സങ്കരയിനം./ഫ്രാൻസ് കാഫ്ക


പരിഭാഷ :എൻ.ബി.സുരേഷ്

എനിക്കൊരു വിചിത്രജീവിയുണ്ട്. പകുതി പൂച്ചക്കുട്ടിയും പകുതി ആടും ആയിട്ടുള്ള ഒന്ന്. വളരെക്കാലമായി എന്റെ കുടുംബത്തിലെ വിലപിടിപ്പുള്ള ഒന്നാണിത്. പക്ഷെ എന്റെ കാലത്താണ് അതിന് അല്പം പുഷ്ടിയൊക്കെ വന്നുതുടങ്ങിയത്.
മുൻ‌പൊക്കെ ഇതിനെ കണ്ടാൽ പൂച്ചക്കുട്ടിയെക്കാൾ ഒരു ആടായിട്ടാണ് തോന്നുക. ഇപ്പോൾ പൂച്ചയുടെയും ആടിന്റെയും അളവ് തുല്യമായി കാണുന്നു. പൂച്ചയിൽ നിന്നും നഖങ്ങളും തലയും കിട്ടിയപ്പോൾ ആടിന്റേതായി ഇതിനു കിട്ടിയത് രൂപവും വലുപ്പവുമാണ്.
മാന്യവും ജ്വലിക്കുന്നതുമായ അതിന്റെ രണ്ടു കണ്ണുകളിലും എന്തോ ഒന്ന് മൃദുവായി കിടക്കുന്നുണ്ട്. അതിന്റെ ചലനങ്ങൾ വളരെ നിശബ്ദവും നാണത്തോടെ ഒഴിഞ്ഞുമാറുന്ന തരത്തിലുമാണ്.
സൂര്യപ്രകാശമേൽക്കുമ്പോൾ ജനാലയ്ക്ക് താഴെയുള്ള ചെറിയ അലമാരയുടെ മുകളിൽ അത് ചുരുണ്ടുകൂടുകയും സന്തോഷംകൊണ്ട് ശബ്ദമുണ്ടാക്കുകയും ചെയ്യും. ഭ്രാന്തുപിടിച്ച ഒരു ജീവിയെപ്പോലെ പുൽ‌മൈതാനങ്ങളിൽ പിടിതരാതെ പാഞ്ഞുനടക്കും. അപ്പോൾ അതിനെ പിടിക്കുക ഏറെ ശ്രമകരമാണ്. പൂച്ചകളെ കാണുമ്പോൾ അത് ഓടിമറയും. പക്ഷെ ആടുകളെ കണ്ടാൽ ആക്രമിക്കാനുള്ള വ്യഗ്രത കാട്ടും.
നിലാവുള്ള രാത്രികളിൽ ഓടിന് പുറത്തുകൂടി നടക്കാനാണ് അതിന് ഇഷ്ടം. ‘മ്യാവൂ’ എന്ന ശബ്ദം ഉണ്ടാക്കുക അതിന് അസാധ്യം. മാത്രമല്ല എലിയെ ഭയവുമാണ്. കോഴിക്കൂടിനടുത്ത് മണിക്കൂറുകളോളം അത് പതിയിരിക്കും.പക്ഷെ, ഇതുവരേയ്ക്കും കൊലപാതകം നടത്താനുള്ള ഒരു അവസരംകൈവന്നിട്ടില്ല.
ഞാൻ അതിന് ഏറ്റവും പ്രിയപ്പെട്ട മധുരമുള്ള പാലൂട്ടുമായിരുന്നു. ഇരപിടിയ്ക്കാനുള്ള തേറ്റപ്പല്ല്ലുകളുപയോഗിച്ച് അതെല്ലാം ഒറ്റയടിക്ക് നക്കിയെടുക്കുമായിരുന്നു.
സ്വാഭാവികമായും ഈ ജീവി കുട്ടികൾക്ക് കൌതുകകരമായ ഒരു കാഴ്ചവസ്തുവായി. ഞായറാഴ്ച രാവിലെയാണ് സന്ദർശനസമയം. ഞാൻ ഈ ചെറുജീവിയെയും മടിയിൽ വച്ചങ്ങനെ ഇരിക്കും. അയൽ‌പക്കത്തുള്ള കുട്ടികളെല്ലാം എന്റെ ചുറ്റും കൂടി നിൽക്കും. ഇനി കേട്ടിട്ടില്ലാത്ത കുറേ ചോദ്യങ്ങളാണ് വരുന്നത്. ആർക്കും ഉത്തരം നൽകാൻ കഴിയാത്ത ആ ചോദ്യങ്ങളോട് പ്രതികരിക്കാൻ ഞാൻ ശ്രമവും നടത്താറില്ല.മറ്റു വിശദീകരണങ്ങളൊന്നും നൽകാതെ, എന്റെ കൈയിലിരിക്കുന്നതിനെപ്പറ്റി എല്ലാമറിയാമെന്ന ഭാവത്തിൽ ഗൌരവത്തോടെ ഞാനിരിക്കും.
