ഡോ. ജെ.കെ.എസ് വീട്ടൂർ
പ്രളയത്തിൽ താഴാതെ ആത്മാഭിമാനത്തിൽ
കവചങ്ങൾ നാരിനാൽ നെയ്തെടുത്തും
നിലനിൽപിനുള്ള ഗുരുത്വം ചിരട്ടയായ്
നിലപാടെടുത്തതിൻ ശേഷമോരോ
സുദിനം കണക്കാക്കി മാതാവിനെ വിട്ട്
തൻകാലിൽ നിൽക്കുവാൻ യാത്രയാകും.
പരമാണമില്ലാത്ത ക്ഷമയോടെയുർവിതൻ
മാറിൽ മയങ്ങിയുണർന്നു പിന്നെ
ചെറിയൊരു മുകുളമായ് പിന്നെയെല്ലാർക്കുമായ്
കൈവീശി കുളിർവീശി മരമാകുന്നു.
ഹൃദയത്തിൻ ചഷകത്തിൽ മധു കാത്തുവെയ്ക്കുന്ന
ഇടയക്കനിയേതു വേറെ ഭൂവിൽ?
തിരികീൽ ഞെരിയുമ്പോൾ ഒഴുകുന്ന മിഴിനീരിൽ
രുചിയുള്ള പലവകയുണ്ടാക്കുന്നു.
ഉരുകുന്ന മനസ്സിന്റെ നെടുവീർപ്പു കാണുമ്പോൾ
ചിരിതൂകും മനുജന്മാർ കുറവല്ലല്ലോ.
അതിലെന്തു വിലപിക്കാൻ വിതറാതെനേടുന്നോർ
നനയാതെ മീനുകൾ നേടുന്നോരും
പതിരല്ലിവിടുത്തെ കറയാർന്ന നീതിയിൽ
എരിയുന്നതെത്രയോ ചെറുജന്മങ്ങൾ