20 May 2012

ഇടയലേഖനം


വക്കച്ചൻ തുണ്ടിയിൽ

ഫാദർ ജയിംസ്‌ പുത്തൻപറമ്പൻ ഉറക്കം വരാതെ കിടക്കയിൽ കിടന്ന്‌ ഉരുണ്ടു.
നാളെ ഞായറാഴ്ച, പതിവിന്‌ വിപരീതമായി ദിവ്യബലിക്കിടയിൽ വായിക്കാൻ
ഇടയലേഖനമില്ല. അദ്ദേഹത്തിന്‌ ഉറക്കം വന്നില്ല. മണിക്കൂറുകളായി ഫാദർ
ഉറക്കം കിട്ടാതെ ഉരുളാൻ തുടങ്ങിയിട്ട്‌. മുറിയിലെ അരണ്ട വെളിച്ചത്തിൽ
അദ്ദേഹം ക്ലോക്കിലേക്ക്‌ നോക്കി, മൂന്ന്‌ മണിയാകുന്നു. നാല്‌ മണിക്കൂറായി
ഉറക്കത്തിനായി കാത്ത്‌ കിടക്കുന്നു. ശ്വാസം കിട്ടാതെ വിഷമിച്ച ഫാദർ
ജയിംസ്‌ കിടക്കയിൽ നിന്ന്‌ ചാടിയെഴുന്നേറ്റു. വല്ലാത്ത വിമ്മിഷ്ട്ടത്തോടെ
അദ്ദേഹം മുറിയിൽ ഉലത്താൻ തുടങ്ങി. 'ഇല്ല, ഇന്നിനി ഉറങ്ങാനാവുമെന്ന്‌
തോന്നുന്നില്ല.' ഫ്ലാസ്കിൽ നിന്നും ചൂടുവെള്ളം പകർന്നു കുടിച്ച ഫാദർ
വല്ലാതെ വിയർത്തു. 'ഇനിയെന്താ ചെയ്യുക?' അദ്ദേഹം അസ്വസ്ഥനായി. 'കപ്യാരെ
വിളിക്കാം'. അച്ചൻ ഫോണിൽ കപ്യാർ ചാക്കോയെ വിളിച്ചു. പല വട്ടം
ശ്രമിച്ചിട്ടും കപ്യാർ ഫോൺ എടുക്കുന്നില്ല. പിന്നെയും ശ്രമിച്ചു, ഇത്തവണ
കിട്ടി. "ഹലോ, ആരാ ഈ അസ്സമയത്ത്‌?" ഉറക്കം നഷ്ടപ്പെട്ട നീരസത്തിൽ ചാക്കോ
ചോദിച്ചു. "എടോ ഇത്‌ ഞാനാ, തനിക്ക്‌ മനസ്സിലായില്ലേ?" അച്ചൻ.
"ആരായാലെന്താ, ഈ അസമയത്ത്‌ വിളിച്ചാണോ ശല്യം ചെയ്യുന്നത്‌?"ചുമ മൂലം
ഉറങ്ങാൻ കഴിയാതിരുന്ന കപ്യാർ സാധാരണയിൽ നിന്നും രണ്ട്‌ പേഗ്‌ അധികം
കഴിച്ചാണ്‌ അന്ന്‌ ഉറങ്ങിയത്‌. അത്‌ ഇടയ്ക്ക്‌ വച്ച്‌ മുറിഞ്ഞതിൽ
അയാൾക്ക്‌ കലശലായ ദേഷ്യം തോന്നി.
"എടോ എനിക്ക്‌ ഉറങ്ങാൻ കഴിയുന്നില്ല". കോപവും നിരാശയും കലർന്ന സ്വരത്തിൽ
വികാരി പറഞ്ഞു. "അതിന്‌ ഞാനെന്ത്‌ വേണം?" അച്ചൻ കപ്യാരെ ക്ഷണിച്ചു. "ഇത്‌
എന്നാത്തിന്റെ സൂക്കേടാ? എനിക്കെങ്ങും ഒക്കത്തില്ല ഇപ്പം വരാൻ, അച്ചൻ ഫോൺ
വച്ചിട്ട്‌ കിടക്കാൻ നോക്ക്‌". ചാക്കോക്ക്‌ ശരിക്കും കലിവന്നു.
"പറ്റുന്നില്ലെടോ കപ്യാരെ, കിടന്നിട്ട്‌ എനിക്ക്‌ ഉറക്കം വരുന്നില്ല.