ചില സമയത്ത് കുട്ടികൾ പൂച്ചകളെക്കൂടി ഒപ്പം കൊണ്ടുവരും. ഒരിക്കൽ രണ്ട് ആടുകളെയും കൊണ്ട് വന്നുനോക്കി. പക്ഷെ അവരുടെ പ്രതീക്ഷ അസ്ഥാനത്തായി. പരസ്പരം തിരിച്ചറിയുന്നതിന്റെ യാതൊരു രംഗവും അരങ്ങേറുകയുണ്ടായില്ല. ആ മൃഗങ്ങൾ ശാന്തതയോടെ മൃഗനേത്രങ്ങൾ കൊണ്ട് പരസ്പരം നോക്കുകയും തങ്ങളുടെ നിലനില്പ് ദൈവം നൽകിയ ഒരു സത്യമാണെന്ന് തത്വത്തിൽ അംഗീകരിക്കുകയും ചെയ്തു.
എന്റെ മടിയിലിരിക്കുന്നത് അതിനിഷ്ടമാണ്. അപ്പോൾ അതിനു ഭയം തോന്നുകയോ വേട്ടയാടണമെന്ന ചിന്ത ഉണ്ടാവുകയോ ചെയ്യില്ല. ഞാൻ അതിനെ എന്നിലേക്ക് ചേർത്ത് അമർത്തുമ്പോൾ അത് അതീവ സന്തുഷ്ടനാകുന്നു. വളർത്തിക്കൊണ്ടുവന്ന ഞങ്ങളുടെ കുടുംബത്തോട് അതിനു വളരെ അടുത്ത ബന്ധമാണുള്ളത്. ഒരുപക്ഷെ അത് അപൂർവ്വമായ ആത്മാർത്ഥതയുടെ സൂചന മാത്രമാവില്ല.ലോകത്തിൽ ഒരേയൊരു രക്തബന്ധം മാത്രമല്ലാതെ എണ്ണമറ്റ ഇതരബന്ധങ്ങൾ ആഗ്രഹിക്കുന്ന ഒരു ജന്തുവിന്റെ സഹജവാസന കൂടിയാകാം. അതുകൊണ്ടുതന്നെ ഞങ്ങൾ നൽകുന്ന സംരക്ഷണം അത് പവിത്രമായിട്ടാണ് കാണുന്നതെന്ന് തോന്നുന്നു.
എന്നെ പിരിയാതെ, എപ്പോഴും എന്റെ കാലിനുചുറ്റും കറങ്ങിതിരിഞ്ഞ്, എന്നെ മണത്തുകൊണ്ടത് നടക്കുമ്പോൾ, ചില നേരങ്ങളിൽ എനിക്ക് ചിരിയടക്കാതിരിക്കാൻ കഴിയില്ല. അവനിലെ ആടിലോ പൂച്ചയിലോ മാത്രം സന്തുഷ്ടനാവാതെ ചിലപ്പോൾ ഒരു പട്ടിയായി പെരുമാറാനും ശ്രമിക്കാറുണ്ട്. സത്യത്തിൽ അത് അത്തരത്തിലൊന്നാണന്ന് ഞാൻ കരുതുന്നു. അതിന്റെയുള്ളിൽ ഈ രണ്ടു ജീവികളുടെയും അസ്വസ്ഥത അനുഭവപ്പെടുന്നതായി എനിക്ക് തോന്നാറുണ്ട്. അതായത് ആടിന്റെയും പൂച്ചയുടെയും വാസനകൾ മാറ്റിയെടുക്കാനുള്ള ഒരു ശ്രമം. അതുകൊണ്ടാവണം സ്വന്തം പുറന്തൊലിക്കുള്ളിൽ അത് ഈ അസന്തുഷ്ടികളെല്ലാം അനുഭവിക്കുന്നത്.
ഒരുപക്ഷെ ഒരു ഇറച്ചിവെട്ടുകാരന്റെ കത്തി ഈ ജീവിയെ സ്വതന്ത്രനാക്കിയേക്കും. പക്ഷെ എനിക്കത് ഒഴിവാക്കിയേ പറ്റൂ. എന്തെന്നാൽ അത് കുടുംബപരമായുള്ള വിലപിടിപ്പുള്ള സ്വത്താണ്.
ഒരിക്കൽ ഒരു കൊച്ചുകുട്ടി അവന്റെ അച്ഛന്റെ കൈയിലുണ്ടായിരുന്ന ഒരേയൊരു പാരമ്പര്യ സ്വത്തായ പൂച്ചയെ സ്വീകരിച്ചു. അതുവഴി അവൻ ലണ്ടൻ നഗരത്തിന്റെ മേയറായി. എന്റെയീ ‘മൃഗ‘ ത്തെക്കൊണ്ട് ഞാൻ എന്തായിത്തീരും? എവിടെ പരന്നുകിടക്കുകയാണ് ആ ബൃഹത്തായ നഗരം?

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?