കുഞ്ഞൂസ്
ഏറെ കൌതുകമുണര്‍ത്തിയും വിവാദങ്ങള്‍
സൃഷ്ടിച്ചും ജനശ്രദ്ധ പിടിച്ചു പറ്റിയ ബൂലോകം സംഘടിപ്പിച്ച സൂപ്പര്‍
ബ്‌ളോഗര്‍ അവാര്‍ഡ് 2011, തികച്ചും യോഗ്യരായ രണ്ടുപേരെ തിരഞ്ഞെടുത്തു
കൊണ്ട് ഭംഗിയായി അവസാനിച്ചു. രണ്ട് ഘട്ടങ്ങളായി നടത്തിയ വോട്ടെടുപ്പില്‍,
അവസാന ലിസ്റ്റിലെ പത്തു പേരില്‍ നിന്നും ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെ
സീനിയര്‍ ബ്ലോഗറും സാമൂഹിക നന്മയെ ലക്ഷ്യമാക്കി മാതൃകാപരമായ
പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന നിരക്ഷരന്‍ എന്ന ശ്രീ
മനോജ് രവീന്ദ്രനാണ് സൂപ്പര്‍ ബ്ലോഗറായി തെരഞ്ഞെടുക്കപ്പെട്ടത് . പ്രശസ്ത
ബ്ലോഗറും കാര്‍ട്ടൂണിസ്റ്റും ഫോട്ടോ ഗ്രാഫറുമായ ശ്രീ നൌഷാദ് അകമ്പാടം
ഫസ്റ്റ് റണ്ണര്‍ അപ്പായും തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് പേര്‍ക്കും
ബൂലോകത്തിന്റെയും സഹൃദയരുടെയും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ …!
പതിമൂവായിരം
രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് ഒന്നാം സമ്മാനം. റണ്ണര്‍ അപ്പിന്
ഫലകവും പ്രശസ്തിപത്രവും ലഭിക്കും. കൊച്ചിയില്‍ താമസിയാതെ സംഘടിപ്പിക്കുന്ന
പൊതു ചടങ്ങില്‍ വച്ച് സമ്മാന ദാനം നടക്കും.
അവാര്‍ഡ്
പ്രഖ്യാപനത്തിന്റെ പിന്നാലെ തന്നെ അഭിമുഖത്തിനായി സമീപിച്ചപ്പോള്‍ വളരെ
സന്തോഷത്തോടെ തന്നെ അതിനു സമ്മതം തന്നവരാണ് രണ്ട് അവാര്‍ഡ് ജേതാക്കളും.
ജാഡകളില്ലാതെ, ഔപചാരികതയുടെ മുഖംമൂടിയില്ലാതെ മനസ്സ് തുറന്നു സംവദിച്ചു
രണ്ട് പേരും. സാമൂഹ്യ പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായി ഇടപെടുകയും
ആതുരസേവനങ്ങള്‍ നടത്തുകയും ചെയ്യുന്ന ശ്രീ. മനോജ് രവീന്ദ്രനുമായുള്ള
അഭിമുഖത്തില്‍ നിന്നും…
- വിദ്യാസമ്പന്നന്‍ ആയ താങ്കള്‍ നിരക്ഷരന്‍ എന്ന പേര് സ്വീകരിച്ചത് എന്ത് കൊണ്ടാണ് ?
ബ്ലോഗിങ്ങിന്റെ
ആദ്യകാലത്ത്, കമ്പ്യൂട്ടറില്‍ മലയാളം എഴുതാന്‍ തുടങ്ങിയപ്പോള്‍ ചില
അക്ഷരങ്ങള്‍ വഴങ്ങുന്നുണ്ടായില്ല. അതാണ് നിരക്ഷരന്‍ എന്ന പേര്
സ്വീകരിക്കാനുള്ള കാരണം. പിന്നീട് ഈ പേര് അര്‍ത്ഥവത്താക്കുന്ന പല
കാരണങ്ങളും കണ്ടെത്താന്‍ എനിക്കായിട്ടുണ്ട്. വിദ്യാസമ്പന്നര്‍ എന്ന്
പറഞ്ഞിട്ട് എന്തുകാര്യം. നമ്മള്‍ മലയാളികള്‍ ചെയ്ത് കൂട്ടുന്ന കാര്യങ്ങള്‍
പലതും വിദ്യാസമ്പന്നര്‍ക്ക് ചേര്‍ന്നതാണോ ? അങ്ങനെയുള്ള ഒരു ജനതയുടെ ഭാഗമായ
എനിക്ക് സാക്ഷരന്‍ എന്ന പേര് യോജിക്കില്ല.
- സൂപ്പര്‍ ബ്‌ളോഗര്‍ അവാര്‍ഡ് കിട്ടിയെന്നറിഞ്ഞപ്പോള്‍ എന്തു തോന്നി?
അവാര്‍ഡിന് വേണ്ടിയുള്ള മത്സരത്തില്‍ ഇന്‍വോള്‍വ്ഡ് ആയിരുന്നില്ല എന്നതുകൊണ്ട് ഇങ്ങനൊന്ന് പ്രതീക്ഷിച്ചിരുന്നില്ല.
- ഈ മത്സരത്തെ താങ്കള്‍ എങ്ങിനെ വിലയിരുത്തുന്നു ?
