20 Apr 2012

തിരിച്ചും മറിച്ചും/ബോദ്‌ലെയർ



പരിഭാഷ : വി. രവികുമാർ

Les_Fleurs_Du_Mal-1947-0title_FULL


ആനന്ദം തുളുമ്പുന്ന മാലാഖേ, നിനക്കറിയുമോ, ശോകത്തെ,
അവമാനത്തെ, പശ്ചാത്താപത്തെ, തേങ്ങലുകളെ, നൈരാശ്യത്തെ,
കൈവെള്ളയിലിട്ടു ചുരുട്ടിക്കൂട്ടുന്ന കടലാസുപന്തു പോലെ
ഹൃദയം ചുളുങ്ങിക്കൂടുന്ന രാത്രികളിലെ അസ്പഷ്ടഭീതികളെ?
ആനന്ദം തുളുമ്പുന്ന മാലാഖേ, നിനക്കറിയുമോ, ശോകത്തെ?

കാരുണ്യം തുളുമ്പുന്ന മാലാഖേ, നിനക്കറിയുമോ, വിദ്വേഷത്തെ?
ഇരുട്ടത്തു മുറുക്കിയ മുഷ്ടികളും, പൊള്ളുന്ന പകയുടെ കണ്ണീരുമായി,
പ്രതികാരമതിന്റെ പെരുമ്പറയിൽ പോർവിളി മുഴക്കുമ്പോൾ,
നമ്മുടെ ഭാഗധേയത്തിന്റെ വിധാതാവായി സ്വയമതവരോധിക്കുമ്പോൾ,
കാരുണ്യം തുളുമ്പുന്ന മാലാഖേ, നിനക്കറിയുമോ, വിദ്വേഷത്തെ?

ആരോഗ്യം തുളുമ്പുന്ന മാലാഖേ, നിനക്കറിയുമോ, ജ്വരങ്ങളെ,
ഒരു ധർമ്മാശുപത്രിയുടെ വിളറിയ ചുമരിൽ തപ്പിപ്പിടിച്ചും,
ചുണ്ടുകൾ കടിച്ചുപിടിച്ചും, തളർന്ന കാലുകൾ വലിച്ചിഴച്ചും,
ഭ്രഷ്ടനെപ്പോലൊരു വെയിൽനാളത്തിന്റെ ചൂടു തേടുന്ന ജ്വരബാധിതനെ?
ആരോഗ്യം തുളുമ്പുന്ന മാലാഖേ, നിനക്കറിയുമോ, ജ്വരങ്ങളെ?

സൗന്ദര്യം തുളുമ്പുന്ന മാലാഖേ, നിനക്കറിയുമോ, ചുളിവുകളെ?
ആസന്നവാർദ്ധക്യത്തെച്ചൊല്ലി നമുക്കുള്ള നിഗൂഢഭീതിയെ,
നമ്മുടെ കണ്ണുകളിത്രനാൾ ദാഹം തീർത്തിരുന്ന കണ്ണുകളിൽ
പ്രണയത്തിന്റെ സ്ഥാനത്താത്മബലി കാണുമ്പോഴത്തെ കിടിലത്തെ?
സൗന്ദര്യം തുളുമ്പുന്ന മാലാഖേ, നിനക്കറിയുമോ, ചുളിവുകളെ?

നന്മയുമാനന്ദവും, വെളിച്ചവും തുളുമ്പുന്ന മാലാഖേ,
മരണശയ്യയിൽ കിടന്നു വൃദ്ധനായ ദാവീദപേക്ഷിച്ചിരിക്കാം,
നിന്റെയുടലിന്റെ വശ്യതയിൽ നിന്നു നിർഗ്ഗമിക്കുന്ന യൗവനത്തെ;
നിന്റെ പ്രാർത്ഥനകളൊന്നേ ഞാൻ ചോദിക്കുന്നുള്ളു, മാലാഖേ,
നന്മയുമാനന്ദവും, വെളിച്ചവും തുളുമ്പുന്ന മാലാഖേ!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...