'കണ്ണുതട്ടാതിരിക്കാൻ

ഷാജി നായരമ്പലം

ഞായറാണെനിക്കേറേ
യാത്രയുണ്ടൊരുങ്ങി ഞാന്‍

കേറിയാ ബസ്സില്‍ത്തുങ്ങി-
യാടിനില്‍ക്കവേ കണ്ടൂ

അച്ഛന്റെ കൈത്തണ്ടിലായ്
 ശാന്തയായ് ക്കിടക്കുന്ന

സ്വച്ഛ സുന്ദരം കുഞ്ഞിന്‍
കോമള മുഖാംബുജം.
പ്രായമേറിയാലാറു
മാസമായില്ല നൂനം,

യാത്രചെയ്യുവാന്‍ കൂടെ
 അമ്മയും മുന്നില്‍ക്കാണും.

കണ്മഷികറുപ്പിച്ച
കണ്ണുകള്‍, കപോലങ്ങള്‍

രണ്ടിലുമനാകര്‍ഷം
കുത്തിയ പൊട്ടും കാട്ടി

നിര്‍ന്നിമേഷമായ് കുഞ്ഞു -
കണ്ണുകള്‍ വിടര്‍ത്തി വെണ്‍-

ചന്ദ്രികയുദിച്ചപോല്‍
കുഞ്ഞു പുഞ്ചിരിക്കുന്നു.


മുന്നിലെത്തൂണും ചാരി
 മറ്റൊരു മനോഹരി-

പ്പെണ്‍ങ്കൊടി തിരക്കിലും
 കാഴ്ച്ചയാക്കുന്നൂ തന്റെ

വേഷ ഭൂഷകള്‍ വെളി-
പ്പെടുത്തും നിതംബവും

ഗോപ്യമായ് മറയ്കേണ്ട
മാറിടപ്രദേശവും.

കുട്ടികള്‍ക്കുടുക്കുവാ-
നിത്രമേല്‍ ജുഗുപ്സമായ്

കാല്‍ശരായിയും ടോപ്പും
 വാങ്ങിടും പിതാവിനെ-

ച്ചാട്ടയലടിക്കണം,
കെട്ടുകാഴ്ച്ചകള്‍ പോലെ

മക്കളെ വിവസ്ത്രരാ-
ക്കീടൊലാ ലോകര്‍മുന്നില്‍.


കുഞ്ഞിതാ ഉറക്കമാ-
യച്ഛന്റെ മടിത്തട്ടില്‍

നിഷ്ക്കളങ്ക,മാമുഖത്ത-
പ്രമേയമാം ശോഭ.

അമ്മ ബോധപൂര്‍വ്വമോ
കുഞ്ഞിളം കപോലത്തില്‍

കണ്മഷിക്കരിയിട്ടു,
കണ്ണുകള്‍ മടക്കുവാന്‍?

 
കണ്ണിനി മടങ്ങട്ടെ,
യാത്രയില്‍ നിനക്കെന്നും

കണ്മഷിപുരട്ടി,യെന്‍
കണ്ണു തട്ടാതെ നോക്കാം.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?