ്നേഹിച്ചതല്ലേ …..കുറെ നാള്‍ എന്റെ കൈയില്‍ നിന്നും ആഹാരം കഴിച്ചതല്ലേ …… എന്നോട് യാത്ര പറയാനുള്ള ഔചിത്യം പോലും കാണിച്ചില്ലല്ലോ …മോഹങ്ങള്‍ക്ക് എന്നേ പൂര്ണ്ണ വിരാമാമിട്ട എന്നെ എന്തിനാ മോഹിപ്പിച്ചത്‌ ….
ദിനങ്ങള്‍ നീണ്ട നിരാശക്കും ദുഃഖതിനുമോടുവില്‍ ശിവന്റെ ഓര്‍മ്മകളില്‍ നിന്നും മോചിതയാകാന്‍ ആഗ്രഹിച്ചു . തന്റെ ചാരിത്ര്യം കൂടെ അവന്‍ കൊണ്ടു പോയില്ലല്ലോ അതോര്‍ത്തു അവള്‍ ആശ്വസിച്ചു .ഈ ശരണാലയത്തില്‍ ഇനിയും പലരും വരും അവരോടൊന്നും ഇത്തരത്തില്‍ ആത്മബന്ധം കാണിക്കെണ്ടെന്നും മനസ്സില്‍ ഉറപ്പിച്ചു .
ഇനി ശിവന് തന്റെ സ്നേഹം മനസിലായില്ല എന്നുണ്ടോ .അവനോടത് തുറന്നു പറയണമായിരുന്നു .
തന്റെ ബുദ്ധി മോശത്തെ അവള്‍ പഴിച്ചു .
ഒന്ന് രണ്ടാഴ്ചകള്‍ കഴിഞ്ഞു .ശിവന്റെ അഭാവം അവളില്‍ ഒരു പാട് സംശയങ്ങള്‍ ബാക്കി വച്ചു പക്ഷെ ചോദിയ്ക്കാന്‍ ആളു സ്ഥലത്തും ഇല്ലല്ലോ . തന്റെ നഷ്ടങ്ങള്‍ സഹിക്കാന്‍ മനസ്സ് ശീലിച്ചു വന്ന ഒരു ദിവസം ..
” ഞാന്‍ ശിവന്‍ എന്നൊരു പാവമാണേ ….”
മുറിയില്‍ തുണികള്‍ അടുക്കി വയ്ക്കുകകയായിരുന്ന മിത്ര ഞെട്ടി തിരിഞ്ഞു നോക്കി . വാതില്‍ക്കല്‍ തന്നെ നോക്കി ചിരിക്കുന്ന ശിവന്‍ .
അവള്‍ വികാരാധീനയായി .ഓടിചെന്ന് ആ മറില്‍ ചായാന്‍ തോന്നി .ആരുമില്ലാതെ എന്നെ വീണ്ടും അനാഥയാക്കിയതെന്തിനെന്നു ചോദിയ്ക്കാന്‍ അധരങ്ങള്‍ വെമ്പി .കണ്ണുകളിലെ പ്രളയം കാരണം അവന്റെ രൂപം മങ്ങുന്നു ……
“എന്ത് പറ്റി മിത്രാ …?”
അവള്‍ ശിവനോട് ഒന്നും മിണ്ടിയില്ല .പിണക്കം അഭിനയിച്ചു .ആ പിണക്കവും പരിഭവവും തന്‍ എന്നോ ആഗ്രഹിച്ചതാണെന്ന് അവള്‍ക്കു തോന്നാതിരുന്നില്ല .മനസിലെ ലോലഭാവങ്ങള്‍ സടകുടഞ്ഞെനീട്ടു .അവന്‍ തനിക്കു എത്രത്തോളം പ്രിയപ്പെട്ടവനായിരുന്നു എന്ന് അവള്‍ക്കു മനസിലായി .
“നീ എന്നെ മനസ്സിലാക്കിയില്ലല്ലോ ശിവാ ..”
അവന്റെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണീര്‍ പൊടിഞ്ഞു .അതിന്റെ അവകാശി താനാണെന്ന് മിത്രക്കു മനസിലായി .
ശിവന്‍ ഇപ്പോള്‍ അകെ ക്ഷീണിച്ചിരിക്കുന്നു .ആദ്യം കണ്ടതിനേക്കാള്‍ ക്ഷീണിതന്‍ …..
“എന്താ ശിവാ ഈ രണ്ടാഴ്ച്ച് കൊണ്ട് നീ ഇത്ര മാത്രം ക്ഷീണിച്ചു പോയല്ലോ …. നിന്നെ ഞാന്‍ പൊന്നു പോലെ നോക്കിയതെല്ലേ ….. നിന്റെ ഈ രൂപം എന്നെ വിഷമിപ്പിക്കുന്നു ……”.
അവന്‍ എന്തോ ചിന്തിച്ചു നിലത്തു നോക്കി നെടുവീര്‍പ്പിട്ടു .അതില്‍ ഒരുപാടു കാര്യങ്ങള്‍ ഒളിഞ്ഞിരിക്കുന്നെന്നു മിത്രക്കു തോന്നി . അവള്‍ അവന്റെ മുഖത്തേക്ക് നോക്കി വാക്കുകള്‍ക്ക് കാതോര്‍ത്തു .