വല്ലാത്ത ശ്വാസം മുട്ടൽ" ഫാദർ പുത്തൻപറമ്പൻ നിസ്സഹായതയോടെ പറഞ്ഞു. "എന്താ
അച്ചോ, എന്നാ പറ്റി?" ചാക്കോയുടെ മനസ്സലിഞ്ഞു. "ചാക്കോ, പുലരുന്നത്‌
ഞായറാഴ്ചയല്ലേ. കഴിഞ്ഞ ആഴ്ചകളിലെല്ലാം വായിക്കാൻ ഇടയലേഖനമുണ്ടായിരുന്നു.
ഈയാഴ്ച അതില്ലാഞ്ഞിട്ട്‌ വല്ലാത്ത വീർപ്പുമുട്ടൽ. ഉറങ്ങാൻ തീരെ
പറ്റുന്നില്ലെടോ. ഞാനെന്താ ചെയ്ക" അച്ചന്റെ ദയനീയസ്ഥിതിയിൽ അയാൾക്ക്‌
സങ്കടം തോന്നി. ഒരു നിമിഷം ആലോചിച്ചു. "അച്ചൻ ഒരു കാര്യം ചെയ്യ്‌, ഇയാഴ്ച
പഴയതൊരെണ്ണം തപ്പിയെടുത്ത്‌ ഒരു കാച്ചങ്ങ്‌ കാച്ച്‌" കപ്യാർ
ബുദ്ധിയുപദേശിച്ചു. "താനെന്താ ഇപ്പറയുന്നത്‌? ആളുകളെന്നെ കൈവയ്ക്കും.
പണ്ടത്തെപ്പോലെയല്ല, ഇടയലേഖനം വായിക്കുന്നതു തന്നെ ചിലർക്കിഷ്ടമല്ല.
അപ്പഴാ വായിച്ചതു വീണ്ടും വായിക്കാൻ...." ഫാദർ ജയിംസിന്‌ വല്ലാതെ ദേഷ്യം
വന്നു. ' പിന്നിപ്പം എന്താ ചെയ്ക?' ചാക്കോ ഒരു നിമിഷം ആലോചനയിൽ മുഴുകി.
എന്നിട്ട്‌ പറഞ്ഞു. "ങാ, അച്ചനൊരു കാര്യം ചെയ്യ്‌ പിതാവിനോടൊന്ന്‌
ചോദിച്ചു നോക്ക്‌. പുതിയത്‌ വല്ലതുമുണ്ടെങ്കിൽ ...." കപ്യാർ വഴി പറഞ്ഞു
കൊടുത്തു." താൻ പറഞ്ഞത്‌ ശരിയാ ഒന്നും കാണാതെ വരില്ല, പക്ഷേ...."അച്ചൻ
ഇടക്ക്‌ വച്ച്‌ നിറുത്തി."ഒരു പക്ഷേയുമില്ല. അച്ചൻ പോകാൻ
തയ്യാറായിക്കോളു. ബൈക്ക്‌ ഉണ്ടല്ലോ, കുർബാനയ്ക്ക്‌ മുമ്പിങ്ങ്‌ എത്തിയാ
മതി". ചാക്കോ പ്രോത്സാഹിപ്പിച്ചു. "എന്നാപ്പിന്നെ....... അങ്ങനെ തന്നെ.
എന്തായാലും താനിന്ന്‌ ഒരൽപം നേരത്തെ പള്ളിയിലെത്തിയേക്കണം. ഞാനിവിടെ
ഇല്ലാത്തത്തല്ലേല്ലേ." അച്ചൻ ഓർമ്മിപ്പിച്ചു. "അച്ചൻ ധൈര്യമായിട്ട്‌
പോയ്‌ വാ, ബാക്കി കാര്യം ഞാനേറ്റു. അപ്പോൾ പറഞ്ഞതു പോലെ". കപ്യാർ
ആശ്വാസത്തോടെ ഫോൺ കട്ട്‌ ചെയ്തു. 'ഇന്നിനി ഉറങ്ങാനാവുമെന്ന്‌
തോന്നുന്നില്ല. എന്തായാലും കിടക്കാം, ഉറങ്ങിയാലായി.'
