19 May 2012

കണ്ടെത്താനുള്ളത്

സന്തോഷ് പാല
mcsanthosh@yahoo.com

മരിച്ചുപോയവരുടെ
ആത്മാക്കള്‍ 
അലയുന്നിടത്ത് നിന്ന്
കണ്ടെടുത്തത്
വിശ്വാസത്തിന്റെ 
കണ്ണു പോയ മുഖമാണ്

ജീവിച്ചിരിക്കുന്നവരുടെ 
ശരീരങ്ങള്‍ 
അലയുന്നിടത്ത് നിന്ന്
കണ്ടെടുത്തത് 
ആഗ്രഹങ്ങളുടെ
മുഴുക്കാപ്പണിഞ്ഞ മുഖമാണ്

കളിച്ചു നടന്ന 
കൂട്ടുകാര്‍ക്കിടയില്‍ നിന്ന്
കണ്ടെടുത്തത് 
വേണ്ടാതീനങ്ങളുടെ
വെളുക്കെചിരിക്കും മുഖമാണ്

പോര്‍ക്കളത്തില്‍ 
ചിതറി വീണ
ശരീരങ്ങള്‍ക്കിടയില്‍ നിന്ന്
കണ്ടെടുത്തത്
അത്യാര്‍ത്തിയുടെ
അതിവികൃത മുഖമാണ്

കണ്ണൂം കാതും വായും 
നഷ്ടപ്പെട്ട 
ഒരു പ്രതിമയില്‍ നിന്ന്
കണ്ടെടുത്തത് 
കാലം കൊണ്ടുപോയ 
ഒരു കല്‍പ്പണിക്കാരന്റെ
കരിവാളിച്ച മുഖമാണ്

നഷ്ടങ്ങളുടെ 
നടുവിലൊരു 
സ്മാരകം കണ്ടെത്താനുള്ള
തിരക്കിലാണീ യാത്ര.

സമാധാനത്തിന്റെ 
കുറച്ചു പ്രാവുകളുമായി 
അധികാരത്തിന്റെ 
അകത്തളങ്ങളില്‍ നിന്നും 
പതിവുപോലെ 
അവരവിടെയെത്തിയേക്കാം

ഞാന്‍ തോക്ക് 
നിറച്ച് പിടിച്ചിരിക്കുകയാണ്.
കാഞ്ചി 
കൈവിരലിനോട് 
അരുതേ അരുതേയെന്ന്
പറയുന്നുണ്ടാകുമോ?

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...