“മിത്രാ …..എന്റെ അമ്മ പണ്ട് പറയുമായിരുന്നു മോനെ ആര്‍ക്കും നമ്മള്‍ ഒരു ഗുണവും ചെയ്തില്ലെങ്കിലും ആരെയും ദ്രോഹിക്കരുത് ..എന്റെ അമ്മയെ മറക്കാനാകില്ല മിത്രാ ……ഈ ലോകത്ത് ഞാന്‍ രണ്ടു പേരെ മാത്രമേ സ്നേഹിച്ചിട്ടുള്ളൂ ……എന്റെ അമ്മയും ..പിന്നെ ….അത് കൊണ്ടാണ് ഞാന്‍ നിന്നോട് പറയാതെ പോയത് .”
മിത്രക്കു അധികമൊന്നും മനസിലായില്ല .
അനന്തരം ഒരു പഴയ പെട്ടി അവന്‍ അവളെ ഏല്പിച്ചു . അത് ആദ്യമായി ശിവന്‍ അവിടെ വന്നപ്പോള്‍ കൊണ്ട് വന്ന പെട്ടി തന്നെയായിരുന്നു .
“ഇത് നീ ഇവിടെ സൂക്ഷിക്കണം ….നിന്റെ ഓര്‍മ്മകളിലെ ശിവനോട് വല്ലാത്തൊരു അമര്‍ഷം തോന്നുന്നു എങ്കില്‍ മാത്രമേ നീയിതു തുറക്കാവൂ …അപ്പോഴും നീയെന്നെ വെറുക്കരുത് …പലതും നിന്നോടു പറയണമെന്നുണ്ട് ….പക്ഷെ നിന്റെ മുഖത്ത് നോക്കി പറയാന്‍ വല്ലാത്തൊരു ലെജ്ജ….എന്നോട് ഇനി ഒന്നും ചോദിക്കരുത് … ഞാന്‍ പോകുന്നു ..പറ്റുമെങ്കില്‍ മാത്രം ഇനിയും കാണാം …”
ശിവന്‍ തിരിഞ്ഞു നടന്നു .
“ശിവാ …”
അവളുടെ ആ ഹൃദയഭേദകമായ വിളിയില്‍ തന്റെ കാലുകളിലെ ഊര്‍ജ്ജം ചോര്‍ന്നു പോകുന്നതായി അവനു തോന്നി . ഒന്നനങ്ങാന്‍ പോലും ആയില്ല . നാഡികളില്‍ കൊള്ളിയാന്‍ പോലെ എന്തൊക്കെയോ കടന്നു പോയി .ദേഹമാസകലം അവന്‍ തരിച്ചു നിന്നു .ഒരിക്കല്‍ കൂടി അവള്‍ വിളിക്കരുതേ എന്ന് പ്രാര്‍ത്ഥിച്ചു . പെട്ടന്ന് ആത്മസംയമനം വീണ്ടെടുത്തു വേഗത്തില്‍ നടന്നു .അവള്‍ പിന്നാലെ ഓടി വന്നു .അപ്പോഴേക്കും അവന്‍ തെരുവിലെ തിരക്കുകളില്‍ ലയിച്ചു .
ദിനങ്ങള്‍ പലതു കഴിഞ്ഞു . മിത്രയുടെ മനസ്സില്‍ ശിവന്‍ നിറഞ്ഞു തന്നെ നിന്നു. അവന്‍ തന്നെ ഏല്‍പ്പിച്ച ആ പെട്ടി വീണ്ടും അവളോര്‍ത്തു. ഇതിനിടക്ക്‌ പലവട്ടം അത് തുറക്കണമെന്ന് തോന്നി അപ്പോഴെല്ലാം അവന്റെ വാക്കുകള്‍ അവളെ വേദനിപ്പിച്ചു .കാരണം ഓര്‍മ്മകളിലെ ശിവനോട് അവള്‍ക്കു ഇപ്പോഴും അമര്‍ഷം തോന്നിയിരുന്നില്ല .