ശ്രീ. ഇ.എ. സജിം തട്ടത്തുമലയുടെ ഒരു പുതിയ പോസ്റ്റുണ്ട്,
ഇതേ വിഷയത്തില്‍. അതില്‍പ്പറഞ്ഞ ഓരോ വരികളും എന്റേയും കൂടെ
അഭിപ്രായമാണ്. ജീവിതം ഒരുപാട് ഇനിയും മുന്നോട്ട് കോണ്ടുപോകാനുണ്ട്
എല്ലാവര്‍ക്കും. അതിനിടയില്‍ എന്തൊക്കെ മത്സരങ്ങള്‍ക്ക് ഇടയില്‍ ചെന്ന്
ചാടിയാലും സജിമിനെപ്പോലുള്ളവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിശ്വമാനവികതയുടെ
വലിയൊരു സന്ദേശമുണ്ട്. അത് വിസ്മരിക്കപ്പെടാതെ നോക്കണമെന്ന് അടിവരയിട്ട്
പറയാന്‍ ആഗ്രഹിക്കുന്നു. സജിമിന്റെ ആ പോസ്റ്റിലെ രണ്ട് വരികള്‍ എടുത്ത്
പറയാം. ‘അവാര്‍ഡിനായി പരിഗണിക്കപ്പെട്ടവരോ അവാര്‍ഡ് ലഭിച്ചവരോ മാത്രമാണ്
സൂപ്പര്‍ബ്ലോഗ്ഗര്‍മാരെന്ന് ആരും കണക്കാക്കേണ്ടതില്ല. സൂപ്പര്‍ ബ്ലോഗ്ഗര്‍
ആകാന്‍ ഇപ്പോള്‍ ഈ മത്സരത്തിന്റെ ആദ്യാവസാന റൌണ്ടുകളില്‍ എത്തപ്പെടാതെ
പോയവരിലും സൂപ്പര്‍ എന്നു തന്നെ വിശേഷിപ്പിക്കാവുന്ന നല്ല ബ്ലോഗ്ഗര്‍മാര്‍
ഉണ്ട്. ‘
ഈ മത്സരത്തില്‍ ആദ്യാവസാനം പരിഗണിക്കപ്പെടാതെ പോയ
ബ്ലോഗര്‍മാരില്‍ നിന്ന് 25 സൂപ്പര്‍ ബ്ലോഗര്‍മാരെയെങ്കിലും എടുത്ത് പറയാന്‍
എനിക്കാവും, ഏതൊരു ബ്ലോഗര്‍മാര്‍ക്കും ആവും. ഓണ്‍ലൈന്‍ എഴുത്തുകാരെ
പ്രോത്സാഹിപ്പിക്കാന്‍ ബൂലോകം ഓണ്‍ലൈന്‍ നടത്തുന്ന ഒരു സംരംഭമായിട്ടാണ്
ഇതിനെ കാണേണ്ടത്.
 |
നിരക്ഷരൻ |
- മനോജിന്റെ യാത്രാ ബ്‌ളോഗ് വളരെ
താല്പര്യത്തോടെ വായിക്കുന്ന ഒരാളാണ് ഞാനും. ഈ യാത്രാക്കുറിപ്പുകള്‍
അപ്പപ്പോള്‍ എഴുതി സൂക്ഷിക്കുകയാണോ അതോ പിന്നീടാണോ എഴുതുക?
-
യാത്രാ
ദിവസങ്ങളില്‍ ഓരോ ദിവസവും, കിടക്കുന്നതിന് മുന്നേ അന്നന്നത്തെ കാര്യങ്ങള്‍
ചെറിയ കുറിപ്പാക്കി വെക്കുന്നു. ഓര്‍ത്തിരിക്കാന്‍ ബുദ്ധിമുട്ടുള്ള
വിവരങ്ങള്‍ സഞ്ചാരത്തിനിടയ്ക്ക് തന്നെ, പോക്കറ്റിലോ ബാഗിലോ ഉള്ള
നോട്ടുപുസ്തകത്തില്‍ കുറിക്കാറുണ്ട്. ഉദാഹരണത്തിന് സ്ഥലപ്പേര്, ദൂരം,
ആള്‍ക്കാരുടെ പേര്, ഭക്ഷണത്തിന്റെ പേര്, എന്നിങ്ങനെ. പിന്നീട് യാത്രാവിവരണം
എഴുതാന്‍ തുടങ്ങുന്ന സമയത്ത് ഈ വരികളിലൂടെ ഒന്ന് കടന്നുപോകും. അന്നേ ദിവസം
എടുത്ത ഫോട്ടോകള്‍ കൂടെ ഒരുവട്ടം നോക്കുമ്പോള്‍ മറക്കാന്‍
തുടങ്ങിക്കൊണ്ടിരിക്കുന്ന യാത്ര ഓര്‍മ്മയില്‍ തെളിഞ്ഞ് വരും. യാത്ര കഴിഞ്ഞ്
വന്ന ഉടനെ എഴുതാന്‍ സാധിക്കാറില്ല. യാത്ര നല്‍കിയ ത്രസിപ്പിന്റെ
പിടിയിലായിരിക്കും അപ്പോള്‍. ഒരു യാത്ര മറക്കാന്‍ തുടങ്ങുമ്പോളാണ്
അതേപ്പറ്റി എഴുതാന്‍ തുടങ്ങുന്നത്. എല്ലാം വീണ്ടും ഓര്‍ത്തെടുക്കുമ്പോള്‍,
ഒരിക്കല്‍ക്കൂടെ ആ വഴിയൊക്കെ പോയതിന്റെ വല്ലാത്തൊരു സുഖം കിട്ടാറുണ്ട്. ഒരു
തരം കിറുക്കായിട്ട് കണ്ടാല്‍ മതി
- എത്ര രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട് ? യാത്രാ വിവരണങ്ങള്‍ പുസ്തകം ആകുമോ ?