ഫാദർ പുത്തൻപറമ്പിൽ അരമനയിലേക്ക്‌ പുറപ്പെടാനുള്ള തയ്യാറെടുപ്പ്‌
തുടങ്ങി. പ്രഥമിക കർമ്മങ്ങൾക്കു ശേഷം ഏകദേശം നാലേമുക്കാലോടെ അദ്ദേഹം
ബിഷപ്പിനെ കാണാനായി പുറപ്പെട്ടു. റോഡിലെങ്ങും ഒറ്റ മനുഷ്യകുഞ്ഞില്ല.
തട്ടുകടകൾ പോലും തുറന്നുതുടങ്ങിയിട്ടില്ല. വല്ലപ്പോഴും ഒരു വണ്ടി
പോയാലായി. ആസ്ത്മ വല്ലാതെ ശല്യപ്പെടുത്തിയിരുന്ന അച്ചനെ തണുത്ത കാറ്റ്‌
ശരിക്കും ബുദ്ധിമുട്ടിച്ചു. ഉറക്കത്തിന്റെ കാര്യമായതുകൊണ്ട്‌ അദ്ദേഹം
അതൊന്നും വകവയ്ക്കാതെ വണ്ടിഓടിക്കുന്നതിൽ മാത്രം ശ്രദ്ധിച്ചു.
ഏകദേശം അഞ്ചര മണിയോടെ അച്ചൻ  അരമനയിലെത്തി. നേരത്തെ ഉണരുന്ന
പ്രകൃതമായതിനാൽ പിതാവിനെക്കാണാൻ അദ്ദേഹത്തിന്‌ അധികം
കാത്തിരിക്കേണ്ടിവന്നില്ല. "പുത്തൻപറമ്പനെന്താ പതിവില്ലാതെ ഈ
നേരത്ത്‌?"ബിഷപ്പ്‌ ആകാംഷയോടെ തിരക്കി. അച്ചൻ തന്റെ ധർമ്മസങ്കടം പറഞ്ഞു.
"എടോ തനിക്ക്‌ അത്രക്ക്‌ ഉറക്കം കിട്ടുന്നില്ലായെങ്കിൽ പഴയതൊന്നെടുത്ത്‌
തട്ടിയാ പോരാരുന്നോ?" പിതാവ്‌ നിസ്സാരഭാവത്തിൽ ചോദിച്ചു. "വയ്യ പിതാവേ
അത്മവഞ്ചന ചെയ്യാൻ. പിന്നെ കുഞ്ഞാടുകളൊന്നും പണ്ടത്തെപോലെയല്ല, ഇടയലേഖനം
തന്നെ ഇഷ്ടമാകാത്തവരുണ്ട്‌. പലതിനും കൊമ്പ്‌ മുളച്ചു
തുടങ്ങിയിരിക്കുന്നു. അപ്പോ പിന്നെ വായിച്ചതു വീണ്ടും വായിച്ചാൽ
.....?"അച്ചന്‌ സങ്കടവും ദേഷ്യവും ഒപ്പം വന്നു. "അച്ചോ, അതിനിപ്പം
ഞാനെന്തു ചെയ്യാനാ? ഈയാഴ്ച വായിക്കാൻ ഇടയലേഖനമില്ല. അടുത്ത
ആഴ്ചത്തേക്കുണ്ട്‌. അത്‌ പിന്നീട്‌ കൊടുത്തയക്കാം. " ബിഷപ്പ്‌
നിസ്സാഹയതോടെ പറഞ്ഞു."പിന്നേ, അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ഇറക്കേണ്ടതാ
ഇടയലേഖനം. ഇടയ്ക്കിടെ ആയാൽ അതിന്റെ വിലയങ്ങ്‌ പോകും. അതാരെങ്കിലും
ചിന്തിക്കുന്നുണ്ടോ ആവോ?" പിതാവ്‌ തത്വജ്ഞാനിയായി."ശരിയാണ്‌ പിതാവേ,
എനിക്കുമത്ര ഇഷ്ട്ടമുണ്ടായിട്ടല്ല. ശീലിപ്പിച്ചു കളഞ്ഞില്ലേ? പിന്നെ
ഇതിപ്പം എന്റെ ഉറക്കത്തിന്റെ പ്രശ്നമാ. ഒരാഴ്ച കൂടി ഉറങ്ങാതിരുന്നാൽ
എനിക്ക്‌ ആസ്ത്മ മാത്രമല്ല, വട്ടുമാകും."അച്ചൻ ആശങ്കപ്പെട്ടു. "ഇപ്പോൾ
എന്താടോ ചെയ്ക?" ബിഷപ്പ്‌ ധർമ്മസങ്കടത്തിലായി. "അടുത്ത
ആഴ്ചത്തേക്കുള്ളത്‌ താ, ഞാനത്‌ ഈയാഴ്ച വായിക്കാം. എനിക്കൊന്നുറങ്ങണം."
