19 May 2012

യുദ്ധാനന്തര ഫൈലക്ക

 നാസർ തെക്കത്ത്

കുവൈത്തിന്റെ അധീനതയില്‍ കുവൈറ്റ്‌ സമുദ്രാതിർത്തിയിൽ  സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ദ്വീപാണ് ഫൈലക്കാ[failca]. കുവൈത്തില്‍ നിന്നും ഒന്നര മണിക്കൂര്‍ ബോട്ടില്‍ സഞ്ചരിച്ചാല്‍ ഫൈലക്കാ എന്ന കൊച്ചു ദ്വീപില്‍ എത്തിച്ചേരാം. യുദ്ധാനന്തര ഫൈലക്കാ മനസ്സില്‍ നൊമ്പരങ്ങള്‍ കോറിയിടുന്നതാണ്. ഇറാഖ് അധിനിവേശം വിജനമാക്കി തീര്ത്ത ദ്വീപില്‍ അവശേഷിക്കുന്നത് കുവൈറ്റ്‌ ഗവ പണിത പുരാതന ഗ്രാമവും, ചില താല്ക്കാലിക വസതികളും, വെടിയുണ്ടകള്‍ തറച്ച പാടുകള്‍ അവശേഷിക്കുന്ന ആൾപ്പാർപ്പില്ലാത്ത ഏതാനും വീടുകളും, ഒരു ചെറിയ തടാകവും, പ്രാര്ഥനക്കായി തുറന്നു കൊടുക്കാതെ അടച്ചിട്ടിരിക്കുന്ന ഒരു വലിയ പള്ളിയും, രണ്ട് ചെറിയ പള്ളികളുമാണ്.

ഇരുപതു വര്ഷങ്ങള്ക്ക് മുമ്പ്‌ ഇറാഖ് കുവൈത്തിനെ കീഴ്പ്പെടുത്തുമ്പോള്‍, ഫൈലക്കാ എന്ന കൊച്ചു ദ്വീപും അവരുടെ കൈപ്പിടിയിലൊതുങ്ങിയിരുന്നു. പറഞ്ഞു കേട്ട കഥകള്‍ പ്രകാരം, ഒട്ടും കരുണയില്ലാതെ സദ്ദാമിന്റെ പട്ടാളം ഈ ദ്വീപിലുണ്ടായിരുന്ന കുവൈത്തികളെ മുഴുവന്‍ കൊന്നു തള്ളുകയും, സ്ത്രീകളെ തട്ടിക്കൊണ്ടു പോവുകയും ചെയ്തു. അന്ന് ഫൈലക്കാ ദ്വീപ്‌ വിട്ടോടിയ ജനങ്ങള്‍ പിന്നീട് അങ്ങോട്ട്‌ തിരിച്ചു കയറിയില്ല. ഇന്ന് ഫൈലക്കാ ദ്വീപില്‍ ജനങ്ങള്‍ താമസിക്കുന്നില്ലെങ്കിലും കുവൈത്തികള്‍ പണിത താല്ക്കാലിക വസതികളില്‍ ചിലര്‍ വല്ലപ്പോഴും വന്നു പോവും.
വിജനമായ വീഥികള്‍, ആള്പ്പാ്ര്പ്പില്ലാത്ത പഴക്കം ചെന്ന പാതി മുക്കാലും തകര്ന്ന വീടുകള്‍, ആരും പ്രവേശിക്കാനില്ലാതെ ഉപയോഗ ശൂന്യമായിക്കിടക്കുന്ന ഒരു കമനീയമായ പാര്ക്ക്, ബുള്ളറ്റുകള്‍ തറച്ചു തുരു തുരെ ഓട്ട വീണ വീടുകള്‍, മറ്റു സാംസ്കാരിക കെട്ടിടങ്ങള്‍, രണ്ടായി മുറിഞ്ഞു വീണിട്ടും ഉണങ്ങാതെ പച്ച പിടിച്ചു നില്ക്കുന്ന മരങ്ങള്‍, ഒഴിഞ്ഞു കിടക്കുന്ന വലിയ ഒരു പള്ളി എന്നിവയെല്ലാം മനസ്സില്‍ കൊളുത്തി വലിക്കുന്നതായിരുന്നു.
വെട്ടിപ്പിടിക്കാനും കീഴടക്കാനുമുള്ള മനുഷ്യന്റെ സ്വാര്ത്ഥ ചിന്താഗതിയും അതിനായുള്ള പോരാട്ടവും എത്ര മനുഷ്യ ജന്മങ്ങളെ കണ്ണീരിലാഴ്ത്തുന്നു എന്ന സത്യം ഫൈലക്കാ നിശബ്ദമായി നമ്മോട് പറയും. എങ്ങു തിരിഞ്ഞാലും മുറിവുണങ്ങാത്ത, വേദനിക്കുന്ന ചിത്രങ്ങള്‍ മാത്രം. അവസാനം ചിന്തിച്ചു പോവും, ആരെന്തു നേടി?