പതിനാറോളം
രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ഉണ്ടായിട്ടുണ്ട്. യാത്രാവിവരണങ്ങള്‍
പുസ്തകം ആകുമോ എന്നറിയില്ല. എന്തായാലും സ്വന്തം കൈയ്യിലെ പണം മുടക്കി
ഞാനായിട്ട് അതൊന്നും പുസ്തകം ആക്കില്ല. അതിനായുള്ള പണം കയ്യില്‍
ഇല്ലാത്തതുകൊണ്ടോ പിശുക്കനായതുകൊണ്ടോ അല്ല. ഞാന്‍ എഴുതിയതില്‍ കാമ്പുള്ളത്
എന്തെങ്കിലുംഉണ്ടെന്നും, അത് പുസ്തകമാക്കിയാല്‍ വിറ്റുപോകുമെന്നും
എനിക്കല്ല തോന്നേണ്ടത്, ഒരു പ്രസാധകന് ആണ്. ഇതെന്റെ വ്യക്തിപരമായ അഭിപ്രായം
മാത്രമാണ്. ദയവു ചെയ്ത് മറ്റൊരു തരത്തിലും വ്യാഖ്യാനിക്കരുത്.
- സാമൂഹ്യ
ജീവിതത്തിലും വളരെയേറെ ഇടപെടുന്ന ആളാണല്ലോ താങ്കള്‍ , ഈയിടെ
മുല്ലപ്പെരിയാര്‍ വിഷയത്തിലും താങ്കള്‍ മുന്‍പന്തിയില്‍
ഉണ്ടായിരുന്നുവല്ലോ. പക്ഷേ, പെട്ടന്ന് തന്നെ ആ വിഷയം സമൂഹത്തില്‍ നിന്നും
മാഞ്ഞുപോയതായി പലര്‍ക്കും അനുഭവപ്പെട്ടു. അതില്‍ പ്രവര്‍ത്തിച്ച,
പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലയില്‍ താങ്കള്‍ എങ്ങിനെ അത്
വിലയിരുത്തുന്നു?
സാമൂഹ്യജീവിതത്തില്‍ വളരെയധികം ഇടപെടുന്ന
ആളാണ് ഞാനെന്നത് തെറ്റിദ്ധാരണയാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍
ഇടപെടുന്നത്, അത് ഒരു ദുരന്തമായാല്‍ ഞാനും എന്റെ കുടുബവും എനിക്കറിയുന്ന
കുടുംബങ്ങളും സ്‌നേഹിതരുമൊക്കെ അടക്കം വലിയൊരു ജനക്കൂട്ടം ചത്ത്
മലക്കുമെന്ന ഭയം കൊണ്ടാണ്. മരിക്കാന്‍ പോകുന്നവന്‍ രക്ഷപ്പെടാന്‍ നടത്തുന്ന
ഒരു ശ്രമം മാത്രമാണ് മുല്ലപ്പെരിയാര്‍ സമരത്തിലുള്ള എന്റെ പങ്കാളിത്തം.
എന്നെപ്പോലെ വിശ്വസിക്കുന്ന ഒരുപാട് പേര്‍ ഇതേ പോലെ ഇടപെടുന്നു, എല്ലാവരും
സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. അത്രേയുള്ളൂ. ‘എന്‍ഡോ സള്‍ഫാന്‍
വിഷയത്തില്‍ പ്രതികരിക്കാത്ത നിരക്ഷരന് മുല്ലപ്പെരിയാര്‍ വിഷയത്തില്‍
ഒച്ചപ്പാടുണ്ടാക്കാന്‍ എന്ത് അവകാശം ? ‘ എന്ന രീതിയില്‍ ചില വിമര്‍ശനങ്ങള്‍
എവിടെയോ ഈയടുത്ത്‌കേട്ടിരുന്നു. ചാകാന്‍ പോകുന്നവന്‍ രക്ഷപ്പെടാനായി
മുറവിളി കൂട്ടാന്‍ പാടില്ല എന്ന് പറയുന്നതിന് തുല്യമാണ് ആ വിമര്‍ശനം.
‘ഇറ്റലിക്കാര്‍ ഇന്ത്യക്കാരെ വെടിവെച്ച് കൊന്നിട്ട് അതേക്കുറിച്ചു ഒരു
വാക്ക് പോലും എഴുതാതെ സൂപ്പര്‍ ബ്ലോഗ്ഗര്‍ കളിച്ചു നടക്കാന്‍ നാണമില്ലേ
സൂപ്പര്‍ ബ്ലോഗറേ ? ‘ എന്നും കേള്‍ക്കേണ്ടി വന്നു. സൂപ്പര്‍ ബ്ലോഗര്‍
ആയതുകൊണ്ട് എല്ലാ സാമൂഹ്യവിഷയത്തിലും ഇടപെട്ട് പോസ്റ്റ് ഇറക്കണമെന്ന്
ശഠിക്കരുതെന്ന് ഒരു അപേക്ഷയുണ്ട്. മാത്രമല്ല സാമൂഹ്യപ്രശ്‌നങ്ങള്‍ എല്ലാം
ഏറ്റുപിടിക്കാന്‍ ഒരു സൂപ്പര്‍ ബ്ലോഗര്‍ക്കോ ഒരു സാമൂഹ്യപ്രവര്‍ത്തകന്
തന്നെയോ ആവില്ല. ഞാന്‍ ഇടപെടുന്ന വിഷയം ഏതായാലും അതേപ്പറ്റി കുറേ
പോസ്റ്റുകള്‍ മാത്രമിട്ട് മാറി നില്‍ക്കാനും എനിക്കാവില്ല.