പെട്ടന്ന് ആരോ കൊള്ളിംഗ് ബെല്ലടിച്ചു .മിത്ര ചെന്ന് വാതില്‍ തുറന്നു .പോസ്റ്റ്മാനാണ്‌. കത്ത് കൈപ്പറ്റി അത് പൊട്ടിച്ചു വായിച്ചു തുടങ്ങി …
പ്രിയപ്പെട്ട എന്റെ മിത്രക്കു …..,
‘ഞാന്‍ ശിവന്‍ . എനിക്ക് നിന്നോട് ഇങ്ങനെ യാത്ര പറയാനേ കഴിയൂ …അതും അന്ത്യയാത്ര…കാരണം എനിക്ക് തന്നെ അത്ര ഇഷ്ടമായിരുന്നു .ഏതോ കാലത്ത് ഞാന്‍ ചെയ്ത തെറ്റുകള്‍ ഇപ്പോള്‍ എന്നെ തിരിഞ്ഞു കുത്തുന്നു .കത്തിക്കാളുന്ന വേദനയിലും നിനക്കായ് എഴുതാതിരിക്കാന്‍ എനിക്കാകുന്നില്ല മിത്രാ ….മരണം എന്നിലേക്ക്‌ അടുത്ത് വരുന്നതു ഞാന്‍ കാണുന്നു ……………………,ഒരുപക്ഷെ ഈ കത്ത് വായിക്കുമ്പോള്‍ ഞാന്‍ ഈ ലോകത്ത് കാണില്ല . എന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കണേ .ഈ ഭാഗ്യം കെട്ടവന് സ്വര്‍ഗ്ഗത്തില്‍ ഒരിടം കിട്ടാന്‍ നീയെങ്കിലും പ്രാര്‍ത്ഥിക്കില്ലേ . എന്നിലെ ശുഭാപ്തി വിശ്വാസങ്ങളുടെ രാജകുമാരീ നിനക്ക് നല്ലത് മാത്രം വരട്ടെ …….’,
എന്ന് സ്വന്തം ശിവന്‍ .
മിത്രയുടെ കണ്ണുകള്‍ നിറഞ്ഞു . തന്റെ ജീവിതത്തിലെ അര്‍ത്ഥമില്ലായ്മകളുടെ ഇടയില്‍ ഈ കണ്ണുനീരിനു അര്‍ത്ഥമുണ്ടെന്നു അവള്‍ക്കു തോന്നി . ആരെയെങ്കിലും ഓര്‍ത്തു കരയാനെങ്കിലും തന്റെ കണ്ണുകള്‍ക്ക്‌ ഭാഗ്യം ഉണ്ടായല്ലോ .
“അവനു എന്റെ മടിയില്‍ കിടന്നു മരിച്ചു കൂടായിരുന്നോ …… ഇനിയുള്ള എന്റെ ജീവിതത്തിനു ഓര്‍ത്തു വക്കാനെങ്കിലും അത് …….. ”
അവള്‍ സ്വയം പറഞ്ഞു .അവള്ക്ക് തന്റെ കണ്ണുകളിലെ പ്രകാശം നഷ്ടപ്പെടുന്നു എന്ന് തോന്നി .തപ്പിത്തടഞ്ഞു മുറിയിലെത്തി .കുറെ നെരേം തളര്‍ന്നുറങ്ങി .കണ്ണ് തുറന്നപ്പോള്‍ ആദ്യം കണ്ടത് ശിവന്റെ ആ പെട്ടിയായിരുന്നു .അവള്‍ പതിയെ അതിനടുത്ത് ചെന്ന് അത് തുറന്നു .അതിനകത്ത്‌ കുറച്ചു കടലാസുകള്‍ മാത്രം .പിന്നെ കുറെ ഫോട്ടോസും ..അവള്‍ ആ കടലാസ് തുണ്ടുകള്‍ കയ്യിലെടുത്തു .അതില്‍ തനിക്കായി എഴുതി വച്ചിരുന്ന ഒരു കുറിപ്പും കണ്ടു .അവള്‍ അത് വായിച്ചു .ആദ്യം വായിച്ച കത്തിന്റെ എക്സ്റ്റെന്ഷനായി അവള്‍ക്കു തോന്നി .
‘ മിത്രേ എന്റെ ജീവിത ലക്‌ഷ്യം ആരോരുമില്ലാത്ത നിനക്കെങ്കിലും കുറച്ചു നാള്‍ സന്തോഷവും ദുഖവും തരുവാനായിരിക്കും .എന്നെ പോസ്സിടീവ് ആയി ചിന്തിക്കാന്‍ പഠിപ്പിച്ചവാളാണ് നീ .നീ പറഞ്ഞത് ശരിയാണ് നമ്മള്‍ പോസ്സിടീവ് ആയി ചിന്തിച്ചാല്‍ എല്ലാം താനേ പോസിറ്റീവ് ആയിക്കൊള്ളും .’.
അതില്‍ അത്രയേ എഴുതിയിരുന്നുള്ളൂ .അതിനടിയിലെ കടലാസ് തുണ്ടില്‍ അവള്‍ കണ്ണോടിച്ചു .അതൊരു രോഗപരിശോധനാ ഫലം ആയിരുന്നു .അവള്‍ എഴുന്നേറ്റു ജനല്‍ കമ്പികളില്‍ പിടിച്ചു പുറത്തേക്കു നോക്കി നിന്നു .തന്റെ വാക്കുകള്‍ അറംപറ്റിയാതോര്‍ത്തു മിത്ര പല പ്രാവശ്യം പശ്ചാതപിച്ചു .കാര്യങ്ങള്‍ നേരത്തെ കത്തില്‍ നിന്നും മനസ്സിലാക്കിയെങ്കിലും പോസിറ്റീവ് എന്ന വാക്കു അവളെ കൂടുതല്‍ ദുഖിതയാക്കി .
കാരണം ആ റിസല്‍ട്ടും പോസിറ്റീവ് ആയിരുന്നു …

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...