യാമിനി ജേക്കബ്
കാറ്റ് മഴയെ അറിയുന്നു-
മഴയെ മാത്രം.
കാറ്റിനും മഴക്കുമിടയിലുള്ള
കാണാച്ചരടുകള്‍.
കാറ്റിന്റെ കണ്മുന്‍പില്‍-
പിന്ചെല്ലാന്‍ കൊതിക്കുന്ന മഴയുടെ
നനഞ്ഞ കാല്‍പ്പാടുകള്‍,
ഒപ്പമെത്താന്‍ കൊതിക്കുന്ന
മഴയില്‍ കുതിര്‍ന്ന യാത്രാവേളകള്‍,
തൊട്ട് നെറുകയില്‍ ചേര്‍ക്കാന്‍ വെമ്പുന്ന,
മഴ ചെരുപ്പഴിച്ചിട്ടു നിന്ന മണ്ണ്.
കാറ്റിന്റെ കാതുകള്‍ക്കരികില്‍-
മഴയുടെ പതിഞ്ഞ ഇരമ്പം.
കാറ്റിന്റെ ശ്വാസഗതിയില്‍-
മഴയ്ക്ക് പാലപ്പൂ മണം.
ജനല്‍പ്പാളി ഒളിപ്പിച്ചാലും
ജനല്ക്കമ്പി വിലക്കിയാലും
ജനലിന്നിപ്പുറം മറഞ്ഞിരുന്നാലും
കാറ്റിനെ നനയ്ക്കുന്ന മഴ.
കാണാന്‍ കൊതിക്കവേ
കാറ്റിന്റെ പ്രാര്‍ത്ഥനകളില്‍,
ഒരുപാടിഷ്ടമുള്ള ഈണം പോലെ
അലിവോടെ, അരുമയായി
പെയ്യ്ത് ഓടിയെത്തുന്ന മഴ.
മരുവിലും കാറ്റിനെ
നനവുള്ള ഓര്‍മയായി,
സുഖസ്പര്ശമായി മോടിയാക്കുന്ന
മഴ.
ഉന്മാദത്തോളം എത്തുന്ന
അത്യഗാധതകളുടെ വക്കില്‍ നിന്നും
കാറ്റിനെ കൈ പിടിച്ചു
പ്രശാന്തമായ സമതലങ്ങളിലേക്ക്
ആനയിക്കുന്ന മഴ.
നിനച്ചിരിക്കാതൊരുനാള്‍
കാറ്റിന്റെ കൈ കുടഞ്ഞെറിഞ്ഞു
കാണാ മറയതേക്ക്
നടന്നകന്ന മഴ.
ഏതൊക്കെയോ താഴ്വരകളില്‍
മഴയെ തേടി തളര്‍ന്നു ഉഴറി,
കണ്ണ് നിറച്ച്,
നൂല് വിട്ട പട്ടമായി
കാറ്റ്.
കിതച്ചലഞ്ഞു തിരഞ്ഞ കുന്നിന്പുറങ്ങളില്‍
മറുവിളി കേള്‍ക്കാതെ
വട്ടം ചുറ്റുന്ന
കാറ്റിന്റെ നിലവിളി.
മനസ്സിടിഞ്ഞു കുന്നിറങ്ങവേ
കാറ്റിന്റെ കുടക്കീഴിലേക്ക്
തീരെ അപ്രതീക്ഷിതമായി
ഓടിക്കയറുന്ന മഴ.
പ്രാര്‍ത്ഥന കേട്ടലിഞ്ഞ ദൈവങ്ങള്‍
മഴയെ കാറ്റിന് കൊടുത്തതാവണം.
മഴയും കാറ്റും ഒന്നായി,
മഴ മാത്രമായി,
ആര്‍ത്തു തിമിര്‍ത്തു പെയ്യ്ത്
കുന്നിറങ്ങി വരുന്ന കാഴ്ച-
ഏതോ നൃത്ത സന്ധ്യയിലെ
ചടുലമായ
ശിവ-ശക്തി നൃത്തം പോലെ.