മുല്ലപ്പെരിയാര്‍ അല്ലാതെ മറ്റൊരു സാമൂഹ്യവിഷയത്തിലും ഞാനിതുവരെ
ഇടപെട്ടിട്ടില്ല എന്നതാണ് സത്യം.
മുല്ലപ്പെരിയാര്‍
വിഷയം പെട്ടെന്ന് സമൂഹത്തില്‍ നിന്ന് മാഞ്ഞുപോയതായി
തോന്നിയിട്ടുണ്ടെങ്കില്‍ അത് ശരിയാണ്. പക്ഷെ എനിക്കതില്‍ അശേഷം
അത്ഭുതമില്ല. ജീവനുവേണ്ടിയുള്ള ഞങ്ങള്‍ കുറേപ്പേരുടെ ഓണ്‍ലൈന്‍ മുറവിളി
2009 മുതല്‍ക്കുള്ളതാണ്. ഈയടുത്ത് ഇടുക്കിയില്‍ ഉണ്ടായ ഭൂമികുലുക്കങ്ങള്‍
കാരണം ഈ വിഷയം കേരളത്തിലെങ്ങും ഉയര്‍ന്ന് വന്നപ്പോള്‍, ഓണ്‍ലൈനിലെ
പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തെരുവില്‍ മറ്റ് സമരക്കാരോട് അണിചേര്‍ന്ന്
പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനും നമുക്കായി. ഈ സമരം അനായാസമായി
ലക്ഷ്യത്തിലെത്തിക്കാന്‍ പ്രാപ്തിയും സംഘടനാ ശേഷിയുമുള്ളവര്‍ പലരും, ഓരോരോ
മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് തലയൂരിയപ്പോള്‍, സമരങ്ങള്‍ ഇടുക്കി
ജില്ലയിലേക്കോ ചപ്പാത്തിലേക്കോ മാത്രമായി ഒതുങ്ങിപ്പോയി. ഭൂകമ്പങ്ങള്‍
ഉണ്ടാകുമ്പോഴും, ഡാമില്‍ ജലം നിറയാന്‍ പോകുന്ന മഴക്കാലങ്ങളിലും, വിധി
പ്രഖ്യാപനം ഉണ്ടാകാന്‍ പോകുന്ന വരുന്ന മാസങ്ങളിലുമൊക്കെ കുറേ ഒച്ചപ്പാടും
ബഹളവുമൊക്കെ ഇനിയും ഉണ്ടായെന്ന് വരും. അതിനപ്പൂറം ഈ ജീവന്‍ മരണ സമരം, അപകട
മുനമ്പില്‍ ജീവിക്കുന്ന 5 ജില്ലയില്‍ ഉള്ളവര്‍ക്ക് പോലും
പ്രശ്‌നമല്ലെങ്കില്‍, ഇതൊരു ദുരന്തത്തിലേ കലാശിക്കൂ. ഓണ്‍ലൈനില്‍ (http://rebuilddam.blogspot.in/)
ഞങ്ങള്‍ ശേഖരിച്ചിരിക്കുന്ന 2009 മുതലുള്ള രേഖകളും പത്രവാര്‍ത്തകളും
ലേഖനങ്ങളുമൊക്കെ അപ്പോഴും നിലനില്‍ക്കും. ചാകാതെ ബാക്കിയാവുന്നവര്‍ക്കും, ഈ
സമരങ്ങളോട് സഹകരിക്കാതെ മാറി നിന്നവര്‍ക്കുമൊക്കെ, ചത്തുപോയവര്‍ക്കായി
ആദരാജ്ഞലികള്‍ അര്‍പ്പിക്കാന്‍ ഒരു ഓണ്‍ലൈന്‍ സ്മാരകമായും അതന്ന്
പ്രയോജനപ്പെടുത്താം.
- സാമൂഹിക പ്രവര്‍ത്തനത്തിന് പ്രത്യേക
പ്ലാറ്റ്‌ഫോം വേണമെന്നുണ്ടോ ? ഉദാ: സന്നദ്ധ സംഘടനകളും രാഷ്ട്രീയ
പാര്‍ട്ടികളും മത സ്ഥാപനങ്ങളുമൊക്കെ ആളുകളെ സംഘടിപ്പിച്ചും വലിയ
കോലാഹലങ്ങള്‍ ഉണ്ടാക്കിയും ജനസേവനം നടത്തുന്ന ഈ കാലഘട്ടത്തില്‍ ഓണ്‍
ലൈനില്‍ ഇരുന്നു കൊണ്ട് താങ്കള്‍ക്കു ഇതെങ്ങനെ കഴിയുന്നു?