കൊന്നു കൊല വിളിക്കാന്‍ വന്ന സദ്ദാം ഇന്ന് ചരിത്രമായി. കൊലവിളിയെ അമേരിക്കയുടെ പിന്ബലത്തോടെ നേരിട്ട കുവൈത്തിന്റെ രാഷ്ട്രശില്പിയും അന്നത്തെ അമീറും ഓര്മ്മയായി. നഷ്ടപ്പെട്ടത്‌, പാവം ചില പച്ച മനുഷ്യര്ക്ക്. സ്വന്തം ഭര്ത്താക്കന്മാരെ കണ്‍ മുന്നിലിട്ടു കൊല്ലുന്നത് കാണേണ്ടി വന്ന ചില പാവം സ്ത്രീകള്‍, കൊല്ലപ്പെട്ടവരുടെ മക്കള്‍, മാതാപിതാക്കള്‍. ഇവരുടെ അലമുറ ആര് കേട്ടു?. ആരും കേള്ക്കാതെ പോയ അവരുടെ രോദനങ്ങള്‍ ഇന്നും ഫൈലക്കാ ദ്വീപില്‍ മുഴങ്ങുന്നുണ്ടാവുമോ?


അധിനിവേശക്കെടുതികള്‍ അവിടം കൊണ്ട് തീര്ന്നില്ല എന്നതും അന്നത്തെ അധിനിവേശത്തിന് കൊല്ലങ്ങള്‍ കഴിഞ്ഞ് അമേരിക്ക സദ്ദാമിനോട് പകരം വീട്ടിയതും ഒട്ടനേകം മനുഷ്യക്കുരുതികള്ക്ക് ലോകം സാക്ഷ്യം വഹിച്ചതും പില്ക്കാല ചരിത്രം.
ഇന്നും ദ്വീപില്‍ പൊട്ടാതെ ശേഷിക്കുന്ന കുഴി ബോംബുകള്‍ ഉണ്ടെന്ന് പറയപ്പെടുന്നു. ദ്വീപ്‌ വിട്ടോടിപ്പോയ ആളുകള്‍ ഉപേക്ഷിച്ചു പോയ സാധനങ്ങള്‍ പെറുക്കി വിറ്റ്‌ കാശുണ്ടാക്കാന്‍ വന്ന കുറെ ബംഗാളികള്‍ ഇങ്ങനെ പൊട്ടാതെ കിടന്ന കുഴി ബോംബുകള്‍ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ട നടുക്കുന്ന സംഭവം എന്നോടൊപ്പം വന്ന ഒരു സുഹൃത്ത്‌ എനിക്ക് പറഞ്ഞു തന്നു.
വഴി വക്കില്‍ നിന്നും ഒരു വിരലിന്റെ മുക്കാല്‍ നീളം വരുന്ന ഒരു ബുള്ളറ്റ്‌ ഞാന്‍ കുനിഞ്ഞെടുത്തപ്പോള്‍ ഭയം മൂലം സുഹൃത്ത്‌ വിലക്കി. ഞാന്‍ അത് തിരിച്ചു മണ്ണിലേക്ക്‌ തന്നെയെറിഞ്ഞു.
ഇന്ന് ഫൈലക്കാ ഒരു വിനോദ സഞ്ചാര കേന്ദ്രമായി ഒഴിച്ചിട്ടിരിക്കുകയാണ്. വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാന്‍ അതില്‍ ഒരു പുരാതന ഗ്രാമം തന്നെ ശ്രിഷ്ടിച്ചത്‌ ശരിക്കും അതിശയകരമാണ്. ഇത് കൂടാതെ മനോഹരമായ ഒരു തടാകവും ഒരു ചെറിയ മൃഗശാലയും ഉണ്ട്.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...