ഫാദർ ജയിംസ്‌ കട്ടായം പറഞ്ഞു. " എന്തു മണ്ടത്തരമാ താനീപറയുന്നേ,
ഒരിടത്തുമില്ലാതെ തന്റെ പള്ളീൽ മാത്രം ഇടയലേഖനം വായിച്ചാൽ....
തനിക്കിപ്പോഴേ വട്ടായോ"? പിതാവിന്‌ നന്നേ ദേഷ്യം വന്നു. " പിന്നെ
ഞാനെന്തു ചെയ്യണമെന്ന്‌ പറ? ഉറങ്ങായിരുന്നാൽ ....ഞാൻ കിടപ്പായിപോകും
പിതാവേ. " അച്ചൻ കരയുമെന്ന്‌ തോന്നി. ഫാദർ ജയിംസിന്റെ ദയനീയാവസ്ഥയിൽ
ബിഷപ്പും വല്ലാതായി. അദ്ദേഹം ഒരു നിമിഷം ആലോചിച്ചു, എന്നിട്ട്‌ തന്റെ
ഓഫീസ്‌ മുറിയിലേക്ക്‌ കയറിപ്പോയി.

തല കുമ്പിട്ടിരിക്കുകയായിരുന്ന അച്ചന്‌ വല്ലാത്ത പരവേശം തോന്നി.
കുടിക്കാൻ പാടില്ലാത്തതെങ്കിലും രണ്ട്‌ ഗ്ലാസ്സ്‌ തണുത്ത വെള്ളം അദ്ദേഹം
ഒറ്റയടിക്ക്‌ കുടിച്ചു തീർത്തു. 'ഇനിയെന്താ ചെയ്യുക, അടുത്ത
ഒരാഴ്ചത്തേക്ക്‌ തനിക്കിനി ഉറക്കമില്ലാത്ത രാവുകളായിരിക്കുമോ കർത്താവേ?
ഉറങ്ങാതിരുന്നാൽ വർദ്ധിച്ച വീര്യത്തോടെ ആസ്ത്മ വീണ്ടും ആക്രമിക്കുകയും
ചെയ്യും'. ആകെ തളർന്ന ഫാദർ ജയിംസ്‌ സോഫയിലേക്ക്‌ ചാരിയിരുന്ന്‌
നെടുവീർപ്പിട്ടു."താൻ വാ, വഴിയുണ്ടാക്കാം." അവശനായി ഇരിക്കുന്ന
പുത്തൻപറമ്പന്റെ അടുത്തെത്തിയ ബിഷപ്പ്‌ ക്ഷണിച്ചു.
പിതാവ്‌ പുറത്തേക്കിറങ്ങി, പിന്നാലെ അച്ചനും. അവർ എത്തിച്ചേർന്നത്‌
സിമിത്തേരിയിലായിരുന്നു. ഏക്കറുകളോളം പരന്നു കിടക്കുന്ന സിമിത്തേരി,
നൂറുക്കണക്കിന്‌ ശവക്കല്ലറകൾ. ഏകദേശം മദ്ധ്യഭാഗത്ത്‌ എത്തിയപ്പോൾ
ബിഷപ്പ്‌ നടത്തം നിറുത്തി. പോക്കറ്റിൽ നിന്ന്‌ തപ്പിയെടുത്ത പേപ്പർ
അദ്ദേഹം അച്ചന്റെ നേർക്ക്‌ നീട്ടികൊണ്ട്‌ പറഞ്ഞു. "ചുറ്റും തന്റെ
ഇടവകക്കാരും ഇവിടം പള്ളിയുമാണെന്ന്‌ സങ്കൽപ്പിച്ച്‌ ഇത്‌ ഇടയലേഖനം
വായിക്കുന്നപോലങ്ങ്‌ തട്ടിക്കോ". ജയിംസച്ചൻ പിതാവ്‌ നൽകിയ പേപ്പർ വാങ്ങി
അതിലൂടെയൊന്ന്‌ കണ്ണോടിച്ചു. ഇടയലേഖനത്തിന്റെ കെട്ടും മട്ടും
ഉണ്ടെങ്കിലും ഉള്ളടക്കം അതായിരുന്നില്ല. വ്യവസ്ഥിതിയോടുള്ള
വെല്ലുവിളിയായിരുന്നു അതിൽ നിറയെ. 'ഇത്‌ വായിക്കണോ?' എന്ന മട്ടിൽ അച്ചൻ
ബിഷപ്പിന്റെ നേർക്ക്‌ ആശങ്കയോടെ നോക്കി."താൻ ധൈര്യമായിട്ട്‌ വായിച്ചോളൂ.