ഒരു
പ്ലാറ്റ്‌ഫോം നിര്‍ബന്ധമൊന്നുമില്ല. കൈയ്യില്‍ ധാരാളം പണവും അത്
ചിലാവാക്കാനുള്ള മനസ്സും ഉണ്ടെങ്കില്‍ ഒറ്റയ്ക്കായാലും ഏതൊരു വ്യക്തിക്കും
ഇതൊക്കെ ചെയ്യാം. പണമില്ലെങ്കില്‍ ഒരു കൂട്ടായ്മയ്‌ക്കേ ആ പ്രശ്‌നം
പരിഹരിക്കാന്‍ പറ്റിയെന്ന് വരൂ. ഞാന്‍ പറഞ്ഞല്ലോ ? ഓണ്‍ലൈനി വഴി ആയാലും
അല്ലാതെയാണെങ്കിലും എന്റെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ മുല്ലപ്പെരിയാര്‍
വിഷയത്തില്‍ മാത്രമേ ഇതുവരെയുള്ളൂ. അത് മിക്കവാറും ഓണ്‍ലൈന്‍
പ്രവര്‍ത്തനങ്ങള്‍ തന്നെ ആയിരുന്നു. പൊതുജനം തെരുവില്‍ ഇറങ്ങിയ
ദിവസങ്ങളില്‍ എനിക്കും സൌകര്യപ്രദമായ ദിവസങ്ങളായതുകൊണ്ട് ഞാനും
അവര്‍ക്കൊപ്പം ചേര്‍ന്നു. അത്രേയുള്ളൂ.
- എത്രകാലമായി
ബ്ലോഗിലും ഓണ്‍ ലൈന്‍ വഴിയുള്ള ആതുര സേവന പ്രവര്‍ത്തനങ്ങളിലും
ഏര്‍പ്പെടുന്നു ?? എന്താണ് അല്ലെങ്കില്‍ ആരാണ് പ്രചോദനം ? എത്ര പേരെ
സഹായിക്കാന്‍ കഴിഞ്ഞിട്ടുണ്ട് ?
ആതുരസേവനം എന്ന വാക്ക്
കൃത്യമായ പ്രയോഗമാണോ ? അല്ലെന്ന് എനിക്ക് തോന്നുന്നു. ജീവകാരുണ്യം എന്ന്
വേണമെങ്കില്‍ പറഞ്ഞോളൂ. സ്‌ക്കൂള്‍ തലം മുതല്‍ ചെയ്തുകൊണ്ടിരിക്കുന്ന ചില
കാര്യങ്ങള്‍, സമാന മനസ്‌ക്കരായ ഒരുപാട് ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍
ചെയ്യുന്നത് കണ്ടപ്പോള്‍ അവര്‍ക്കൊപ്പം കൂടിയെന്ന് മാത്രം. ആരെങ്കിലും
പ്രചോദിപ്പിച്ചതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും എന്ന് എനിക്ക്
വലിയ വിശ്വാസമില്ല. ചിലരെ ഇതിലേക്ക് അടുപ്പിക്കാന്‍ ഞാനും
ശ്രമിച്ചിട്ടുണ്ട്. ഭൂരിഭാഗവും സഹകരിച്ചപ്പോള്‍ ‘വേറേ പണിയൊന്നും ഇല്ലേ ‘
എന്ന മട്ടില്‍ തലതിരിച്ച ന്യൂനപക്ഷവും ഉണ്ട്. സഹജീവികളോടുള്ള അനുകമ്പ
ഉള്ളില്‍ നിന്ന് സ്വയം ഉണ്ടായിവരേണ്ട കാര്യമാണ്. ബൂലോക കാരുണ്യം,
സ്‌നേഹജ്വാല എന്നീ കൂട്ടായ്മകളിലൂടൊക്കെയാണ് ബൂലോകര്‍ നല്ലൊരുപങ്കും
ഇതിലെല്ലാം സഹകരിക്കുന്നത്. അവിടെ അവര്‍ കൃത്യമായ കണക്കുകള്‍
സൂക്ഷിക്കുന്നുണ്ട്.
- ആതുര സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍ എന്തൊക്കെയാണ് ? അവ എങ്ങനെ തരണം ചെയ്യാം?
നല്ല
കാര്യങ്ങള്‍ എന്ത് ചെയ്യാന്‍ ഇറങ്ങിയാലും അപവാദങ്ങളും ചീത്തവിളികളും
കേള്‍ക്കാന്‍ ഇടയായെന്ന് വരും. അത് പ്രതീക്ഷിച്ചുകൊണ്ട്, അതിനെ നേരിടാന്‍
മനസ്സിനെ പാകപ്പെടുത്തി മാത്രമേ ഇത്തരം കാര്യങ്ങള്‍ക്ക്
ഇറങ്ങിത്തിരിക്കാവൂ. ആര്‍ക്ക് എന്ത് ചെയ്ത് കൊടുത്താലും അത്
അപ്പോള്‍ത്തന്നെ മറന്ന് കളഞ്ഞേക്കണം. പ്രത്യുപകാരം എന്തെങ്കിലും
ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിക്കരുത്. കൂടുതല്‍ എന്തെങ്കിലും
ഇതേപ്പറ്റി പറയാന്‍ എനിക്ക് ഈ വിഷയങ്ങളിലൊന്നും കാര്യമായ
അനുഭവസമ്പത്തില്ലെന്ന് തുടക്കത്തില്‍ സൂചിപ്പിച്ചല്ലോ..
- സര്‍ക്കാറിനു പുറമേ ഏതൊക്കെ ഏജന്‍സികള്‍ക്ക് ഇത്തരം കാര്യങ്ങളില്‍ ഇടപെടാം? ആര്‍ക്കൊക്കെ എന്തൊക്കെ ചെയ്യാന്‍ പറ്റും?
ഒരുപാട്
ഏജന്‍സികളും ട്രസ്റ്റുകളൂമൊക്കെ ഇപ്പോള്‍ത്തന്നെ ഉണ്ടല്ലോ? പ്രസ്ഥാനങ്ങള്‍
തന്നെ വേണമെന്നില്ലല്ലോ. ആദ്യമേ പറഞ്ഞത് പോലെ വ്യക്തിപരമായി ആര്‍ക്കും
ഇടപെടാം. ആകാശമാണ് അതിര്‍വരമ്പ്. ഒരാള്‍ അയാള്‍ക്ക് താങ്ങാനാകുന്ന വിധം
മറ്റൊരാളെ സഹായിക്കുക എന്ന് തുടങ്ങി, കൂട്ടായ്മകളുടെ ഭാഗമായി എത്ര വലിയ
സഹായങ്ങളും ചെയ്യാന്‍ കഴിയും.
- സാമൂഹിക പ്രവര്‍ത്തന രംഗത്ത് മറക്കാന്‍ പറ്റാത്ത, അല്ലെങ്കില്‍ സംതൃപ്തി നല്‍കിയ സംഭവങ്ങള്‍?
ഞാന്‍
ആവര്‍ത്തിക്കുന്നു. അങ്ങനെ എന്തെങ്കിലും എടുത്ത് പറയാനും വേണ്ടി ഒരു
സാമൂഹ്യപ്രവര്‍ത്തവും ഞാന്‍ ചെയ്തിട്ടില്ല. മുല്ലപ്പെരിയാര്‍ ഒരു അപവാദം
മാത്രം.
- മുല്ലപ്പെരിയാര്‍ പോലുള്ള വിഷയങ്ങളില്‍ താങ്കള്‍ നടത്തിയ പ്രചരണങ്ങള്‍ വളരെ ജനശ്രദ്ധ ആകര്‍ഷിചിരുന്നല്ലോ. ഇതെങ്ങിനെ സാധിച്ചു?
ഉവ്വോ?
എനിക്കങ്ങനെ തോന്നിയിട്ടില്ല. പലരും ഒച്ചപ്പാടുണ്ടാക്കിയതിന്റെ
കൂട്ടത്തില്‍ നമ്മള്‍ കുറേപ്പേരുടെ ശബ്ദവും ഉണ്ടായിരുന്നു എന്നേ
തോന്നിയിട്ടുള്ളൂ. ഓണ്‍ലൈനില്‍ ഉള്ളവരുടെ ശ്രദ്ധയേക്കാള്‍ ആവശ്യം സാധാരണ
ജനങ്ങളുടെ ശ്രദ്ധപിടിച്ച് പറ്റുക എന്നതും അവരെ ബോധവല്‍ക്കരിക്കുക
എന്നതുമാണ്. എല്ലാം അറിയുന്നവരാണെന്ന് ധരിച്ച് നടക്കുന്ന സമൂഹത്തിലെ ഉന്നത
ശ്രേണിയിലുള്ള കുറേപ്പേരെയും പറഞ്ഞ് മനസിലാക്കേണ്ടതുണ്ട്. ഇവരൊക്കെ ഈ
വിഷയത്തിന്റെ പ്രാധാന്യം വേണ്ടവിധം ഉള്‍ക്കൊണ്ടിരുന്നെങ്കില്‍
മുല്ലപ്പെരിയാര്‍ സമരങ്ങള്‍ ഇന്നീ രാജ്യത്തെത്തന്നെ പിടിച്ച്
കുലുക്കുമായിരുന്നു.
പഴഞ്ചന്‍ സാമഗ്രികള്‍ ശേഖരിക്കുന്നത് ഒരു വലിയ ഹോബിയാണ്.
- ബ്ലോഗിലേക്ക് വന്നത് എന്ന്, എങ്ങിനെ?
ഖത്തര്‍
ഓഫ്‌ഷോറില്‍ ഒരു ബാര്‍ജില്‍, ജോലി സംബന്ധമായി കഴിയുന്ന കാലത്താണ്
ബ്ലോഗുമായി കൂടുതല്‍ അടുത്തതും സ്വന്തമായി ബ്ലോഗ് ഉണ്ടാക്കിയതും. 2007
ആയിരുന്നു അത്. കൊല്ലത്തുകാരനായ അനില്‍ എന്ന എണ്ണപ്പാട സുഹൃത്താണ് അതിന്റെ
പിന്നില്‍. അന്ന് ഒരുപാട് സമയം കിട്ടുമായിരുന്നു. ഒരുമാസം ജോലി ചെയ്താല്‍
ഒരു മാസം അവധി എന്നത് ഞങ്ങള്‍ എണ്ണപ്പാടത്തെ ജോലിക്കാരുടെ പലരുടേയും
പതിവാണ്. ഒഴിവ് കിട്ടുന്ന ഒരു മാസം സമയം തള്ളിനീക്കാന്‍ ബ്ലോഗുകള്‍
പിന്നീടങ്ങോട്ട് സ്ഥിരം പതിവാക്കി.
- കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും സപ്പോര്‍ട്ട് എങ്ങനെ ??