ഞാൻ പലപ്പോഴും ഇതു പോലുള്ളത്‌ എഴുതിക്കൊണ്ടു വന്ന്‌ ഇവിടെ വച്ച്‌
വായിച്ചാ സമാധാനപ്പെടാറുള്ളത്‌". പിതാവ്‌ അകലേക്ക്‌ നോക്കി
ആരോടെന്നില്ലാതെ പറഞ്ഞു. അതു കേട്ടപ്പോൾ അച്ചന്റെ ചുണ്ടിൽ ഒരു ചെറു
പുഞ്ചിരി മെല്ലെ വിരിഞ്ഞു വന്നു. അദ്ദേഹം പിന്നെ മടിച്ചില്ല, തന്റെ
പള്ളിയും ഇടവകക്കാരെയും മാത്രമല്ല ലോകത്തെ മുഴുവൻ മുന്നിൽക്കണ്ട്‌
ബിഷപ്പ്‌ നൽകിയ 'ഇടയലേഖനം' മുദ്രവാക്യം പോലെ ഉറച്ച ശബ്ദത്തിൽ വായിച്ചു
തീർത്തു. ഇപ്പോൾ ചില അജഗണങ്ങളെപ്പോലെ തനിക്കും കൊമ്പ്‌ മുളച്ചതായി
അദ്ദേഹത്തിന്‌ തോന്നി. മുമ്പൊരിക്കോളും ലഭിക്കാത്ത തൃപ്തി അച്ചന്‌
അനുഭവപ്പെട്ടു. പേപ്പർ തിരികെ ഏൽപ്പിക്കുമ്പോൾ കണ്ടു. ബിഷപ്പിനും ഇപ്പോൾ
കൊമ്പുണ്ട്‌. അദ്ദേഹത്തിന്റെ മുഖത്തും പതിവിൽ കവിഞ്ഞ സംതൃപ്തി
ദൃശമായിരുന്നു. എന്തോ ഓർത്തിട്ടെന്ന പോലെ ഫാദർ ജയിംസ്‌ വാച്ചിൽ നോക്കി.
"പിതാവേ സമയം ഒരു പാടായല്ലോ കുർബാനയ്ക്ക്‌ സമയത്ത്‌ പള്ളിയിലെത്താനാകുമോ
എന്തോ"? അദ്ദേഹം വേവലാതിപ്പെട്ടു. "സാരമില്ലെടോ, കുർബാന ഇന്നൽപം
വൈകിയെന്ന്‌ കരുതി ഒന്നും സംഭവിക്കാനില്ല". ബിഷപ്പ്‌ ഫാദർ പുത്തൻപറമ്പനെ
ധൈര്യപ്പെടുത്തി.
വണ്ടി കഴിയുന്നത്ര വേഗത്തിൽ പായിച്ചെങ്കിലും കുർബാന തുടങ്ങേണ്ട സമയം
കഴിഞ്ഞാണ്‌ അച്ചൻ പള്ളിയിലെത്തിയത്‌. കപ്യാരും കുർബാനയ്ക്കെത്തിയ
ഇടവകക്കാരും അക്ഷമരായിരുന്നു. ഫാദർ ജയിംസിന്റെ മുഖം വീക്ഷിച്ച കപ്യാർ
ചാക്കോക്ക്‌ സമാധാനമായി. അദ്ദേഹം ഉദ്ദേശിച്ചു പോയ കാര്യം
സാധിച്ചിരിക്കുന്നു. ആരുടെയും ചോദ്യങ്ങൾക്ക്‌ മറുപടി നൽകാതെ തികഞ്ഞ
ചാരിതാർത്ഥ്യത്തോടെ അച്ചൻ കുർബാനക്കായി പള്ളിയിൽ കയറി, പിന്നാലെ അച്ചനെ
സഹായിക്കാനായി കപ്യാരും. സാധാരണ വൈകിയെത്തുന്നവർക്കും അന്ന്‌
മുഴുവൻകുർബാനയിൽ പങ്കെടുക്കാൻ കഴിഞ്ഞു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...