എല്ലാ
ബ്ലോഗര്‍ കുടുംബത്തിലും ഉള്ളത് പോലെ സഹകരണത്തോടൊപ്പം പരാതിയും
പരിഭവങ്ങളുമുണ്ട്. സഹപ്രവര്‍ത്തര്‍ മാത്രമല്ല, അറിയുന്നവര്‍ എല്ലാം
പിന്തുണയും പ്രോത്സാഹനവുമൊക്കെ തരുന്നുണ്ട്.
- ബ്‌ളോഗ് ലോകത്ത് നിന്നും കിട്ടിയ നന്മകള്‍, തിന്മകള്‍ …?
നന്മകള്‍ എന്ന് പറയാവുന്നത് ഒരുപാട് നല്ല സൌഹൃദങ്ങളാണ്. തിന്മകള്‍ ഒന്നും ഉണ്ടാകാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.
- ഈയിടെ
ഒരു പ്രമുഖ സാഹിത്യകാരി ബ്‌ളോഗ് സാഹിത്യത്തെ കക്കൂസ് സാഹിത്യം എന്ന്
വിശേഷിപ്പിച്ചതിനെ താങ്കള്‍ എങ്ങിനെ നോക്കിക്കാണുന്നു? സത്യത്തില്‍
ബ്ലോഗേഴുത്തിലും ഫേസ് ബുക്കിലുമൊക്കെ കുറച്ചു മാലിന്യ നിക്ഷേപം
നടക്കുന്നില്ലേ ??
അഭിമുഖം നടത്തിയത് - ബ്ലോഗ്ഗര്‍ കുഞ്ഞുസ്
അതിനേക്കാള്‍
മോശം വിശേഷണങ്ങള്‍ എഴുതാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. അങ്ങനെ ഒരു
അഭിപ്രായം പറഞ്ഞതുകൊണ്ട്, കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കിയല്ല അവര്‍
അഭിപ്രായം നടത്തിയതെന്ന് വിലയിരുത്തപ്പെട്ടു. പതിനായിരക്കണക്കിന്
ബ്ലോഗുകളില്‍ നിന്ന് നല്ല ബ്ലോഗുകള്‍ അല്ലെങ്കില്‍ നമുക്കാവശ്യമുള്ള
വിഷയങ്ങളില്‍ നല്ല നല്ല ലേഖനങ്ങള്‍ എഴുതുന്നവരെ കണ്ടുപിടിക്കണമെങ്കില്‍
ഒരുപാട് കാലമെടുക്കും. അപ്പോഴേക്കും വീണ്ടും കുറേയധികം ബ്ലോഗേര്‍സ്
കടന്നുവരും. അതിലുമുണ്ടാകും നല്ലതും ചീത്തയുമൊക്കെ. അതെല്ലാം തിരഞ്ഞ്
കണ്ടുപിടിച്ചുകൊണ്ടിരിക്കണം. ഇതിനൊക്കെയായി കുറച്ചെങ്കിലും ശ്രമങ്ങള്‍
നടത്തിയിട്ട് മാത്രമേ അഭിപ്രായം പറയാവൂ. അല്ലെങ്കില്‍ സ്വയം
അപഹാസ്യരായെന്ന് വരും. നല്ലതും ചീത്തയും ഒക്കെ പ്രിന്റ് മാദ്ധ്യമങ്ങളിലും
ഉണ്ടല്ലോ ? ഏതൊരു മേഖലയിലും ഉണ്ടാകും. ബ്ലോഗ് എന്ന സംവിധാനം കാര്യമായ
ചിലവൊന്നും ഇല്ലാത്തതായതുകൊണ്ട് മോശം എന്നതിന്റെ തോത് അല്‍പ്പം
കൂടിയെന്നിരിക്കും. അവിടെയാണ് ലേഖകനേയും ലേഖനങ്ങളേയുമൊക്കെ
തിരഞ്ഞെടുക്കുന്നത് വെല്ലുവിളിയാകുന്നത്. ഇത് കാര്യക്ഷമമായി നടത്താത്തവര്‍
മോശം ഇടങ്ങളില്‍ ചെന്ന് ചാടിയിട്ടുണ്ടാകാം. അതിനെ മാത്രം
അടിസ്ഥാനപ്പെടുത്തി അഭിപ്രായങ്ങള്‍ പറയുമ്പോള്‍ പലര്‍ക്കും പിഴക്കുന്നു
എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
- പുതു ബ്ലോഗര്‍മാര്‍ക്ക് നല്‍കാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ?
- അക്ഷരത്തെറ്റില്ലാതെ എഴുതാന്‍ ശ്രമിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
- തെറ്റുകള്‍
ആരെങ്കിലും കണ്ടുപിടിച്ച് തന്നാലും ‘ ഓ… തനിക്ക് കാര്യം മനസ്സിലായില്ലേ ?
എനിക്കിപ്പോ തിരുത്താനൊന്നും വയ്യ’ എന്ന നിലപാട് ഉപേക്ഷിക്കുക.
- നല്ല
ലേഖനങ്ങളാണ് ലക്ഷ്യമെങ്കില്‍ എഴുതിക്കഴിഞ്ഞ ഉടനെ പോസ്റ്റ്
ചെയ്യാതിരിക്കുക. ഒന്നോ രണ്ടോ ദിവസമെടുത്ത് പല പല മാനസ്സികാവസ്ഥകളില്‍
വായിച്ച് നോക്കിയ ശേഷം ആവശ്യമുള്ള വെട്ടും തിരുത്തുമൊക്കെ നടത്തിയ ശേഷം
പബ്ലിഷ് ചെയ്യുക. വായനക്കാരന്‍ പല മൂഡുകളില്‍ വന്നാണ് വായിച്ച്
പോകുന്നതെന്ന് മറക്കരുത്. പബ്ലിഷ് ചെയ്ത ഉടനെ ഒന്നുകൂടെ വായിച്ച് നോക്കുക.
അക്ഷരങ്ങളിലൂടെ പ്രൂവ് റിഡിങ്ങ് എന്ന നിലയ്ക്കാകണം വായിക്കേണ്ടത്. കമ്പോസ്
സ്‌ക്രീനില്‍ ശ്രദ്ധിക്കാതെ പോയ പല തെറ്റുകളും പോസ്റ്റ് ചെയ്ത് കഴിഞ്ഞാല്‍
എളുപ്പം ശ്രദ്ധയില്‍പ്പെട്ടെന്ന് വരും. എഡിറ്ററില്ലാത്ത
മാദ്ധ്യമമാകുമ്പോള്‍ എഴുത്തുകാരന്‍ എന്നതുപോലെ എഡിറ്ററുടെ ഉത്തരവാദിത്വം
കൂടെ ചുമലില്‍ ഉണ്ടെന്നത് മറക്കരുത്.
- ഇതൊരു വലിയ
ലോകമാണ്. എഴുതുന്ന കാര്യങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ വായനക്കാരന്‍ ടാക്‌സി
പിടിച്ച് വരും, അല്ലെങ്കില്‍ ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റ് സൌജന്യമായി അയച്ച്
കൊടുത്താലും വരില്ല. നമുക്ക് മുന്‍പുള്ള തലമുറകള്‍ക്കൊന്നും കിട്ടാത്ത
അവസരമാണ് കൈവന്നിരിക്കുന്നത്. നല്ല രീതിയില്‍ അതുപയോഗിക്കാന്‍ സാധിച്ചാല്‍
ഇതിന് വേണ്ടി ചിലവാക്കുന്ന സമയം അര്‍ത്ഥവത്തായെന്ന് വരും. നേരമ്പോക്കാണ്
ലക്ഷ്യമെങ്കിലും ആര്‍ക്കും ദോഷമില്ലാത്ത രീതിയില്‍ ആരെയും വേദനിപ്പിക്കാത്ത
രീതിയില്‍ മുന്നോട്ട് പോയാല്‍ നന്ന്.
- ഉപദേശങ്ങള്‍ ചൊരിഞ്ഞതുകൊണ്ട് എന്നോട് ഒരു അലോഹ്യവും കാണിക്കാതിരിക്കുക
- ബ്‌ളോഗര്‍മാര്‍ ഇപ്പോള്‍ എന്താണ് ചെയ്യുന്നത് ? ശരിക്കും എന്താണ് ചെയ്യേണ്ടത് ?
മുന്‍പ്
നോക്കിയിരുന്ന എല്ലാ ബ്ലോഗുകളിലും പോയി നോക്കാന്‍ ഈയിടെയായി
സാധിക്കാറില്ല. പുതുതായി വന്ന ചുരുക്കം ചിലരെ മാത്രമേ അറിയൂ. സമയം ഒരു
പരിമിതിയാണ്. അതുകൊണ്ടുതന്നെ ബ്ലോഗര്‍മാര്‍ എന്തൊക്കെ ചെയ്യുന്നു എന്ന്
കൃത്യമായി പറയാന്‍ ബുദ്ധിമുട്ടുണ്ട്. പല ബ്ലോഗര്‍മാരും ഫേസ്ബുക്ക്, ഗൂഗിള്‍
പ്ലസ് എന്നിങ്ങനെയുള്ള സോഷ്യന്‍ നെറ്റ്‌വര്‍ക്കുകളില്‍ കൂടുതല്‍ സമയം
ചിലവഴിക്കുന്നതുകൊണ്ട് ബ്ലോഗിങ്ങില്‍ നിന്ന് അകന്നു എന്നാണ് തോന്നുന്നത്.
മറ്റുള്ളയിടത്ത് നേരമ്പോക്കിനായി എത്ര സമയം ചിലവഴിച്ചാലും ബ്ലോഗിങ്ങിനെ
വളരെ സീരിയസ്സായി കണ്ട് നല്ല നല്ല പോസ്റ്റുകള്‍ മാസത്തില്‍ ഒരെണ്ണമെങ്കിലും
ഇടാന്‍ പറ്റിയാല്‍ നന്നായിരുന്നു എന്ന് അഭിപ്രായമുണ്ട്.
- ഓണ്‍ലൈന്‍ എഴുത്തുകള്‍ അഥവാ ബ്‌ളോഗിന്റെ ഭാവി ?
ഓണ്‍ലൈന്‍
എഴുത്ത് തീര്‍ച്ചയായും ഭാവിയുള്ള ഒരു മേഖലയാണ്. വേണ്ടവിധത്തില്‍
പ്രയോജനപ്പെടുത്തിയാല്‍ അമ്പരപ്പിക്കുന്ന ഫലങ്ങള്‍ ഉണ്ടാക്കാനാവും.
വരുംകാലങ്ങളില്‍ ഇപ്പോഴുള്ള നിലയില്‍ നിന്ന് കൂടുതല്‍ ഉയരങ്ങളിലേക്ക് ഈ
മേഖല ചെന്നെത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട.